ഇന്നും തുടരുന്ന പീഡനം
ലൈം​ഗി​ക​ത്തൊ​ഴി​ൽ ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി സ്വീ​ക​രി​ച്ച സ്ത്രീ​ക​ൾ​ക്ക് ​സു​ര​ക്ഷി​ത​മാ​യ താ​വ​ള​മാ​ണ് ചു​വ​ന്ന തെ​രു​വു​ക​ളെ​ന്നു പറയുമെങ്കിലും ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. ചെ​ന്നു​പെ​ട്ടാ​ൽ പി​ന്നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ച് പോക്ക് അസാധ്യമെന്നാ​ണ് ആയിരക്കണക്കിന് സ്ത്രീജന്മങ്ങളുടെ അ​നു​ഭ​വ​സാ​ക്ഷ്യം. സോനാഗച്ചിക്കും കമാ​ഠി​പുരയ്ക്കും ജെബി റോഡിനും പുറമേ രാജ്യത്തു പലയിടങ്ങളിലുമുണ്ട് സജീവമായ വേറെയും ചുവന്ന തെരുവുകൾ.

ശി​വ്ദാ​സ്പുർ (വാ​രാ​ണ​സി)

പു​രാ​ത​ന കാ​ല​ത്തി​ന്‍റെ ബാ​ക്കിപ​ത്രമാണ് ശിവ്ദാസ്പൂർ. ക്ഷേ​ത്ര ന​ഗ​ര​മാ​യ വാ​രാ​ണസി​യി​ലെ ഈ ​പ്ര​ദേ​ശം ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ വേ​ശ്യാ​ല​യ​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട​താ​ണ്. പണ്ട് ദേവദാസികളുടെ സ്വർണത്തിളക്കം തങ്ങിനിന്നിരുന്ന ഈ ഗ്രാമം ഇന്ന് ജീവിക്കുന്നത് വീടുകളെ വിലകുറഞ്ഞ വേശ്യാലയങ്ങളാക്കി മാറ്റിയാണ്.

വാ​രാ​ണസി ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പു​ണ്യ​പു​രാ​ത​ന തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​ണ്. എ​ന്നാ​ൽ ഇ​ന്ന് വാ​ര​ാണ​സി മ​റ്റൊ​രു കാ​ര്യ​ത്തി​ൽ കു​പ്ര​സി​ദ്ധ​മാ​ണ്. നി​ര​വ​ധി ബാ​ല​വേ​ശ്യ​ക​ൾ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന ഇ​ട​മാ​ണി​ത്. ഗു​ഡി​യ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ​യാ​ണ് ഈ ​സ​ത്യം ലോ​ക​മ​റി​ഞ്ഞ​ത്. മാ​ധ്യ​മ​ങ്ങ​ൾ ഈ ​ഡോ​ക്യു​മെ​ന്‍റ​റി​ക്കു വ​ൻ പ്രാ​ധാ​ന്യ​മാ​ണ് അ​ന്നു ന​ൽ​കി​യ​ത്. വേ​ശ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷി​ച്ച​വ​രു​ടെ ജീ​വി​ത​മാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ അ​നാ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. വാ​രാ​ണ​സി​യി​ലെ ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​ത്ര​വും ഇ​തി​ൽ വ​ര​ച്ചു​കാ​ണി​ക്കു​ന്നു​ണ്ട്.

പ​തി​മൂ​ന്നും പ​തി​നേ​ഴും വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​ടെ ക​ദ​ന​ക​ഥ​യാ​ണ് ഇ​തി​ലൂ​ടെ ലോ​ക​ത്തി​നു മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത് ഈ ​ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യ​ല്ല, ഇ​ത്ത​ര​ത്തി​ൽ വാരാണസിയിലെ വേ​ശ്യാ​ല​യ​ങ്ങ​ളി​ൽ പെ​ട്ടുപോ​യ​ി ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ​വ​ർ. ഇ​വ​രെ അ​വ​രു​ടെ ഗ്രാ​മ​ത്തി​ൽ നി​ന്നു ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ര​ണ്ടു പു​രു​ഷന്മാ​ർ ത​ട്ടി​യെ​ടു​ത്ത ഇ​വ​രെ പാ​ർ​പ്പി​ച്ച പ​ല​യി​ട​ത്തു വ​ച്ചും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും മാ​ന​ഭം ചെ​യ്യു​ക​യും ചെ​യ്തു. മും​ബൈ​യി​ൽ എ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ വാ​രാ​ണ​സി​യി​ലെ ഒ​രു വേ​ശ്യാ​ല​യം ന​ട​ത്തി​പ്പു​കാ​ര​നു വി​റ്റു. എന്നാൽ പെ​ണ്‍​കു​ട്ടി​ക​ളെ അ​ന്വേ​ഷി​ച്ചു വീ​ട്ടു​കാ​ർ പിന്നാലെയുണ്ട് എ​ന്ന വി​വ​ര​മ​റി​ഞ്ഞ് അവർ കു​ട്ടി​ക​ളെ മും​ബൈ​യി​ൽ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ടു​ന്ന വ​ണ്ടി​യി​ൽ നി​ന്നാ​ണു ത​ന്നെ വ​ലി​ച്ചെ​റി​ഞ്ഞ​തെ​ന്ന് ഇ​തി​ൽ ഒ​രു പെ​ണ്‍​കു​ട്ടി ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്. പി​ന്നീ​ട് ഒ​രു ട്രെ​യി​നി​ൽ ക​യ​റു​ക​യും ആ​രു​ടെ​യൊ​ക്കെ​യോ സ​ഹാ​യ​ത്താ​ൽ സ്വ​ന്തം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക​യു​മാ​യി​രു​ന്നു. ഒ​രു എ​ൻ​ജി​ഒ ആ​ണ് ഇ​വ​ർ​ക്കു ര​ക്ഷ​ക​രാ​യ​ത്.

ച​തു​ർ​ഭു​ജ്സ്ഥാ​ൻ (മു​സാ​ഫ​ർ​പുർ)

ബിഹാ​റി​ലെ മു​സാ​ഫ​ർ​പൂ​രി​ലു​മു​ണ്ട് ഒ​രു ചു​വ​ന്ന തെ​രു​വ്. ച​തു​ർ​ഭു​ജ് സ്ഥാ​ൻ എ​ന്നാ​ണ് ഇ​വി​ടം അ​റി​യ​പ്പെ​ടു​ന്ന​ത്. മു​ഗ​ൾ രാ​ജ​വം​ശ​കാ​ലം​തൊ​ട്ട് ഇ​വി​ടെ വേ​ശ്യാ​ല​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. നി​ല​വി​ൽ ഇ​വി​ടെ 2,500ൽ ​അ​ധി​കം ലൈം​ഗികത്തൊ​ഴി​ലാ​ളി​ക​ളു​ണ്ട്.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നോ​ട്ട് നി​രോ​ധ​നം വ​ന്ന​തോ​ടെ പ​ട്ടി​ണി​യി​ലാ​യ​തി​ന്‍റെ ക​ഥ​യാ​ണ് ഇ​വി​ടെ​യു​ള്ള ലൈം​ഗി​കത്തൊഴി​ലാ​ളി​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത്. കൂ​ലി നോ​ട്ടു രൂ​പ​ത്തി​ൽ മാ​ത്ര​മെ ഇ​വി​ട​ത്തെ സ്ത്രീ​ക​ൾ വാ​ങ്ങി​യി​രു​ന്നു​ള്ളു. 500,1000 രൂ​പ നോ​ട്ടു​ക​ൾ നി​രോ​ധി​ച്ച​തോ​ടെ ഇ​വി​ടെ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​ഞ്ഞു. ഇതോടെ ത​ങ്ങ​ളു​ടെയും കു​ഞ്ഞു​ങ്ങ​ളു​ടെയും വി​ശ​പ്പ​ട​ക്കാ​നു​ള്ള മാ​ർ​ഗ​വും കുറഞ്ഞു.

ബിഹാ​റി​ൽ സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​പ്പോ​ൾ അ​തി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ഇ​വി​ട​ത്തെ ലൈം​ഗികത്തൊ​ഴി​ലാ​ളി​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ദ്യ​നി​രോ​ധ​ന​ത്തെ അ​നു​കൂ​ലി​ച്ച് തീ​ർ​ത്ത മ​നു​ഷ്യച്ച​ങ്ങ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ 250 ലൈം​ഗികത്തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​ത്തി​യ​ത്. പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് പേ​രുകേ​ട്ട മു​സാ​ഫ​ർ​പൂ​രി​ലെ ഈ ​തെ​രു​വ് പ്രാ​ചീ​ന കാ​ലം മു​ത​ൽ ത​ന്നെ വേ​ശ്യാവൃ​ത്തി കൊണ്ടു കുപ്രസിദ്ധ​മാ​ണ്. എ​ന്നാ​ൽ പ​ണ്ട​ത്തെ ആ​ഡം​ബ​ര​വും സ​ന്പ​ത്തും നി​റ​ഞ്ഞ ദേ​വ​ദാ​സി​ക​ളു​ടെ സ്ഥാ​ന​ത്ത് ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പാ​ടു​പെടു​ന്ന സ്ത്രീ​ക​ളെ​യാ​ണ് ന​മു​ക്ക് ഇ​ന്ന് ഇ​വി​ടെ കാ​ണാ​ൻ ക​ഴി​യു​ക.

മീ​ർ ഗു​ഞ്ജ് (അ​ല​ാഹാ​ബാ​ദ്)

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഏ​റ്റ​വും വ​ലി​യ റെ​ഡ് ലൈ​റ്റ് ഏ​രി​യ​യാ​ണ് മീ​ർ ഗു​ഞ്ജ്. മ​നു​ഷ്യ ക​ട​ത്തി​നും നി​ർ​ബ​ന്ധി​ത വേ​ശ്യാവൃ​ത്തി​ക്കും പേ​ര് കേ​ട്ട സ്ഥ​ലം കൂ​ടി​യാ​ണ് ഇ​ത്. പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ പോ​ലും ക​ട​ന്നു ചെ​ല്ലാ​ൻ പേ​ടി തോ​ന്നു​ന്ന​യ​ത്ര അ​പ​ക​ട​ക​ര​മാ​യ ഒ​രു സ്ഥ​ലം കൂ​ടി​യാ​ണ് ഇ​ത്.

ബു​ധ്‌വാ​ർ പേ​ട്ട് (പൂ​ന)

പൂ​ന​യി​ലെ ചു​വ​ന്ന തെ​രു​വു​ക​ളി​ൽ ഒ​ന്നാ​ണ് ബു​ധ്‌വാ​ർ പേട്ട്. പൂ​ന ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തിചെ​യ്യു​ന്ന ഇ​വി​ടെ നാ​ലാ​യി​ര​ത്തി​ല​ധി​കം ലൈം​ഗികത്തൊ​ഴി​ലാ​ളി​ക​ളാണുള്ളത്. ശ​രി​ക്കും ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലൊ​ക്കെ കാ​ണു​ന്ന​തു​പോ​ലെ​യു​ള്ള ഒ​രു ചു​വ​ന്ന തെ​രു​വാ​ണി​ത്. ഇ​പ്പോ​ൾ പൊ​ളി​ഞ്ഞു​വീ​ഴും എ​ന്നു തോ​ന്നു​ം വി​ധ​ത്തി​ൽ നി​ൽ​ക്കു​ന്ന ഇ​രു​നി​ല​കെ​ട്ടി​ട​ങ്ങ​ൾ അ​ടു​ങ്ങി അ​ടു​ങ്ങി​യി​രി​ക്കു​ന്നു. അ​വ​യ്ക്കു മു​ന്നി​ൽ ആ​ളു​ക​ളെ​യും പ്ര​തീ​ക്ഷി​ച്ച് ഒ​രു​ങ്ങി നി​ൽ​ക്കു​ന്ന സ്ത്രീ​ക​ൾ-​ഇ​താ​ണ് ഇ​വി​ട​ത്തെ സ്ഥി​രം കാ​ഴ്ച. 300​ മു​ത​ൽ 1000 രൂ​പ വ​രെ ഇ​വി​ടെ ഒ​രു​മ​ണി​ക്കൂ​റി​ന് ഇ​വ​ർ ഈ​ടാ​ക്കും. രാ​ജ്യ​ത്തെ പ്രധാന ചു​വ​ന്ന തെ​രു​വായ ബുധ്‌വാർ പേട്ട് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പു​സ്ത​ക​ങ്ങ​ളു​ടെ​യും വി​ല്പ​ന കേ​ന്ദ്രം കൂ​ടി​യാ​ണ്.


ഇ​റ്റ്‌വാ​രി, ന​ാഗ്പുർ

മ​ഹാ​രാ​ഷ്‌ട്ര​യി​ലെ വ​ലി​യ ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യ നാ​ഗ്പൂ​രി​ലു​മു​ണ്ട് ഒ​രു ചു​വ​ന്ന തെ​രു​വ്. ഗം​ഗ-​യ​മു​ന എ​ന്നാ​ണ് ഇ​തി​ന്‍റെ പേ​ര്. പ​ണ്ട് പൂ​ന​യി​ൽ​നി​ന്ന് ഇ​വി​ടെ എ​ത്തി​യ ര​ണ്ടു ന​ർ​ത്ത​കി​മാ​രു​ടെ പേ​രി​ൽ​നി​ന്നാ​ണ് ഇ​വി​ട​ത്തെ ചു​വ​ന്ന തെ​രു​വി​ന് ആ ​പേ​രു​വ​ന്ന​ത്. ഏ​ക​ദേ​ശം 300 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട് ഈ ​തെ​രു​വി​ന്. പ​ണ്ട് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന സ​ന്പ​ന്ന​കു​ടും​ബ​ങ്ങ​ൾ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് നൃ​ത്തം അ​വ​ത​രി​പ്പി​ക്കാ​നാ​യി മ​റ്റു ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് ന​ർ​ത്ത​കി​മാ​രെ കൊ​ണ്ടു​വ​രു​മാ​യി​രു​ന്ന​ത്രേ. ഇ​ത്ത​ര​ത്തി​ൽ ന​ാഗ്​പൂ​രി​ലെ​ത്തി മ​ട​ങ്ങാ​ത്ത​വ​ർ ന​ഗ​ര​പ്രാ​ന്ത​ത്തി​ന്‍റെ വെ​ളി​യി​ൽ വാ​സ​മു​റ​പ്പി​ച്ചു. പി​ന്നീ​ട് ഇ​വി​ടം ഗം​ഗ-​യ​മു​ന എ​ന്ന​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി. കാ​ല​ക്ര​മേ​ണ ഇ​വി​ടം ഒ​രു ചു​വ​ന്ന തെ​രു​വാ​യി മാ​റു​ക​യാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു ഇ​വി​ട​ത്തെ സ്ത്രീ​ക​ൾ. മു​ന്പ് ഇ​വി​ടെ സം​ഗീ​ത സ​ദ​സു​ക​ളും നൃ​ത്ത സ​ന്ധ്യ​ക​ളു​മൊ​ക്കെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വ​യൊ​ന്നു​മി​ല്ല. ഏ​ക​ദേ​ശം 1500 ലൈം​ഗിക തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ട​ത്തെ തെ​രു​വി​ൽ താ​മ​സി​ക്കു​ന്നു.

ബംഗളൂരുവിലെ കമാ​ഠി​പുര

മും​ബൈ​യി​ലെ റെ​ഡ് സ്ട്രീ​റ്റി​ന് സ​മാ​ന​മാ​യി ഇ​ന്ന് ബം​ഗ​ളൂ​രു വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ൽ ഞെ​ട്ട​ണ്ട. സി​റ്റി​യു​ടെ മു​ക്കി​ലും മൂ​ല​യി​ലും വേ​ശ്യാ​ല​യ​ങ്ങ​ളുണ്ട്. ബം​ഗാ​ളി​ക​ൾ എ​ന്നു മു​ദ്ര​കു​ത്ത​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലെ സ്ത്രീ​ക​ളാ​ണ് മാം​സ ്യാ​പാ​ര​ത്തി​നാ​യി ബം​ഗ​ളൂ​രു സി​റ്റി​യി​ൽ പ്രധാനമായും എ​ത്തു​ന്ന​ത്.

അടുത്തയിടെ ജെ​പി ന​ഗ​റി​ൽ ന​ട​ന്ന അ​റ​സ്റ്റി​ൽ നി​ന്നാ​ണ് ഇതരസം​സ്ഥാ​ന​ക്കാ​രെ​ക്കു​റി​ച്ച് പോ​ലീ​സി​ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ജെ​പി ന​ഗ​റി​ലെ വേ​ശ്യാ​ല​യ​ത്തി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

റെ​യ്ഡി​ൽ മൂ​ന്ന് പു​രു​ഷന്മാ​രെ​യും ര​ണ്ട് സ്ത്രീ​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബിഹാ​ർ, ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ. ജോ​ലി​ക്കെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ചും പണം വാഗ്ദാനം ചെയ്തുമാണ് ബിഹാറിലെയും ബം​ഗാ​ളിലെയും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ സി​റ്റി​യി​ൽ എ​ത്തിക്കുന്ന​ത്. കാഷ്മീരിൽ നിന്നു വരെ പെൺകുട്ടികളെ ഇവിടെ എത്തിക്കുന്നുണ്ട്. ജോ​ലി തേ​ടി ബം​ഗ​ളൂ​രു സി​റ്റി​യി​ൽ മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് എ​ത്തി​യ ഈ ഇതരസംസ്ഥാന യു​വാ​ക്ക​ളാ​ണ് പി​ന്നീ​ട് സ്ത്രീ​ക​ളെ വച്ച് മാം​സ​ക്ക​ച്ച​വ​ട​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.

ബം​ഗ​ളൂ​രു സി​റ്റി​യി​ൽ പ​ഠി​ക്കാ​ൻ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​നിക​ൾ​ക്ക് പ​ണം ഉണ്ടാക്കാ​നു​ള്ള മാ​ർ​ഗ​മാ​യും മാം​സ​ക്ക​ച്ച​വ​ടം മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി ഡേ​റ്റി​ങ് ആ​പ്പു​ക​ൾ വ​രെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡാ​ൻ​സ് ബാ​റു​ക​ൾ​ക്ക് മ​റ​വി​ലും വേ​ശ്യാ​ല​യ​ങ്ങ​ൾ ത​ന്നെ​യാ​ണത്രേ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കാ​ഷ്മീ​ർ, ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ല​ക്ഷ​ങ്ങ​ളു​ടെ ഡീ​ലു​ക​ൾ​ക്കാ​ണ് വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ട​നി​ല​ക്കാ​ർക്കു ല​ഭി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ പത്തു ശ​ത​മാ​നം മാ​ത്ര​മാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്.

പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ഇ​ത്ത​രം കേ​സു​ക​ളി​ൽ ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളു​ടെ പ​ങ്ക് വ​ള​രെ കു​റ​വാ​ണ്. പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി മറ്റു സ്ഥലങ്ങളിൽ നിന്നും എ​ത്തു​ന്ന​വ​രാ​ണ് പ്ര​ശ്ന​ക്കാ​ർ.

മും​ബൈ​യി​ലെ കമാ​ഠി​പു​ര​പോ​ലെ പേ​രി​ടാ​ത്ത അ​ല്ലെ​ങ്കി​ൽ പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത നി​ര​വ​ധി കമാ​ഠി​പു​ര​ക​ൾ തി​ങ്ങി നി​റ​ഞ്ഞ സ്ഥ​ല​മാ​ണ് ബം​ഗ​ളൂ​രു സി​റ്റി. മും​ബൈ​യി​ലെ തെ​രു​വു​ക​ളി​ൽ മാം​സ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് ജീ​വി​ക്കാ​ൻ വ​ഴി​യി​ല്ലാ​ത്ത​തി​ന്‍റെ​യോ അ​ക​പ്പെ​ട്ടു പോ​യ​തി​ന്‍റെ​യോ ക​ഥ​ക​ൾ പ​റ​യാ​നു​ണ്ടാ​കും. എ​ന്നാ​ൽ മോ​ഡേ​ണ്‍ സി​റ്റി​യു​ടെ ക​ഥ ഇ​ത്തി​രി മോ​ഡേ​ണ്‍ ആ​ണ്. പ​ഠി​ക്കാ​നാ​യി വീ​ട്ടി​ൽ നിന്നു ന​ൽ​കു​ന്ന പ​ണം മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​ന്നും തി​ക​യാ​തെ വ​രു​ന്പോ​ൾ ഡാ​ൻ​സ് ബാ​റു​ക​ളി​ൽ എ​ത്തുന്നു. വേ​ശ്യാ​വൃ​ത്തി കേ​സു​ക​ളി​ൽ സി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കേ​സു​ക​ൾ വ​ള​രെ അ​പൂ​ർ​വ​മാ​ണ്. സെ​ക്സ് റാ​ക്ക​റ്റു​ക​ളു​ടെ വ​ല​യി​ൽ​പ്പെ​ട്ട് ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ പോ​ലീ​സി​നും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്നു​ള്ളൂ.

തമിഴ്നാട്ടിലെ കന്പമടക്കമുള്ള സ്ഥലങ്ങളിലും ഇത്തരം വേശ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ മുറികളിലല്ല, ചെറിയ കുഴികളിലേക്കാണ് ആവശ്യക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. അതായത് ഒാലകൾ കൊണ്ടു മൂടിയ കുഴികൾക്കുള്ളിലാണ് മാംസവില്പന നടക്കുന്നത്. ഇവിടങ്ങളിലും സാധാരണ ചുവന്ന തെരുവുകളെപ്പോലെ ഇടനിലക്കാരും പ്രവർത്തിക്കുന്നു.
(അവസാനിച്ചു)

പ്ര​ദീ​പ് ഗോ​പി