സിനിമയ്ക്കു പിന്നിലെ അപകടക്കഥകൾ
മികച്ച കഥകൾകൊണ്ടും ജീവിത മുഹൂർത്തങ്ങൾകൊണ്ടും ജനപ്രീതി നേടിയ സിനിമകൾ നിരവധി. ഹൃദയം നിശ്ചലമാക്കിയ സംഘട്ടന രംഗങ്ങൾക്കും സാഹസികതയ്ക്കും ആസ്വാദകർ മനസിൽ എന്നും ഒരു സ്‌ഥാനം നൽകിയിരുന്നു. അതിസാഹസിക രംഗങ്ങളിലൂടെ വില്ലനെ കീഴ്പെടുത്തുന്ന നായകനോടാണ് എന്നും ജനങ്ങൾക്കു പ്രിയം. അവരെയാണ് നാം സൂപ്പർ താര പദവിയിൽ അവരോധിക്കാറുള്ളതും. യഥാർഥ ജീവിതങ്ങളുടെ കഥ പറയുന്ന റിയലിസ്റ്റിക് സിനിമകളിലൂടെ ജനപിന്തുണ നേടിയ നടന്മാരുണ്ട്. പക്ഷേ, അവരെ സൂപ്പർ താരങ്ങൾ എന്നല്ല ജനപ്രിയ നായകൻ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതു തന്നെയാകാം മലയാളത്തിൽ സൂപ്പർ താരങ്ങളുടെ എണ്ണം തുലോം വിരളമായത്. മലയാളത്തിൽ മാത്രമല്ല ലോക സിനിമയിലും പിന്തുടരുന്നത് ഇതേ ഫോർമൂല തന്നെ. സംഘട്ടന രംഗങ്ങൾ എത്രത്തോളം സാഹസികമാകുന്നോ അത്രത്തോളം സിനിമയോടും താരത്തോടുമുള്ള പ്രിയം കൂടും.

സിനിമയിലെ മനംകവരുന്ന സാഹസിക രംഗങ്ങളിൽ ആകൃഷ്‌ടരായി അവ അനുകരിച്ച് അപകടത്തിലായവരും കുറവല്ല. ജീവിതത്തിലായാലും സിനിമയിലായാലും സാഹസിക രംഗങ്ങൾക്കു പിന്നിൽ എപ്പോഴും അപകടങ്ങൾ പതിയിരിക്കുന്നുണ്ടാകും. സിനിമയിൽ കൃത്യമായ സുരക്ഷാ മുൻകരുതലുകളോടെ പരിശീലനം ലഭിച്ചവരാണ് ഇത്തരം രംഗങ്ങൾ അവതരിപ്പിക്കുക. ഇത്രയൊക്കെയാണെങ്കിലും സിനിമാ ചിത്രീകരണം അപകടരഹിതമല്ലെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ ബംഗളൂരുവിൽ ചിത്രീകരണത്തിന്റെ ഭാഗമായി ഹെലികോപ്റ്ററിൽനിന്നും തടാകത്തിലേക്കു ചാടിയ രണ്ടു കന്നട താരങ്ങൾ കൊല്ലപ്പെട്ടിരുന്നു. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് സിനിമയിലെ അപകടകരമായ ഈ രംഗം ചിത്രീകരിച്ചതെന്ന വിമർശനവും ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് സിനിമയിലെ സാഹസിക രംഗങ്ങളുടെ ചിത്രീകരണത്തിലെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നതും.സിനിമ ചിത്രീകരണത്തിൽ ചെറിയ ചെറിയ അപകടങ്ങൾ സ്‌ഥിരം സംഭവമാണ്. മിക്ക അപകടങ്ങളും വാർത്തയാകാറില്ല. എന്നാൽ, താരങ്ങൾക്കു സംഭവിക്കുന്ന ചെറിയ അപകടങ്ങൾപോലും വലിയ വാർത്തയാകും.

കന്നട സിനിമാ ലോകത്തെ നടുക്കിയ അപകടം

ചിത്രീകരണത്തിനിടയിലെ അപകടങ്ങൾ നിരവധി കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ടെങ്കിലും കന്നട സിനിമാ ലോകത്തിന് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ദുനിയ വിജയ് നായകനാകുന്ന മസ്തി ഗുഡി എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു അപകടം. ചിത്രത്തിലെ പ്രതിനായക വേഷങ്ങൾ ചെയ്യുന്ന ഉദയ്, അനിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. ഹെലികോപ്ടറിൽ നിന്നും പ്രതിനായക കഥാപാത്രങ്ങൾ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും നായകൻ അവരെ പിടിക്കാൻ പിന്നാലെ ചാടുന്നതുമായ രംഗമാണ് ചിത്രീകരിച്ചത്. എന്നാൽ തടാകത്തിലേക്കു ചാടിയ ഉദയും അനിലും ചുഴിയിൽ പെട്ടു മരിക്കുകയായിരുന്നു. നായകൻ വിജയ് നീന്തി രക്ഷപ്പെട്ടു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് ചിത്രീകരണം നടത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്. തടാകത്തിൽ ചാടിയാൽ ഉടൻ സുരക്ഷിതമായി കരയിലെത്തിക്കാൻ ആളുകൾ റെഡിയാണ് എന്ന സംവിധായകന്റെ വാക്കുകളെ വിശ്വസിച്ചാണ് നീന്തൽ അറിയാത്ത ഇരുവരും ചാടിയത് എന്നും നായകനു മാത്രമായിരുന്നു ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നതെന്നും പറയപ്പെടുന്നു. നീന്തൽ അറിയാത്ത താരങ്ങളെ എന്തിനാണ്് നിർബന്ധപൂർവം തടാകത്തിലേക്ക് ചാടിച്ചതെന്ന കാര്യം സംശയകരമായി നിൽക്കുന്നു. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് സാഹസിക രംഗങ്ങൾ ചിത്രീകരിക്കുന്നതിലെ സുരക്ഷിതത്വം തന്നെ.

ദുരന്തങ്ങളുടെ തുടക്കം

ലോകസിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യദുരന്തം 1914 ജൂലൈ ഒന്നിനായിരുന്നു. എക്രോസ് ദി ബോർഡർ എന്ന സിനിമയുടെ ചിത്രീകരണത്തിടയിലായിരുന്നു രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. യുഎസിലെ കൊളറാഡോയിലെ കാനൻ സിറ്റിയിലായിരുന്നു ലൊക്കേഷൻ. ചിത്രത്തിൽ ഗ്രേസ് മക്ഹ്യു അവതരിപ്പിച്ച കഥാപാത്രം ബോട്ടിൽ അർക്കൻസാസ് നദിയിലൂടെ സഞ്ചിക്കുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. പെട്ടെന്ന് ബോട്ട് തകർന്നു. അപ്രതീക്ഷിതമായ ഈ അപകടത്തിൽ സർവരും സ്തബ്ധരായപ്പോൾ കാമറാമാൻ ഓവൻ കാർട്ടർ ഗ്രേസിനെ രക്ഷിക്കുന്നതിനായി നദിയിലേക്കു ചാടി. നീന്തി അവർക്കരുകിലെത്തിയ കാർട്ടർ അവരേയും കൊണ്ട് അടുത്തു കണ്ട മണൽ തിട്ടയിലേക്കു നീങ്ങി. എന്നാൽ, മണൽ തിട്ടയെന്നു തോന്നിപ്പിച്ച മണൽ ചുഴിയായിരുന്നു അത്. അവർ ഇരുവരും ആ മണൽ ചുഴിയിൽ താഴ്ന്നു പോകുന്നത് നോക്കി നിൽക്കാനെ ആ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കു കഴിഞ്ഞുള്ളു. പതിനാറാമത്തെ വയസിലാണ് ഗ്രേസ് മക്ഹ്യൂവിനെ മരണം കവർന്നത്. പിന്നീടിങ്ങോട്ട് നിരവധി അപകടങ്ങൾക്ക് സിനിമാ ലോകം സാക്ഷ്യം വഹിച്ചു. സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത തന്നെയായിരുന്നു അപകടങ്ങളുടെ പ്രധാന കാരണം. എന്നാൽ, സാങ്കേതിക വിദ്യ ഏറെ വളർന്ന ഇക്കാലത്തും അപകടങ്ങൾക്കു കുറവില്ല എന്നത് വിസ്മരിക്കാനാവില്ല.


മുപ്പതു വർഷത്തിനിപ്പുറവും ഞെട്ടൽ മാറാതെ

മലയാള സിനിമയിലെ ആദ്യ ആക്ഷൻ താരത്തെ മരണം കൊണ്ടുപോയതും ഇതുപോലൊരു സിനിമാ ചിത്രീകരണത്തിനിടയിലായിരുന്നു. 1980 നവംബർ 16നായിരുന്നു ആ ദുരന്തം. കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണം നടക്കുന്നു. വില്ലനെ ബൈക്കിൽ പിൻതുടരുന്ന നായകൻ. ഹെലികോപ്ടറിൽ പറന്നുയരുന്ന വില്ലനെ പിടിക്കുന്നതിനായി നായകനായ ജയൻ ചാടി ഹെലികോപ്ടറിൽ തൂങ്ങുന്നു. ചാടി പിടിച്ചപ്പോൾ ഒരു കൈകൊണ്ടുമാത്രമാണ് ജയന് പിടിക്കാനായത്. ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്‌ടമായി നിലത്തേക്കു കൂപ്പുകുത്തി. ഈ സമയം പിടിവിട്ടുപോയ ജയൻ തലയടിച്ചു നിലത്തു വീണു. ചിത്രത്തിൽ വില്ലൻ വേഷത്തെ അവതരിപ്പിച്ച ബാലൻ കെ. നായർക്കും നിസാര പരിക്കേറ്റിരുന്നു. ഡ്യൂപ്പിനെ ഉപയോഗിച്ചു രംഗം ചിത്രീകരിക്കാം എന്നു സംവിധായകൻ പറഞ്ഞെങ്കിലും ജയൻ അതു നിരാകരിച്ചു സ്വയം ചെയ്യുകയായിരുന്നു.

മലയാള സിനിമാ ലോകം ഇന്നും ആ അപകടത്തിന്റെ ഞെട്ടലിൽ നിന്നു മോചിതമായിട്ടില്ല. പിന്നീടും അപകടങ്ങൾ പലതും ചിത്രീകരണത്തിനിടയിൽ സംഭവിച്ചു. പലതും ചെറിയ അപകടങ്ങളായിരുന്നു. താരങ്ങളുടെ ചെറിയ അപകടങ്ങൾ മാത്രം വാർത്തയായി എന്നതാണു സത്യം. കന്നട സിനിമാ ലോകത്തു കഴിഞ്ഞ ദിവസം നടന്ന അപകടം നവംബറിൽ ആയിരുന്നു എന്നതും ഹെലികോപ്ടറിന്റെ സാന്നിധ്യവും മലയാളി പ്രേക്ഷകരെ ജയന്റെ നഷടം ഓർമിപ്പിക്കുന്നു.

അശ്രദ്ധയുടെ ഇര

ആക്ഷൻ രംഗങ്ങളിലെ ചടുലതയും സ്വാഭാവികതയും കൊണ്ട് ആരാധക മനസിൽ ഇടം നേടിയ താരമാണ് ബ്രൂസ് ലീ. ചൈനീസ് സിനിമകളിലൂടെ അഭിനയ രംഗത്തെത്തിയ ബ്രൂസ് ലീക്ക് ഇന്ത്യയിലും നിരവധി ആരാധകരുണ്ടായിരുന്നു. ബ്രൂസ് ലിയുടെ മകൻ ബ്രൻഡൻ ലീ അകാലത്തിൽ പൊലിഞ്ഞുപോയ പ്രതിഭയായിരുന്നു. 21–ാമത്തെ വയസിൽ അഭിനയം തുടങ്ങിയ ബ്രൻഡൻ ലീ 28–ാമത്തെ വയസിൽ മരണത്തിനു കീഴടങ്ങി. ദ ക്രോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരശ്രദ്ധയായിരുന്നു ലീയുടെ മരണത്തിനിടയാക്കിയത്. നോർത്ത് കരോള്ളൈനയിലെ വിൽമിംഗ്ടണിലുള്ള സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം നടന്നത്. ലീക്ക് വെടിയേൽക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. 44 മാഗ്നം റിവോൾവറിൽ ഡമ്മി ബുള്ളറ്റ് നിറച്ച കാർട്രിജ് ഉപയോഗിച്ചായിരുന്നു ഷൂട്ടിംഗ്. എന്നാൽ, റിഹേഴ്സലിനു ശേഷം സീൻ ഷൂട്ട് ചെയ്തപ്പോൾ ഡമ്മി ബുള്ളറ്റിനു പകരം യഥാർഥ ബുള്ളറ്റാണ് ഉപയോഗിച്ചത്. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്നും ആരാണ് ബുള്ളറ്റ് മാറ്റിയതെന്നും ഇന്നും ദുരൂഹമായി തുടരുന്നു.

എണ്ണിയാലൊടുങ്ങാത്ത അപകടങ്ങൾ സിനിമയുടെ ചരിത്രത്താളുകളിൽ പിന്നീടും രേഖപ്പെടുത്തി. മരണം കവർന്ന താരങ്ങളും അപകടത്തിന്റെ വേദനയും തീരാ നഷ്‌ടവും പേറി ജീവിക്കുന്നവർ അനേകം. ആക്ഷൻ രംഗങ്ങളിലെ സാഹസികതയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഹോളിവുഡ് സിനിമ തന്നെയാണ് അപകടങ്ങളുടെ കാര്യത്തിലും മുന്നിൽ. പൊതുവെ മലയാളത്തിൽ അറിയപ്പെട്ട അപകടങ്ങൾ നന്നേ കുറവാണ്. എന്നാൽ, മലയാള സിനിമാ ചരിത്രത്തിലെ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് ജയൻ എന്ന അനശ്വരനടന്റെ മരണം. (തുടരും)

ജിൻസ് കെ. ബെന്നി


Loading...