വാതരോഗങ്ങൾ ഉണ്ടാകുന്നത്
ഡോ. രാമകൃഷ്ണൻ ദ്വരസ്വാമി

ഒക്ടോബർ 12 ലോക വാതരോഗദിനമായി ആചരിക്കുന്നു. വാതരോഗങ്ങൾ എന്താണെന്ന സാമാന്യ അവബോധം എല്ലാവർക്കും ഉണ്ടാകുന്നതു നല്ലതാണ്. അസ്‌ഥികൾ, സന്ധികൾ, ഞരമ്പുകൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങളെയാണു സാമാന്യമായി വാതരോഗങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. സന്ധികളിൽ നീർക്കെട്ട് ഉണ്ടാകുക എന്നതാണ് ഈ രോഗങ്ങളുടെ പ്രഥമവും പ്രധാനവുമായ ലക്ഷണം. സാധാരണ ബുദ്ധിമുട്ടിക്കാറുള്ള വാതരോഗങ്ങളെയും ആയുർവേദ ചികിത്സാ സമീപനത്തെയും പരിചയപ്പെടാം.

അടിസ്‌ഥാന വാതരോഗങ്ങൾ: ശരീരത്തിൽ സ്‌ഥിതി ചെയ്യുന്ന വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളിൽ ശരീരചലനത്തെ നിയന്ത്രിക്കുന്നതായ വാതം തന്റെ സമാവസ്‌ഥയിൽനിന്നു വർധിക്കുമ്പോൾ പ്രത്യേക രോഗസമൂഹം ഉടലെടുക്കുന്നു. ഇതാണ് യഥാർഥത്തിൽ വാതരോഗങ്ങൾ എന്നറിയപ്പെടുന്നത്. വിരുദ്ധസ്വഭാവമുള്ള ആഹാരങ്ങൾ സ്‌ഥിരമായി ഭക്ഷിക്കുക, വ്യായാമക്കുറവ്, ക്രമം തെറ്റിയ ആഹാരരീതി, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ സ്‌ഥിരമായി കഴിക്കുക തുടങ്ങിയ ആഹാരത്തിലെ തെറ്റായ ശീലങ്ങൾ ദഹനശക്‌തിയെ താറുമാറാക്കുകയും കാലക്രമത്തിൽ ഇതു വാതരോഗങ്ങളെ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.

മറ്റൊരു പ്രധാനകാരണം മലമൂത്രസ്വേദങ്ങൾ, ഏമ്പക്കം, കീഴ്വായു, തുമ്മൽ, കോട്ടുവായ, ഉറക്കം, ചുമ, വിശപ്പ്, ദാഹം, കണ്ണീര്, കിതപ്പ്, ഛർദി, ശുക്ലവിസർജനം എന്നീ പ്രകൃതിദത്തമായ ആവശ്യങ്ങളെ തടയുകയോ മുക്കി പുറപ്പെടുവിക്കുകയോ ചെയ്യുക എന്ന സ്വഭാവമാണ്. ചുരുക്കത്തിൽ കുറെ അധികം കാലമായി ആഹാരജീവിതചര്യകളിൽ പാലിക്കുന്ന ക്രമക്കേടുകളാണു ഭാവിയിൽ വാതരോഗമായി പരിണമിക്കുന്നത് എന്ന് മനസിലാക്കുക.

പ്രധാന വാതരോഗങ്ങൾ

ആമവാതം: കൈകാലുകൾ, കഴുത്ത് തുടങ്ങിയ എല്ലാ സന്ധികളിലും തീവ്രമായ വേദനയും നീരും പനിയുമുണ്ടായിരിക്കുന്നതായ രോഗമാണിത്. ഒരു സന്ധിയിൽനിന്നു മറ്റൊരു സന്ധിയിലേക്കു സഞ്ചരിക്കുന്ന രീതിയിലാണ് വേദനയും നീരും അനുഭവപ്പെടുക. വിശപ്പ് തീരെ ഇല്ലാതിരിക്കുക, മലബന്ധം, സന്ധികളുടെ ചലനം അതീവ ദുഃസഹവും വേദനാജനകവുമായിരിക്കുക എന്നിവയുണ്ടാകാം.

വാതരക്‌തം: വിരലുകളുടെ സന്ധികളിൽ ആദ്യമായി വേദന തുടങ്ങുകയും പിന്നീടു ക്രമത്തിൽ ഇതര സന്ധികളിലേക്കു വ്യാപിക്കുകയും ചെയ്യുന്നതായ രോഗമാണു വാതരക്‌തം. രാവിലെ ഉറക്കമുണർന്നാൽ കുറെയധികം നേരത്തേക്കു സന്ധികളുടെ ചലനം പ്രയാസമേറിയതായിരിക്കുകയും പിന്നീടു ക്രമത്തിൽ കുറഞ്ഞുവരുകയും ചെയ്യും എന്നതാണ് ഈ രോഗത്തിന്റെ സവിശേഷ സ്വഭാവം.


കീടഗ്രഹം: സാധാരണ കണ്ടുവരാറുള്ള നടുവ് വേദനയാണിത്. ഇടയ്ക്കിടെ നടുവ് മിന്നുന്ന പോലെ അനുഭവപ്പെടുക, അരക്കെട്ടിനു പിടുത്തം, അനുബന്ധ പേശികൾക്കു സങ്കോചം, നേരെ നിവർന്നു നിൽക്കാൻതന്നെ പ്രയാസം എന്നിവയാണു ലക്ഷണങ്ങൾ. നടുവ് വേദനതന്നെ കാലിലേക്കും വ്യാപിക്കുന്ന രീതിയുണ്ട്. പിറകുവശത്തുകൂടി, അതായത് നടുവ് തുടങ്ങി പുഷ്ഠഭാഗത്തുകൂടി തുടയുടെ പിറകിൽ കൂടി കാലിലേക്ക് വേദന, മരപ്പ് തുടങ്ങിയവ അനുഭവപ്പെടുന്ന അവസ്‌ഥയെ ശദ്ധസി എന്ന പേരിൽ അറിയപ്പെടുന്നു.

വാതകണ്ടകം: ഉപ്പൂറ്റിയിലുണ്ടാകുന്ന വേദനയാണിത്. രാവിലെ എഴുന്നേറ്റ് ആദ്യമായി ഉപ്പൂറ്റി നിലത്തു കുത്തുമ്പോൾ അതിയായ വേദന അനുഭവപ്പെടുകയും ക്രമത്തിൽ കുറഞ്ഞുവരികയും ചെയ്യും.

ക്രോഷ്‌ടുകശീർഷകം: കാൽമുട്ടിൽ നീരും വേദനയും ഉണ്ടാക്കി ക്രമത്തിൽ ചലനം തന്നെ വേദനാജനകമാകുന്ന അവസ്‌ഥയാണിത്.

ഗ്രീവാഗ്രഹം: കഴുത്തിനു വേദനയുണ്ടാകുന്ന അവസ്‌ഥയാണിത്. ചിലപ്പോൾ കൈകളിലേക്ക് മരപ്പ്, തരിപ്പ്, വേദന തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്യും. കൈയുയർത്തുമ്പോൾ അതിയായ വേദനയുണ്ടാവുകയും ചെയ്യും.

ആയുർവേദ ചികിത്സാ സമീപനം: ദഹനത്തെ ക്രമീകരിക്കുകയും ഒപ്പം ശരീരത്തിൽ വർധിച്ചുവരുന്ന വാതത്തെ സമമായ അവസ്‌ഥയിൽ എത്തിക്കുക എന്നതുമാണ് ആയുർവേദ ചികിത്സാ സമീപനം. ഇതിനായി ഗന്ധർഹസ്ത്യാദി കഷായം, രാസ്നൈ രണ്ഡാദി കഷായം, മഹാരാസ്നാദി കഷായം തുടങ്ങിയ യുക്‌തമായ കഷായങ്ങൾ ഉള്ളിലേക്കു നല്കുകയും ഇലക്കിഴി, പിഴിച്ചിൽ, ഞവരക്കിഴി തുടങ്ങിയ ചികിത്സകൾ അവസ്‌ഥയ്ക്കനുസരിച്ചു പ്രയോഗിക്കുകയും ചെയ്യും.

(ലേഖകൻ കോട്ടയം ചിരായു ആയർവേദിക് സ്പെഷാലിറ്റി ക്ലിനിക് ആൻഡ് ട്രീറ്റ്മെന്റ് സെന്റർ ചീഫ് ഫിസിഷ്യനാണ്)