500 രൂപയ്ക്കും കഴിക്കാം വിവാഹം!
മകളുടെ വിവാഹത്തിന് 500 കോടി മുടക്കിയ കർണാടകയിലെ ഗാലി ജനാർദൻ ഇനി പഴങ്കത. സ്വന്തം വിവാഹത്തിന് 500 രൂപ മാത്രം ചെലവാക്കിയ യുവ ഐഎഎസ് ഉദ്യോഗസ്‌ഥയാണ് ഇപ്പോൾ വാർത്തയിലെ താരം. ആന്ധ്രപ്രദേശ് സ്വദേശിനിയായ ഡോ. സലോണി സിദാനയാണ് വിവാഹത്തിലെ ലാളിത്യംകൊണ്ട് ഏവർക്കും മാതൃകയായത്. വിജയവാഡ സബ് കളക്ടറാണ് 27കാരിയായ സലോണി. മധ്യപ്രദേശ് കേഡറിലുള്ള ഐഎഎസ് ഓഫീസറായ ആശിഷ് വസിഷ്ഠയാണ് സലോണിയെ വിവാഹം കഴിച്ചത്. വിവാഹം രജിസ്റ്റർ ചെയ്യാനായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിൽ അടച്ച തുകമാത്രമാണ് ഐഎഎസുകാരായ ഇവരുടെ വിവാഹത്തിന്റെ ആകെ ചെലവ്.

പ്രവൃത്തി ദിവസമാരുന്നു വിവാഹമെങ്കിലും അവധിയെടുത്ത് ഭർത്താവിനൊപ്പം ചുറ്റാനൊന്നും സലോണിയെ കിട്ടില്ല. 48 മണിക്കൂറിനുള്ളിൽതന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ, സന്തോഷസൂചകമായി സഹപ്രവർത്തകർക്ക് മധുരപലഹാരങ്ങൾ നല്കാൻ സലോണി മറന്നില്ല.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സമയത്ത് തന്റെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കിയ സബ് കളക്ടർക്കിപ്പോൾ അഭിനന്ദനപ്രവാഹമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ആശംസകൾ അറിയിച്ചു.


എന്നാൽ, വിവാഹം അത്ര പബ്ലിസിറ്റിയാക്കി മാറ്റാനൊന്നും സബ് കളക്ടർക്കു താത്പര്യമില്ല. അസാധാരണമായ കാര്യങ്ങളൊന്നും നടന്നിട്ടില്ല. തികച്ചും വ്യക്‌തിപരമായ കാര്യം. ലളിതമായ ജീവിക്കാനാണ് തങ്ങൾക്ക് ഇഷ്‌ടം. ഭർത്താവും ബുധനാഴ്ചതന്നെ ജോലിയിൽ തിരികെ പ്രവേശിച്ചു– സലോണി പറഞ്ഞു.

കുടുംബപാരമ്പര്യമനുസരിച്ചുള്ള ലളിതമായ ചടങ്ങുകൾ ഉണ്ടായിരുന്നെങ്കിലും ക്ഷണിക്കപ്പെട്ടവർക്ക് യാതൊരു തരത്തിലുമുള്ള സൽക്കാരം ഉണ്ടാവില്ലെന്നു നേരത്തെതന്നെ അറിയിച്ചിരുന്നു.
ഒരു കർഷക കുടുംബത്തിലാണ് സലോണി ജനിച്ചത്. 2014 ബാച്ച് ഐഎഎസ് ഓഫീസറാണ്. ആശിഷും ഇതേ ബാച്ചുകാരൻ. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ റേഡിയോളജിസ്റ്റായി സേവനമനുഷ്ഠിക്കുമ്പോഴായിരുന്നു 2013 സിവിൽ സർവീസസ് പരീക്ഷയിൽ സലോണിക്ക് 74–ാം റാങ്ക് ലഭിക്കുന്നത്.


Loading...