വയനാട്ടിൽ 13 അപൂർവ ഇനങ്ങളെ കണ്ടെത്തി
കൽപ്പറ്റ: സംസ്‌ഥാന വനം–വന്യജീവി വകുപ്പ്, സംസ്‌ഥാന ജൈവവൈവിധ്യ ബോർഡ്, മാനന്തവാടി ഫേൺസ് നാച്യുറൽ സൊസൈറ്റി എന്നിവ സംയുക്‌തമായി വയനാട് വന്യജീവി സങ്കേതത്തിലും തെക്കേ വയനാട് വനം ഡിവിഷനിലും നടത്തിയ ശലഭ സർവേയിൽ തദ്ദേശീയമടക്കം 13 ഇനം അപൂർവ ഇനങ്ങളെ കണ്ടെത്തി. റെഡ് ഐ ബുഷ്ബ്രൗൺ(തദ്ദേശീയം), ബ്രോഡ് ടെയ്ൽ റോയൽ, യെലോ ജാക് സെയ്ലർ, നീലഗിരി ഫ്രിറ്റില്ലിരി(തദ്ദേശീയം), കോമൺ ഓനിക്സ്, ഓർക്കിഡ് ടിറ്റ്, ഇന്ത്യൻ റെഡ് ഫ്ളാഷ്, മലബാർ ഫ്ളാഷ്, ഇൻഡിഗോ ഫ്ളാഷ്, പെയ്ൽ ഗ്രീൻ ഔലെറ്റ്, ഇന്ത്യൻ ഔൾകിംഗ്, യെലോ ബ്രെസ്റ്റഡ് ഫ്ളാറ്റ്, മൂർസ് ഐസ് എന്നിവയാണ് സർവേയിൽ കണ്ട അപൂർവ ഇനങ്ങളെന്ന് ഫേൺസ് നാച്യുറൽ സൊസൈറ്റി പ്രവർത്തകൻ പി.എ. വിനയൻ പറഞ്ഞു.

എംഎൻഎച്ച്എസ് കോഴിക്കോട്, ടിഎൻഎച്ച്എസ് തിരുവനന്തപുരം, സീക്ക് പയ്യന്നൂർ, കെഎൻ–എച്ച്എസ് കോട്ടയം, ഡബ്ല്യഡബ്ല്യൂഎഫ്–ഇന്ത്യ, തമിഴ്നാട് ബട്ടർഫ്ളൈ സോസൈറ്റി, ബംഗളൂരു ബട്ടർഫ്ളൈ ക്ലബ്, വിന്റർബ്ലിത്ത് ഫൗണ്ടേഷൻ–ഊട്ടി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയയൻസ് സർവകലാശാല, കോഴിക്കോട് പിഎസ്എംഒ കോളജ, കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി, മണ്ണുത്തി ഫോറസ്ട്രി കോളജ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ നാല് ദിവസം നീണ്ട സർവേയിൽ 209 ഇനം ശലഭങ്ങളെയാണ് കണാനായത്. ആദ്യമായി ശലഭ സർവേ നടന്ന സൗത്ത് വയനാട് വനം ഡിവിഷനിലെ കൽപ്പറ്റ, മേപ്പാടി റേഞ്ചുകളിലായി 174–ഉം വന്യജീവി സങ്കേതത്തിൽ 162–ഉം ഇനം ശലഭങ്ങളുടെ സാന്നിധ്യമാണ് സ്‌ഥിരീകരിച്ചത്.

വയനാട് വൈൽഡ് ലൈഫ് വാർഡൻ പി. ധനേഷ്കുമാർ, സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുൽ അസീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സർവേയിൽ 90 ചിത്രശലഭ വിദഗ്ദരും 10 വിദ്യാർഥികളും 30 വനം ഉദ്യോഗസ്‌ഥരും ഉൾപ്പെടെ 130 പേർ പങ്കാളികളായി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ആറ് ബേസ ്ക്യാമ്പുകളിലും വന്യജീവി സങ്കേതത്തിൽ 15 ബേസ് ക്യാമ്പുകളിലും രണ്ട് ട്രാൻസെക്റ്റ് വീതം തെരഞ്ഞെടുത്തായിരുന്നു സർവേ.

വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ മുത്തങ്ങ വനാതിർത്തി, മുതുമലക്കല്ല്, ചീരാടൻകൊല്ലി, കുറിച്യാട് റേഞ്ചിലെ ദൊഡ്ഡക്കുളസി, ഗോളൂർ, മയ്യക്കൊല്ലി, ചാപ്പക്കൊല്ലി, ബത്തേരി റേഞ്ചിലെ ഒട്ടിപ്പാറ, രാംപൂർ, നല്ലതണ്ണി, മൂലഹള്ള, തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ, പുഞ്ചവയൽ, ദൊഡ്ഡാടി എന്നിവിടളിലാണ് സർവേ ടീം ശലഭങ്ങളെ തിരഞ്ഞത്. സൗത്ത് വയനാട് വനം ഡിവിഷനിൽ കൽപ്പറ്റ റേഞ്ചിൽ ബാണാസുരമല, ബാണാസുരസാഗർ, കുറിച്യർമല, അംബ, മേപ്പേടി റേഞ്ചിൽ തൊള്ളായിരം, വെള്ളരിമല എന്നിവിടങ്ങളിലായിരുന്നു സർവേ.


കഴിഞ്ഞവർഷം വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിലും തെക്കേ വയനാട് വനം ഡിവിഷനിലെ ചെതലയം, വടക്കേ വയനാട് വനം ഡിവിഷനിലെ പേര്യ, മാനന്തവാടി, ബേഗൂർ റേഞ്ചുകളിലും നടന്ന സർവേയിൽ അഞ്ച് കുടുംബങ്ങളിൽനിന്നുള്ള 178 ഇനം ശലഭങ്ങളെയാണ് കാണാനായത്. ഇതിൽ 15 ഇനം കിളിവാലൻ കുടുംബത്തിലും 19 ഇനം ശ്വേത–പീത കുടുംബത്തിലും ഉൾപ്പെട്ടതാണ്. രോമപാദ കുടുംബത്തിലെ 57–ഉം നീലി കുടുംബത്തിലെ 44–ഉം തുള്ളൻ കുടുംബത്തിലെ 43–ഉം ഇനങ്ങളെയുമാണ് കണ്ടത്.

2013ൽ വനം–വന്യജീവി വകുപ്പ്, ഫേൺസ് നേച്ചർ സൊസൈറ്റി, ട്രാവൻകൂർ നേച്ചർ ആൻഡ് ഹിസ്റ്ററി സൊസൈറ്റി എന്നിവ സംയുക്‌തമായി വടക്കേ വയനാട് വനം ഡിവിഷനിൽ നടത്തിയ സർവേയിൽ 174 ഇനം ശലഭങ്ങളുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിരൂന്നു. ഈ വനം ഡിവിഷനിൽ 2011ൽ നടന്ന സർവേയിൽ 143 ഇനങ്ങളെയാണ് കണ്ടെത്തിയത്. 2009ൽ വയനാട് വന്യജീവി സങ്കേതത്തിലും വടക്കേ വയനാട് വനം ഡിവിഷനിലും ഒരേസമയം നടത്തിയ സർവേയിൽ ഇരുനൂറിൽ പരം ഇനം ശലഭങ്ങളെ കണ്ടെത്തിയിരുന്നു. വന്യജീവി വകുപ്പ് കൽപ്പറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചതായിരുന്നു 2009ലെ സർവേ.

2015ലെ സർവേയിൽ വയനാട്ടിൽ ആദ്യമായി തോൽപ്പെട്ടി വനത്തിലെ പുഞ്ചവയലിൽ നീലിശലഭ കുടുംബത്തിൽപ്പെട്ട പട്ടനീലാംബരിയെ കണ്ടെങ്കിലും ഇതിന്റെ ചിത്രം പകർത്താൻ സർവേ ടീമിനു കഴിഞ്ഞില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ചേർത്തിരിക്കുന്ന വൻചൊട്ടശലഭം, ചക്കര ശലഭം, പുള്ളിവാലൻ ശലഭം എന്നിവ ഇതിൽ ഉൾപ്പെടും. ഗരുഡശലഭം, ചുട്ടിമയൂരി, ചുട്ടിക്കറുപ്പൻ, മലബാർ റാവൻ, മരത്തവിടൻ, വരയൻ തവിടൻ, ക്രൂയിസർ, വരയൻ മയൂരി, മഞ്ഞപ്പൊന്തച്ചുറ്റൻ, ആരരാജൻ, ഇലമുക്കി, മുളന്തവിടൻ, തെളിനീലക്കടുവ, അരളിശലഭം, പൂച്ചക്കണ്ണി, ഓക്കിലശലഭം, കുഞ്ഞിപ്പരപ്പൻ, വരയൻ കടുവ, കോമൺ നവാബ്, കൃഷ്ണശലഭം, വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ചേർത്തിരിക്കുന്ന വൻചൊട്ടശലഭം, ചക്കര ശലഭം, പുള്ളിവാലൻ ശലഭം ... ഇങ്ങനെ നീളുന്നതാണ് സർവേയിൽ കണ്ട പൂമ്പാറ്റകളുടെ നിര.