യുവർ ഓണർ, എനിക്കു വിശക്കുന്നു
യുവർ ഓണർ, എനിക്കു വിശക്കുന്നു
<യ> ജോസ് ആൻഡ്രൂസ്

ഇത് ഒരു കള്ളന്റെയും പോലീസിന്റെയും കഥ മാത്രമല്ല, ആധുനിക നിയമവ്യവസ്‌ഥകളുടെ യാന്ത്രികതയിലേക്കും വികസനത്തിന്റെ പൊള്ളത്തരങ്ങളിലേക്കുമുള്ള കത്തിക്കുത്താണ്. കഴിഞ്ഞ ദിവസം ഇറ്റാലിയൻ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി ലോകത്തെ അമ്പരപ്പിച്ചുകളഞ്ഞു. സമകാലിക ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ കളവുകേസിലാണ് ഇറ്റാലിയൻ സുപ്രീംകോടതി കള്ളന്റെ പക്ഷംചേർന്നു വിധി പറഞ്ഞിരിക്കുന്നത്.

കള്ളന്റെ പേര് റോമൻ ഓസ്ട്രിയാകോവ്. സ്വദേശം യുക്രെയ്ൻ. കുറ്റം നാലു യൂറോയുടെ പാലും ഇറച്ചിയും മോഷ്‌ടിച്ചു. 2011ൽ നടത്തിയ മോഷണത്തിനു കീഴ്ക്കോടതി ശിക്ഷയും വിധിച്ചിരുന്നു. ആറു മാസം തടവും 100 യൂറോ പിഴയും. പിന്നെ മേൽക്കോടതികളിൽ സർക്കാരിന്റെ അപ്പീൽ. നീതിക്കുവേണ്ടി വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത ന്യായാധിപന്മാർ റോമനെ വെറുതെ വിട്ടില്ല. ഒടുവിൽ കേസ് സുപ്രീംകോടതിവരെയെത്തി. ലോകപ്രശസ്തമായ വിധിയും പറഞ്ഞു.

വിശക്കുന്നവൻ ഇത്തിരി അപ്പം മോഷ്ടിക്കുന്നതു കുറ്റമല്ല എന്നായിരുന്നു കോടതി വിലയിരുത്തിയത്. ഈ പട്ടിണിപ്പാവത്തിന്റെ ശിക്ഷയിൽ ഇളവുവരുത്തുകയല്ല, അയാളെ നിരുപാധികം വിട്ടയയ്ക്കുകയാണെന്നു കോടതി വിധിച്ചു. നിയമവൃത്തങ്ങളിൽ മാത്രമല്ല, മാധ്യമലോകത്തും സാമൂഹികപ്രവർത്തകർക്കിടയിലും ചൂടൻ ചർച്ചയായിരിക്കുകയാണ് ഈ കോടതിവിധി.

വടക്കൻ ഇറ്റലിയിലെ ജനോവ സൂപ്പർ മാർക്കറ്റിൽനിന്നായിരുന്നു കേസിന്റെ തുടക്കം. റോമൻ ഓസ്ട്രിയാകോവ് സൂപ്പർ മാർക്കറ്റിൽനിന്ന് ഒരു റൊട്ടിവാങ്ങിയശേഷം പണം കൊടുത്തു. പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു കസ്റ്റമർ സൂപ്പർ മാർക്കറ്റ് ജീവനക്കാരനെ വിവരമറിയിച്ചത്. റൊട്ടികൂടാതെ രണ്ടു കഷണം പാൽക്കട്ടിയും ഒരു ചെറിയ പായ്ക്കറ്റ് സോസിജും (ഇറച്ചി) അയാൾ പോക്കറ്റിലിട്ടിട്ടുണ്ട്. പെട്ടെന്നുതന്നെ സൂപ്പർ മാർക്കറ്റ് ജീവനക്കാർ ജാഗ്രതയിലായി. റോമന്റെ പോക്കറ്റിൽ ഉരുകിത്തുടങ്ങിയ പാൽക്കട്ടിയും ചതഞ്ഞ സോസേജും. ഓടിക്കൂടിയ ആൾക്കൂട്ടത്തിനു നടുവിൽനിന്നു റോമൻ വിയർത്തു. വിശന്നു തളർന്നുനിന്ന അയാളുടെ പോക്കറ്റിൽനിന്നെടുത്ത ഇത്തിരി ഭക്ഷണം തൊണ്ടിമുതലായി രൂപം മാറി. പിന്നെ പോലീസായി, കേസായി, കോടതിയായി... നീതി നടപ്പാക്കി.

2015 ഫെബ്രുവരിയിലാണു കോടതി റോമനെ ശിക്ഷിച്ചത്. അപ്പീൽകോടതിയും വെറുതെവിട്ടില്ല ഈ കള്ളനെ. ഇറ്റാലിയൻ സർക്കാരാണ് അപ്പീൽ കൊടുത്തത്. മോഷണമല്ല, മോഷണശ്രമം മാത്രമാണു നടന്നതെന്നായിരുന്നു സർക്കാർ വാദം. കാരണം അയാൾ മോഷ്‌ടിച്ച സാധനങ്ങളുമായി പോയില്ല. പിടിക്കപ്പെടുമ്പോൾ സൂപ്പർമാർക്കറ്റിനകത്തുണ്ടായിരുന്നു. അതുകൊണ്ട് മോഷണം പൂർത്തിയായില്ല. ശ്രമം മാത്രമാണു നടന്നത്.

അപ്പീൽ വാദങ്ങളുടെ നിരർഥകത അവിടെ നില്ക്കട്ടെ. വിശന്നു വലഞ്ഞ് അല്പം ഭക്ഷണം മോഷ്‌ടിച്ച മനുഷ്യൻ മൂന്നു കോടതി കയറിയിറങ്ങി അഞ്ചുവർഷം ചെലവഴിക്കേണ്ടി വന്നുവെന്നതു കോടതികളെ തന്നെയല്ല, ആധുനിക സാമൂഹിക വ്യവസ്‌ഥയെതന്നെ പരിഹാസ്യമാക്കിയിരിക്കുന്നു. നാലു യൂറോയുടെ അതായത് ഏകദേശം 300 രൂപയുടെ ഭക്ഷണം മോഷ്‌ടിച്ചതിനാണു കോടതി നിയമവ്യവസ്‌ഥകളെയും പുസ്തകങ്ങളെയും ഇത്രമേൽ തലനാരിഴകീറി പരിശോധിച്ചത്.

വിശപ്പിന്റെ സ്‌ഥാനം സ്വത്തിനു മുകളിൽ

അഞ്ചു വർഷത്തിനുശേഷം കേസിൽ സുപ്രീംകോടതി വിധി പറയുകയായിരുന്നു. സ്വത്തിനേക്കാൾ മുകളിലാണ് വിശപ്പിന്റെ സ്‌ഥാനമെന്നു കോടതി നിരീക്ഷിച്ചു. ‘പ്രതിയുടെ അവസ്‌ഥയും അയാൾ ഭക്ഷ്യവസ്തുക്കൾ എടുത്ത സാഹചര്യവും നോക്കുമ്പോൾ തന്റെ അടിയന്തരവും അത്യാവശ്യവുമായ ഭക്ഷ്യാവശ്യത്തിനുള്ള ഭക്ഷണമാണു ഇയാൾ എടുത്തതെന്നു മനസിലാകുമെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിശക്കുന്നവൻ അല്പം ഭക്ഷണം മോഷ്ടിക്കുന്നതു കുറ്റമല്ല. ഒരാൾപോലും പട്ടിണി കിടക്കാൻ ഇടവരാത്തിടമാകണം പരിഷ്കൃതലോകം:’ കോടതി പറഞ്ഞു.

ശിക്ഷയിൽ ഇളവുകിട്ടിയേക്കുമെന്നു മാത്രമേ പ്രതീക്ഷയുണ്ടായിരുന്നുള്ളു. പക്ഷേ, സുപ്രീംകോടതി കൂടുതൽ മനുഷ്യത്വപരമായി ഇടപെട്ടിരിക്കുന്നുവെന്നാണ് പ്രോസിക്യൂട്ടർ വലേറിയ ഫാസിയോ മാധ്യമങ്ങളോടു പറഞ്ഞത്. എന്തായാലും ലോകമെങ്ങും ചർച്ചയായിരിക്കുകയാണ് ഈ കോടതിവിധി. ഇറ്റലിക്കുമാത്രമല്ല, ആധുനിക രാഷ്ട്രങ്ങൾക്കെല്ലാം ചിന്തിക്കാനും തങ്ങളുടെ ജനാധിപത്യത്തിന്റെ നീതിന്യായവ്യവസ്‌ഥകളുടെയും ന്യൂനതകൾ പരിഹരിക്കാനും ഇടയാക്കുന്നവിധം ഉജ്വലമായ വിധി.


സുപ്രീംകോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയപ്പോഴാണു മാധ്യമങ്ങൾപോലും അതു ശ്രദ്ധിച്ചതെന്നതു വേറെ കാര്യം. 2015ൽ റോമനെ കോടതി ശിക്ഷിച്ചപ്പോഴും മാധ്യമങ്ങളും സാമൂഹിക സംഘടനകളുമൊന്നും വിധിയെ വിമർശിക്കുകയോ എഡിറ്റോറിയലുകൾ എഴുതുകയോ ചെയ്തില്ല. ഇന്ത്യയിലെപ്പോലെ കോടതികളെ വിമർശിക്കാൻ അവരും ഭയന്നുവെന്നു ചുരുക്കം.

കോടതിവിധിയെ അത്രയങ്ങു സ്വാഗതം ചെയ്യാത്ത അഭിപ്രായങ്ങളും മാധ്യമങ്ങളിലൂടെ ഉരുത്തിരിഞ്ഞിട്ടുണ്ട്. അതിജീവനത്തിന്റെ തത്ത്വശാസ്ത്രത്തെ സ്വത്തവകാശത്തിനു മുകളിൽ പ്രതിഷ്ഠിച്ചിരിക്കുകയാണു കോടതി. ഇതൊരു പുതിയ തത്ത്വമാണ്. ഗൗരവമുള്ളതല്ലെങ്കിലും മോഷണം കുറ്റംതന്നെയാണ്. ഇറ്റലിയിലെ ലുയിസ് യൂണിവേഴ്സിറ്റിയിലെ ക്രിമിനൽ ലോ പ്രഫസർ മൗറിസിയോ ബെലകോസ പറയുന്നത് ഈ കേസ് പുതുമയുള്ളതാണ് എന്നാണ്.

എന്തായാലും ഇത്തിരി ഭക്ഷണം മോഷ്‌ടിച്ച ദരിദ്രനെ കുറ്റവാളിയായിത്തന്നെ കാണാൻ ആളുകൾ തീരെ കുറവ്. 2008–ൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇറ്റലി അതിൽനിന്നു ഏതാണ്ട് കരകയറി വരുന്നതേയുള്ളു. ദരിദ്രരുടെ എണ്ണം ഇറ്റലിയിൽ ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയുമാണ്.

<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016ങമ്യ06ൂമ2.ഷുഴ മഹശഴി=ഹലളേ>

വീണ്ടും ഴാങ് വാൽ ഴാങ്

കോടതി മാത്രമല്ല, ഇറ്റാലിയൻ ഭരണഘടനയും പട്ടിണിപ്പാവങ്ങളുടെ അതിജീവനത്തെ ന്യായീകരിക്കുന്നുണ്ട്. മനുഷ്യാവകാശത്തിന്റെ സാർവത്രിക പ്രഖ്യാപനം എന്ന ഭാഗത്ത് പറയുന്നത്, ‘വിശപ്പു സഹിക്കാനാവാതെ നിങ്ങളുടേതല്ലാത്ത ഭക്ഷണം എടുത്താൽ അതു മോഷണമല്ല.’എന്നാണ്.

വിക്ടർ യൂഗോയുടെ പാവങ്ങളിലെ ഴാങ് വാൽ ഴാങിനോടാണ് ലോക മാധ്യമങ്ങളിൽ പലതും റോമനെ ഉപമിച്ചത്. ഒരു കഷ്ണം റൊട്ടി മോഷ്ടിച്ചതിനു ഴാങ് 18 വർഷം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. അതായിരുന്നു അന്നത്തെ നീതി. പക്ഷേ, പാവങ്ങളിലെ ബിഷപ്പിനെപ്പോലെ കരുണ കാണിക്കാൻ ആധുനിക കാലത്തെ ന്യായാസനങ്ങൾക്കു കഴിഞ്ഞില്ല. തലേന്നു താൻ കൊടുത്ത ഭക്ഷണം കഴിച്ചശേഷം വെള്ളിപ്പാത്രങ്ങൾ മോഷ്‌ടിച്ചുകൊണ്ടുപോയ ഴാങ് വാൽ ഴാങിനെ പോലീസ് അതിരാവിലെ പിടിച്ചു ബിഷപ്പിനു മുന്നിലെത്തിച്ചു, പക്ഷേ, അദ്ദേഹം പോലീസിനോടു പറഞ്ഞത്, അതു താൻ കൊടുത്തതല്ലേ, തിരിക്കാലുകൾ കൊണ്ടുപോകാൻ അയാൾ മറന്നുപോയോ എന്നാണ്.

ലോകത്തെ എക്കാലവും പിടിച്ചുലച്ച കരുണയുടെ വാക്കുകളായിരുന്നു വിക്ടർ യൂഗോയുടെ ബിഷപ്പിന്റേത്. പക്ഷേ, ഴാങ് വാൽ ഴാങിന്റെ പട്ടിണി അന്നത്തെ കാലത്ത് അത്ര വലിയ വാർത്തയല്ലായിരുന്നു. അതു പക്ഷേ, 154 വർഷം മുമ്പ്. സമ്പന്നതയുടെ മടിത്തട്ടിൽ വാഴുകയും ശാസ്ത്ര സാങ്കേതികവിദ്യകളാൽ സുഖങ്ങൾ പാരമ്യതയിലെത്തിക്കുകയും ചെയ്ത കാലത്ത് ഴാങ് വാൽ ഴാങ്ങിന്റെ പുതിയ മുഖമായ റോമൻ ലോകത്തെ കരയിക്കേണ്ടതുതന്നെയാണ്. ആധുനിക വികസനങ്ങളുടെ പൊള്ളത്തരങ്ങളിലേക്ക് അതു വിരൽചൂണ്ടുന്നു.

റോമന്റെ കഥ ജിഷയുടേതും

കാണാതെപോകുന്ന വിശപ്പിന്റെ വിളി കേൾക്കാൻ ഇറ്റലിയോളം പോകേണ്ടതില്ല. അതിന്റെ ഒന്നാന്തരം ചിത്രം ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം മാധ്യമങ്ങളിൽ കണ്ടു. പെരുമ്പാവൂരിൽ ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ കൊല്ലപ്പെട്ട ജിഷ എന്ന പെൺകുട്ടി. അവളുടെ വിശപ്പിന്റെ കഥകൾ ഇപ്പോഴാണ് നാം പുറത്തറിഞ്ഞത്. ആ യുവതി അമ്മയോടൊപ്പം അന്തിയുറങ്ങിയിരുന്ന ഒറ്റമുറി വീടിന്റെ സ്‌ഥിതിയും കേരളം കണ്ടു. വാതിലില്ല, ജനലില്ല, പൂട്ടില്ല, ഉറപ്പുള്ള ചുവരില്ല, രണ്ടുപേർക്കു കഴിക്കാൻ ഭക്ഷണമില്ല... ഇല്ല, ഇല്ല, ഇല്ല എന്നുമാത്രം പറയാനൊരു മുറി.

പക്ഷേ, അവളുടെ കീറിമുറിക്കപ്പെട്ട മൃതദേഹം പോലീസ് പുറത്തെടുത്തപ്പോഴാണ് ആ വീടിന്റെ സ്‌ഥിതി പലരും തിരിച്ചറിഞ്ഞത്. പലപ്പോഴും പകൽ മുഴുവൻ ഭക്ഷണം കഴിക്കാനില്ലാതെ ഏകയായി ഇരുന്ന ജിഷയ്ക്ക് റോമന്റെ മുഖം തന്നെയാണ്. അത് ഇറ്റലിയിലും ഇത് പെരുമ്പാവൂരിലുമാണ് എന്നതേയുള്ള വ്യത്യാസം.

റോമൻ ജീവനോടെയുണ്ട്. ജിഷ ഇല്ല. രണ്ടിടത്തുമുണ്ട് നിയമങ്ങളും സർക്കാരുകളും സഹജീവികളുമൊക്കെ. ഇനിയുമുണ്ട് സമയം. ഭക്ഷണം വിശക്കുന്നവനുള്ളതാണെന്നു ലോകത്തെ പഠിപ്പിച്ച ഇറ്റാലിയൻ കോടതിയുടെ വിധി നമുക്കും വായിച്ചുപഠിക്കാം.