തെക്കിന്റെ കാഷ്മീരിൽ ആപ്പിൾ വസന്തം
മറയൂർ: തെക്കിന്റെ കാഷ്മീർ ആപ്പിൾ വസന്ത ത്തിനൊങ്ങി. ശീതകാ ല പച്ചക്കറിക്കൊപ്പം കേരളത്തിൽ ആപ്പിൾ വിളയുന്ന ഏകസ്‌ഥലമാണ് കാന്തല്ലൂർ. മഴനിഴൽ പ്രദേശമായ മറയൂരിനടുത്താണ് കാന്തല്ലൂർ. മറയൂരിൽ നിന്ന് 14 കിലോമീറ്റർ സഞ്ച രിച്ചാൽ കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങളിലെത്താം. കേരളത്തിൽ ഇത്രയധികം ആപ്പിൾ വിളയുന്ന മറ്റൊരു സ്‌ഥലമില്ലെന്നതാണ് പ്രത്യേകത.

ഭംഗിയും ഗുണവും നിറഞ്ഞ കാഷ്മീർ, ഹിമാചൽ ആപ്പിളുകൾ കേരളത്തിലെ മാർക്കറ്റുകളിൽനിന്ന് മറയുകയും ഇറക്കുമതി ഉത്പന്നങ്ങൾ മാർക്കറ്റ് കീഴടക്കുകയും ചെയ്തപ്പോഴാണ് കാന്തല്ലൂർ ആപ്പിൾ വിളവെടുപ്പിനൊങ്ങുന്നത്.

വർഷത്തിൽ ഒരുതവണമാത്രം വിളവുതരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾതേടി സഞ്ചാരികൾ വന്നുതുടങ്ങി.

അരയേക്കർ മുതൽ അഞ്ചേക്കർവരെ സ്‌ഥലങ്ങളിൽ ആപ്പിൾ കൃഷി നടത്തുന്ന കർഷകർ ഇവിടെയുണ്ട്. ചില്ലകൾ നിറയെ കുലച്ചുകിടക്കുന്ന വിവിധ ഇനത്തിലുള്ള ആപ്പിളുകളുടെ വിളവെടുപ്പ് ഈമാസം ആരംഭിക്കും. ശരാശരി ഒരുമരത്തിൽനിന്ന് 35 കിലോഗ്രാം വരെ പഴങ്ങൾ ലഭിക്കുമെന്ന് കർഷകർ പറയുന്നു.


ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെയുള്ളത്. വലിപ്പത്തിൽ ഇടത്തരക്കാരാണെങ്കിലും ഇവ നേരിൽ കാണാനും തൊട്ടറിയാനും കൃഷിക്കാർ സൗകര്യം ഒരുക്കിയിരിക്കുന്നതും ജൈവവളം ഉപയോഗിക്കുന്നതും ഓരോവർഷവും ഇതിന് ഡിമാൻഡ് കൂട്ടുന്നുണ്ട്.

കാന്തല്ലൂരിലെ ചീനി ഹിൽസ് ഫാമിലാണ് ഏറ്റവുമധികം ആപ്പിൾ മരങ്ങളുള്ളത്. കൂടാതെ തോപ്പിൽ പി.ടി. മാഷ്, കൊച്ചുമണ്ണിൽ ബാബു, ഐസക്, എട്ടിൽ കുര്യൻ, പെരുമാൾ സാമി തുടങ്ങിയവരുടെ ക്യഷിയിടങ്ങളിലുമാണ് ആപ്പിൾ ഉള്ളത്.

ആപ്പിളിനൊപ്പം പ്ലംസ്, സ്ട്രോബറി, സബർജിൽ, പാഷൻ ഫ്രൂട്ട്, ഓറഞ്ച്, എഗ് ഫ്രൂട്ട്, മാതള നാരങ്ങ, മരത്തക്കാളി, പിച്ചീസ് തുടങ്ങിയ പഴവർഗങ്ങളും ഇവിടെ ധാരാളമായി കൃഷിചെയ്തു വരുന്നുണ്ട്. കാന്തല്ലൂർ പഞ്ചായത്തിലെ കുളച്ചിവയൽ, കാന്തല്ലൂർ, കീഴാന്തൂർ, പെരുമല, പുത്തൂർ തുടങ്ങിയ മേഖലകളിലാണ് പഴം പച്ചക്കറി തോട്ടങ്ങൾ ധാരാളമായുള്ളത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്നവരാണ് ഈ പ്രദേശത്തെ കർഷകർ.