നാടിനെ നടുക്കിയ ക്രൂരത
ഡൽഹിയിലെ നിർഭയയിലൂടെയാണ് അന്നു നാം ആ ഭീകരത തിരിച്ചറിഞ്ഞത്. ഇന്നിതാ ജിഷയുടെ ജീവിതവും കവർന്നിരിക്കുന്നു. നിർഭയയെ പോലെ, കൊല്ലുക മാത്രമായിരുന്നില്ല വീണ്ടും വീണ്ടും കൊല്ലുകയായിരുന്നു ജിഷയെയും. എന്നിട്ടോ..? ആഴ്ചകളോളം പ്രതിയെത്തേടി നമ്മൾ ഇരുട്ടിൽത്തപ്പി. പട്ടാപ്പകൽ നടന്ന ഒരു കൊലപാതകത്തിന്റെ പ്രതിയെ പിടിക്കാൻ വൈകുന്നത് ഓരോ ദിവസവും ജനത്തിന് ആശങ്കയുടെ നിമിഷങ്ങളാണു സമ്മാനിച്ചത്.

നാടിനെ നടുക്കിയ രാത്രി 2016 ഏപ്രിൽ 28

അന്നത്തെ രാത്രിയെക്കുറിച്ച് ഇരിങ്ങോൾ ഗ്രാമവാസികൾക്ക് ഓർക്കാൻ പോലും ഭയമാണ്. അന്നാണു നിയമവിദ്യാർഥിനിയായ ജിഷയെന്ന പെൺകുട്ടി അതിദാരുണമായി കൊല്ലപ്പെട്ട രാത്രി. കനാൽ ബണ്ടിലെ പുറംമ്പോക്കിൽ ഒറ്റമുറി വീട്ടിൽ അമ്മ രാജേശ്വരിയും കൊല്ലപ്പെട്ട ജിഷയും മാത്രമാണ് താമസിച്ചിരുന്നത്. സംഭവദിവസം ജോലികഴിഞ്ഞെത്തിയ അമ്മയാണ് മകൾ ക്രൂരമായി കൊല ചെയ്യപ്പെട്ടതിന്റെ ആദ്യ ദൃക്സാക്ഷി. ശ്വാസം മുട്ടിച്ചും മർദിച്ചും കൊലപ്പെടുത്തി. വയർ കുത്തികീറി കുടൽമാല പുറത്തെടുത്തു. മുപ്പതിലധികം മാരക മുറിവുകൾ, നെഞ്ചിൽ ആഴത്തിൽ കത്തി കുത്തിയിറക്കി. ഭീഭത്സമായ ഈ രംഗങ്ങൾക്ക് സാക്ഷിയാകാൻ രാത്രി എട്ടരയോടെ കുറുപ്പംപടി പോലീസ് എത്തി. മരണം സ്‌ഥിരീകരിച്ച പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മെഡിക്കൽ കോളജിൽ എത്തിച്ചു.

ദുരൂഹതയാർന്ന ശവസംസ്കാരം

പോലീസിന്റെ ക്രൈം ഡയറിയിൽ ഇതൊരു സാധാരണ കൊലപാതകമായി ഇടം പിടിച്ചു. അരുംകൊലയുടെ വാർത്തകൾ പുറം ലോകമറിഞ്ഞില്ല. പിറ്റേ ദിവസം മൃതദേഹം പോസ്റ്റുമോർട്ട നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തപ്പോൾ നേരം ഏറെ വൈകി. ഇന്നുതന്നെ ദഹിപ്പിക്കാമെന്നു പോലീസും ചില നാട്ടുകാരും. ഒടുവിൽ അങ്ങനെ നിയമം ലംഘിച്ചു പെരുമ്പാവൂർ നഗരസഭയുടെ പൊതുശ്മശാനത്തിന്റെ വാതിൽ രാത്രി ഒൻപതിനു ജിഷയുടെ സംസ്കാരത്തിനായി തുറന്നുകൊടുത്തു. ചിതയിലെ ആളിക്കത്തുന്ന തീയിൽ നിന്നുയരുന്ന പുകപടലം പോലെ ദുരൂഹതകളും പറന്നകലുമെന്ന പ്രതീക്ഷയിലാണു പലരും പിരിഞ്ഞത്. എന്നാൽ, കത്തിയെരിഞ്ഞടങ്ങിയ ചിതയിലെ ചാര കൂമ്പാരത്തിൽ നിന്നും ആ നിഷ്ഠൂര കൊലപാതകത്തിന്റെ പൊടിപടലങ്ങൾ കുതിച്ചുയർന്നു.

ഇടതു– വലതു അന്വേഷണ സംഘങ്ങൾ

യുഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിലായിരുന്നു ഈ ദുരന്തത്തിന്റെ അരങ്ങേറ്റം. പോലീസ് സംശയങ്ങൾ അടക്കിവച്ചു. അപ്പോഴേക്കും ജിഷയുടെ സഹപാഠികളും മാധ്യമങ്ങളും ഇത് ഏറ്റെടുത്തിരുന്നു. ഡൽഹി നിർഭയ കേസ് പോലെ രാജ്യമാകെ കത്തിപടർന്നു. ജനത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ സർക്കാർവക പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു.

എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ടീം അന്വേഷണം ആദ്യം മുതൽ തുടങ്ങി. പ്രതി ഉടൻ പിടിയിലാകുമെന്നാണ് ആദ്യ ദിവസങ്ങളിലെല്ലാം പോലീസ് പറഞ്ഞുകൊണ്ടിരുന്നത്. കാര്യമായ തെളിവുകളൊന്നും കിട്ടാതെ വന്നപ്പോൾ സമീപവാസികൾ നൽകിയ മൊഴിയനുസരിച്ച് പ്രതിയുടെതെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കി കാര്യമായ പ്രതികരണം ലഭിക്കാത്തതിനാൽ അന്വേഷണം മറ്റുവഴികളിലേക്കു തിരിഞ്ഞു.


ഇതിനിടയിൽ കേരളത്തിന്റെ ഭരണം ഇടതു മുന്നണിയുടെ കൈകളിലായി. അധികാരമേറ്റയുടനെ നിലവിലെ അന്വേഷണസംഘത്തെ അടിമുടി മാറ്റി. അവരും വരപ്പിച്ചു ഒരു മഞ്ഞഷർട്ടുകാരന്റെ രേഖാചിത്രം.

പഴയതിനെക്കാൾ പ്രതികരണം ഈ ചിത്രത്തിനു കിട്ടി. അമ്പതോളം പേരെയാണു ചിത്രത്തോടു സാദൃശ്യം തോന്നി പ്രതികളെന്നും പറഞ്ഞു കേരളമൊട്ടാകെ പോലീസ് പിടിച്ചു നൽകിയത്. രക്‌തസാമ്പിളുകൾ ശേഖരിച്ച് ഇവരെയെല്ലാം പോലീസ് വിട്ടയച്ചുകൊണ്ടുമിരുന്നു. അതിനിടയിലാണു കുറുപ്പംപടി വട്ടോളിപ്പടി ജംഗ്ഷനിലെ കടയിൽ സ്‌ഥാപിച്ച നിരീക്ഷണ കാമറയിൽ ജിഷയെ പോലെ തോന്നിക്കുന്ന യുവതിയെ ഒരു മഞ്ഞഷർട്ടുധാരി പിന്തുടരുന്ന ദൃശ്യം പതിയുന്നത്. ദൃശ്യങ്ങൾ വ്യക്‌തമല്ലാത്തതുകൊണ്ട് അതിലും അന്തിമ തീരുമാനമായില്ല. സാദൃശ്യക്കാരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പെരുമ്പാവൂരിലെ അന്വേഷണ സംഘത്തിന്റെ ക്യാമ്പിൽ എത്തിച്ചു ചോദ്യം ചെയ്തു.

ഒടുവിൽ പോലീസിന് കച്ചിത്തുരുമ്പായി കൊല്ലപ്പെട്ട ജിഷയുടെ വീടിനു സമീപത്തു നിന്നു കിട്ടിയ ചെരുപ്പ് തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ പരിശോധിച്ച റിപ്പോർട്ട് ലഭിച്ചു. ചെരുപ്പിലെ രക്‌തം ജിഷയുടേതാണെന്നു സ്‌ഥിരീകരിക്കുകയും ചെയ്തു.

അത്തരം ചെരുപ്പുകൾ ഇതര സംസ്‌ഥാന തൊഴിലാളികളാണ് സാധാരണയായി ഉപയോഗിക്കുന്നത്. മാത്രമല്ല, അതിൽ സിമന്റിന്റെയും മറ്റും അംശങ്ങൾ ഉണ്ടായിരുന്നു. അതോടെ അന്വേഷണത്തിൽ വഴിത്തിരിവായെന്നു പറയാം. പശ്ചിമബംഗാൾ, ആസാം, ഒറീസ തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നേരിട്ടെത്തി അന്വേഷിച്ചതാണെങ്കിലും ആദ്യഘട്ടത്തിൽ പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.

ജിഷവധത്തിലെ രാഷ്ട്രീയം

സംഭവം ആദ്യം പ്രതികൂട്ടിലാക്കിയത് സിപിഎമ്മിന്റെ പെരുമ്പാവൂർ എംഎൽഎയായിരുന്ന സാജുപോളിനെയാണ്. ജിഷയുടെ കൊലപാതകത്തിനു ശേഷം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കഴിയുന്ന അമ്മ രാജേശ്വരിയെ കാണാനെത്തിയ അന്നത്തെ പ്രതിപക്ഷ നേതാവിനോടു സാജു പോളിനെക്കുറിച്ച് അതിരൂക്ഷമായിട്ടാണ് അവർ പ്രതികരിച്ചത്. തെരഞ്ഞെടുപ്പു കാലമായതിനാൽ ഇതിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ലഭിക്കുകയും ചെയ്തു. മൂന്നുവട്ടം എംഎൽഎയായിരുന്ന സാജുപോളിന്റെ ഇത്തവണത്തെ പരാജയത്തിന്റെ കാരണങ്ങളിൽ ഒന്നായി ഒടുവിൽ ജിഷവധം മാറി.

മുതിർന്ന കോൺഗ്രസ് നേതാവിനെയും മുൾമുനയിൽ നിർത്തി ഈ കൊലപാതകം. നേതാവിനു പങ്കുണ്ടെന്നു കാണിച്ചു പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ആരോപണം ഉന്നയിച്ചപ്പോൾ കോൺഗ്രസ് നേതൃത്വവും വിയർത്തു. ഒടുവിൽ പരാതിക്കാരനെതിരേ ഒരു കോടിയുടെ മാനനഷ്‌ടക്കേസിനു വക്കിൽ നോട്ടീസ് അയച്ച് നീതി കാത്തിരിക്കുകയാണ് ഈ കോൺഗ്രസ് നേതാവ്.

ജിഷ ഭവനിൽ ഇനി?

നാടിനെ നടുക്കിയ ദാരുണ കൊലപാതകത്തിൽ പ്രതിഷേധത്തോടൊപ്പം സാഹയങ്ങളുമെത്തി. പാതി പണിതു നിർത്തിയ പുതിയ വീട് സർക്കാർ ഏറ്റെടുത്തു നിർമാണം പൂർത്തിയാക്കി വരുന്നു. സഹോദരി ദീപയ്ക്കു സർക്കാർ ജോലി നൽകി. അമ്മ ഇപ്പോഴും സർക്കാർ സംരക്ഷണയിൽ തന്നെയാണ്. കളക്ടർ രൂപീകരിച്ച സഹായ ഫണ്ടിലേക്കു ലക്ഷങ്ങൾ ലഭിക്കുന്നുണ്ട്. പുതിയ വീടിന്റെ പണി പൂർത്തിയായാൽ ജിഷയില്ലാത്ത ഭവനത്തിലേക്കു മാതാവ് മാറും. കുടുംബവുമായി ബന്ധം നേരത്തെ ഉപേക്ഷിച്ച പിതാവ് പാപ്പു തനിച്ചാണു താമസം.

<യ> –റിയാസ് കുട്ടമശേരി