ഒടുവിൽ നർത്തകൻ കീഴടങ്ങി
ഒടുവിൽ നർത്തകൻ കീഴടങ്ങി
അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. ഫ്ളാറ്റ് വളഞ്ഞതിനുശേഷം കിടപ്പു മുറിയിലേക്ക് നിറതോക്കുകളു മായി അവർ കടന്നു. അയാളു ടെ മുഖത്ത് എതിർപ്പിന്റെയോ പ്രത്യാക്രമണത്തിന്റെയോ നിഴലംശം ഉണ്ടായില്ല. കീഴട ങ്ങിയെന്ന് സമ്മതിച്ച് അയാൾ ഇരുകൈകളും മുകളിലേക്ക് ഉയർത്തി. പിന്നെ പതിയെ, ആയുധധാരികളായ പോലീ സുകാരോടൊപ്പം സ്വതസിദ്ധമായ പുഞ്ചിരിയുമായി റൊസാർണോ നഗരത്തിലെ ഒളിസങ്കേതത്തിൽ നിന്നും പോലീസ് വാഹനത്തിലേക്ക്...
സിനിമാക്കഥയെ വെല്ലുന്നതാണ് മാഴ്സല്ലോ പേഷ്യയുടെ ജീവിതം. പിടികിട്ടാപ്പുള്ളിയായി ഇറ്റാലിയൻ പോലീസ് പ്രഖ്യാപിച്ച മാഫിയ തലവൻ. ക്രൂരതകൾ അലങ്കാരമായി കരുതുന്ന ഇൻഡ്രൻഗീറ്റ സംഘത്തിന്റെ തലതൊട്ടപ്പൻ. ഡാൻസർ എന്ന വിളിപ്പേരിൽ പുകൾപെറ്റ ബുദ്ധിജീവി. ജീൻ പോൾ സാർത്രിന്റെയും മാർസർ പ്രൗസ്റ്റിന്റെയും രചനകളുടെ ആരാധകൻ. സംസ്കാര സമ്പന്നനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കൊള്ളത്തലവൻ. മാഫിയ പ്രവർത്തനങ്ങളുടെ പേരിൽ 16 വർഷത്തെ ജയിൽവാസം വിധിക്കപ്പെട്ടിട്ടുള്ള മാഴ്സല്ലോയെ കഴിഞ്ഞ ആറു വർഷമായി വലയിൽ വീഴ്ത്താനുള്ള തിരച്ചിലിലായി രുന്നു ഇറ്റാലിയൻ പോലീസ്.

സിസിലി നഗരത്തിൽ ഭീതി പരത്തുന്ന കോസ്റ്റാ നോസ്ട്രായെപ്പോലെ, കാംപാനിയയ്ക്ക് പേടിസ്വപ്നമായ കമ്മോറയെപ്പോലെ, അപുലിയയെ വിറപ്പിക്കുന്ന സാക്രാ കൊറോണ യുണൈറ്റയെപ്പോലെ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ദിനചര്യയാക്കിയ ഇൻഡ്രൻഗീറ്റ ഇറ്റലിയിലെ ഏറ്റവും ശക്‌തവും സമ്പന്നവുമായ മാഫിയ സംഘമാണ്. ഗ്രീക്ക് ഭാഷയിലെ ആന്ദ്രാഗാതിയ എന്ന വാക്കിൽ നിന്നാണ് ഇൻഡ്രൻഗീറ്റ രൂപപ്പെട്ടത്. ധൈര്യം, കൂറ് എന്നൊക്കെയാണ് ഈ പദത്തിന്റെ അർഥം. ലഹരി കൂടിയ ദക്ഷിണ അമേരിക്കൻ കൊക്കെയ്ൻ ആഫ്രിക്കയിലൂടെ യൂറോപ്പിലേക്ക് കടത്തുന്നതിൽ മുൻനിരയി ലുള്ള ഇക്കൂട്ടർ പിടിച്ചുപറി, വേശ്യാവൃത്തി എന്നിങ്ങനെ ആയുധക്കടത്ത് വരെ അനായാസം കൈകാര്യം ചെയ്യുന്നു. വിവിധ ഇടങ്ങളിലായി പതിനായിരത്തോളം അംഗങ്ങളുള്ള സംഘത്തിന്റെ ഹോബികളിൽ കടത്തും തട്ടിക്കൊണ്ടുപോകലും കൂടാതെ കൊലപാതകം, ബോംബേറ്, ചൂതാട്ടം, മോഷണം, കൊള്ള മുതലായ വ്യത്യസ്ത ശ്രേണിയിലെ കുറ്റകൃത്യങ്ങളുമുണ്ട്. റെഗിയോ കലാബ്രിയയിൽ പിറവി കൊണ്ട്, കലാബ്രിയയിലെങ്ങും വേരുകൾ പടർത്തി, എവിടൊക്കെ ഇറ്റലിക്കാർ കുടിയേറിയിട്ടുണ്ടോ, അവിടൊക്കെ ഇടം നേടി, ലോകമാകമാനം കുപ്രസിദ്ധി കരഗതമാക്കിയിട്ടുണ്ട് ഈ മാഫിയ സംഘം.

കലാബ്രിയയിലെ എല്ലാ ഗ്രാമങ്ങളിലും ഇൻഡ്രൻഗീറ്റ സജീവമാണ്. റോബിൻഹുഡിനെപ്പോലെയാണ് ഈ സംഘത്തിന്റെ വളർച്ചയെന്ന് പൊതുവേ കണക്കാക്കപ്പെടുന്നു. നാട്ടിലെ തർക്കവിഷയങ്ങളിൽ അന്തിമവിധി നിശ്ചയിക്കുന്ന സംഘങ്ങളായിട്ടായിരുന്നു പലയിടത്തും തുടക്കം. ക്രമേണ നിയമവിരുദ്ധമായ പല പ്രവൃത്തികളിലും ഏർപ്പെട്ട സംഘം മയക്കുമരുന്ന് കടത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. ഒരു കിലോ കൊക്കെയ്ന് ആയിരം ഡോളർ വിലയുണ്ടായിരുന്ന പഴയ കാലത്തുനിന്നു തുടങ്ങിയ പ്രയാണം അമ്പതിനായിരം ഡോളറിലും അതിനെക്കാളുമൊക്കെ കൂടുതൽ തുകയിലും എത്തിയപ്പോഴേയ്ക്കും സ്വാഭാവികമായും സാമ്പത്തിക സ്വാധീനമുള്ള സംഘമായി. ആയിരക്കണക്കിന് കിലോ കൊക്കെയ്നാണ് ആവശ്യമുള്ള വമ്പൻമാർക്ക് കപ്പൽമാർഗം എത്തിക്കുന്നത്.

ചെറുകിടക്കാർക്കും കൊക്കെയ്ൻ നൽകാറുണ്ട്. പലപ്പോഴും ചെറുകിടക്കാരുമായുള്ള കൈമാറ്റത്തിനിടയിലാണ് അംഗങ്ങൾ പിടിക്കപ്പെടുന്നത്. കൊളംബിയൻ സംഘങ്ങളുമായും മെക്സിക്കോയിലെ ക്രിമിനൽ ഗാംഗുകളുമായും അമേരിക്കൻ അതിരുകളുടെ മറുവശത്തെ മാഫിയ കുടുംബങ്ങളുമായും ഇൻഡ്രൻഗീറ്റയ്ക്ക് നല്ല ബന്ധവുമുണ്ട്. 52കാരനായ മാഴ്സല്ലോ പേഷ്യ പാരമ്പര്യമായി ഇൻഡ്രൻഗീറ്റ കുടുംബാംഗമാണ്. ജീവിതാന്ത്യം വരെയും കുറ്റകൃത്യങ്ങൾ തുടർന്ന, ഇൻഡ്രൻഗീറ്റയിലെ അംഗം റോക്കോ പേഷ്യയുടെ മകൻ പിതാവിന്റെ പാത തന്നെ സ്വീകരിച്ചു. എന്നാൽ, പടയാളിയാകാനല്ല, ഭരണാധികാരിയാകാനായിരുന്നു മാഴ്സെല്ലോയുടെ താത്പര്യം. ക്ലബുകളോടും പാർട്ടികളോടും ആഘോഷത്തെക്കാൾ അപ്പുറം വല്ലാത്ത അഭിനിവേശം പുലർത്തുന്ന മാഴ്സല്ലോ, അക്കാരണത്താൽ തന്നെ ഡാൻസർ എന്ന പേരിൽ അറിയപ്പെടാൻ ഇഷ്ടപ്പെട്ടു.


കലാബ്രിയയിലെ തുറമുഖത്ത് എത്തുന്ന മയക്കുമരുന്നുകളുടെ നിയന്ത്രണം മാഴ്സല്ലോയ്ക്കാണ്. കാർഷിക നിലങ്ങളിലുൾപ്പെടെ പണിയെടുക്കുന്ന അനധികൃത വിദേശികളെയും മാഴ്സല്ലോയും കൂട്ടരും ചൂഷണം ചെയ്തു. മയക്കുമരുന്ന് കടത്തിലൂടെ നേടിയ സമ്പാദ്യത്തിന്റെ ബലത്തിൽ ഇറ്റലിയിലെ തന്നെ മിലാനിലേയ്ക്കും ലൊബൈർഡിയിലേയ്ക്കും അനധികൃത വ്യാപാരം വികസിപ്പിച്ച മാഴ്സല്ലോ റിയൽ എസ്റ്റേറ്റിലും വ്യാപൃതനായി.

ഇയാളോടൊപ്പമുണ്ടായിരുന്ന ചിലരെ പിടികൂടിയപ്പോൾ നടുക്കുന്ന നിരവധി വിവരങ്ങൾ ലഭിച്ചെന്നും പോലീസ് പറഞ്ഞു. നിർദ്ദാക്ഷിണ്യം കൊലപാതകങ്ങൾക്ക് ഉത്തരവിടുന്ന മാഫിയ തലവനായിട്ടാണ് സംഘാംഗങ്ങൾക്കിടയിൽ മാഴ്സല്ലോ നിറഞ്ഞു നിൽക്കുന്നത്. മാഴ്സല്ലോയുടെ ഭാര്യയുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിന് കാരണക്കാരനായി ആരോപിക്കുന്നയാളെ കൊല്ലാനുള്ള നിർദേശം അനുസരിക്കാത്ത സംഘാംഗത്തെ വധിച്ച ചരിത്രവും ഈ നേതാവിനു സ്വന്തം.

2010ൽ മാഴ്സല്ലോയെ പോലീസ് പിടികൂടിയിരുന്നു. അന്ന് 16 വർഷവും എട്ടു മാസവും നീണ്ട ജയിൽ ശിക്ഷയും വിധിച്ചു. പക്ഷേ, വളരെ തന്ത്രപരമായി മാഴ്സല്ലോ പോലീസിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടു. അന്നു തുടങ്ങിയതാണ് ഇറ്റാലിയൻ പോലീസിന്റെ മാഴ്സല്ലോ തിരച്ചിൽ. പോലീസ് വേട്ടയാടുന്നുവെന്ന വ്യക്‌തമായ ബോധ്യത്തിന്റെ അടിസ്‌ഥാനത്തിലും ജന്മനാടായ റൊസാർണോയിലെ ഫ്ളാറ്റിൽ മാഴ്സല്ലോ രഹസ്യമായി കഴിഞ്ഞു. റൊസാർണോ നഗരത്തെയും അവിടുത്തെ 15,000 അന്തേവാസികളെയും കൈപ്പിടിയിലൊതുക്കിയ മാഴ്സല്ലോയെ അത്ര പെട്ടെന്ന് പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നഗരത്തിലെവിടെയും അത്തരത്തിലൊരു ദൗത്യത്തിന് പോലീസ് തുനിഞ്ഞെത്തിയാൽ മാഴ്സല്ലോ, ആ നിമിഷം കടന്നുകളയും. ഈ പഴുതുകളെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച്, രക്ഷപ്പെടാനുള്ള മാർഗങ്ങൾ കൃത്യമായി അടച്ച്, വളരെ ആസൂത്രിതമായിട്ടായിരുന്നു ഇറ്റാലിയൻ പോലീസിന്റെ നീക്കം. അതോടൊപ്പം ഇറ്റലിയിൽനിന്നു മറ്റേതെങ്കിലും സുരക്ഷിതമായ താവളത്തിലേയ്ക്ക് മാഴ്സല്ലോ കടന്നുവോ എന്നൊരു ആശങ്കയും പോലീസിനുണ്ടായിരുന്നു. ഫ്രഞ്ച് ഭാഷ നന്നായി വശമുള്ള മാഴ്സല്ലോ പല ഘട്ടങ്ങളിലും ഫ്രാൻസിലേയ്ക്കാണ് രക്ഷപ്പെടാറുള്ളത്.
ഇറ്റാലിയൻ പ്രോസിക്യൂട്ടറുടെ അഭിപ്രായത്തിൽ മാഴ്സല്ലോ തികഞ്ഞ ബുദ്ധിശാലിയും വിദ്യാസമ്പന്നനുമാണ്. അദ്ദേഹത്തിന്റെ സങ്കേതത്തിൽ നിന്നും പോലീസ് പിടിച്ചെടുത്ത സാധനസാമഗ്രികളിലെ വൻ പുസ്തക ശേഖരം ഇക്കാര്യം വെളിവാക്കുന്നു. എന്തായാലും, ലോകത്തിലെ അതിഭീകരനായ മാഫിയ തലവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായ ആഹ്ലാദത്തിലും അതിലേറെ ആശ്വാസത്തിലുമാണ് ഇറ്റാലിയൻ പോലീസും ഭരണകൂടവും.

–ഗിരീഷ് പരുത്തിമഠം