കീടങ്ങൾ വരുന്നതിനു മുൻപേ കീടനാശിനി പ്രയോഗം
കീടങ്ങൾ വരുന്നതിനു മുൻപേ കീടനാശിനി പ്രയോഗം
കുരുതികൊടുക്കാൻ കീടനാശിനി– 4
നിയന്ത്രിത ഉപയോഗത്തിനു മാത്രമുള്ള കീടനാശിനികൾ, കൃഷി ഓഫീസറുടെ ശിപാർശക്കുറിപ്പിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ ഡിപ്പോകളിൽ നിന്നും വിൽപ്പന നടത്തുവാൻ പാടുളളു എന്നാണ് പുതിയ സർക്കാർ നിർദേശം. ഇത്തരത്തിൽ വിതരണം ചെയ്യുന്ന കീടനാശിനികളുടെയും വാങ്ങുന്ന കർഷകരുടേയും പേരു വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി ഡിപ്പോകളിൽ സൂക്ഷിക്കണം. കീടനാശിനികൾ വിൽക്കുമ്പോൾ കർഷകർക്ക് ബില്ല് നൽകണം. അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ, കർഷകർക്കും കർഷകസമിതികൾക്കും കീടനാശിനികൾ നേരിട്ട് എത്തിച്ചു നൽകുന്ന കമ്പനികൾക്കും വിതരണക്കാർക്കും ഇടനിലക്കാർക്കുമെതിരേ ശക്‌തമായ നടപടിയുണ്ടാകും. നിരോധിത കീടനാശിനികൾ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന കർഷകരെ കൃഷിവകുപ്പിന്റെ എല്ലാ തുടർ പദ്ധതികളിൽ നിന്നും സബ്സിഡികളിൽനിന്നും ഒഴിവാക്കും.

1968 ലെ കീടനാശിനി നിയമവും 1971 ലെ കീടനാശിനി ചട്ടങ്ങളും ഏറെ കാലപ്പഴക്കം ചെന്നിരിക്കുന്നു എന്നതാണ് പ്രധാന പരിമിതി. അന്ന് നിലവിലുണ്ടായിരുന്ന വിരലിലെണ്ണാവുന്ന കീടനാശിനികൾ ഡയമണ്ട് ആകൃതിയിൽ നിറഭേദം കൊണ്ട് കടുത്തവിഷം ചുവപ്പും വിഷ സൂചനയും, കൂടിയവിഷം മഞ്ഞയും വിഷ സൂചനയും, മിതമായവിഷം–നീലയും അപായ സൂചനയും, കുറഞ്ഞ വിഷം പച്ചയും സൂക്ഷിക്കുക സൂചനയും നൽകിയിരുന്നു. എന്നാൽ പിന്നീട് വിപണിയിലെത്തിയ വീര്യം കൂടിയ പല വിദേശനിർമിത വിഷങ്ങളും കടുത്തവിഷമായ ചുവപ്പു നിറത്തിൽ വന്നുചേർന്നു.ലേബൽ നോക്കിയോ വിഷത്തിന്റെ അളവ് അനുസരിച്ചോ അല്ല ഏറെ കർഷകരും കീടനാശിനികൾ വാങ്ങി പ്രയോഗിക്കുന്നത്.
35 വർഷം പഴക്കമുള്ള ഈ നിയമങ്ങളും ചട്ടങ്ങളുമെല്ലാം നാളിതുവരെ ഭേദഗതി വരുത്താതെ നാടിനെ വിഷലിപ്തമാക്കുകയാണ്.

വിഷം ചുമക്കുന്ന തൊഴിലാളി

യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് കേരളത്തിലെ തോട്ടങ്ങളിലും പാടങ്ങളിലും കീടനാശിനിയുടെ പ്രയോഗം. കീടനാശിനികൾ പ്രയോഗിക്കുമ്പോൾ തൊഴിലാളികൾ കയ്യുറയും, മാസ്കും ധരിക്കേണ്ടതുണ്ട്. കീടനാശിനി പ്രയോഗിക്കുമ്പോൾ മനംപിരട്ടൽ, തലവേദന, ഛർദി, ബോധക്ഷയം എന്നിവ പതിവാണ്.

കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്ക് വഴിയൊരുക്കുന്ന നിരോധിത കീടനാശിനികളാണ് നിലവിൽ തോട്ടം മേഖലകളിൽ കൂടുതലായി ഉപയോഗിക്കുന്നത്. തേയില ഏലം തോട്ടം മേഖലകളിൽ കീടനാശിനികളുടെ പ്രയോഗത്തിനായി ഉപയോഗിക്കുന്നത് മോട്ടോർ പമ്പുകളാണ്. പച്ചക്കറി തോട്ടങ്ങളിലും സ്‌ഥിതി ഇതുതന്നെ.

കേരളത്തിൽ നിരോധിച്ച കീടനാശിനികൾ കവർ മാറ്റിയും ചെറിയ തോതിൽ ചേരുവ മാറ്റിയുമാണ് വിറ്റഴിക്കുന്നത്. കർഷകരാവട്ടെ എളുപ്പത്തിലും കൂടുതലും വിള ലഭിക്കാനായി ഇത്തരം കീടനാശിനകൾ ഉപയോഗിക്കുകയും ചെയ്യുന്നു.

നിരോധനമുള്ള ഫൊറേറ്റ്(റെഡ്), മോണോ ക്രോട്ടോഫോസ്(റെഡ്), ട്രയാസോഫോസ്(യെല്ലോ), കാർബോഫുറാൻ(റെഡ്), മീഥൈൽ പാരത്തിയോൺ(റെഡ്), മിഥൈൽ ഡിമാറ്റൺ(റെഡ്), പ്രോഫെനോഫോസ്(യെല്ലോ), മെതോക്സി ഈഥൈൽ മെർക്കുറിക് ക്ലോറൈഡ്, എഡിഫാൻഫോസ്(യെല്ലോ), െരടെസെക്ലാ സോൾ(യെല്ലോ), ഓക്സി തിയോജിനോസ്(ബ്ലൂ), പാറാക്വാറ്റ്(യെല്ലോ), അട്രോസിൻ(ബ്ലൂ), അമിലോഫോസ്(യെല്ലോ), തിയോബെൻകാർബ്(ബ്ല), ഫ്യൂരഡാൻ, ഫോറേറ്റ്, റൗണ്ടപ്പ്, തൈമറ്റ് എന്നി കീടനാശിനി വിളകളെ മാത്രമല്ല മണ്ണ്, വെള്ളം, വായു എന്നിവയെ മലീമസമാക്കുന്നു. ജനിതക വൈകല്യങ്ങൾക്കു വരെ കാരണമാവുന്ന നിരോധിത കീടനാശിനികൾ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നതിനാലാണ് കുട്ടനാട്ടിലും മുതലമടയിലും ഇടുക്കിയിലും അർബുദരോഗികളുടെ എണ്ണം പെരുകുന്നത്. ആലപ്പുഴ മെഡിക്കൽ കോളജ് നടത്തിയ പഠനത്തിൽ കുട്ടനാട്ടിലെ അമ്മമാരുടെ മുലപ്പാലിൽ വരെ ഡിഡിറ്റിയുടെ അംശം കണ്ടെത്തിയിരുന്നു.

ഒന്നു മാറുമ്പോൾ മറ്റൊരു കീടം

കീടനാശിനി വ്യവസായം ജൈവസാങ്കേതിക വിദ്യാ വ്യവസായമായും ജനിതക എൻജിനിയറിംഗ് വ്യവസായമായും പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ജനിത എൻജിനിയറിംഗ് കീടനാശിനികൾക്കുള്ള ഒരു ബദലായി പ്രോത്സാഹിക്കപ്പെട്ടപ്പോൾ ജൈവ സാങ്കേതിക വിദ്യ പ്രകാരം മാറ്റപ്പെട്ട പരുത്തി കീടനാശിനികളുടെ ഉപയോഗം അവസാനിപ്പിക്കാൻ കഴിയുന്ന ഒന്നായി അവതരിപ്പിക്കപ്പെട്ടു. എന്നാൽ ജൈവ പരുത്തി ബോൾവോഷിനെ (പരുത്തിച്ചെടിയെ നശിപ്പിക്കുന്ന കീടം) നീയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു, എന്നുമാത്രമല്ല അത് പുതുതായി അപകടകാരികളായ കുറെ കീടങ്ങൾ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്തു. ആന്ധ്രപ്രദേശിലെ പരുത്തി കർഷകർ ഇതിന് ഇരകളാണ് .
തൽഫലമായി കീടനാശിനിയുടെ ഉപയോഗം വീണ്ടും വർധിച്ചു. ഇറക്കുമതി ചെയ്യപ്പെട്ട പല വിത്തുകളും കർഷകർക്ക് വിപത്തായി മാറിയിരിക്കുന്നു. ഓരോ ഇനം വിത്തും ഇറക്കുമതി ചെയ്യപ്പെടുമ്പോൾ അതിനുവേണ്ട കീടനാശിനിയും നിർദേശിക്കപ്പെടുന്നു. അങ്ങനെ വിത്തുകമ്പനിക്കാരും കീടനാശിനി കുത്തകകളും ഒന്നുപോലെ തടിച്ചുകൊഴുക്കുന്നു. വിത്തു കമ്പനികൾ തന്നെ കീടനാശിനി കമ്പനികളും നടത്തി കർഷകരെ കൊല്ലുന്നു.

ദീർഘകാലമായി ഉപയോഗിക്കുന്ന കീടനാശിനികൾ പിൻവലിക്കുമ്പോൾ അതിനുപകരം എന്തെന്നത് സംബന്ധിച്ച വിവരം കർഷകർക്ക് നൽകേണ്ടതുണ്ട്. ഒന്നു മാറ്റുമ്പോൾ മറ്റൊന്ന് എന്ന നിലപാടിലേക്കു മാറാൻ കർഷകർ നിർബന്ധിതരാകുന്നു. വളവും കീടനാശിനിയും എത്ര അളവിൽ ഏതു സീസണിൽ എങ്ങനെ പ്രയോഗിക്കണം എന്നതിലും കൃഷി വകുപ്പ് വ്യക്‌തമായ നിർദേശം നൽകണം. കീടം വരുമോ എന്ന ഭീതിയിൽ മുൻകരുതലായി വിഷം അടിക്കുന്നവരാണ് ഏറെ കർഷകരും. അതു തന്നെ ഒന്നിലേറെ വിഷം വാങ്ങി നേർപ്പിക്കാതെ നേരേ പ്രയോഗിക്കുന്നു. വാഴവിത്തും തെങ്ങിൻ തൈയുമൊക്കെ കീടനാശിനി തളിച്ച് കുഴിച്ചുവയ്ക്കുന്നത് പതിവായിരിക്കുന്നു.

പകരം ഉപയോഗിക്കാവുന്ന അപകടം കുറഞ്ഞ കീടനാശിനി, അതുമല്ലെങ്കിൽ ജൈവകൃഷി പോലെ കൃഷി മുറയിലും രീതിയിലും തന്നെ മാറ്റം വരുത്തൽ എന്നിവ സംബന്ധിച്ച് കർഷകർക്ക് വ്യക്‌തത ഉണ്ടാക്കണം. അല്ലെങ്കിൽ ഈ കീടനാശിനികളെല്ലാം മറ്റൊരു രൂപത്തിൽ ഇന്നത്തേതിലും അപകടകരമായ രീതിയിൽ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ അവ പിൻവലിച്ചാലും ഇതരസംസ്‌ഥാനങ്ങളിൽ നിന്നും അവ എത്താൻ ഇടയുണ്ടെന്നത് വ്യക്‌തം. വ്യാപകമായ പ്രചാരണ ബോധവൽക്കരണ പ്രവർത്തനവും ബദൽ അന്വേഷണവും കർശനമായ പരിശോധനകളുമെല്ലാം സർക്കാർ തീരുമാനം ഫലപ്രദമാക്കാൻ ആവശ്യമാണ്. മാത്രമല്ല കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവരുടെ സഹകരണം ഉറപ്പാക്കുകയും വേണം.


കുട്ടനാട്ടിൽ കണ്ടത്

കീടനാശിനി പ്രയോഗം നെൽപ്പാടങ്ങളിലെ മിത്രകീടങ്ങളുടെ നാശത്തിനിടയാക്കുന്നു. കീടനാശിനി തളിച്ച പാടങ്ങളിൽ നെൽകൃഷിയെ ദോഷകരമായി ബാധിക്കുന്ന ശത്രുകീടങ്ങളുടെ എണ്ണം വർധിച്ചതായും പഠനങ്ങൾ തെളിയിക്കുന്നു. മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം, കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, വിവിധ കാർഷിക സർവകലാശാലകൾ എന്നിവിടങ്ങളിലെ കൃഷിശാസ്ത്രജ്‌ഞർ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിമേഖലയിൽ അടുത്തയിടെ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തലുകൾ. ശത്രുകീടങ്ങളുടെ ആക്രമണത്തിൽ നിന്ന് നെൽച്ചെടികളെ രക്ഷിക്കുന്ന മിത്രകീടങ്ങളുടെ നാശം ഭാവിയിൽ നെൽകൃഷിയുടെ നിലനിൽപ്പിനെത്തന്നെ ദോഷകരമായി ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പു നൽകുന്നു.
കുട്ടനാട്, അപ്പർകുട്ടനാട് കരിനില മേഖലകളിലെ 11 പാടശേഖരങ്ങളിലാണ് സംഘം പഠനം നടത്തിയത്. കീടനാശിനി ഉപയോഗിക്കുന്ന പാടശേഖരങ്ങളിൽ മിത്രകീടങ്ങളുടെ എണ്ണം കുറയുന്നതായും അതേസമയം തണ്ടുതുരപ്പൻ, മുഞ്ഞ ഉൾപ്പെടെയുള്ള ശത്രുകീടങ്ങൾ വർധിക്കുന്നതായും കണ്ടെത്തി. വിളവിറക്കുന്നതുമുതൽ ഓരോഘട്ടത്തിലും ഉണ്ടാകുന്ന ശത്രുകീടങ്ങളെ നശിപ്പിക്കാൻ മിത്രകീടങ്ങൾക്കു കഴിയും. സിന്തറ്റിക് പെറത്രോയിഡ് മീഥൈൽ പാരത്തിയോൺ വിഭാഗത്തിൽപെടുന്ന ചില കീടനാശിനികൾ ഉപയോഗിക്കുമ്പോൾ കീടങ്ങൾ കൂടുതൽ കരുത്താർജിക്കുന്നതായും പഠനങ്ങളിൽ കണ്ടെത്തി. ഓർഗാനോ സൾഫറസ് വിഭാഗത്തിൽപെടുന്ന മെറ്റാസിഡിന്റെ ഉപയോഗം മുഞ്ഞവംശവർധനവിനു കാരണമാകുന്നു.

സെൻട്രൽ ഇൻസെക്ടിസൈഡ്സ് ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ (സി.ഐ.ബി.ആർ.സി.) വെബ്സൈറ്റിൽനിന്ന് ഏത് കീടനാശിനി, ഏത് ഘട്ടത്തിൽ, ഏത് വിളയ്ക്ക്, ഏത് കീടത്തിന് എത്ര അളവിൽ, ഏത് ഉപകരണം കൊണ്ട് ഉപയോഗിക്കാമെന്ന വിവരം നൽകിയിട്ടുണ്ട്. വെബ്സൈറ്റ് അഡ്രസ്: www.cibrc.nic.in.

പലവ്യഞ്ജനത്തിലും വിഷം

പച്ചക്കറിക്ക് പുറമെ, പലവ്യഞ്ജനത്തിലും ഉണക്കിയ പഴങ്ങളിലും കീടനാശിനി സാന്നിധ്യമുണ്ട്. ഏലയ്ക്ക, ജീരകം, മുളകുപൊടി, വറ്റൽമുളക് എന്നിവയുടെ സാമ്പിളിൽ അപകടസാധ്യതയുള്ള അടുത്തയിടെ നടന്ന പരിശോധനകളിൽ കണ്ടെത്തി. സാധാരണ മുളകുപൊടിയുടെ നാലു സാമ്പിളിൽ, ക്ളോർപൈറിഫോസ്, സൈപെർമെത്രിൻ, എത്തയോൺ എന്നീ കീടനാശിനികളാണ് കണ്ടെത്തിയത്. കാഷ്മീരി മുളകുപൊടിയുടെ ബ്രാൻഡുകളിൽ സൈപ്പർമെത്രിൻ, എത്തയോൺ എന്നിവയുടെ സാന്നിധ്യവും കണ്ടു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസർഗോഡ് നഗരങ്ങളിലെ പച്ചക്കറി കടകൾ, സൂപ്പർ/ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നുശേഖരിച്ച 40 ഇനം പച്ചക്കറികളുടെ 125 സാമ്പിളുകൾ കേരള കാർഷിക സർവകലാശാല പരിശോധിച്ചിരുന്നു. കറിവേപ്പില, കോളിഫ്ളവർ എന്നിവയുടെ ഓരോസാമ്പിളിൽ അപകടസാധ്യതയുള്ള അളവിൽ വിഷാംശം കണ്ടെത്തി.

ഇതേ സമയം കേരളത്തിലെ പരിശോധനകൾക്കു പരിമിതികൾ ഏറെയാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) നിഷ്കർഷിച്ചിട്ടുള്ള പരിധിയാണ് വിഷാംശത്തിന്റെ കാര്യത്തിൽ ആധികാരികമായി എടുത്തിട്ടുള്ളത്. അതിനെ ആധാരമാക്കിയാണ് ഓരോ പച്ചക്കറിയിലും വിഷാംശമുണ്ടെന്നും ഇല്ലെന്നും പറയുന്നത്. ചില കീടനാശിനിയിനങ്ങളെക്കുറിച്ച് എഫ്. എസ്.എസ്.എ.ഐ. ഒരു മാനദണ്ഡവും ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആ ഇനങ്ങളിൽ വിഷാംശം കണ്ടാലും അത് തീവ്രമാണോ അല്ലയോ എന്നൊന്നും ഈ പരിശോധനയ്ക്ക് തീരുമാനിക്കാനുമാവില്ല.

പുതിനയില പല സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഏഴ് കീടനാശിനികളുടെ വിഷസാന്നിധ്യം കണ്ടു. ബൈഫെൻത്രിൻ എന്ന കീടനാശിനിക്ക് യൂറോപ്യൻ യൂണിയൻ നിശ്ചയിച്ചിരിക്കുന്ന പരിധി 0.05 പി.പി.എം. (പാർട്സ് പെർ മില്യൺ) ആണ്. എന്നാൽ പുതിനയിലയിലെ പരിശോധനയിൽ കണ്ടത് 0.15 ആണ്. ക്ലോർപൈറിഫോസ് എന്ന കീടനാശിനിയുടെയും പരിധി 0.05 തന്നെ. എന്നാൽ കണ്ടതോ 0.98. എത്തയോണിന്റെ സാന്നിധ്യം കുറേക്കൂടി ഉയർന്നതോതിലാണ്. 0.01 പി.പി.എം. പരമാവധി വേണ്ടിടത്ത് കണ്ടത് 4.9 പി.പി.എമ്മാണ്. സൈപ്പർമെത്രിൻ, മിഥെയിൽ പാരതയോൺ, പ്രൊഫനോഫോസ്, ക്യുനാൽഫോസ് എന്നിവയും പരിധിക്കപ്പുറം കണ്ടു, പുതിനയിലയിൽ.

കറിവേപ്പിലയിൽ ബൈഫെൻത്രിൻ കീടനാശിനിക്ക് നിഷ്കർഷിച്ചിരിക്കുന്ന പരിധിയും 0.05 പി.പി.എം. ആണ്. എന്നാൽ പരിശോധനയിൽ 0.13 വരെ കണ്ടെത്തി. 0.01 പരിധി നിർദേശിച്ചിട്ടുള്ള എത്തയോണിന്റെ സാന്നിധ്യം 0.34 വരെയായിരുന്നു. ഫെൻപ്രൊപ്പാത്രിനിന്റെ സാന്നിധ്യം 0.01 വേണ്ടിടത്ത് കണ്ടത് 0.38 പി.പി.എം. ആണ്. ക്ലോർപൈറിഫോസ്, സൈപ്പർമെത്രിൻ, ലാംബ്ഡാ സൈഹാലോത്രിൻ, മിഥെയിൽ പാരതയോൺ, പ്രൊഫനോഫോസ് എന്നീ കീടനാശിനികളുടെ സാന്നിധ്യവും കറിവേപ്പില സാമ്പിളിൽ വളരെ ഉയർന്ന അളവിലായിരുന്നു.

ചുവപ്പുചീരയിൽ ഫെൻവാലറേറ്റ്, മിഥെയിൽ പാരതയോൺ, പ്രൊഫനോഫോസ്, ക്യുനാൽഫോസ് എന്നീ കീടനാശിനികളുടെ വിഷാംശം ഉയർന്നതോതിൽ കണ്ടെത്തി. പച്ചമുളകിന്റെ ഇരുപത് സാമ്പിൾ പരിശോധിച്ചപ്പോൾ ഏഴ് കീടനാശിനികളുടെ സാന്നിധ്യം കണ്ടു. അതിൽ സൈപ്പർമെത്രിന്റെ അളവ് കേട്ടാൽ നടുങ്ങും. പരമാവധി 0.05 പി.പി.എം. പാടുള്ള സ്‌ഥലത്ത് കണ്ടത് 0.59 പി.പി.എം. എത്തയോൺ പരമാവധി 0.01 നിഷ്കർഷിച്ചിട്ടുള്ള സ്‌ഥാനത്ത് 1.24 വരെ കണ്ടു. മിഥെയിൽ പാരതയോണും 0.01 വരെയേ പാടുള്ളൂ. കണ്ടതോ 2.87 പി.പി.എമ്മും. പൈപ്പ് വെള്ളത്തിൽ ഒന്ന് ഉലച്ചുകഴുകിയാൽ പോകുന്നതല്ല. ഈ വിഷാംശങ്ങളൊന്നും. ഇതെല്ലാം സാമ്പിൾ മാത്രം നമ്മുടെ മുന്നിലെത്തുന്ന മിക്കവാറും പച്ചക്കറികളുടെ അവസ്‌ഥ ഇതാണ്. അരിയിലും ഗോതമ്പിലും വരെ കീടനാശിനികളുടെ അളവ് അനുവദനീയമായതിലും ഏറെ കൂടുതലാണ്. പരിസ്‌ഥിതിയെ അപ്പാടെ കൊല്ലുകയാണ് കീടനാശിനി ഇക്കാലത്ത്.

തെലങ്കാനയിൽ അടുത്തയിടെ 25 കൃഷ്ണമൃഗങ്ങളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ചോളക്കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി ഉള്ളിൽച്ചെന്നാണ് മെഹബൂബ്നഗർ ജില്ലയിലെ കൃഷ്ണനദിക്കരയിൽ കൃഷ്ണമൃഗങ്ങൾ ചത്തത്.

മണ്ണിരകളും മറ്റ് ജീവജാലങ്ങളും ചത്തൊടുങ്ങാൻ മാത്രമെ രാസകീടനാശിനികൾ പ്രയോജനപ്പെടുന്നുള്ളു. നെൽകൃഷി മേഖലയിൽ താറാവുകളും മീനുകളും ചത്തൊടുങ്ങുന്നതിനു പിന്നിൽ പരിസ്‌ഥിതിക്കുണ്ടായ മാറ്റങ്ങൾ കാരണമായേക്കാം.
(അവസാനിച്ചു)

– റെജി ജോസഫ്