വില്പനക്കാരും പ്രഫഷണലുകളായി
Tuesday, February 27, 2018 2:40 PM IST
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി താഴെത്തട്ടിലെ കഞ്ചാവ് കച്ചവടക്കാരെ തിരിച്ചറിയാൻ പോലീസ് എക്സൈസ് അധികൃതർക്ക് ഏറെ പണിപ്പെടേണ്ട സാഹചര്യമാണ് നിലവിൽ. മൾട്ടി നാഷണൽ കന്പനികളിലെ ജീവനക്കാരുടെ ശൈലിയിൽ എക്സിക്യൂട്ടീവ് ലുക്കിലാണ് പലരും കഞ്ചാവ് വിൽപ്പന രംഗത്തുള്ളത്. നേരത്തെ സ്ഥിരം വിൽപ്പനക്കാരാണുണ്ടായിരുന്നതെങ്കിൽ നിലവിൽ നവ മാധ്യമങ്ങളുടെയും മൊബൈൽ ഫോണുകളുടെയും സഹായത്തോടെ സുരക്ഷിതമായി വിൽപ്പന നടത്തുന്ന യുവാക്കളാണ് കഞ്ചാവ് മാഫിയയുടെ അടിത്തറ. ഇതരസംസ്ഥാനങ്ങളിലെ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനായി പോയി കഞ്ചാവ് വിൽപ്പന തൊഴിലാക്കിയവരും ഏറെയാണ്.
സമീപകാലത്ത് ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലയിൽ നിന്ന് നിരവധി പ്രഫഷണൽ ബിരുദധാരികളാണ് കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് എക്സൈസിന്റെയും നാർക്കോട്ടിക് വിഭാഗത്തിന്റെയും വലയിൽ വീണത്. പലരും ഇതരസംസ്ഥാനത്തുനിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ചെറുകിട വിപണനക്കാർക്ക് കൈമാറാൻ ശ്രമിക്കുന്പോഴാണ് പിടിയിലായത്. അറസ്റ്റിലായ ശേഷമാണ് ഇവരിൽ പലരും കഞ്ചാവ് മാഫിയായുടെ കണ്ണികളാണെന്ന് മാതാപിതാക്കൾ പോലും അറിയുന്നത്. ധാരാളം പണവും വാഹനങ്ങളും ലഹരിക്ക് കഞ്ചാവും നൽകിയാണ് വിതരണക്കാർ യുവാക്കളെ താഴേത്തട്ടിലെ കണ്ണികളാക്കുന്നത്. തങ്ങൾക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നവരെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ഇവർക്കു യാതൊരു വിവരവും ലഭിക്കാറുമില്ല.
പിടിയിലാകുന്പോൾ പലപ്പോഴും അളവിൽ കുറഞ്ഞ കഞ്ചാവുമാത്രമാണ് കൈയിലുണ്ടാകുന്നതെന്നതിനാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തിറങ്ങുന്ന ഇവർ വീണ്ടും കച്ചവടത്തിൽ സജീവമാകുകയാണ് പതിവ്. യുവാക്കളോടൊപ്പം യുവതികളും വിപണന രംഗത്തുണ്ടെന്നതാണ് ഞെട്ടിക്കുന്നത്. മുൻകാലങ്ങളിൽ സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളുമായിരുന്നു കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പൊതു ഗതാഗത സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. സ്ത്രീകളെ പരിശോധനകളിൽ നിന്നും ഒഴിവാക്കുന്നത് പ്രയോജനപ്പെടുത്താനായിട്ടാണ് കഞ്ചാവ് കടത്തലിനെ യുവതികളെ ഉപയോഗിക്കുന്നത്. ആലപ്പുഴ ബീച്ചുമായി ബന്ധപ്പെട്ട് ഒന്നിലേറെ യുവതികളാണ് കഞ്ചാവ് മാഫിയകളുടെ കണ്ണികളായി പ്രവർത്തിക്കുന്നത്.
നടപടി ശക്തമാക്കി അധികൃതർ... നിയമത്തിലെ പഴുത് മുതലാക്കി വില്പനക്കാർ
മാസങ്ങൾക്കു മുന്പ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോട് ലഹരി മരുന്നുകൾ സംബന്ധമായ കേസുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. രഹസ്യാന്വേഷണ വിഭാഗം വഴി ഡിജിപിക്കു ലഭിച്ച റിപ്പോർട്ട് പ്രകാരം എറണാകുളം റൂറൽ, ആലപ്പുഴ ജില്ലകളിൽ മയക്കുമരുന്നു കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. എന്നാൽ നടപടികൾ പോലീസ് നാർക്കോട്ടിക് വിഭാഗവും എക്സൈസും ശക്തമാക്കിയതോടെയാണ് കൂടുതൽ വിൽപ്പനക്കാർ കുടുങ്ങുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതെന്നാണ് അധികൃതർ പറയുന്നത്. 2015ൽ കോട്പാ പ്രകാരം 666 കേസുകളാണ് ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തിരുന്നത്.
61,342 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. 431 കേസുകളിലായി 19.89 കിലോ കഞ്ചാവ് പിടിച്ചെടുത്ത നാർക്കോട്ടിക് വിഭാഗം 506 പേരെ അറസ്റ്റ് ചെയ്തിരുന്നു. 2016 ആയപ്പോഴേക്കും കോട്പാ കേസുകളുടെ എണ്ണം 356 ആയി ചുരുങ്ങിയെങ്കിലും പിടിച്ചെടുത്ത നിരോധിത പുകയില പായ്ക്കറ്റുകളുടെ എണ്ണം 79,693 ആയി ഉയർന്നു. ഇതേകാലയളവിൽ 28.51 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും 540 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒന്നര കിലോ ഹാഷിഷും 72 എൽഎസ്ഡി സ്റ്റാന്പും 49 എൽഎസ്ഡി ഷുഗർ ടാബ് ലെറ്റുകളും നാർക്കോട്ടിക് വിഭാഗം പിടികൂടിയിരുന്നു. എന്നാൽ 2017ആയപ്പോഴേക്കും സ്ഥിതി ആകെ മാറി. കോട്പാ കേസുകളിൽ കഴിഞ്ഞ വർഷം കാര്യമായ കുറവാണുണ്ടായത്.
നടപടികൾ ശക്തമാക്കിയ പോലീസ് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് 651 പേരെ അറസ്റ്റ് ചെയ്തു. എന്നാൽ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിൽ ഭീമമായ വർധനവാണുണ്ടായത്. 55.80 കിലോ കഞ്ചാവാണ് കഴിഞ്ഞ ഡിസംബർ വരെ ആലപ്പുഴ ജില്ലയിൽ നിന്നും വിവിധ കേസുകളിലായി പിടിച്ചെടുത്തത്. മാർച്ച് മാസത്തിൽ 10 കിലോയും ജൂലൈ മാസത്തിൽ 18 കിലോയും കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതേ കാലയളവിൽ ആലപ്പുഴ എക്സൈസ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നേതൃത്വത്തിൽ 22.20 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും 257 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നാർക്കോട്ടിക് വിഭാഗം വലിയ അളവ് കഞ്ചാവുമായി ആളെ പിടികൂടുന്പോൾ കുറഞ്ഞ അളവ് കഞ്ചാവുമായുള്ള വില്പനക്കാരെയാണ് എക്സൈസ് പിടികൂടിയത്. ഒരു കിലോ കഞ്ചാവിൽ താഴെ മാത്രമാണ് പിടിയിലാകുന്നവരുടെ കൈയിലുള്ളതെന്നതിനാൽ തന്നെ നിയമത്തിന്റെ ആനൂകൂല്യം മുതലാക്കി പലപ്പോഴും സ്റ്റേഷൻ ജാമ്യം നൽകി വിതരണക്കാരെ വിടേണ്ട ഗതികേടിലാണ് അധികൃതർ. പുറത്തിറങ്ങുന്ന സമയം മുതൽ തന്നെ ഇവർ വീണ്ടും ലഹരിയുടെ വിതരണക്കാരായി സമൂഹത്തിലേക്ക് ഇറങ്ങുകയും ചെയ്യും.
ലഹരി മാഫിയായെ പ്രതിരോധിക്കാൻ ബോധവത്കരണം കുട്ടികളിലൂടെ
ടീനേജ് പ്രായക്കാരിലും യുവാക്കളിലും വർധിച്ചുവരുന്ന മയക്കുമരുന്നിനോടുള്ള ആസക്തി ഇല്ലാതാക്കാൻ ശക്തമായ നടപടികൾക്കൊപ്പം ബോധവത്കരണപ്രവർത്തനങ്ങളും സജീവമാക്കിയിരിക്കുകയാണ്, എക്സൈസും പോലീസും. സ്കൂൾ തലത്തിൽ സ്ഥലം എസ്ഐയും സ്കൂൾ പ്രിൻസിപ്പലും ഭാരവാഹികളായ സ്കൂൾതല സമിതികളുടെ നേതൃത്വത്തിലാണ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കഞ്ചാവടക്കമുള്ള ലഹരി മരുന്നുകളുടെ വിൽപ്പന സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് രഹസ്യമായി കുട്ടികൾക്ക് നൽകാനുള്ള സംവിധാനവും ഇതോടൊപ്പമുണ്ട്. കൂടാതെ ബോധവത്കരണ നാടകങ്ങൾ, സെമിനാറുകൾ, തുടങ്ങിയ പരിപാടികളും വിദ്യാർഥികൾക്കിടയിൽ നടപ്പാക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരി മരുന്ന് വിൽപ്പയ്ക്കെതിരെ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ ഇടയിൽ നടപ്പാക്കാനും അതുവഴി വളർന്നുവരുന്ന തലമുറയിലെ ലഹരി ഉപയോഗ വാസന ഇല്ലാതാക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്. എക്സൈസ് വകുപ്പും സമാനമായ പ്രവർത്തനങ്ങൾ യുവാക്കളുടെ ഇടയിലും വിദ്യാർഥികളുടെ ഇടയിലും നടപ്പാക്കുന്നുണ്ട്. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സംവിധാനം അടക്കമുള്ളവയെ പ്രയോജനപ്പെടുത്തി നാടിന് ഭീഷണിയാകുന്ന ലഹരി ഭീഷണിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന് വിദ്യാർഥി സമൂഹത്തിന്റെ ഇടയിലും പൊതുസമൂഹത്തിന്റെ ഇടയിലും വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ഒരു തലമുറയെ ഒന്നാകെ ലഹരി മരുന്നിന് അടിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കാനുള്ള ലഹരിമരുന്ന് മാഫിയയുടെ ശ്രമത്തിനെതിരേ അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടികൾ മാത്രമല്ല പൊതുസമൂഹത്തിന്റെ ജാഗ്രത കൂടിയാണ് ഉണ്ടാകേണ്ടത്.
(അവസാനിച്ചു)
വി.എസ്. രതീഷ്