മതിലുകൾ തകർക്കുന്ന കാരുണ്യം
മതിലുകൾ തകർക്കുന്ന കാരുണ്യം
ചുരുണ്ടുകൂടി വാൽ തന്നിലേക്കു ചേർത്ത് ഉറങ്ങുന്ന പൂച്ചയെപ്പോലെ ഒരു പകലായിരുന്നു അത്. ഉറങ്ങണമെന്നു തോന്നി ജയകുമാറിനും. അപ്പോഴേക്കും മൊബൈൽ ഞെട്ടിയുണർന്ന്, ഒരു ഞൊടിയുടെ നിശബ്ദത കടന്നു പാടാൻ തുടങ്ങി...

പാട്ടു മുറിച്ചു വന്ന വാക്കുകൾ ജയകുമാറിന്റെ കാതുകളെ ഉണർത്തി. ഫ്രണ്ട്സ് ഓഫ് ആനിമൽസ് കോട്ടയം സാരഥി ഡോ.ബിജുവാണ് വിളിക്കുന്നത്. കോട്ടയത്ത് വടവാതൂരിനടുത്ത് ഒരു മതിൽക്കെട്ടിനിടയിൽനിന്ന് ഒരു കുഞ്ഞുപൂച്ചയുടെ കരച്ചിൽ. രണ്ടു കന്യാസ്ത്രീകളാണ് ആദ്യം കേട്ടത്. കെട്ടിയടച്ച കല്ലുകൾക്കിടയിൽ ഒരു പൂച്ചക്കുഞ്ഞ് ഉണ്ടാകുമെന്നാണ് അവർ ഉറപ്പിച്ചു പറയുന്നത്. അവരും കണ്ടിട്ടില്ല. പക്ഷേ, മൂന്നു ദിവസമായിട്ടും നിലയ്ക്കാത്ത കരച്ചിൽ അവർ കേൾക്കുന്നു. ജയകുമാർ വീടിനു പുറത്തിറങ്ങി.അയാൾ കോട്ടയത്തെ ഒരു ഡോഗ് ക്യാച്ചറാണ്. മൃഗങ്ങളോടു അലിവുള്ളതുകൊണ്ടുമാത്രം അങ്ങനെയായി. കോട്ടയം, ആർപ്പൂക്കര മൃഗാശുപത്രിയിലെ വെറ്ററിനറി സർജനായ ഡോ. ബിജുവുമായി അടുപ്പമുണ്ടായത് അങ്ങനെയാണ്.

നടപ്പിനിടയിലും വേനലിനെ വകഞ്ഞുമാറ്റി തണുപ്പുള്ള രണ്ടക്ഷരം മനസിൽ പടർന്നു.
പൂച്ച..! മരണഗുഹയിൽ അകപ്പെട്ടുപോയ കുഞ്ഞുപൂച്ച.
അതെവിടെയാണ്?
കരിങ്കൽകെട്ടിനുള്ളിലാണ്. ബിജു ഡോക്ടർ പറഞ്ഞതു സത്യമെങ്കിൽ എങ്ങനെ അതു സംഭവിച്ചു?
അവിടെ നിന്നു തുടരുന്ന കുഞ്ഞുപൂച്ചയുടെ വിലാപങ്ങൾക്ക് നിസഹായതയുടെ ആഴം. ഭാഷാഭേദങ്ങളില്ലാതെ വിലാപങ്ങളുടെ അർഥം രക്ഷിക്കണേ എന്നു തന്നെയല്ലേ.
കുഞ്ഞുപൂച്ചയെ വിഴുങ്ങിയ ഫ്ളാറ്റ് വളപ്പിലെ പുറംമതിൽ തേടിയാണു യാത്ര. വഴിതെറ്റിയോ...സിസ്റ്റർമാരെ വിളിച്ചുനോക്കാം. ഡോക്ടർ തന്ന നമ്പറിൽ വിരൽവിന്യാസം.
മെയിൻ റോഡ് മുറിച്ചു നേരേ നടന്നാൽ ആകാശത്തേക്കെന്നപോലെ പടവുകളുളള വലിയ കെട്ടിടം.
പുതുമണ്ണ് ചിതറിപ്പരന്ന വഴിയോരം. കൂർത്ത അരികുള്ള പാറച്ചീളുകൾ സിസ്റ്റർ പറഞ്ഞ ഫ്ളാറ്റിന് അടുത്തെത്തി.സ്‌ഥലം ഇതുതന്നെ.
അതേ, ആ നിലവിളി ഇപ്പോഴുമുണ്ട് .
അതു നേർത്തും വളരെ ാവധാനം ഉയർന്നും തുടരുകയാണ്.
ഉള്ളിലുണ്ട് പൂച്ച.

രണ്ടടി വീതിയുള്ള കെട്ടായിരുന്നു അത്. കയ്യാലയിലെ പൊത്തിലിരുന്നതാവാം കുഞ്ഞുപൂച്ച മതിലുയർന്നത് അറിഞ്ഞിട്ടുണ്ടാവില്ല; പകൽനിദ്രയുടെ പടവുകളിലെങ്ങോ പതിവിനുമപ്പുറം ചാഞ്ഞിരുന്നതാവാം.
അറിഞ്ഞാലും പേടിച്ചു പമ്മിയിരിക്കാനേ അതിനാകുമായിരുന്നുള്ളൂ. അടുക്കിയ നിലയിലായിരുന്നു കരിങ്കല്ലുകൾ. സിമന്റ് പൂശിയിരുന്നില്ല.
പരസഹായമില്ലാതെ ഒരു രക്ഷപ്പെടൽ... അത് അസാധ്യമായിരുന്നു. ഒരു കല്ല് അല്പമൊന്നു നീക്കിവയ്ക്കുന്നതുകൊണ്ട് ആർക്കും നഷ്‌ടമൊന്നുമില്ലല്ലോ..ഡോക്ടറുടെ വാക്കുകൾ മനസു കവിഞ്ഞ് പുറത്തേക്കൊഴുകി.ഒരു വശത്തുനിന്നു പതിയെ കല്ലുകൾ ഇളക്കിമാറ്റി. നേരിയ ഇരുട്ടിന്റെ കുമ്പിളിൽ ഭീതിയുടെ കൺതിളക്കം.
അതാ, അവിടെ ഒരു കുഞ്ഞുപൂച്ച. തവിടിന്റെ നിറമാണ്. ഒന്നര മാസത്തിനപ്പുറം പോകില്ല പ്രായം. അപ്പോഴും കരയുന്നുണ്ടായിരുന്നു, പാവം..! കൽവിടവിലൂടെ കൈകൾ നീണ്ടു. പിടികിട്ടിയെന്ന് ഉറപ്പിച്ചതാണ്. അപ്പോഴേക്കും തല പൊത്തിലേക്കു വലിച്ചു.
എങ്ങനെയെങ്കിലും അതിനെ രക്ഷിക്കണം...

ആ സിസ്റ്റർമാരുടെ മനസു പറഞ്ഞത് എല്ലാ തടവറകളുടെയും കൽക്കെട്ടുകൾ കടന്നു പുറത്തുവന്നു, പ്രാർഥനയുടെ സ്പർശത്തിലെന്നപോലെ. അവർ മതിൽവിലാപങ്ങൾക്കു പലവട്ടം സാക്ഷികളായിരുന്നല്ലോ...അവർ രണ്ടുപേരാണ്, സിസ്റ്റർ ജോസിറ്റയും സിസ്റ്റർ സാന്ദ്രയും. മാങ്ങാനം എംഒസിയിലെ നാലാം വർഷ ദൈവശാസ്ത്ര വിദ്യാർഥികളാണ്. ലൈബ്രറിയിലേക്ക് പോകുകയായിരുന്നു രണ്ടു ദിവസം മുമ്പുള്ളപ്രഭാതത്തിൽ. കരിങ്കൽക്കെട്ടിനു സമീപമെത്തിയപ്പോൾ മറ്റു പലരെയുംപോലെ അവരും കേട്ടു കുഞ്ഞുപൂച്ചയുടെ കരച്ചിൽ.
കല്ലുകൾ നീക്കി രക്ഷിക്കാനാകുമോ... രണ്ടുപേരുംചേർന്ന് പലവട്ടം നോക്കി. വലിയ കല്ലുകൾ തെല്ലും നീങ്ങിയില്ല. പുസ്തകങ്ങളുമായി മടങ്ങുമ്പോഴും അതേ കരച്ചിൽ. അവർ അവിടെ നിന്നു.

അപ്പോൾ ആവഴി ഒരു ടെമ്പോവാൻ കടന്നുപോയി. കൈകാണിച്ചു വണ്ടി നിർത്തിച്ചു. അതിൽ രണ്ടു മൂന്നു ചെറുപ്പക്കാർ. കാര്യം പറഞ്ഞു. അതിനാണോ നേരം എന്ന മട്ടിൽ അവർ പാഞ്ഞുപോയി. ഫ്ളാറ്റിന്റെ വാതിൽപ്പുര സൂക്ഷിപ്പുകാരനിലായി അടുത്ത പ്രതീക്ഷ കുഞ്ഞുപൂച്ചയോട്് അയാൾക്കു മനസലിവു തോന്നിയാലോ. ‘മതിലിന്റെ ഉടമകളോട് ഒന്നു പറഞ്ഞുനോക്കാം’– സിസ്റ്റേഴ്സിനെ ആശ്വസിപ്പിക്കാനെന്ന മട്ടിൽ അയാൾ.


ഹൗസിലെത്തി കാര്യങ്ങൾ പറഞ്ഞു. സഹതപിക്കാൻ ആരും തിരിഞ്ഞുനിന്നില്ല. പ്രാർഥനകളുടെ ജപമാലകളിൽ രാത്രിമൗനങ്ങളുടെ വിരലനക്കം. രാവിറക്കങ്ങളിലെ സ്വപ്നങ്ങളിൽ ആകാശത്തോളം ഉയരുന്ന മതിൽ, *ഒരു കുഞ്ഞുപൂച്ചയുടെ ദുർബലമാകുന്ന കരച്ചിൽ.
രണ്ടു ദിവസത്തിനുശേഷമുള്ള പകൽ.
പുസ്തകം തിരിച്ചുവയ്ക്കാനുള്ള യാത്ര വീണ്ടും അതുവഴി.അതേ കരച്ചിൽ വീണ്ടും. ഒരു ജീവനല്ലേ... എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം. പക്ഷേ എങ്ങനെ?
സിസ്റ്റർ സാന്ദ്ര ചിന്തകളുടെ പ്രഭാതത്തിൽ സമർപ്പണത്തിന്റെ ശക്‌തിയായി.നടന്നോ അതോ ഓടിയോ ? ചില നിമിഷങ്ങൾക്കപ്പുറം അവർ സെമിനാരി മുറിയിലെത്തി. ഫാ. പോളി മണിയാട്ടിനോട് എല്ലാം പറഞ്ഞു. എന്തെങ്കിലും ചെയ്യാനാകുമോ? അവർക്കുമുമ്പേ കണ്ടവരുണ്ടാവാം. സഹതപിച്ചവരും...പൂച്ചയുടെ വേദന എങ്ങനെ കണ്ടില്ലെന്നു നടിക്കും. അതിനെ രക്ഷിക്കാനാവാതെ സങ്കടത്തിൽ നില്ക്കുന്ന ഈ കന്യാസ്ത്രീകളും വിഷമത്തിലാണല്ലോ.

പോളിയച്ചൻ നെറ്റ് സേർച്ച് ചെയ്ത് ഫ്രണ്ട്സ് ഓഫ് ആനിമൽസിന്റെ നമ്പറിൽ വിളിച്ചു. അങ്ങനെയാണ് കുഞ്ഞുപൂച്ചയുടെ വിലാപം ബിജു ഡോക്ടറിലെത്തിയത്. വെറ്ററിനറി സർജനാണു ഡോ. ബിജു. ഇത്തിരി മൃഗസ്നേഹമുള്ളതുകൊണ്ട് സുഹൃത്തുക്കളുമായി ചേർന്ന് ഒരു മൃഗക്ഷേമ സംഘടനയുണ്ടാക്കി.അനിമൽ വെൽഫെയർ ഓർഗനൈസേഷൻ. അവരുടെ തെരുവുനായ വന്ധ്യംകരണട്രെയിനിംഗ് നേടിയവരിൽ ജയകുമാറുമുണ്ടായിരുന്നു. ആ അടുപ്പത്തിന്റെ സ്വാതന്ത്ര്യത്തിലാണ് എന്നിൽ ഇതുപോലെ രക്ഷാദൗത്യങ്ങളുടെ നിയോഗമെത്തുന്നത്..

നാട്ടുകാരെ പേടിപ്പെടുത്തി അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിക്കാനും പോകാറുണ്ട്. ആരെങ്കിലും എന്തെങ്കിലും തന്നാൽ വാങ്ങും. പലപ്പോഴും ബിജു ഡോക്ടർ കൈയിൽ നിന്നു പണമെടുത്തു തരും, വണ്ടിക്കൂലിക്ക്... നായകളെ ചിലപ്പോൾ ചിലർക്കു വളർത്താൻ കൊടുക്കും. ഉപേക്ഷിക്കപ്പെടുന്ന നായകളുടെ കഴുത്തിൽ ബെൽറ്റ് മുറുകിയുണ്ടായ മുറിവുകൾ പതിവായിരിക്കും. പുഴുവരിച്ച വ്രണം വൃത്തിയാക്കി മരുന്നുപുരട്ടും. ഇപ്പോൾ വീട്ടിൽ രണ്ടു പട്ടി, ഒമ്പതു പൂച്ച. പിന്നെ കോഴി, താറാവ്.. കൈയിൽ കിട്ടിയിരുന്നെങ്കിൽ ഈ കുഞ്ഞുപൂച്ചയെയും കൂട്ടാമായിരുന്നു.

എങ്ങനെയെങ്കിലും പൂച്ചയ്ക്കു വഴിയൊരുക്കണം, ഒന്നുരണ്ടു കല്ലുകൾ ഇളക്കിമാറ്റി. കുഞ്ഞുപൂച്ചയ്ക്കു നടന്നിറങ്ങാൻ പോരുന്ന വലുപ്പത്തിൽ മതിലിൽ വിടവു തെളിഞ്ഞു. കണ്ടു. കല്ലുകൾക്കിടയിൽ അകത്തെ ഇരുട്ടിൽ തിളങ്ങുന്ന രണ്ടു പൂച്ചക്കണ്ണുകൾ. പക്ഷേ, പുറത്തിറങ്ങിയില്ല. പേടിച്ചിരിക്കുകയാണ് അകത്ത്. മുൻപരിചയമില്ലാത്തതുകൊണ്ടാണ് കുഞ്ഞുപൂച്ച അകത്തേക്കു കടന്നതെന്നു ഡോക്ടർ. ആളനക്കം അകലുമ്പോൾ അതു പതിയെ പുറത്തു വരും. അതാണു പൂച്ചയുടെ ഒരു രീതി. ശരി. തോന്നുമ്പോൾ താനേ ഇറങ്ങിവരട്ടെ. ബാക്കി കല്ലുകൾ പെറുക്കിയടുക്കി. പൂച്ചക്കുഞ്ഞിന് ഇറങ്ങിവരാനുള്ള സ്‌ഥലം ഒഴിച്ചിട്ടു.സിസ്റ്റേഴ്സിനെയും ഡോക്ടറെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ജയകുമാർ മടങ്ങിപ്പോയി.

ആ രാത്രിയിൽ പോളിയച്ചനും സിസ്റ്റർമാരും ബിജു ഡോക്ടറും ജയകുമാറും സമാധാനമായി ഉറങ്ങി. കരയാതെ നന്ദിപൂർവം ദേഹത്തോട് മുട്ടിയുരുമ്മിയിരിക്കുന്ന പൂച്ചക്കുഞ്ഞിന്റെ ഓർമയിൽ. പിറ്റേന്ന് സിസ്റ്റർ ജോസിറ്റയും സിസ്റ്റർ സാന്ദ്രയും ആ മതിൽകെട്ടിനു സമീപത്തുകൂടി നടന്നു. മതിൽക്കെട്ടിനുള്ളിൽനിന്നു കരച്ചിലില്ല. പൂച്ചക്കുഞ്ഞ് ഇറങ്ങിപ്പോയിരിക്കുന്നു. അതിപ്പോൾ എവിടെയായിരിക്കുമോ? സിസ്റ്റർ ജോസിറ്റയുടെ ആകാംക്ഷ. ദിവസങ്ങളോളം ഒറ്റയ്ക്കായിപ്പോയതിന്റെ കഥ അതിപ്പോൾ അമ്മയോടു പറയുകയായിരിക്കും. സിസ്റ്റർ സാന്ദ്രയുടെ ആത്മഗതം. മതിൽക്കെട്ടുകൾ കടന്ന് അവർ മുന്നോട്ടുനീങ്ങി.