വേഗത്തിന്റെ മൂസ
വേഗവും സാഹസികതയും ഇല്ലാത്തൊരു ജീവിതം ഈ 45കാരന് ചിന്തിക്കാൻ പോലുമാകില്ല. സദാ അപകടം പതിയിരിക്കുന്ന മലഞ്ചെരിവുകളിലെ വീതികുറഞ്ഞ റോഡുകളിലൂടെ വെടിയുണ്ട പോലെ കാർ പറപ്പിക്കുകയാണ് ശീലം. ബെയ്ജിംഗിലായാലും ക്വാലാലംപൂരിലായാലും നാസിക്കിലായാലും ഇടുക്കി ഭൂതത്താൻകെട്ടിലായാലും ഈ ശീലത്തിനു മാറ്റമില്ല. ഇതു കുമ്പള പെർവാഡ് സ്വദേശി മൂസ ഷെരീഫ്. 43 രാജ്യാന്തരമത്സരങ്ങൾ അടക്കം 245 കാർ റാലികളിൽ പങ്കെടുത്ത മൂസയുടെ ടീം 90ലും ഒന്നാമതെത്തി. ഒരേവർഷം ഇന്ത്യൻ, മലേഷ്യൻ, ഏഷ്യാസോൺ ചാമ്പ്യൻഷിപ്പുകളിൽ ജേതാവായി ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടി. കാറോട്ടക്കാരുടെ നാവിഗേറ്റർ അഥവാ കോഡ്രൈവർമാരിൽ ദേശീയതലത്തിൽ കഴിഞ്ഞ ഒമ്പതുവർഷമായി മൂസ ഒന്നാംറാങ്കിൽ തുടരുന്നു. ഡൽഹി സ്വദേശി ഗൗരവ് ഗിൽ ഡ്രൈവറും മൂസ ഷെരീഫ് കോഡ്രൈവറുമായ ടീമാണ് നിലവിലെ ഇന്ത്യൻ കാർ റാലി ചാമ്പ്യന്മാർ.

ബൈക്കിൽ നിന്നും കാറിലേക്ക്

മംഗളുരുവിലെ കോളജ് പഠനകാലത്ത് ബൈക്കിലാണ് മൂസ കുമ്പളയിൽ നിന്നും പോവുക. റെയ്സിംഗിന്റെ വലിയ ലോകത്തേക്കുള്ള തുടക്കമായിരുന്നു ഈ യാത്ര. മംഗളുരുവിലെ പ്രശസ്തമായ കരാവലി ഓട്ടോമോട്ടീവ് സ്പോർട്സ് ക്ലബിൽ ബൈക്ക് റെയ്സിൽ പങ്കെടുത്തതോടെ വേഗത്തിന്റെ ലോകത്ത് മൂസ ഹരിശ്രീ കുറിച്ചു. ഇവിടെ നിന്നാണ് തന്നെപ്പോലെ ബൈക്ക് റെയ്സിൽ അഭിനിവേശമുള്ള സുഹൃത്തിനെ മൂസയ്ക്കു ലഭിക്കുന്നത്. 1993 മുതൽ 1995 വരെ മുപ്പതിലധികം ബൈക്ക് റാലികളിൽ മൂസ പങ്കെടുത്തു. 1995ൽ ബൈക്കിനോട് എന്നേക്കുമായി വിടചൊല്ലി കാറോട്ടം ആരംഭിച്ചു. ഇതാണ് തന്റെയിടമെന്നു തിരിച്ചറിഞ്ഞ മൂസ കഴിഞ്ഞ 24 വർഷമായി ഇടവേളകളില്ലാതെ ആ ഓട്ടം തുടരുകയാണ്. കാറോട്ടക്കാരനായും കാറോട്ടക്കാരുടെ വഴികാട്ടിയായും.

നാവിഗേറ്റർ എന്നാൽ...

കാറോട്ടത്തിൽ ഡ്രൈവർക്കൊപ്പം ഒരു നാവിഗേറ്ററുമുണ്ടാകും. നിലംതൊടാതെ കാർ പറപ്പിക്കുന്ന ഡ്രൈവർക്ക് സദാ നിർദേശങ്ങളുമായി. മുന്നിൽ ഒരു വളവുണ്ട്...ഇനിയൊരു ഇറക്കമാണ്...അടുത്ത വളവ് ശ്രദ്ധിക്കുക എന്നിങ്ങനെ അറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കും. മത്സരത്തിന് രണ്ടാഴ്ച മുമ്പേ കോഡ്രൈവർ സ്‌ഥലത്തെത്തും. കാറോടുന്ന പാത മുതൽ മണ്ണിന്റെ ഘടന വരെ കുറിച്ചുവയ്ക്കുകയും മനഃപാഠമാക്കുകയും ചെയ്യും. റെയ്സിംഗ് സമയത്ത് വേഗം മാത്രം മുന്നിലുള്ള ഡ്രൈവറോട് കൂടുതൽ വിശദീകരണം സാധ്യമല്ലാത്തതിനാൽ കോഡുകളിലൂടെയാണ് ഇന്റർകോമിലൂടെ ഡ്രൈവർക്ക് നിർദേശം നൽകുക. നല്ലൊരു നാവിഗേറ്റർ ഉണ്ടെങ്കിലേ ഒരു ഡ്രൈവർക്ക് വിജയം കാണാനാകൂ എന്നു ചുരുക്കം. ഒരു കാറോട്ടക്കാരന് എല്ലാക്കാലവും ഡ്രൈവിംഗ് സീറ്റിൽ തുടരാനാവില്ലെന്നും ഫോം നഷ്‌ടപ്പെട്ട ഡ്രൈവർക്ക് റെയ്സിംഗ് ലോകത്ത് സ്‌ഥാനമില്ലെന്നും മൂസ പറയുന്നു. ഈ സത്യം മുൻകൂട്ടി തിരിച്ചറിഞ്ഞതുകൊണ്ടാണ് താൻ സ്വയം കോഡ്രൈവറായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഗില്ലുമായുള്ള വിജയക്കൂട്ട്

ഏഷ്യാ പസഫിക്ക് മേഖലയിലെ തന്നെ ഏറ്റവും മികച്ച കാർ റെയ്സറായ ഗൗരവ് ഗില്ലുമായുള്ള കൂട്ടുകെട്ടിലാണ് നാലു തവണയും ദേശീയ ചാമ്പ്യനായത്. അറുപതിൽപരം റാലികളിൽ ഗില്ലിനൊപ്പം കുതിച്ചു. ഗില്ലിന് ഇന്ത്യയിൽ മികച്ച ഒരു എതിരാളി പോലുമില്ലെന്നും അദ്ദേഹത്തിനൊപ്പമുള്ള ഓരോ റാലിയും അത്യന്തം സാഹസികമാണെന്നും മൂസ പറയുന്നു. അഞ്ചു മുതൽ പത്തുവരെ റൗണ്ടിലായാണ് സാധാരണ കാർ റാലി. 2014ൽ കോയമ്പത്തൂർ, ചെന്നൈ,കോൽക്കത്ത, ബംഗളുരു, ചിക്ക്മംഗളുരു എന്നിങ്ങനെ അഞ്ചു റൗണ്ടുകളിലായാണ് നടന്നത്. ‘‘ഓരോ റെയ്സും 500 മുതൽ 2000 വരെ കിലോമീറ്റർ കാണും. പലപ്പോഴും ടാറിംഗ് ഇല്ലാത്ത റോഡിലൂടെയാണ് പായേണ്ടിവരിക. തലയിൽ ഹെൽമറ്റ് ധരിച്ച് ബക്കറ്റ് മാതൃകയിലുള്ള സീറ്റിൽ പല ക്ലിപ്പുകൾ ബന്ധിപ്പിച്ച സീറ്റ് ബെൽറ്റിട്ടാണ് ഇരിക്കുന്നത്. രണ്ടുതവണ കാർ അപകടത്തിൽപ്പെട്ടിട്ടുണ്ടെങ്കിലും വലിയ പരിക്കേൽക്കാതെ രക്ഷപെട്ടു–’’ മൂസ പറയുന്നു. അടുത്ത വർഷം കാറോട്ടത്തിന്റെ രജതജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ് മൂസ. കഴിഞ്ഞ 25 വർഷമായി തുടർച്ചയായി കാർ റെയ്സിൽ പങ്കെടുത്ത ഒരാൾ ഇന്ത്യയിൽ തന്നെ വേറെ കാണില്ല. മത്സരരംഗത്ത് മാത്രമല്ല സംഘാടനരംഗത്തും സജീവമാണ് മൂസ.

മോട്ടോർ സ്പോർട്സ് സംഘടിപ്പിക്കുന്ന ഇന്ത്യൻ മോട്ടോർ സ്പോർട്സ് ക്ലബ് എന്ന സംഘടനയുടെ പ്രസിഡന്റാണ്. മുപ്പതോളം ബൈക്ക്, കാർ റെയ്സുകൾ ഈ ക്ലബ് നടത്തിയിട്ടുണ്ട്. നാവിഗേഷനും കാറോട്ടവും സംബന്ധിച്ച പുതിയ പാഠങ്ങൾ യുവ റെയ്സർമാർമാർക്ക് പകർന്നു നൽകുന്നതിനും മൂസ ഏറെ പ്രാധാന്യം നൽകുന്നു. ഡൽഹിയിലെയും ബംഗളുരുവിലെയും റേസിംഗ് അക്കാദമികളിൽ ഇദ്ദേഹം സ്‌ഥിരമായി ക്ലാസെടുക്കുന്നു. സഫീനയാണ് ഭാര്യ. സെനുൽ സില, മുഹമ്മദ് ഫല, സമ ഫാത്തിമ എന്നിവർ മക്കളാണ്.

–ഷൈബിൻ ജോസഫ്


Loading...