കവിതയുടെ മധുചഷകം
കവിതയുടെ മധുചഷകം
യാഥാർഥ്യങ്ങളെക്കാൾ തീവ്രമായി സ്വപ്നങ്ങളുടെ ലോകത്ത് അഭിരമിച്ചൊരു കുട്ടിക്കാലമായിരുന്നു റോസ്മേരിയുടേത്. നീണ്ട പകൽ വേളകളിൽ ബദാംമരത്തിന്റെ ചുവട്ടിലും മൾബറി മരത്തിന്റെ താഴത്തെ കൊമ്പിലും വീടിനു ചുറ്റും ചിതറിക്കിടക്കുന്ന പാറച്ചെരിവുകളിലുമിരുന്ന് കനവുകളിൽ മുഴികിയൊരു കുട്ടി. അന്നത്തെ കൽപനകൾക്കു തീരെയും സ്‌ഥിരതയുണ്ടായിരുന്നില്ല. ശക്‌തമായ കാറ്റടിച്ചാൽ പാറിപ്പോകുന്ന മേഘങ്ങളെപ്പോലെയായിരുന്നു അവ.

വീട്ടിൽ, ചാപ്പലുകളെ അനുസ്മരിപ്പിക്കുന്ന വിശാലമായ പ്രാർഥനാമുറിയും വിശുദ്ധരുടെ എണ്ണമറ്റ ഛായാചിത്രങ്ങളും പ്രതിമകളും മുന്തിരിവള്ളികളും റോസാപുഷ്പങ്ങളും... എരിഞ്ഞുനിൽക്കുന്ന ശരറാന്തലിന്റെയും വർണവിളക്കുകളുടെയും പ്രകാശത്തിൽ വിശുദ്ധർക്കെല്ലാം ജീവൻവച്ചതുപോലെ.... അക്കാലത്ത് ഒരു പുണ്യവതിയാകാൻ ആഗ്രഹിച്ചു മരിയ ഗൊരേത്തി എന്ന് മാമ്മോദീസാപ്പേര് വിളിക്കപ്പെട്ട റോസ്മേരി.
എന്നാൽ, തുർഗനീവിന്റെയും പുഷ്കിന്റെയും മോപ്പസാംഗിന്റെയും പുസ്തകങ്ങളുടെ മാസ്മരികലോകത്ത് കണ്ടുമുട്ടിയ എസ്മറാൾഡമാരും മാഷമാരും ഗ്രിഗറിയെപ്പോലുള്ള ധീരയോദ്ധാക്കളും റോസ്മേരിയെ പതുക്കെ പുറത്തേക്കു നയിച്ചു. വർണവസ്ത്രങ്ങളണിഞ്ഞ് വിരുന്നുകളിലും നൃത്തോത്സവങ്ങളിലും പങ്കെടുക്കുന്ന മിടിക്കുന്ന ഹൃദയത്തോടെ വള്ളിക്കുടിലുകളിൽ കാമുകരെ കാത്തിരിക്കുന്ന സുന്ദരാംഗിമാരുടെ ലോകവും മഞ്ഞു മീട്ടുന്ന വഴികളിലൂടെ അശ്വാരൂഢരായ ധീരയോദ്ധാക്കൾക്കൊപ്പം പലായനം ചെയ്യുന്ന കാമിനിമാരെയും കണ്ടു റോസ്മേരി.

സഞ്ചാരിയായിത്തീരുക എന്നതും പ്രധാന സ്വപ്നമായിരുന്നു. അപരിചിതവും വിദൂരസ്‌ഥവുമായ ഭൂവിഭാഗങ്ങളിലൂടെയെല്ലാം അവർ സഞ്ചരിച്ചുകൊണ്ടേയിരുന്നു. സ്വപ്നങ്ങളിങ്ങനെ മാറിമറിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു. ഓരോ ദിവസവും ചായക്കൂട്ടുകൾ മാറിക്കൊണ്ടിരിക്കുന്ന അസ്തമയാകാശം പോലെ. ഹ്രസ്വായുസുകളെങ്കിലും ചേതോഹരമായ ജീവിതാഭിലാഷങ്ങൾ.

ഒരു സ്വപ്നവും അതുപോലെ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെങ്കിലും വ്യസനഭാരങ്ങളില്ല റോസ്മേരിക്ക്. വീടുവിട്ട അധികമൊന്നും സഞ്ചരിക്കാറില്ലെങ്കിലും നിരന്തരം യാത്രചെയ്തുകൊണ്ടേയിരിക്കുന്ന സുഹൃത്തുക്കൾ വിദൂരദിക്കുകളിലെ കൗതുകങ്ങൾ വർണിക്കുമ്പോൾ അവയുടെ ദർശനങ്ങളും സ്പർശനങ്ങളും ഉന്മാദങ്ങളും റോസ്മേരിയുടെ സിരകളുണർത്തുന്നു. ഓരോ നിമിഷവും പുതിയ പുതിയ സ്വപ്നങ്ങൾ... അവരുടെ കിനാക്കൾക്ക് നിറം മങ്ങുന്നില്ല.

പതഞ്ഞു കവിഞ്ഞ ദ്രാക്ഷാരസം നിറഞ്ഞ സ്ഫടിക ചഷകം പോലെയായിരുന്നു റോസ്മേരിക്ക് കവിതകൾ. ഒഴിയാതെ തുളുമ്പിനിന്നിരുന്നു അത്. ഇടിവെട്ടുമ്പോൾ കൂണുമുളയ്ക്കുംപോലെ ഓരോ ആഘാതത്തിലും ഓരോ കവിത വിരിഞ്ഞിരുന്നു. തീവ്ര നൊമ്പരത്തിൽനിന്നു പിറക്കുന്നവ. മനസിന്റെ മുറിവുകളിൽനിന്നു കിനിയുന്ന രുധിരമാണെന്റെ കവിത എന്ന് അവർ എഴുതിയിട്ടുണ്ട്.

പങ്കുവയ്ക്കപ്പെടാത്ത ഖേദങ്ങളിൽനിന്നും തലനീട്ടിയെത്തുന്ന ജീവിതംതന്നെ കവിത. ചാഞ്ഞു പെയ്യുന്ന മഴ, വേനലിൽ ഒരു പുഴ, വാക്കുകൾ ചേക്കേറുന്നിടം.. എന്നിങ്ങനെ കവിതാസമാഹാരങ്ങളും വൃശ്ചികക്കാറ്റു വീശുമ്പോൾ, ചെമ്പകം എന്നൊരു പാപ്പാത്തി തുടങ്ങി ഗതകാല സ്വപ്നവിഷാദങ്ങൾ ചേർത്തൊരുക്കിയ ലേഖന സമാഹാരവും അവർ ആസ്വാദകർക്കു നൽകി.

പാറത്തോട് എന്ന തന്റെ ഗ്രാമത്തെയും അവിടത്തെ കുന്നുകളെയും പുൽമേടുകളെയും കിഴക്കുദിക്കിന്റെ അന്നവും വെള്ളവുമായ പാൽമരങ്ങളെയും അവർ സ്നേഹിച്ചു. റബർമരക്കാടുകളിൽ ഋതുഭേദങ്ങളുണർത്തുന്ന വ്യതിയാനങ്ങളത്രയും കാവ്യാത്മകമായി പങ്കുവച്ച റോസ്മേരി കുന്നിൻ മുകളിലെ കണ്ണാടിജാലകങ്ങളുള്ള അച്ചന്റെ തറവാടുവീടും അവിടെ പുലർന്നിരുന്ന താളമിയന്ന ജീവിതവും എന്നും ഹൃദയത്തിൽ ചേർത്തുവച്ചു. കോഴിക്കോടൻ സൗഹൃദ സദസുകൾ പോലെ കാഞ്ഞിരപ്പള്ളിക്കാരന്റെ പാട്ടും ലഹരിയും വറുത്തിറച്ചിയുടെ ആസ്വാദ്യതയും തരളചിത്തമായ അവരുടെ നിർമല സായന്തനങ്ങളും പരിചാരകരും അയൽക്കാരും എല്ലാം ചേർന്നൊരു സ്നേഹക്കൂട് ഉള്ളിൽ കുരുക്കിയിട്ടു നടന്നു റോസ്മേരി.

തിരുവനന്തപുരത്തിന്റെ നഗരവിശാലതയിൽ മുഴുകുമ്പോഴും ദൂരെനിൽക്കുന്നൊരു വിശുദ്ധ ചിത്രമായ് ആ ഗ്രാമ്യാനുഭൂതികൾ അവരെ മാടിവിളിച്ചു. തന്റെ ഗ്രാമവും ഏറെ മാറിപ്പോയെങ്കിലും...


എന്താണ് ഇപ്പോൾ ഒന്നും എഴുതാത്തത്? പാറത്തോട്ടിലെ വീടിന്റെ അയൽപക്കത്തൊക്കെ പോകാൻ ഒരുപാട് ഒറ്റയടിപ്പാതകൾ ഉണ്ടായിരുന്നു. ഇന്ന് ആരും നടക്കാതെ അതൊക്കെ പുല്ലുമൂടിപ്പോയി. അമ്മച്ചി പറയും, ഇപ്പോൾ അതുവഴിയൊന്നും ആരും നടക്കാറില്ലെന്ന്. എല്ലായിടത്തും ഓട്ടോ ഒക്കെയില്ലേ. അതുപോലെ ഞാൻ എഴുതാതിരുന്ന് എഴുതാതിരുന്ന് കവിതയിലേക്കുള്ള ആ ഒറ്റയടിപ്പാതയത്രയും പുല്ലുമൂടിപ്പോയി. ചിലപ്പോൾ, ഇതിലേ പോയി ആ പാറയുടെ ഇടയിലൂടെ പോയി എന്നൊക്കെ അന്തംവിടുമെങ്കിലും എന്നാപ്പിനെ ഓട്ടോയിലങ്ങുപോയേക്കാം എന്നു ഞാനും വിചാരിക്കും. അങ്ങനെയൊക്കെയങ്ങ് ആയിപ്പോയി.

എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
ചുമ്മാ പോകുന്നു. ചുമ്മാ അങ്ങനെ പോകുന്നു.
ഒരു കവിതയെഴുതിക്കൂടേ?
ഇല്ല. ആത്മാർഥതയില്ലാതെ കോമ്പസിഷൻ എഴുതുംപോലെ കവിതയെഴുതാനാവില്ല. ഒരു കുന്നിൻമുകളിൽ നിന്നെന്നപോലെ നോക്കുമ്പോൾ ജീവിതം അത്ര വലിയ രസമുള്ള കാര്യമെന്ന് തോന്നുന്നില്ല. ചിന്തിക്കാത്തവർക്ക് അത് ശുഭപര്യവസായിയായി തോന്നും. ഭാഗ്യജന്മങ്ങൾ.
അനുരഞ്ജനങ്ങൾ...?

അതേ പക്ഷേ, ഈ തലമുറയെ ഓർത്ത് ഞാൻ സന്തോഷിക്കുന്നു. ഒരു അനുരഞ്ജനത്തിനും അവർ തയാറല്ല. അവരുടെ സ്വപ്നങ്ങൾ എല്ലാം അവർ നടത്തുന്നു. എന്റേതുപോലുള്ളവരുടേത് വേറൊരു ലോകമായിരുന്നു. തോറ്റുപോയെന്നു തോന്നുന്നില്ല. സ്വാതന്ത്ര്യത്തിന്റെ സ്നേഹരഹിതമായ ലോകം എനിക്കു വേണ്ട. മേൽക്കൂരയില്ലാത്ത താമസം എനിക്കു പറ്റില്ല. വീടിനെ ആവുന്നത്ര മനോഹരവും വാസയോഗ്യവുമാക്കാൻ അതിർത്തി കാവൽക്കാരൻ ഉറങ്ങാതെ കാവലിരിക്കുംപോലെ ഞാനിരിക്കുന്നു.
ഇരുപതു വർഷം മുമ്പ് എഴുതി നിർത്തിയതാണ് റോസ്മേരി. ടാഗോർ തിയറ്ററിന്റെ ആരവങ്ങൾക്കിടയിൽ വയലാർ അവാർഡ് ഏറ്റുവാങ്ങിയ മാധവിക്കുട്ടി, രാജസദസിലെ നർത്തകിയാണ് താനെന്നും നൃത്തം ചെയ്ത് തളർന്ന താൻ തന്റെ ചിലങ്കകൾ റോസ്മേരിക്ക് എറിഞ്ഞുകൊടുക്കുന്നുവെന്നും പറഞ്ഞിരുന്നു. ചാഞ്ഞുപെയ്യുന്ന മഴ, ശ്.. ഒച്ചയുണ്ടാക്കരുത് എന്നീ കവിതകൾ വായിച്ചതിന്റെ അനുഭൂതിയിലാണ് മാധവിക്കുട്ടി തന്റെ ചിലങ്കകൾ റോസ്മേരിക്കു കൊടുത്തത്.

മധുചഷകം കൈയിൽനിന്നു വഴുതിവീഴുംവരെ കവിതകൊണ്ട് ആടുകയും പാടുകയും ചെയ്തിരുന്നു റോസ്മേരി അക്കാലത്ത്. സ്നേഹമായിരുന്നു ആ കവിത. തേൻപാളികൾ അടരുംപോലെ വായനക്കാരിലേക്കത് കിനിഞ്ഞിറങ്ങി. ആസ്വാദകനു വേണ്ടിയാണ് തന്റെ എഴുത്ത് എന്ന് അവർ പറയുന്നു. കാണികളില്ലാത്തിടത്ത് നർത്തകിയുടെ നൃത്തത്തിന് എന്തു പ്രസക്‌തി.

ഇടയ്ക്കിടെ ചില ചടങ്ങുകൾക്കൊക്കെ റോസ്മേരിയെത്തുമ്പോൾ ആളുകൾ ആഹ്ലാദത്തോടെ അവരെക്കുറിച്ച് തിരക്കുന്നു. എന്തേ ഇപ്പോൾ എഴുതാത്തത് എന്ന് അന്വേഷിക്കുന്നു.
സാഹിത്യസ്നേഹികൾ റോസ്മേരിയെ മറക്കുന്നില്ലെന്നർഥം. ഇനിയും അവർ എഴുതുമായിരിക്കും. കരിയിലകൾ മൂടിക്കിടക്കുന്ന ജ്വാലകളുണർത്താൻ ശക്‌തിയുള്ളൊരു കാറ്റ് ഏതു ദിക്കിൽനിന്നാവും വീശുക?
തിരുവനന്തപുരത്ത് ചലച്ചിത്രമേളകൾ നടക്കുമ്പോൾ എല്ലാ ദിവസവും റോസ്മേരി അവിടെയെത്തും. പുറംനാട്ടിലെ സിനിമകൾ കാണുമ്പോൾ പോകാൻ പറ്റാത്ത ആ ദേശങ്ങളിലൊക്കെ താൻ സഞ്ചരിക്കുന്നതുപോലെയാണെന്ന് അവർ പറയുന്ന.ു

കെ.പി. അപ്പൻ പറഞ്ഞിട്ടുള്ളതുപോലെ, റോസ്മേരിയുടേത് മനുഷ്യനെ തൊടുന്ന കവിതയാണ്. സകലതിന്റെയും അസ്തിത്വം അംഗീകരിച്ചുകൊണ്ടാണ് ആ കവിത നീങ്ങുന്നത്. റബർമരക്കാടുകളും കുന്നിൻപുറവും മലഞ്ചെരിവുകളും പുഴകളും ആട്ടിൻപറ്റങ്ങളും വണ്ണാത്തിക്കിളികളും തുടങ്ങി കുംഭവെയിലും മൺകുടിലും ദേവാലയവും വസ്തുപ്രപഞ്ചത്തിന്റെ പ്രച്ഛന്നതയില്ലാത്ത ലോകത്തെ കാണിച്ചുതരുന്നു. ഇല്ലിമരച്ചില്ലകളും ഇളമഞ്ഞക്കൂമ്പുകളും ഉണ്ടക്കണ്ണൻ പച്ചിലപ്പാമ്പുകളും ഇടിയിലൂടെ എത്തിനോക്കിപ്പറയുന്നു... റോസമാറിയ.. ഞങ്ങൾ ഒച്ചയുണ്ടാക്കില്ല. നീ നിന്റെ ജീവിതത്തെ സ്നേഹിക്കൂ.... ഞങ്ങളെക്കുറിച്ചൊക്കെ നാലഞ്ചു നല്ല വരികളെങ്കിലും എഴുതൂ.

<ആ>ആൻസി സാജൻ