കേരളം ഇതുവരെ
1956 നവംബർ ഒന്നിനു നിലവിൽ വന്ന കേരള സംസ്‌ഥാനത്തെ ഇതുവരെ ഭരിച്ചത് 11 മുഖ്യമന്ത്രിമാരാണ്. ഇഎംഎസ് നമ്പൂതിരിപ്പാടിൽ തുടങ്ങി ഉമ്മൻചാണ്ടിയിൽ എത്തിനിൽക്കുന്നു ആ ചിത്രം. 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 17 വരെ നടന്ന ഒന്നാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു ഭൂരിപക്ഷം. 1957 ഏപ്രിൽ അഞ്ചിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു. അതൊരു ചരിത്ര സംഭവം കൂടിയായിരുന്നു. ഇന്ത്യയിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സർക്കാരായിരുന്നു അത്. എന്നാൽ 1959 ജൂലൈ 31 വരെ മാത്രമാണ് ആദ്യ മന്ത്രിസഭയ്ക്ക് ആയുസുണ്ടായിരുന്നത്. പ്രതിപക്ഷം നടത്തിയ വിമോചന സമരത്തെ തുടർന്ന് രാഷ്ര്‌ടപതി ഇഎംഎസ് മന്ത്രിസഭയെ പുറത്താക്കുകയായിരുന്നു.

1960 ഫെബ്രുവരി ഒന്നിനു നടന്ന രണ്ടാം കേരള നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്–പിഎസ്പി സഖ്യത്തിനായിരുന്നു ഭൂരിപക്ഷം. 1960 ഫെബ്രുവരി 22ന് പിഎസ്പിയിലെ പട്ടംതാണുപ്പിള്ള മുഖ്യമന്ത്രിയായി. എന്നാൽ പഞ്ചാബ് ഗവർണറായി നിയമിതനായ പട്ടംതാണുപ്പിള്ള 1962 സെപ്റ്റംബർ 26ന് രാജി വയ്ക്കുകയും കോൺഗ്രസിലെ ആർ. ശങ്കർ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ പാർട്ടിയിലെ ഭിന്നിപ്പു മൂലം ശങ്കർ മന്ത്രിസഭയ്ക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 715 ദിവസമാണ് ശങ്കർ മന്ത്രിസഭയുടെ ആയുസ്. തുടർന്ന് 1964 സെപ്റ്റംബർ 10 മുതൽ 1965 മാർച്ച് 24 വരെ 195 ദിവസം കേരളം രാഷ്ട്രപതി ഭരണത്തിലായി.

കേരള നിയമസഭയിലേക്കുള്ള മൂന്നാം പൊതുതെരഞ്ഞെടുപ്പ് നടന്നത് 1965 ലാണ്. എന്നാൽ ആ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് രാഷ്ട്രപതി ഭരണം നീട്ടി. 1967 മാർച്ച് ആരുവരെ രാഷ്ട്രപതി ഭരണം നീണ്ടു.

1967 ലെ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള മുന്നണി ഭൂരിപക്ഷം നേടി. ഇഎംഎസ് നമ്പൂതിരിപ്പാട് രണ്ടാംതവണയും മുഖ്യമന്ത്രിയായി. മുന്നണിയിലെ പടലപിണക്കങ്ങൾ മൂലം 1969 ഒക്ടോബറിൽ മന്ത്രിസഭ അധികാരത്തിൽനിന്നും പുറത്തായി. 971 ദിവസമാണ് രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ ആയുസ്.

1969 നവംബർ ഒന്നിനു അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. മുന്നണിയിലെ പ്രശ്നങ്ങൾ മൂലം മുഖ്യമന്ത്രിയുടെ ശിപാർശയെ തുടർന്ന് 1970 ജൂൺ 26ന് നിയമസഭ പിരിച്ചുവിട്ടു.

1970 സെപ്റ്റംബർ 17ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. 1977 മാർച്ച് 25വരെ അച്യുതമേനോൻ മന്ത്രിസഭ കേരളത്തിന്റെ ഭരണചക്രം തിരിച്ചു.

അഞ്ചാം പൊതുതെരഞ്ഞെടുപ്പ് നടന്നത് 1977 മാർച്ച് 19നായിരുന്നു. ഇതിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി 111 സീറ്റ് നേടി അധികാരമേറ്റു. 1977 മാർച്ച് 25ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായി. 33 ദിവസത്തെ ഭരണത്തിനുശേഷം കരുണാകരന് രാജിവച്ചൊഴിയേണ്ടിവന്നു. രാജൻ കേസിലുണ്ടായ പ്രതികൂല വിധിയെത്തുടർന്നാണ് കരുണാകരൻ രാജിവച്ചത്. തുടർന്ന് 1977 ഏപ്രിൽ 27ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി അധികാരമേറ്റു. പാർട്ടിയിലെ പടലപിണക്കങ്ങളും അതുമൂലമുണ്ടായ ചില തീരുമാനങ്ങളിലും പ്രതിഷേധിച്ച് 1978 ഒക്ടോബർ 27ന് ആന്റണി രാജിവച്ചു. തുടർന്ന് 1978 ഒക്ടോബർ 29ന് സിപിഐ നേതാവ് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി അധികാരമേറ്റു. 1979 ഒക്ടോബർ ഏഴിന് പി.കെ. വാസുദേവൻ നായർ രാജിവച്ചു. മുഖ്യമന്ത്രിയായി പി.കെ.വി. അധികാരത്തിലുണ്ടായത് 348 ദിവസം. 1979 ഒക്ടോബർ 12ന് മുസ്ലിംലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. 54 ദിവസമാണ് സിഎച്ച് മുഖ്യമന്ത്രി കസേരയിലിരുന്നത്.

ആറാം കേരള നിയമസഭയിലേക്ക് 1980 ജനുവരി 21നാണ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഎം നേതൃത്വം കൊടുത്ത ഇടതുമുന്നണി അധികാരത്തിലെത്തി. ജനുവരി 25ന് ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. കോൺഗ്രസിലെ ആന്റണി വിഭാഗവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും നൽകിയ പിന്തുണയോടെയാണ് നായനാർ മന്ത്രിസഭ അധികാരത്തിലെത്തിയത്. എന്നാൽ ഇരുവിഭാഗവും പിന്തുണ പിൻവലിച്ചതോടെ 1981 ഒക്ടോബർ 16ന് നായനാർ സർക്കാർ അധികാരമൊഴിഞ്ഞു. തുടർന്ന് കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1981 ഡിസംബർ 28ന് അധികാരമേറ്റു. 79 ദിവസം മാത്രമാണ് മന്ത്രിസഭയുടെ ആയുസ്. 1982 മാർച്ച് 17ന് മന്ത്രിസഭ നിലംപതിച്ചു. തുടർന്ന് മാർച്ച് 17 മുതൽ മേയ് 24 വരെ 68 ദിവസം കേരളത്തിൽ രാഷട്രപതി ഭരണം ഏർപ്പെടുത്തി.


1982 മേയ് 19നാണ് ഏഴാം കേരള നിയമസഭയിലേക്കു തെരഞ്ഞെടുപ്പ് നടന്നത്. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ 1982 മേയ് 24ന് അധികാരത്തിലെത്തി. 1987 മാർച്ച് 26വരെ മന്ത്രിസഭ അധികാരത്തിലിരുന്നു.

1987ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരമേറ്റു. 1987 മാർച്ച് 26ന് ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. 1991 ഏപ്രിൽ അഞ്ചിന് മന്ത്രിസഭയുടെ ശിപാർശയെ തുടർന്ന് ഗവർണർ നിയമസഭ പിരിച്ചുവിട്ടു.

എന്നാൽ തുടർന്ന് നടന്ന 1991ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽകൈനേടി. 1991 ജൂൺ 24ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായി യുഡിഎഫ് സർക്കാർ അധികാരമേറ്റു. എന്നാൽ ചാരക്കേസിലെ കോളിളക്കത്തെ തുടർന്ന് 1995 മാർച്ച് 16ന് കെ. കരുണാകരൻ രാജിവച്ചു. തുടർന്ന് 1995 മാർച്ച് 22ന് എ.കെ. ആന്റണി മുഖ്യമന്ത്രി കസേരയിലെത്തി.

1996ലെ തെരഞ്ഞെടുപ്പിൽ അധികാരം എൽഡിഎഫിന് ലഭിച്ചു. 1996 മേയ് 20ന് ഇ.കെ. നായനാരുടെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റു.

അടുത്ത പൊതുതെരഞ്ഞെടുപ്പ് 2001 മേയ് പത്തിനായിരുന്നു. യുഡിഎഫ് 99 സീറ്റ് നേടി അധികാരം പിടിച്ചെടുത്തു. എ.കെ. ആന്റണി മുഖ്യമന്ത്രിയായി. 2004 ഓഗസ്റ്റ് 29ന് ആന്റണി രാജിവച്ചു. തുടർന്ന് 2009 ഓഗസ്റ്റ് 31ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി.

2006ലെ പൊതുതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യക്‌തമായ മേൽക്കൈനേടി അധികാരം പിടിച്ചു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി.

2011ൽ പൊതുതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറി. നേരിയ ഭൂരിപക്ഷത്തിൽ ഭരണം തുടങ്ങിയ ഉമ്മൻചാണ്ടി സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കിയാണ് 2016 മേയ് 16ന് പൊതുതെരഞ്ഞെടുപ്പ് നടന്നത്.

<യ> നമ്മുടെ മുഖ്യമന്ത്രിമാർ

<യ> ഇഎംഎസ്
നമ്പൂതിരിപ്പാട് (1957 ഏപ്രിൽ 5– 1959 ജൂലൈ 31, 1967 മാർച്ച് 6– 1969 നവംബർ 1)

<യ> പട്ടം താണുപ്പിള്ള
(1960 ഫെബ്രുവരി 22 – 1962 സെപ്റ്റംബർ 26)

<യ> ആർ. ശങ്കർ
(1962 സെപ്റ്റംബർ 26 – 1964 സെപ്റ്റംബർ 10)

<യ> സി. അച്യുതമേനോൻ (1969 നവംബർ 1 –
1970 ഓഗസ്റ്റ് 1, 1970 ഒക്ടോബർ 4 – 1977 മാർച്ച് 25)

<യ> കെ. കരുണാകരൻ
(1977 മാർച്ച് 25 – 1977 ഏപ്രിൽ 25, 1981 ഡിസംബർ 28 – 1982 മാർച്ച് 17, 1982 മേയ് 24 – 1987 മാർച്ച് 25, 1991 ജൂൺ 24 – 1995 മാർച്ച് 16)

<യ> എ.കെ. ആന്റണി
(1977 ഏപ്രിൽ 27 – 1978 ഒക്ടോബർ 27, 1995 മാർച്ച് 22 – 1996 മേയ് 9, 2001 മേയ് 17 – 2004 ഓഗസ്റ്റ് 29)

<യ> പി.കെ. വാസുദേവൻ നായർ
(1978 ഒക്ടോബർ 29 – 1979 ഒക്ടോബർ 7)

<യ> സി.എച്ച്. മുഹമ്മദ് കോയ
(1979 ഒക്ടോബർ 12 – 1979 ഡിസംബർ 1)

<യ> ഇ.കെ. നായനാർ
(1980 ജനുവരി 25 – 1981 ഒക്ടോബർ 20, 1987 മാർച്ച് 26 – 1991 ജൂൺ 17, 1996 മേയ് 20 – 2001 മേയ് 13)

<യ> വി.എസ്. അച്യുതാനന്ദൻ
(2006 മേയ് 18 – 2011 മേയ് 14)

<യ> ഉമ്മൻചാണ്ടി
(2004 ഓഗസ്റ്റ് 31 – 2006 മേയ് 18, 2011 മേയ് 18 –2106 )

<യ> –ഷിജു ചെറുതാഴം