മുമ്പേ ഓൺലൈനിൽ ശേഷം സ്ക്രീനിൽ
മുമ്പേ ഓൺലൈനിൽ ശേഷം സ്ക്രീനിൽ
സിനിമകളോടുള്ള അടക്കാനാവാത്ത ഇഷ്‌ടം അല്ലെങ്കിൽ വിനോദങ്ങളെ വിരൽത്തുമ്പിലെത്തിക്കുന്ന ടെക്നോളജിയോടുള്ള കൗമാരമനസിന്റെ കൗതുകം... ഇഷ്‌ടസിനിമയുടെ സ്റ്റിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ അന്ന് അവർക്കും ഇതൊക്കെയായിരുന്നു പറയാനുണ്ടായിരുന്നത്. കാലാന്തരത്തിൽ പോസ്റ്റുകളുടെ എണ്ണത്തിലും മൂല്യത്തിലും മെച്ചമുണ്ടായി. ലൈക്കുകൾ കൂടി. അവയ്ക്ക് സമൂഹമാധ്യമങ്ങളിലുള്ള വ്യാപ്തിയും ജനപിന്തുണയും സിനിമാക്കാർ തിരിച്ചറിഞ്ഞു. ഫേസ്ബുക്ക് പേജുകൾ പതിയെ ഓൺലൈൻ മീഡിയകളായി, ചിലർക്കു സ്വന്തമായി വെബ് സൈറ്റുകളുമുണ്ടായി. പത്രത്താളുകൾക്കും ടെലിവിഷൻ സ്്ക്രീനുകൾക്കും സ്വന്തമായിരുന്ന സിനിമാപരസ്യങ്ങൾക്കു ബൂസ്റ്റ് പോസ്റ്റുകളായി രൂപാന്തരം. ‘കിടിലൻ’ പോസ്റ്റുകൾക്കു പിന്നിൽ നിന്നവർ സിനിമയുടെ വിജയാഘോഷത്തിൽ മൊമെന്റോ ഏറ്റുവാങ്ങുന്നിടം വരെയെത്തി ഇന്നു കാര്യങ്ങൾ.

ലാപ്ടോപ്പ് തന്നെ ഓഫീസ്

‘ഒമ്പതിൽ പഠിക്കുമ്പോഴാണ് ഓൺലൈൻ പ്രമോഷൻ തുടങ്ങിയത്. അഞ്ചു പേരാണ് പാർട്്ണേഴ്സ്. എല്ലാവരും ഫിലിം ലവേഴ്സ്. വീട്ടിൽ നിന്നു പാതി സമ്മതമായിരുന്നു തുടക്കത്തിൽ. ക്രമേണ കാര്യങ്ങൾ വ്യക്‌തമായപ്പോൾ നല്ലതാണെങ്കിൽ ചെയ്തോളൂ എന്നായി വീട്ടുകാർ...’ ഇപ്പോൾ പ്ലസ് ടു വിദ്യാർഥിയും സ്കൈലാർക് പിക്ചേഴ്സ് പാർട്ണറുമായ ഷിഹാസ് പറയുന്നു. നടൻ ശങ്കറിന്റെ ‘സാൻഡ് സിറ്റി’ക്ക് ഓൺലൈൻ പ്രമോഷൻ ചെയ്ത് ക്യൂബ് മീഡിയയിലൂടെ ഈ രംഗത്തേക്കു വരുമ്പോൾ മൂവാറ്റുപുഴക്കാരൻ അഭിജിത്ത് പ്ലസ്ടു വിദ്യാർഥി. ക്യൂബ് മീഡിയയ്ക്കു തുടക്കമിടുമ്പോൾ കോട്ടയം സംക്രാന്തി സ്വദേശി സബിൻ സിഎംഎസിൽ വിദ്യാർഥി.

ലാപ്ടോപ്പും പിന്നെ വ്യത്യസ്തതയുള്ള ചില ഐഡിയകളും... തുടക്കത്തിൽ അതു മാത്രമാണു മൂലധനം. ഓൺ ലൈൻ പ്രമോഷനിൽ പേരെടുത്ത പലർക്കും സ്വന്തം വീടുതന്നെയായിരുന്നു തുടക്കത്തിൽ ഓഫീസ്. ഇന്നും പ്രത്യേകം ഓഫീസില്ലെന്ന് 300ൽ പരം സിനിമകൾക്ക് ഓൺലൈൻ പ്രമോഷൻ ചെയ്ത ക്യൂബ് മീഡിയയിലെ അഭിജിത്ത് പറയുന്നു. ‘ഈ രംഗത്തു പ്രവർത്തിക്കുന്ന മിക്ക മീഡിയകൾക്കും പ്രത്യേക ഓഫീസ് ഉണ്ടാവില്ല. എവിടെപ്പോയാലും ലാപ്ടോപ്പ് കയ്യിലുണ്ടെങ്കിൽ വർക്ക് ചെയ്യുന്നതിനു പ്രശ്നമില്ലല്ലോ. ഓൺ ദ സ്പോട്ടിൽ നമുക്കു വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാവും...’സബിൻ പറയുന്നു. പെരുച്ചാഴിയിൽ തുടങ്ങി കമ്മട്ടിപ്പാടത്തിലെത്തി നിൽക്കുന്ന ആലപ്പുഴയിലെ സ്കൈലാർക്ക് പിക്ചേഴ്സിനു സ്വന്തമായി ഓഫീസുണ്ടായത് ഈ വർഷം ജനുവരിയിൽ.

ഫേസ്ബുക്കിലാണ് എല്ലാവരുടെയും തുടക്കം. പക്ഷേ, ഇതു കുട്ടിക്കളിയല്ലെന്നു തിരിച്ചറിഞ്ഞ് ഓൺലൈൻ മീഡിയ ട്രേഡ്മാർക്ക് ചെയ്യാൻ സ്കൂൾ പ്രിൻസിപ്പൽ വികാട്ടിയായെന്ന് സ്കൈലാർകിലെ
ഷിഹാസ്. ‘പരസ്പരം’ സീരിയലിന്് ഓൺലൈൻ സപ്പോർട്ട് ചെയ്തതാണ് അഭിജിത്തിന്റെ മുൻപരിചയം. ഹേമന്ത് മേനോൻ, ചാക്കോച്ചൻ തുടങ്ങിയവരുടെ ഓൺലൈൻ പ്രമോഷൻ ചെയ്ത പരിചയത്തിൽ നിന്നാണ് സബിൻ നാലു വർഷം മുമ്പു ക്യൂബ് മീഡിയ തുടങ്ങിയത്.

കൂട്ടായ്മയുടെ വിജയം

ഇപ്പോൾ സിനിമയുടെ ഓൺലൈൻ പ്രമോഷനിൽ കൂട്ടായ്മയുണ്ടെന്ന് സബിൻ. സമാന മീഡിയകളെ കോഓർഡിനേറ്റ് ചെയ്താണു പ്രവർത്തനം. ഒരു സിനിമയുടെ പ്രമോഷൻ വർക്ക് കിട്ടിയാൽ സിനിമ പ്രാന്തൻ, സ്കൈ ലാർക്ക്, മോളിവുഡ് ടൈംസ്, സിനിമാ ഡാഡി, സിനിമ റ്റു സിനിമ, സ്മാർട്ട് പിക്സ് തുടങ്ങിയ സമാന മീഡിയകളെ അറിയിക്കുന്നു. തുടർന്നു ചെലവുകളും പ്ലാനുകളും നിരത്തി പ്രൊഡ്യൂസറിനു ക്വട്ടേഷൻ നല്കും. അദ്ദേഹത്തിന്റെ അപ്രൂവൽ കിട്ടിയാലുടൻ പ്രൊഡ്യൂസർ, ഡയറക്ടർ, ഓൺലൈൻ മീഡിയകൾ തുടങ്ങിയവരെ ഉൾപ്പെടുത്തി വാട്ട്സ് ആപ്പ്് ഗ്രൂപ്പുണ്ടാക്കും. ക്യാപ്ഷനുകൾ സഹിതം ചിത്രങ്ങൾ മീഡിയകൾക്ക് അയച്ചുകൊടുക്കും. പോസ്റ്റിട്ടാലുടൻ തെളിവായി അവർ അതിന്റെ സ്ക്രീൻ ഷോട്ടെടുത്ത് വാട്സ്ആപ്പിൽ ഇടും. അപ്പോൾ പ്രോഡ്യൂസേഴ്സ് സഹിതം

ഹാപ്പി... ക്യൂബ് മീഡിയയിലെ അഭിജിത്ത് അണിയറ രഹസ്യങ്ങളിലേക്കു കടന്നു. അടുത്ത കാലത്താണ് പ്രൊഡ്യൂസർമാർ വർക്ക് വിവിധ മീഡിയകൾക്കു ഷെയർ ചെയ്തു കൊടുക്കുന്ന രീതി നിലവിൽവന്നതെന്ന് സ്കൈലാർക്കിലെ ഷിഹാസ് പറയുന്നു. മറ്റു മീഡിയാസിനു കൊടുക്കേണ്ട പെയ്മെന്റ് കൂടി ചേർത്താണ് പ്രൊഡ്യൂസറുമായി പ്രമോഷനു കരാറാകുന്നത്. ഒന്നര – രണ്ടു ലക്ഷം വരെയാണ് മൊത്തം പ്രതിഫലം. എത്ര മീഡിയാസ് വേണമെന്നു നിശ്ചയിക്കുന്നതു പ്രൊഡ്യൂസറാണ്. പ്രൊഡ്യൂസറുമായുള്ള കമിറ്റ്മെന്റ് കൂടി പരിഗണിച്ച് പരമാവധി റേറ്റ് കുറച്ചാണു പറയുന്നത്. രണ്ടു ലക്ഷം വരെ വാങ്ങാവുന്ന സിനിമകൾ ഒന്നരലക്ഷത്തിലൊതുക്കും. ‘ഏതു വീഡിയോ ഏതു ടൈമിൽ പോസ്റ്റ് ചെയ്താൽ ഗുണപരമാകും എന്നൊക്കെ പ്ലാൻ ചെയ്താണു വർക്ക് പിടിക്കുന്നത്. അതു സക്സസ് ആകുമ്പോഴാണ് അടുത്ത പടം എടുക്കുമ്പൊഴും പ്രമോഷൻ നമുക്കുതന്നെ തരുന്നത്. ശരാശരി 25,000 നു മുകളിലാണ് വർക്ക് പിടിക്കുന്ന മീഡിയയുടെ വരുമാനം....’സബിൻ പറഞ്ഞു. ഫിക്സഡ് റേറ്റില്ലെന്നും നോർമൽ മീഡിയാസിനേക്കാളും തങ്ങൾക്കു റേറ്റ് അൽപ്പം കൂടുതലാണെന്നും 100നടുത്തു ചിത്രങ്ങൾ പ്രമോട്ട് ചെയ്ത സ്കൈലാർക്കിലെ ഷിഹാസ് പറയുന്നു. ‘ഓൺലൈൻ മീഡിയകളെ കോർഡിനേറ്റ് ചെയ്തു ചെയ്യുമ്പോൾ ഒരു ചിത്രത്തിന് ഒരു ലക്ഷത്തിനു മേൽ ഫീസ് വാങ്ങാറുണ്ട്. ആക്്ഷൻ ഹീറോ ബിജുവൊക്കെ അങ്ങനെ ചെയ്തതാണ്.’


ചെലവു കുറവ്, റീച്ച് കൂടുതൽ

ഫ്രീയായി ഓൺലൈൻ പ്രമോഷൻ ചെയ്യുന്നവരുമുണ്ട്. പക്ഷേ, അവർക്കു റീച്ച് കുറവായിരിക്കും. മിക്ക ഓൺലൈൻ മീഡിയകളും ക്യാപ്ഷൻ എഴുത്തും പോസ്റ്റർ ഡിസൈനിംഗും സ്വയം ചെയ്യുകയാണ്. തൊടുപുഴ ഇമേജിൽ വെബ്് ഡിസൈനിംഗ് പഠിക്കുന്ന പാർട്ണർ അഭിജിത്തുമായി പ്ലാൻ ചെയ്താണു ക്യാപ്ഷൻസ് തയാറാക്കുന്നതെന്ന് ക്യൂബ് മീഡിയയിലെ സബിൻ പറഞ്ഞു. ക്വാളിറ്റിയോടെ പ്രഫഷണലായി ചെയ്യുന്നവർക്ക് ചെലവുണ്ട്. നെറ്റിനു മാസം 2500–3000 രൂപ. റിവ്യൂ എഴുതുന്നയാളിനും ഡിസൈനർക്കും മാസം 5000 വീതം എന്നിങ്ങനെ. കണ്ടന്റ് എഴുതാൻ വേണ്ടി മാത്രം ഓഫീസിൽ മൂന്നും പുറത്തു രണ്ടും സ്റ്റാഫുള്ളതായി സ്കൈലാർക്കിലെ ഷിഹാസ്.

ലക്ഷങ്ങൾ വേണ്ടിവരുന്ന പത്രപരസ്യവുമായി താരതമ്യം ചെയ്യുമ്പോൾ പത്ത് മീഡിയകൾക്ക് 10,000 രൂപവീതം നല്കി ചെയ്യുന്ന ഓൺലൈൻ പ്രമോഷന് ആകെ വേണ്ടത് മിനിമം ഒരു ലക്ഷം. പത്രപരസ്യങ്ങൾ ഒന്നു രണ്ടു ദിവസം മാത്രമാകുമ്പോൾ ഓൺലൈൻ പ്രമോഷൻ 50–60 ദിവസം വരെയാണ്. മാക്സിമം ആളുകളിലേക്ക് എത്തും. ‘പടം വിജയിച്ചാൽ പ്രമോഷൻ 100–ാം ദിനം വരെ പോകും. നിലവിൽ ഓടുന്ന പടത്തിനു രണ്ടാഴ്ച വരെ സപ്പോർട്ടു ചെയ്യും. ഹിറ്റ് ചാർട്ടിലാണെങ്കിൽ തുടർന്നും. പടം ഫ്ളോപ്പായാൽ പ്രൊഡ്യൂസേഴ്സ് ഞങ്ങളോട് ഒന്നും ചോദിക്കാറില്ല.’ ക്യൂബ് മീഡിയയിലെ അഭിജിത്ത് പറഞ്ഞു.

ഒട്ടുമിക്ക ആളുകൾക്കും ഫേസ്ബുക്ക് പേജുണ്ട്. അതിൽ കുറേപേരെങ്കിലും സിനിമാ പ്രമോഷൻ പേജുകൾ ലൈക്ക് ചെയ്തിട്ടുണ്ടാവും. ഷൂട്ടിംഗ് തുടങ്ങുമ്പോൾ മുതൽ തിയറ്ററിലെത്തുവോളം പുതിയ സിനിമകളുടെ വിശേഷങ്ങളും വാർത്തകളും അവരിലേക്ക് എത്തുകയാണ്. കുറഞ്ഞ ചെലവിൽ ചിത്രത്തിന്റെ പരസ്യപ്രചാരണം ഫലപ്രദമായി സാധ്യമാകുമ്പോൾ നിർമാതാവു ഹാപ്പി. നിസാര മുടക്കുമുതലിൽ കീശ നിറയുമ്പോൾ ഓൺലൈൻ പ്രമോട്ടർമാർ അതിലേറെ ഹാപ്പി. ടീസറിനും ട്രയിലറിനുമൊക്കെ പ്രചാരമേറിയത് ഓൺലൈൻ പ്രമോഷൻ തുടങ്ങിയ ശേഷമാണ്.‘ യൂ ട്യൂബ് ചാനലുകൾ, പ്രത്യേക ഇന്റർവ്യൂകൾ എന്നിവയും പേജുകളിൽ നല്കാറുണ്ട്....’ക്യൂബ് മീഡിയയിലെ സബിൻ പറയുന്നു.

ലക്ഷ്യം പടത്തിന്റെ വിജയം

‘മീഡിയ ഏതാണെങ്കിലും പോസ്റ്റുകളുടെ പ്രത്യേകത, ക്വാളിറ്റി, താരങ്ങൾ ആരൊക്ക എന്നിവയെ ആശ്രയിച്ചാണ് പോസ്റ്റുകളുടെ റീച്ച്. ദുൽഖർ, നിവിൻ പോളി, മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകളുടെ പോസ്റ്റുകൾക്കു ലൈക്ക് നന്നായി കിട്ടും. കൃത്യമായ ടൈമിൽ പോസ്റ്റ് ചെയ്താൽ നല്ല റീച്ച് കിട്ടും..’ ക്യൂബിലെ സബിന്റെ വെളിപ്പെടുത്തലുകൾക്ക് അനുഭവങ്ങളുടെ പിൻബലം. ലാലേട്ടന്റെ പുലിമുരുകന്റെ പോസ്റ്റുകൾക്കു നല്ല റീച്ചുണ്ടെന്ന് അഭിജിത്തും അടിവരയിടുന്നു.

മറ്റു മീഡിയാസുമായി സൗഹൃദഭാവത്തിൽ പോകുന്നതാണു ഗുണപരമെന്നു സബിൻ അഭിപ്രായപ്പെടുന്നു. ‘പടം വിജയിക്കുകയാണല്ലോ പ്രധാനം. നാം തനിയെ ചെയ്തിട്ടു കാര്യമില്ല. എല്ലാ രീതിയിലുമുള്ള പ്രമോഷൻ കിട്ടണം. എല്ലാവരുമായും ടൈ അപ്പ് ചെയ്യാനും ഫ്രണ്ട്ലി ആയി പോകാനുമാണു നോക്കുന്നത്. ഞങ്ങളുടെ പേജിൽ ഞങ്ങളാണു പോസ്റ്റിടുന്നത്. മറ്റുള്ളവരുടെ വർക്കുകൾക്കു വേണ്ടി ഞങ്ങളും പോസ്റ്റുകളിടും. ഇല്ലെങ്കിൽ ഞങ്ങൾക്കു വർക്ക് കിട്ടില്ലെന്നും സബിന്റെ നിരീക്ഷണം. ഫീൽഡിൽ മത്സരമുണ്ടെന്നും എന്നാൽ ഫോക്കസ് ചെയ്യുന്നത് എന്റർടെയ്ൻമെന്റ് പോർട്ടലിലാണെന്നും ഷിഹാസിന്റെ വാക്കുകൾ. ചിത്രങ്ങളുടെ പ്രമോഷനു പുറമേ താരങ്ങളുടെ പേജ് മാനേജ് ചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. ചാക്കോച്ചന്റെ പേജ് മാനേജ് ചെയ്യുന്നതിനു പ്രത്യേകം പ്രതിഫലം വാങ്ങാറില്ലെന്നു ക്യൂബ് മീഡിയയിലെ സബിൻ വെളിപ്പെടുത്തി.

നിലനിൽപ്പിനു പ്രധാനം വിശ്വാസ്യത

ഓൺലൈൻ പ്രമോഷനു വരുന്നവർ കാശിനുവേണ്ടി മാത്രം നിൽക്കാതെ സിനിമയോടു നീതിപുലർത്തി നിന്നാൽ പ്രമോഷൻ ഫലപ്രദമാകുമെന്ന് സബിൻ പറയുന്നു. ‘സാധാരണയായി സിനിമകളെ റേറ്റ് ചെയ്യുമ്പോൾ 5 സ്റ്റാർ കൊടുത്താൽ ആരും വിശ്വസിക്കില്ല. 80 ശതമാനം പോസിറ്റീവും 20 ശതമാനം നെഗറ്റീവും പറയും.
പോസിറ്റീവു മാത്രം ചേർത്തു റിവ്യൂ ഇട്ടാൽ കാശു മേടിച്ചിട്ടു ചെയ്യുന്നതാണെന്ന് ആളുകൾ പറയും. രണ്ടു തവണ മോശം അനുഭവം വന്നുകഴിഞ്ഞാൽ വിശ്വാസ്യത പോകും. അതിനാൽ പ്രേക്ഷകന്റെ വശത്തു നിന്നു ചിന്തിച്ചാണ് റിവ്യൂ ഇടുന്നത്. എന്നാൽ പ്രോഡ്യൂസറെ ചതിക്കുകയുമില്ല.’

ഫേസ്ബുക്ക് പേജിനപ്പുറം സ്വന്തമായി വെബ്സൈറ്റ്– അതാണ് എല്ലാ സിനിമാ പ്രമോട്ടർമാരുടെയും സ്വപ്നം. ഓൺലൈനിൽ നിന്നു ഫിലിം നിർമാണത്തിലേക്കു കടക്കാനിരിക്കുന്നവരുമുണ്ട്. കേരളത്തിലെ ഓൺലൈൻ ഫിലിം മീഡിയകളിൽ മുന്നിലാണ് സ്കൈലാർക്. വിലാസം <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.സ്യെഹമൃസുശരേൗൃലെ.ശി. ക്യൂബ് മീഡിയയുടെ വെബ് സൈറ്റ് (വിലാസം <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ൂൗയലാലറശമ.ശി )ഉടൻ എത്തുമെന്നു പാർട്ണേഴ്സായ സബിനും അഭിജിത്തും പറയുന്നു. വെബ്സൈറ്റ് വരുമ്പോൾ ഗൂഗിളുമായി ബന്ധം സ്‌ഥാപിക്കാം. അതിൽനിന്നും വരുമാനം കിട്ടും. ‘പേജിൽ അപ്ഡേഷൻസ് കൊടുക്കുന്നതിൽ പരിമിതിയുണ്ട്. സൈറ്റിലാകുമ്പോൾ 1000–1500 സ്റ്റിൽസ് അപ്്ലോഡ് ചെയ്യാം. ലേ ഔട്ട് ചെയ്തു കൂടുതൽ ഭംഗിയായി നല്കാനുമാവും...’ സബിന്റെ പ്രതീക്ഷകൾ വളരുകയാണ്.

<ആ>ടി.ജി. ബൈജുനാഥ്