ജീവൻ പണയംവച്ചുള്ള സംഘട്ടനങ്ങൾ
സ്റ്റണ്ട് ആർട്ടിസ്റ്റ് എം. സുരേഷ് 20 വർഷമായി ഈ രംഗത്തു സജീവമാണ്. കൈമെയ് മറന്നുള്ള സംഘട്ടന രംഗത്തിനിടെ അപകടം സംഭവിച്ച് സുരേഷിന്റെ ജീവിതം സാധാരണ നിലയിലാകാൻ രണ്ടു വർഷമെടുത്തു. ഒരു സീരിയലിൽ കാറിൽ നിന്നും പുറത്തേക്കു ചാടുന്ന രംഗം ചിത്രീകരിക്കുന്നിതിനിടെയായിരുന്നു അപകടം. പാറ പോലെ ഉറച്ച പ്രതലത്തിലേക്കു വീണ സുരേഷ് കോമയിലായി. രണ്ടു വർഷത്തോളം നീണ്ടു നിന്ന ചികിത്സകൾക്കൊടുവിലാണ് സുരേഷ് സാധാരണ ജീവിതത്തിലേക്കു മടങ്ങിയത്. ആശുപത്രി ചെലവുകൾക്കായി ഏറെ ബുദ്ധിമുട്ടിയിരുന്നെന്ന് സുരേഷ് ഓർമിക്കുന്നു. അർജുൻ, മുരളി, പ്രഭു തുടങ്ങി നിരവധി തെലുങ്കു നടന്മാർക്കു വേണ്ടി ഡ്യൂപ്പായിട്ടുള്ള സ്റ്റണ്ട് ആർട്ടിസ്റ്റാണ് സുരേഷ്.

നായകന്മാർക്കു പകരക്കാരായി അതിസാഹസിക രംഗങ്ങളിൽ ജീവൻ പണയപ്പെടുത്തി അഭിനയിക്കുന്നവരാണ് ഡ്യൂപ്പുകൾ. സാഹസിക രംഗങ്ങൾക്കിടെ മരണം കവർന്നവരും കുറവല്ല. ആദ്യകാലങ്ങളിൽ താരങ്ങളുമായി രൂപ സാദ്യശ്യമുള്ളവരായിരുന്നു ഡ്യൂപ്പുകളായിരുന്നത്. എന്നാൽ, സാങ്കേതിക വിദ്യ ഏറെ വളർന്ന ഇക്കാലത്ത് രൂപസാദൃശ്യം അത്ര പ്രസക്‌തമല്ല. സാഹസിക രംഗങ്ങൾ ചെയ്യാൻ പരിശീലനം ലഭിച്ചവരാണ് അത്തരം രംഗങ്ങൾ ചെയ്യുന്നത്. എന്നിട്ടും അപകടങ്ങൾ സംഭവിക്കാറുണ്ടെന്നത് യാഥാർഥ്യം.

സിനിമയാണെങ്കിലും ജീവിതമാണെങ്കിലും സാഹസിക രംഗങ്ങളിലെ അപകടസാധ്യത തുല്യമാണ്. സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും അശ്രദ്ധയും പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നു, ചിലപ്പോൾ മരണത്തിനും. എന്തു തന്നെയായാലും മുൻനിര താരങ്ങൾ അപകടത്തിൽ പെടുമ്പോൾ മാത്രമേ ഇത്തരം കാര്യങ്ങൾ വാർത്തയാകുന്നുള്ളു എന്നതാണ് വസ്തുത. താരങ്ങൾക്കു പകരക്കാരായി എത്തുന്ന ഡ്യൂപ്പ് അഥവാ സ്റ്റണ്ട് ആർട്ടിസ്റ്റുകളാണ് ഇത്തരം രംഗങ്ങളിൽ പ്രത്യക്ഷപ്പെടാറ്. ജീവൻ പണയപ്പെടുത്തി ഇവർ ചെയ്യുന്ന സാഹസങ്ങൾക്കു കൈയടി വാങ്ങുന്നത് താരങ്ങളും. മരണത്തിന്റെ വായിലേക്കു നടന്നടുക്കുമ്പോഴും ഈ ജോലി മുടക്കമില്ലാതെ തുടരണേ എന്നു പ്രാർഥിക്കുന്നവരാണ് സ്റ്റണ്ട് ആർട്ടിസ്റ്റുകൾ.

ജീവിതത്തിനും മരണത്തിനുമിടയിലെ ജീവിതം

തിയറ്ററിൽ പ്രേക്ഷകരെ ആവേശത്തിലാക്കുന്ന സാഹിക രംഗങ്ങളുമായി നായകൻ നിറഞ്ഞാടുമ്പോൾ കൈടി നേടാതെ പോകുന്ന ചിലരുണ്ട്– താരങ്ങൾ മടിച്ചുനിൽക്കുന്ന അപകട രംഗങ്ങളിൽ അവർക്കു പകരക്കാരാകുന്നവർ. ആയോധനകലയിലും സാഹസിക രംഗങ്ങൾ ചെയ്യുന്നതിലും പരിശീലനം നേടിയ സ്റ്റണ്ട് ആർട്ടിസ്റ്റുകൾ. ഇവർക്കും അപകടങ്ങൾ സംഭവിക്കാം, ഇവരും മനുഷ്യരെന്ന ഒരു പരിഗണന അർഹിക്കുന്നുണ്ട്. താരങ്ങൾ പ്രേക്ഷകരുടെ കൈയടി നേടുമ്പോൾ ഇവർക്കു ലഭിക്കുന്നതു വിലപേശി തിട്ടപ്പെടുത്തിയ തുക മാത്രം.

താരങ്ങൾക്കു സംഭവിക്കുന്ന പരിക്കുകൾ വൻ വാർത്താ പ്രാധാന്യം നേടുമ്പോൾ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്കു ചിത്രീകരണത്തിനിടെ സംഭവിക്കുന്ന അപകടങ്ങളോ മരണങ്ങള പുറം ലോകം അറിയാറില്ല. താരങ്ങളുടെ അപകട വാർത്തകൾ ചിത്രത്തിന്റെ പ്രചരണത്തിനായി ഉപയോഗപ്പെടുത്തുന്നു. എന്നാൽ, സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്കു സംഭവിച്ച അപകടമോ, മരണമോ വാർത്തയായാൽ അതു ചിത്രത്തെ ബാധിക്കുമെന്ന ധാരണയാണു പലർക്കും. ഷൂട്ടിംഗിനിടയിൽ ഇവർക്കു സംഭവിക്കുന്ന ചെറിയ അപകടങ്ങൾപോലും കണ്ടില്ലെന്നു നടിക്കുന്നതാണ് പതിവ്. മുറിവിൽ നിന്നും ചോര ഇറ്റു വീഴുമ്പോഴും മറ്റുള്ളവർക്കു മുന്നിൽ ഇതിനെ കാര്യമാക്കാറില്ല. ആരും കാണാതെ മാറിനിന്നു കരയും. തങ്ങൾക്കു വേദനയുണ്ടെന്നു സമ്മതിച്ചാൽ, തങ്ങൾക്കു മുറിവു പറ്റിയെന്നു ഭാവിച്ചാൽ ടൈമിംഗ് ഇല്ലാത്തവൻ എന്ന പേരിൽ അടുത്ത സിനിമയിൽ തങ്ങളുടെ അവസരം നഷ്‌ടമാകുമോ എന്ന ഭയം അവർക്കുള്ളിലുണ്ട്.

മലയാളികൾ കുറവ്

സ്റ്റണ്ട് ആർട്ടിസ്റ്റുകളിൽ മലയാളികൾ വളരെ കുറവാണ്. വിരലിലെണ്ണാവുന്നവർ മാത്രം. അധികവും തെലുങ്കരും തമിഴരുമാണ്. മുൻ പിൻ നോക്കാതെ ഫൈറ്റ് മാസ്റ്ററുടെ നിർദേശം അതുപോലെ അനുസരിക്കുന്നവർ. അപകടത്തേക്കുറിച്ചോ വരുംവരായ്കകളേക്കുറിച്ചോ അവർ ചിന്തിക്കാറില്ല. പറഞ്ഞുറപ്പിച്ച പണം മാത്രം. ഇന്നും സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ദിവസ വേതനമാണ്. ബഹുനില കെട്ടിടത്തിനു മുകളിൽ നിന്നുള്ള ചാട്ടം, ഗ്ലാസ് ബ്രേക്കിംഗ്, ബൈക്ക് സ്റ്റണ്ടിംഗ്, കാർ ചെയ്സിംഗ് ആൻഡ് ആക്സിഡന്റ് തുടങ്ങിയ സാഹസിക രംഗങ്ങളിൽ അഭിനയിക്കുന്നുണ്ടെങ്കിൽ അതിനു പ്രത്യേകം കൂലി ലഭിക്കും. അപൂർവമായ മനക്കരുത്തും ധൈര്യവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം രംഗങ്ങൾ അവതരിപ്പിക്കാൻ കഴിയൂ.

പരിശീലനം ലഭിച്ച സ്റ്റണ്ട് ആർട്ടിസ്റ്റുകളാണ് സാഹസിക രംഗങ്ങളിൽ അഭിനയിക്കുന്നതെങ്കിലും അപകട സാധ്യത കുറച്ചു കാണാനാകില്ല.

സുരക്ഷയില്ലാത്ത ജീവിതം

ജീവിതത്തിനും മരണത്തിനുമിടയിലൂടെ സഞ്ചരിക്കുന്ന സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ ജീവിതത്തിന് യാതൊരു സുരക്ഷയുമില്ല. താങ്ങിനിറുത്തുന്ന റോപ്പിലും സേഫ്റ്റി ബെഡിലും ഭാഗ്യത്തിലും വിശ്വാസം അർപ്പിച്ചാണ് ഓരോ ഫൈറ്റും. ഇവരുടെ വീടുകളിൽ പ്രാർഥന അവസാനിക്കുന്നില്ല. സിനിമയുടെ ചിത്രീകരണത്തിനായി വീട്ടിൽ നിന്നിറങ്ങുന്നതു മുതൽ തിരിച്ചു വീട്ടിൽ എത്തുന്നതുവരെ മകന്റെ, ഭർത്താവിന്റെ, അച്ഛന്റെ ആരോഗ്യത്തിനായി ആ കുടുംബം പ്രാർഥനയിൽ മുഴുകും. ഇവർ സുരക്ഷിതരായി തിരിച്ചെത്തുന്ന ദിനം ആഘോഷമാക്കും; കാരണം ഈ പ്രാർഥന ഒന്നുമാത്രമാണ് ഇവർക്ക് സുരക്ഷിതത്വം തീർക്കുന്നതെന്ന്. ചെന്നൈ ഡയറക്ടേഴ്സ് കോളനിയുടെ വലതു വശത്തായി ഡ്യൂപ്പുകൾ മാത്രം താമസിക്കുന്ന ഒരു കോളനിയിലൂടെ ഒന്നു സഞ്ചരിച്ചാൽ നമുക്കതു മനസിലാകും. മരണത്തിനുമേൽ ഇവർ നടത്തിയ അതിജീവനങ്ങളാണ് ആ കുടുംബങ്ങളിൽ ഉയരുന്ന കളിചിരികൾ.

അതിസാഹസികതയുടെ പ്രലോഭനങ്ങൾ


പണം തന്നെയാണ് മരണം മുന്നിൽ കാണുന്ന അതിസാഹസിക രംഗങ്ങളിൽ അഭിനയിക്കാൻ ഇവരെ പ്രേരിപ്പിക്കുന്ന ഘടകം. സാഹസിക രംഗത്തിലെ അപകട സാധ്യതയുടെ തോതനുസരിച്ച് ഇവർക്കു ലഭിക്കുന്ന പ്രതിഫലത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. വൻ തുകയുടെ പ്രലോഭനം പലപ്പോഴും വേണ്ടത്ര വൈദഗ്ധ്യം ലഭിക്കാത്തവർക്കും സാഹസിക രംഗങ്ങൾ ചെയ്യാൻ പ്രേരണയാകാറുണ്ട്. ഇതു പലപ്പോഴും അപകടങ്ങൾക്കു കാരണമാകാറുണ്ട്.

പണത്തിന്റെ പ്രലോഭനത്താൽ അതിസാഹസിക രംഗങ്ങളിൽ അഭിനയിക്കാൻ തയാറാകുന്ന സ്റ്റണ്ട് ആർട്ടിസ്റ്റുകൾ നിരവധിയാണ്. ഇത്തരത്തിലുള്ള രണ്ട് സ്റ്റണ്ട് ആർട്ടിസ്റ്റുകളേക്കുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂർ രാഷ്ട്രദീപികയോട് പങ്കുവയ്ക്കുകയുണ്ടായി. 2000ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ ജോക്കറിന്റെ ലൊക്കേഷനിലായിരുന്നു ആദ്യ സംഭവം.

ഒറ്റപ്പാലത്ത് സർക്കസ് കമ്പനിയുടെ സെറ്റിട്ടാണ് ഷൂട്ടിംഗ്. നിഷാന്ത് സാഗർ അവതരിപ്പിക്കുന്ന ബൈക്ക് ജംപറുടെ കഥാപാത്രത്തിന്റെ ഇൻട്രോഡക്ഷൻ രംഗമാണ് ചിത്രീകരിക്കുന്നത്. നിഷാന്തിനു പകരം സ്റ്റണ്ട് ആർട്ടിസ്റ്റാണ് ബൈക്ക് ജംപ് ചെയ്യുന്നത്. ഒരു 18 വയസു പ്രായമുള്ള തമിഴ് പയ്യൻ. അന്ന് മൊബൈൽ ഒന്നും ഇത്ര പ്രചാരമില്ലാത്ത സമയമാണ്. അവൻ ഇടയ്ക്കിടെ അടുത്തുള്ള എസ്ടിഡി ബൂത്തിലേക്കു പോകുന്നതു കാണാം. കുറച്ചു സമയം കഴിയുമ്പോൾ തിരിച്ചു വരും. കിട്ടുന്ന ഇടവേളകളിലെല്ലാം ബൂത്തിലേക്ക് ഓടുന്ന അവനോടു കാര്യം തിരക്കി. അവന്റെ കല്യാണം കഴിഞ്ഞിട്ടു നാലു ദിവസമേ ആയിട്ടുള്ളു. പ്രണയ വിവാഹമായിരുന്നു. ഭാര്യയോടാണ് ഫോണിൽ സംസാരിക്കുന്നത്. അവൾക്കു ഭയങ്കര ഭയമാണ്. ബൈക്ക് ജംപ് അവൻ ആദ്യമായി ചെയ്യുകയാണ്. മുപ്പതിനായിരും രൂപയുടെ അത്യാവശ്യമാണ് ആ ചിത്രത്തിൽ അവനെ ബൈക്ക് ജംപറാക്കിയത്. വീട്ടിൽ പ്രാർഥനയും പൂജയും നടക്കുകയാണ്. അവൻ പറഞ്ഞു നിറുത്തുമ്പോൾ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ കടന്നുപോകുന്ന അനുഭവമായിരുന്നു. ബൈക്ക് ജംപിംഗ് അവൻ പൂർത്തിയാക്കുന്നതു വരെ തന്റെ മനസും അവനായി പ്രാർഥിക്കുകയായിരുന്നു. ഈ സംഭവമാണ് സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ കഥ പറയുന്ന ഹീറോ എന്ന ചിത്രത്തിന്റെ രചനയ്ക്കു പ്രേരകമായതെന്നും വിനോദ് ഗുരുവായൂർ പറഞ്ഞു.

ഹീറോയിൽ സുധീർ കരമനയുടെ കഥാപാത്രം യഥാർഥ സംഭവത്തെ അവലംബിച്ചു ചെയ്തതാണെന്നും വിനോദ് പറഞ്ഞു. സഹോദരിയുടെ കല്യാണം നടത്തുന്നതിനു വേണ്ടിയാണ് അയാൾ തനിക്കു ചെയ്തു മുൻപരിചയം ഇല്ലാതിരുന്നിട്ടും ബഹുനില കെട്ടിടത്തിൽ നിന്നും ചാടുന്ന രംഗം ചെയ്യാൻ തയാറായത്. പ്രതിഫലമായി ലഭിക്കുന്ന തുകയുടെ വലുപ്പമായിരുന്നു സഹോദരിയുടെ കല്യാണത്തിന്റെ അന്നു തന്നെ ആ ദൗത്യം ഏറ്റെടുക്കാൻ അയാളെ പ്രേരിപ്പിച്ചതും. വിധി അയാൾക്കെതിരായിരുന്നു. ചാട്ടം പിഴച്ചു. തത്ക്ഷണം മരിച്ചു. മരണം വിവരം ആരും വീട്ടിൽ അറിയിച്ചില്ല. സഹോദരിയുടെ വിവാഹ ചടങ്ങുകൾ മംഗളമായി അവസാനിക്കുന്നതു വരെ സുഹൃത്തുക്കൾ മൃതദേഹം വീട്ടിലേക്കു കൊണ്ടു വന്നില്ല. ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് മൃതദേഹം പന്തലിലേക്ക് എടുത്തത്. സിനിമയിൽ കാണുമ്പോൾ ഏവരുടേയും കണ്ണു നനയിക്കുന്ന ഈ രംഗം യഥാർഥ ജീവിതമായിരുന്നു എന്നറിയുന്നവർ ചുരുക്കം. ആടുജീവിതം നോവലിന്റെ മുഖവുരയിൽ ബെന്യാമിൻ പറയുന്നതുപോലെ നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ വെറും കഥകൾ മാത്രമാണ് നമുക്ക്. അനുഭവിക്കുമ്പോഴെ അതിന്റെ ആഴം മനസിലാകൂ.

ബജറ്റ് എന്ന വില്ലൻ

വൻ തുക മുടക്കി താരങ്ങളെ എത്തിക്കുന്ന സിനിമയിലും പലപ്പോഴും ആക്ഷൻ രംഗങ്ങൾക്കായി മുടക്കുന്നത് കുറഞ്ഞ തുകയായിരിക്കും. ചെറുകിട സിനിമകളിൽ വൻ മുതൽ മുടക്കിലുള്ള സംഘട്ടനം സാധ്യമാകാറുമില്ല. അപ്പോൾ ലഭ്യമായ ബജറ്റിലേക്ക് സംഘട്ടന രംഗങ്ങളെ സ്റ്റണ്ട് മാസ്റ്റർക്ക് പരിമിതപ്പെടുത്തേണ്ടി വരും. 30 അസിസ്റ്റന്റ്സും രണ്ടു ലോറി സേഫ്റ്റി ബഡുമായി വരുന്ന ഒരു സ്റ്റണ്ട് മാസ്റ്ററെ സാമ്പത്തികമായി ഉൾക്കൊള്ളാൻ കുറഞ്ഞ മുതൽ മുടക്കിലുള്ള സിനിമകൾക്കു കഴിഞ്ഞെന്നു വിരില്ല. സ്വാഭാവികമായും കുറഞ്ഞ മുതൽ മുടക്കിൽ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ അവർ നിർബന്ധിതരാകും. അപ്പോൾ പലകാര്യങ്ങളിലും അവർക്കു വിട്ടുവീഴ്ച ചെയ്യേണ്ടിവരും. പഴയകാലത്തുനിന്നും വ്യത്യസ്തമായി ഇപ്പോൾ സംഘട്ടനങ്ങൾക്കായി കൂടുതൽ തുക ചെലവാക്കുന്നുണ്ട്. പക്ഷേ, സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ഇപ്പോഴും ബത്തയാണ് ലഭിക്കുന്നത്. അതിസാഹസിക രംഗങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് ഇവർക്കു കൂടുതൽ പ്രതിഫലം ലഭിക്കുന്നത്.

വാർത്തയാകാതെ പോകുന്ന അപകടങ്ങൾ

എല്ലാ അപകടങ്ങളും എപ്പോഴും വാർത്തയാകാറില്ല. വാർത്തയാകുന്ന അപകടങ്ങളിൽ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്കു സംഭവിക്കുന്ന അപകടങ്ങൾ ഉൾപ്പെടാറില്ല. തെലുങ്കിൽ ഷൂട്ടിംഗിനിടെ ഒരു സ്റ്റണ്ട് ആർട്ടിസ്റ്റ് മരണപ്പെട്ടിട്ട് അധികം നാളുകൾ ആയിട്ടില്ല. സുരക്ഷാ റോപ്പ് പൊട്ടിയായിരുന്നു അപകടം. എന്നാൽ, ഈ വാർത്ത പുറംലോകം അറിഞ്ഞതുമില്ല. അങ്ങനെ അറിയപ്പെടാതെ പോകുന്ന എത്രയോ അപകടങ്ങൾ ഉണ്ട്.

എത്രയൊക്കെ അപകടങ്ങൾ സംഭവിച്ചാലും സ്റ്റണ്ട് ആർട്ടിസ്റ്റുകൾ ഈ ജോലി തുടരുക തന്നെ ചെയ്യും. സിനിമയിൽനിന്ന് ഒരിക്കലും സംഘട്ടനരംഗങ്ങളെ മാറ്റി നിർത്താനുമാകില്ല. കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ഒപ്പം മറ്റു വ്യവസായ മേഖലകളിൽ ചെയ്യുന്നതുപോലെ ഷൂട്ടിംഗ് സെറ്റ് ഇൻഷുർ ചെയ്യുന്നത് ചിത്രീകരണത്തിൽ സുരക്ഷിതത്വം ഉറപ്പുവരുത്താം. വിദേശ സിനിമകളിൽ ഈ രീതി പിന്തുടരുന്നുണ്ട്. ഇന്ത്യയിൽ ബോളിവുഡിലെ ചില സിനിമകളിലും ഈ രീതി കണ്ടുവരുന്നുണ്ട്. മലയാളത്തിലേക്കും മറ്റു ഭാഷകളിലേക്കും ഈ രീതി കൊണ്ടുവരണം. പുതിയ കാലത്തിന്റെ രീതിയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ കാലത്തിന് അനുസരിച്ച് ഒരു മാറ്റം സ്റ്റണ്ട് മേഖലയിലും ആവശ്യമാണ്. സുരക്ഷിതത്വം അവരും അർഹിക്കുന്നുണ്ട്; സാമ്പത്തികമായും ശാരീരികമായും. (അവസാനിച്ചു)

ജിൻസ് കെ. ബെന്നി


Loading...