ഈദിന്റെ നന്മ
ഈദിന്റെ നന്മ
പടിഞ്ഞാറിന്റെ ചക്രവാളത്തിൽ ശവ്വാലിന്റെ പൊന്നമ്പിളി ദൃശ്യമായി. മുസ്ലിം സമൂഹം ഈദുൽഫിത്വറിന്റെ ആഘോഷത്തിലേക്ക്. അല്ലാഹു അക്ബർ, അല്ലാഹു അക്ബർ... വലില്ലാഹിൽഹംദ്. ഒരു മാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്ക് ഈദിന്റെ സുദിനം എത്തിയതോടെ സമാപനമായിരിക്കുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചും തെറ്റുകളിൽ നിന്ന് അകന്നുനിന്നും നന്മകൾ വർധിപ്പിച്ചും സ്രഷ്‌ടാവിന്റെ കല്പനകളെ ശിരസാവഹിച്ച വിശ്വാസി സമൂഹത്തിന് ഈദിന്റെ സുദിനം ആഘോഷത്തിന്റേതാണ്. നോമ്പുകാലം വിശ്വാസിക്ക് തികഞ്ഞ ആത്മസമർപ്പണത്തിന്റെ കാലമായിരുന്നു. അതേസമയം ഈദിന്റെ ദിനമാവട്ടെ, ആത്മനിർവൃതിയുടേതും.
ആഘോഷമെന്നാണ് ഈദിന്റെ അർഥം. വിശ്വാസി സമൂഹത്തോട് ഇസ്ലാം കല്പിക്കുന്ന രണ്ട് ആഘോഷങ്ങളാണ് ചെറിയ പെരുന്നാൾ അഥവാ ഈദുൽ ഫിത്വറും, വലിയ പെരുന്നാൾ അഥവാ ഈദുൽ അസ്ഹയും. ഈ രണ്ടു ദിനത്തിലും പരിധി ലംഘിക്കാതെ ആഘോഷിക്കാൻ മതം അനുവദിക്കുന്നു. ദരിദ്രവീടുകളിൽപോലും ദാരിദ്ര്യത്തിന്റെ കണിക കാണാൻ കഴിയാത്ത സമത്വസുന്ദര സാഹോദര്യ സുദിനമായിരിക്കണം ഈദിന്റെ സുദിനം. പെരുന്നാൾ ദിവസം ഒരൊറ്റ ഭവനവും ദാരിദ്ര്യത്തിൽ കഴിയരുതെന്ന സന്ദേശം നൽകുന്നതിനു കൂടിയാണ് ഫിത്വർ സക്കാത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. റംസാൻ വ്രതാനുഷ്ഠാനത്തിലെ പാകപ്പിഴവുകൾ പരിഹരിക്കുന്നതിനു വേണ്ടി ഫിത്വർ സക്കാത്ത് നൽകാൻ മതം അനുശാസിക്കുന്നു. ജനിച്ചുവീണ കുഞ്ഞിനു വരെ നിർബന്ധമാകുന്ന ഫിത്വർ സക്കാത്തിന് ഇസ്ലാമിൽ വലിയ സ്‌ഥാനമുണ്ട്. ഫിത്വർ സക്കാത്ത് നൽകിയശേഷമായിരിക്കണം പെരുന്നാൾ നമസ്കാരത്തിനായി പള്ളിയിലേക്കും ഈദ്ഗാഹുകളിലേക്കും വിശ്വാസികൾ പോകാൻ.
പെരുന്നാൾ ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യകർമമാണു പെരുന്നാൾ നമസ്കാരം. അന്നേദിവസം പുത്തൻ ഉടുപ്പണിഞ്ഞ് കുളിച്ചു ശുദ്ധിവരുത്തി സുഗന്ധവസ്തുക്കൾ പൂശി തക്ബീർ ചൊല്ലി വേണം നമസ്കാരത്തിനായി പോകാൻ. വിശുദ്ധ റംസാൻ മാസത്തെ ആദരിക്കാൻ കഴിഞ്ഞതിന് അല്ലാഹുവിനു തക്ബീർ ചൊല്ലി നന്ദി അർപ്പിച്ചാണ് ഓരോ വിശ്വാസിയും ഈദ് ദിനത്തിലൂടെ കടന്നുപോകുന്നത്. അല്ലാഹുവാണ് വലിയവൻ, മഹത്വമത്രയും അവനാണ്. ഇതാണ് തക്ബീറിന്റെ സാരാംശം. പെരുന്നാൾ ഉറച്ചതുമുതൽ നമസ്കാരത്തിലേക്ക് പ്രവേശിക്കുന്നതുവരെ തക്ബീർ മുഴങ്ങുന്നു.

ഈദ് ദിനത്തിൽ വ്രതാനുഷ്ഠാനം പാടില്ലെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. മുപ്പതു ദിവസം നോമ്പെടുത്തതല്ലേ, പെരുന്നാൾ ദിവസവും നോമ്പെടുത്തേക്കാം എന്നു നിശ്ചയിക്കാൻ വിശ്വാസിക്ക് അനുവാദമില്ലെന്ന് അർഥം. ബന്ധുമിത്രാദികളെ സന്ദർശിച്ചും സൗഹൃദം പുതുക്കിയും ഈദ് ആശംസകൾ പരസ്പരം കൈമാറിയും ഈ ദിവസത്തെ വിശ്വാസികൾ സന്തോഷപ്രദമാക്കുന്നു. രോഗികളെ സന്ദർശിക്കുന്നതിനും മരിച്ചുപോയവർക്കായി പ്രാർഥിക്കുന്നതിനും അവർ സമയം കണ്ടെത്തുന്നു. ഒരു മാസക്കാലം കൊണ്ട് നേടിയെടുത്ത ആത്മവിശുദ്ധിയും മാനസിക സംസ്കരണവും ഈദ് ദിനത്തിൽ നഷ്‌ടമാവുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ വിശ്വാസി ശ്രദ്ധിക്കേണ്ടതാണ്. അന്യരുടെ സങ്കടങ്ങൾ സ്വന്തം സങ്കടങ്ങളായി കണ്ട് അവർക്ക് ആശ്വാസം പകർന്നുകൊണ്ടാവണം ഈദാഘോഷം. റംസാൻ മാസത്തിൽ ഒരുപാട് പുണ്യങ്ങൾ കൊയ്തെടുത്തുവെന്ന ചാരിതാർഥ്യത്തോടെ വേണം ഈ ദിനം ആഘോഷിക്കാൻ.
മഹത്വങ്ങളുടെ ദിനരാത്രങ്ങളാണ് കഴിഞ്ഞുപോയത്. അതിനാൽ തന്നെ വിശ്വാസിക്ക് റംസാൻ വേർപിരിയുന്നത് ദു:ഖകരം തന്നെ. അടുത്ത റംസാനിലും ആരാധനകളിൽ പങ്കാളികളാകാൻ അവരുടെ മനസ് ആഗ്രഹിക്കും. ഒരു മാസക്കാലം നാഥനുവേണ്ടി ആരാധനാകർമങ്ങളിൽ മുഴുകിയത് ഓർക്കുമ്പോൾ തന്നെ അവർ ആഹ്ലാദവാൻമാരാകും. മഹത്തരവും എന്നാൽ ക്ലേശകരവുമായ ഒരു നിർബന്ധകർമം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈദ്. വിശ്വസാഹോദര്യത്തിന്റെ വക്‌താക്കളെന്ന നിലയ്ക്ക് പരസ്പരമുള്ള കൊടുക്കൽ വാങ്ങലിലൂടെ ഇതര മതസ്‌ഥരോടും സമുദായങ്ങളോടും സ്നേഹവും വിശ്വാസവും സഹകരണവും ഊട്ടിയുറപ്പിക്കാനും ഈദ് നമുക്ക് പ്രചോദനമാവണം.

–നിയാസ് മുസ്തഫ<െ്യേഹല>.മ8ഷ9രുീശെശേീി:മയെീഹൗലേ;രഹശു:ൃലരേ(476ുഃ,മൗേീ,മൗേീ,476ുഃ);*<റശ് രഹമൈ=മ8ഷ9><മ വൃലള=വേേു://ാമശെസുമ്യറമ്യഹീമിെ.രീാ >ുമ്യറമ്യ ഹീമിെ<െ്യേഹല>.മ8ഷ9രുീശെശേീി:മയെീഹൗലേ;രഹശു:ൃലരേ(476ുഃ,മൗേീ,മൗേീ,476ുഃ);*<റശ് രഹമൈ=മ8ഷ9><മ വൃലള=വേേു://ാമശെസുമ്യറമ്യഹീമിെ.രീാ >ുമ്യറമ്യ ഹീമിെ