കൊ​ച്ചി​യി​ലു​ണ്ട് മീ​നു​ക​ളു​ടെ കാ​വ​ൽ​ക്കാ​ര​ൻ
പു​ള്ളി അ​യി​ല...​വ​ള​വോ​ടി...​ക​ല​വ... മോ​ത... നാം രുചിയോടെ അകത്താക്കുന്ന ഈ ​മീ​നു​ക​ളെ​ല്ലാം ക​ണ്ടു​പി​ടി​ച്ച​തും ഇ​വ​യ്ക്ക് പേ​രി​ട്ട​തും ആ​രാ​ണെ​ന്ന് അ​റി​യാ​മോ....​കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​എം​എ​ഫ്ആ​ർ​ഐ എന്ന കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നമാണ് ഇതിന്‍റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്. നാം ​ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത​തും കേ​ട്ടി​ട്ടി​ല്ലാ​ത്ത​തു​മാ​യ 255 പു​തി​യ മ​ത്സ്യ​യി​ന​ങ്ങ​ളെ​യാ​ണ് സിഎംഎഫ് ആർഐ ക​ണ്ടെ​ത്തി പേ​ര് ന​ൽ​കി​യി​ട്ടു​ള്ള​ത്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ലി​ൽ​നി​ന്ന് പി​ടി​ച്ചു​വ​രു​ന്ന മീ​നു​ക​ളു​ടെ എ​ണ്ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​വ​ര​ങ്ങ​ളും സി​എം​എ​ഫ്ആ​ർ​ഐ സൂ​ക്ഷി​ച്ചു​വ​രു​ന്നു. ഇ​തി​നു പു​റ​മെ ജി​ഐ​എ​സ് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 1511 ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ​നി​ന്ന് 1200 ല​ധി​കം മ​ത്സ്യ​യി​ന​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് സ്ഥി​ര​മാ​യി ന​ട​ത്തി​വ​രു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ 70 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സി​എം​എ​ഫ്ആ​ർ​ഐ ഒ​രു വ​ർ​ഷം നീ​ണ്ടുനി​ൽ​ക്കു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ലാ​ണി​പ്പോ​ൾ. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ലി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ക്കു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പു മു​ത​ൽ സ​മു​ദ്ര​ മ​ത്സ്യസ​ന്പ​ത്തി​ന്‍റെ മൂ​ല്യനി​ർ​ണ​യ​വും ക​ട​ലി​ൽ​നി​ന്നു​ള്ള ഒൗ​ഷ​ധ നി​ർ​മാ​ണവും​ വ​രെ എ​ത്തിനി​ൽ​ക്കു​ന്ന ഒ​ട്ട​ന​വ​ധി ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ്ഥാ​പ​നം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്.

സ​മു​ദ്ര​മ​ത്സ്യ മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച​ത് സി​എം​എ​ഫ്ആ​ർ​ഐ​യു​ടെ ഗ​വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളു​മാ​ണ്. സ​മു​ദ്ര​മ​ത്സ്യ സ​ന്പ​ത്തി​ന്‍റെ മൂ​ല്യ നി​ർ​ണ​യം, സ​മു​ദ്ര​കൃ​ഷി​യി​ലൂ​ടെ​യു​ള്ള മ​ത്സ്യോ​ത്​പാ​ദ​നം, സ​മു​ദ്ര ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണം, സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വി​ക​സ​നം, കൈമാ​റ്റം, പ​രിശീ​ല​നം, ക​ണ്‍​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ൾ എ​ന്നിവ​യാ​ണ് സി​എം​എ​ഫ്ആ​ർ​ഐ ചെ​യ്തുവ​രു​ന്ന​ത്.

ശ്ര​മം മ​ത്സ്യോ​ത്​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ

ക​ട​ലി​ൽ​നി​ന്നു​ള്ള മ​ത്സ്യ ല​ഭ്യ​ത കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യോ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സി​എം​എ​ഫ്ആ​ർ​ഐ. നി​ല​വി​ൽ ക​ട​ലി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന മ​ത്സ്യം ഇ​ന്ത്യ​യി​ൽ ഭ​ക്ഷ്യ ആ​വ​ശ്യ​ത്തി​ന് മ​തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. 2020 ആ​കു​ന്പോ​ഴേ​ക്കും ഈ ​വി​ട​വ് കൂ​ടു​ത​ൽ വ​ലു​താ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് മ​ത്സ്യോ​ത്​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ സ​മു​ദ്ര​കൃ​ഷി​രീ​തി​ക​ൾ വി​ക​സി​പ്പി​ച്ച് വ​രു​ന്ന​ത്. വാ​ണി​ജ്യ പ്ര​ധാ​ന​മാ​യ ക​ട​ൽ മീ​നു​ക​ളു​ടെ വി​ത്തു​ത്​പാ​ദ​നം ന​ട​ത്തി ക​ട​ലി​ൽ ത​ന്നെ കൃ​ഷി ചെ​യ്യു​ന്ന കൂ​ടു മ​ത്സ്യ കൃ​ഷി സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് സി​എം​എ​ഫ്ആ​ർ​ഐ ഇ​തി​നാ​യി വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യി പ​ര​മാ​വ​ധി ചെല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ കൂ​ടു​മ​ത്സ്യ കൃ​ഷി സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ൻ മു​ന്നേ​റ്റ​ത്തി​ന് വ​ഴി​വ​ച്ചി​ട്ടു​ണ്ട്.

8,119 കി​ലോമീ​റ്റ​റു​ള്ള ഇ​ന്ത്യ​യു​ടെ ക​ട​ൽ തീ​ര ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ ഒ​രു ശ​ത​മാ​നം മാ​ത്രം ഉ​പ യോ​ഗ​ക്ഷ​മ​മാ​ക്കി​യാ​ൽ മ​തി​യാ​യ തോ​തി​ൽ മ​ത്സ്യോ​ത്പാ​ദ​നം ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് സി​എം​എ​ഫ്ആ​ർ​ഐ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഇ​തി​ന് ദേ​ശീ​യ ത​ല​ത്തി​ൽ സ​മു​ദ്ര​കൃ​ഷി ന​യം രൂ​പപ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സി​എം എ​ഫ്ആ​ർ​ഐ ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.

നി​ല​വി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 1,100 ഓ​ളം ക​ട​ൽ കൂ​ടു​മ​ത്സ്യ കൃ​ഷി സം​രം​ഭ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. കൂ​ടു​മ​ത്സ്യ കൃ​ഷി​യോ​ടൊ​പ്പം ക​ട​ൽ പാ​യ​ൽ കൃ​ഷി കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി സം​യോ​ജി​ത കൃ​ഷി രീ​തി​ക​ളും സി​എം​എ​ഫ്ആ​ർ​ഐ മ​ത്സ്യ​ത്തൊ​ഴിലാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ക​ട​ൽ പാ​യ​ൽ കൊ​ണ്ടു​ള്ള ഉ​ത്പന്ന​ങ്ങ​ളും സി​എം​എ​ഫ്ആ​ർ​ഐ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.


രാ​ജ്യ​ത്തി​ന്‍റെ നി​ലനി​ൽ​പ്പി​ൽ അ​വി​ഭാ​ജ്യ ഘ​ട​കം

രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു​ത​ന്നെ അ​വി​ഭാ​ജ്യ ഘ​ട​ക​ങ്ങ​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു മ​ത്സ്യ​വും മ​ത്സ്യ ബ​ന്ധ​ന​വും. ഏ​ക​ദേ​ശം നാ​ല് ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ളു​ടെ ജീ​വ​നോ​പാ​ധി​യാ​ണ് സ​മു​ദ്ര മ​ത്സ്യ സ​ന്പ​ത്തും മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യും. മ​ത്സ്യ സ​ന്പ​ത്ത് വ​രും ത​ലമു​റ​യ്ക്കു​കൂ​ടി ആവശ്യമാണെന്നതിനാൽ ഇതു കാ​ത്തുസൂ​ക്ഷി​ക്കേ​ണ്ട ക​ട​മ​യും സിഎംഎഫ്ആർഐ ഏറ്റെടുത്തിരിക്കുകയാണ്. ഇ​തി​നാ​യുള്ള ഗ​വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും ഇപ്പോൾ സ്ഥാപനം ന​ട​ത്തുന്നു. ഇ​തി​ന്‍റെ പ്രാ​ഥ​മി​ക ഭാ​ഗമാ​ണ് ക​ട​ലി​ലെ മൊ​ത്ത മ​ത്സ്യസ​ന്പ​ത്തി​ന്‍റെ ക​ണ​ക്ക് തി​ട്ട​പ്പെ​ടു​ത്തു​ക​യും അ​തി​ൽ എ​ത്ര​ത്തോ​ളം മ​ത്സ്യബ​ന്ധ​നം ന​ട​ത്താ​മെ​ന്ന് നി​ശ്ച​യി​ക്കു​ക​യും ചെ​യ്യു​ന്ന​ത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ഒ​രു പ്ര​ത്യേ​ക പ്ര​ദേ​ശ​ത്ത് എ​ത്ര​ത്തോ​ളം ആ​വാ​മെ​ന്നു​വ​രെ നി​ജ​പ്പെ​ടു​ത്തു​ന്ന​ത് സി​എം​എ​ഫ്ആ​ർ​ഐ​യാ​ണ്. യ​ഥാ​ർ​ഥത്തി​ൽ പി​ടി​ക്കേ​ണ്ട അ​ള​വി​ൽ കൂ​ടു​ത​ൽ മ​ത്സ്യബ​ന്ധ​നം ന​ട​ത്തി​യാ​ൽ മ​ത്സ്യസ​ന്പ ത്തി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കും. ഈ ​പ്ര​തി​സന്ധി ​മ​റി​ക​ട​ക്കു​ന്ന​തി​നാ​ണ് അ​ശാ​സ്ത്രീ​യ​വും അ​മി​ത​വു​മാ​യ മ​ത്സ്യ ബ​ന്ധ​ന രീ​തി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഓ​രോ ഘ​ട്ട​ത്തി​ലും മ​ത്സ്യ സ​ന്പ​ത്തി​ന്‍റെ മൂ​ല്യ നി​ർ​ണ​യം ശാ​സ്ത്രീ​യ​മാ​യി ത​ന്നെ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഏ​തൊ​ക്കെ മ​ത്സ്യ വി​ഭ​വ​ങ്ങ​ളാ​ണ് ത​ക​ർ​ച്ച നേ​രി​ടു​ന്ന​തെ​ന്ന് ഇ​തി​ലൂ​ടെ മ​ന​സി​ലാ​ക്കാ​നാ​കും.

നേ​ട്ട​ങ്ങ​ൾ പ​ല​ത്

ഇ​തു​വ​രെ 255 പു​തി​യ മ​ത്സ്യ​യി​ന​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യും പേ​ര് ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ള്ള സി​എം​എ​ഫ്ആ​ർ​ഐ അ​താ​ത് സ​മ​യ​ങ്ങ​ളി​ലെ മ​ത്സ്യ​ങ്ങ​ളു​ടെ ലാ​ൻ​ഡിം​ഗ്, വി​പ​ണി​യി​ലെ വി​ല വി​വ​രം തു​ട​ങ്ങി യ​വ ഉ​ൾ​ക്കൊ​ള്ളി​ച്ച് "ഫി​ഷ് വാ​ച്ച്’ എ​ന്ന വെ​ബ് പോ​ർ​ട്ട​ൽ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​യ​റ്റു​മ​തി, മ​ത്സ്യ വി​പ​ണ​ന രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്. അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലെ ക​ക്ക​ക​ൾ​ക്ക് രാ​ജ്യാ​ന്ത​ര ഏ​ജ​ൻ​സി​യാ​യ മ​റൈ​ൻ സ്റ്റു​വാ​ർ​ഡ്ഷി​പ്പ് കൗ​ണ്‍​സി​ലി​ന്‍റെ (എം​എ​സ്‌സി) സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭ്യ​മാ​ക്കാ​നും സ്ഥാ​പ​ന​ത്തി​ന് സാ​ധി​ച്ചു.

മീ​നു​ക​ളു​ടെ വ​യ​സ​റി​യാ​നും പ​രീ​ക്ഷ​ണം

പ​ല ത​ര​ത്തി​ലു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും മീ​നു​ക​ളു​ടെ വ​യ​സ​റി​യാ​ൻ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ കേ​ൾ​ക്കാ​ൻ ഇ​ട​യു​ണ്ടാ​വി​ല്ല. മീ​നു​ക​ളെക്കുറി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​നും മീ​നു​ക​ളുടെ ​വ​യ​സ് ക​ണ്ടെ​ത്തു​ന്ന​തി​നും ഒ​രു പ​രീ​ക്ഷ​ണ​ശാ​ല ത​ന്നെ സി​എം​എ​ഫ്ആ​ർ​ഐ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഉ​പ​രി​ത​ല മ​ത്സ്യ ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ലാ​ണ് ഈ ​പ​രീ​ക്ഷ​ണ ശാ​ല​യി​ൽ മീ​നു​ക​ളു​ടെ വ​യ​സ് തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ച് വ​യ​റ് കീ​റി അ​താ​ത് സ​മ​യ​ങ്ങ​ളി​ൽ അ​വ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തെപ്പറ്റി സ്ഥി​ര​മാ​യ പ​ഠ​ന​ങ്ങ​ളും സി​എം​എ​ഫ്ആ​ർ​ഐ​യി​ൽ ന​ട​ത്തി​വ​രു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മ​ത്സ്യ​ങ്ങ​ളു​ടെ ആ​ഹാ​ര​രീ​തി​യെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന് നി​രീ​ക്ഷി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​ന്നു. മാ​ത്ര​വു​മ​ല്ല, ക​ട​ലി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ ആ​ധി​ക്യം തി​രി​ച്ച​റി​ഞ്ഞ​തും ഇ​ത്ത​രം പ​ഠ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. മ​ത്സ്യ​ങ്ങ​ളു​ടെ വ​യ​റ്റി​ൽ​നി​ന്ന് അ​പ​ക​ട​ക​ര​മാം വി​ധ​ത്തി​ൽ സൂ​ക്ഷ്മ പ്ലാ​സ്റ്റി​ക് അം​ശ​ങ്ങ​ൾ ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്ന​താ​യി സി​എം​എ​ഫ്ആ​ർ​ഐ നേ​ര​ത്തെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ തെ​ളി​ഞ്ഞി​രു​ന്നു.

റോബിൻ ജോർജ്