യുട്യൂബിൽ കണ്ടുപഠിച്ചു; കൊട്ടിക്കയറിയത് ഉയരങ്ങളിലേക്ക്
യുട്യൂബിൽ നിന്നും ഒരു സംഗീത ഉപകരണത്തിന്റെ ഉപയോഗം പഠിക്കുക എന്നത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. എന്നാൽ കോഴിക്കോട് സ്വദേശി ക്ലിൻസിൻ പറയുന്നു, സംഗീതം ഉള്ളിലുണ്ടെങ്കിൽ എങ്ങനെയും നിങ്ങൾക്കതിനെ ഈണമിട്ട് മിനുക്കാമെന്ന്.

നാലു വർഷം കൊണ്ട് യുട്യൂബിൽ നിന്നും ഡ്രംസ് പരിശീലിച്ച് സംഗീത സംവിധായകൻ ദീപക്ക് ദേവിനോടൊപ്പം വേദി പങ്കിട്ടയാളാണ് ക്ലിൻസിൻ. സംഗീത പാരമ്പര്യമുള്ള അച്ഛൻ ജീവിത പ്രാരാബ്ധം കാരണം പാതിവഴിയിൽ സംഗീതത്തെ ഉപേക്ഷിക്കുകയായിരുന്നു.

സംഗീതം കൊണ്ട് ഒന്നും നേടാൻ കഴിയാത്ത അച്ഛൻ തന്റെ മകനെ അതേ വഴിയിൽ സഞ്ചരിക്കാൻ അതുകൊണ്ടു തന്നെ സമ്മതിച്ചതുമില്ല. സംഗീതത്തിന്റെ പാതയിൽ സഞ്ചരിക്കുന്നത് രക്ഷിതാക്കളും ബന്ധുക്കളും വിലക്കിയപ്പോൾ തന്റെ ഉള്ളിലെ സംീതത്തെ ക്ലിൻസിൻ ചലങ്ങലയ്ക്കിട്ടു ബന്ദിയാക്കിയതാണ്.

പിന്നീട് സംഗീതമാണ് തന്റെ രക്‌തത്തിൽ അലിഞ്ഞു ചേർന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് എല്ലാവരെയും ധിക്കരിച്ച് ഈ വഴിയിലെ യാത്ര തുടങ്ങിയത്. തുടക്കത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ടാണ് ഡ്രംസ് പഠിക്കാൻ പോയി തുടങ്ങിയത്. ഗുരു ദയാശങ്കർ അഞ്ച് ക്ലാസുകൾ നൽകി. ഗുരുവിന് വൻ തിരക്കായതും ഡ്രംസ് പഠനം തന്റെ ആവേശവുമായ നാളുകളിലാണ് ക്ലിൻസിൻ യുട്യൂബിൽ നിന്നും ഡ്രംസിനെ കൂടുതൽ അറിയാൻ ശ്രമിച്ചത്. ഇത്തരത്തിൽ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഗുരുവിന് എതിർപ്പില്ലാത്തതും ക്ലിൻസിന് അനുഗ്രഹമായി.

പിന്നീടുള്ള ദിവസങ്ങളിൽ ഡ്രംസ് പഠനത്തിന് മാത്രമായി ക്ലിൻസിൻ തന്റെ ജീവിതം മാറ്റി മറിച്ചു. പല ദിശയിൽ നിന്നും എതിർസ്വരങ്ങൾ ഉയർന്നെങ്കിലും ക്ലിൻസിൻ അതിനോടൊന്നും പ്രതികരിച്ചില്ല. ആരോടും പരാതിയും പറഞ്ഞില്ല.


താൻ തെരഞ്ഞെടുത്ത വഴിയിലെ പ്രതിസന്ധികളെ മറികടക്കാൻ ക്ലിൻസിൻ സ്വയം പല മാർഗങ്ങളും കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് കോഴിക്കോട്ടെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ആദ്യം ഡ്രംസ് വായിച്ചു തുടങ്ങിയത്. ഇതിൽ നിന്നു ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ട് തന്റെ സ്വപ്നം പൂവണിയില്ലെന്ന് മനസിലായപ്പോൾ മറ്റു ബാൻഡുകളിലും ക്ലിൻസിൻ ഡ്രംസ് വായിച്ചു തുടങ്ങിയിരുന്നു. ഏറെക്കാലം ഹോട്ടലിൽ ലൈവ് പരിപാടി ചെയ്ത് വരുമ്പോഴാണ് ക്ലിൻസിന് ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. തീരെ താത്പര്യമില്ലാഞ്ഞിട്ടും തന്റെ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇവിടെ എത്തുന്നത്. എന്നാൽ ഇതായിരുന്നു ക്ലിൻസിന്റെ ജീവിതത്തിലെ വഴിത്തിരിവ്.

പരിപാടിയുടെ വിധികർത്താക്കളായി എത്തിയ ദീപക്ക് ദേവ്, ജോർജ് പീറ്റർ എന്നിവർ ക്ലിൻസിന്റെ കഴിവ് തിരിച്ചറിയുകയായിരുന്നു. ഇതിനു ശേഷം ദീപക്ക് ദേവിന്റെ ആൽബത്തിൽ ഡ്രംസ് വായിച്ചു. തുടർന്ന് ദീപക്ക് ദേവിന്റെ ബാൻഡിലും സ്‌ഥിരം ഡ്രമ്മറായി.

ഇപ്പോൾ കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഏറ്റവും വില കൂടിയ സംഗീത ഉപകരണങ്ങൾ വിൽക്കുന്ന ബേസിൽസ് മ്യൂസിക് ആമർ എന്ന കടയുടെ ഉടമ കൂടിയാണ് ക്ലിൻസിൻ. സംഗീതം പഠിക്കുന്നവർക്ക് ഏറ്റവും നല്ല ഉപകരണങ്ങൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിൻസൻ ബേസിൽസ് മ്യൂസിക് ആമർ തുടങ്ങിയത്.

നൂതന രീതിയിലെ ഉപകരണങ്ങൾ കേരളത്തിലുള്ളവർക്ക് പരിചയപ്പെടുത്താൻ കൂടി തനിക്ക് സാധിക്കുന്നുണ്ടെന്നും ക്ലിൻസൻ പറയുന്നു.


Loading...