ഹരീഷ് നഞ്ചപ്പ ഇവിടെയുണ്ട്...!
ഹരീഷ് നഞ്ചപ്പ ഇവിടെയുണ്ട്...!
ഹരീഷ് നഞ്ചപ്പ ഒരു സിനിമാതാരമല്ല. രാഷ്്ട്രീയക്കാരനല്ല. പ്രശസ്തി ലഭിക്കത്തക്കതായ ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. ഇടത്തരം കുടുംബത്തിൽ ജനിച്ച ഏതൊരാളെയും പോലെ സ്വന്തം കുടുംബം പുലർത്താൻ കഷ്‌ടപ്പെടുന്ന ഒരു യുവാവ്. പക്ഷേ, കർണാടകയിലെ തുമകുരു ജില്ലയിലെ കരേഗൗഡനഹള്ളി ഗ്രാമത്തിന് 25കാരനായ ഹരീഷ് ഹീറോയാണ്. വരുന്ന തലമുറകൾക്കു വേണ്ടിയുള്ള മനുഷ്യസ്നേഹത്തിന്റെ വലിയ മാതൃക. എന്നാൽ സ്വന്തം ഗ്രാമീണരുടെ ഈ സ്നേഹം കാണാൻ ഹരീഷ് ഇന്നില്ല. മരണത്തിലേക്കു അടിവച്ചു നീങ്ങുമ്പോൾ ഹരീഷ് പറഞ്ഞ മൂന്നു വാക്കുകളാണ് ഇന്ന് ലോകത്തെ മുഴുവൻ ഈ കൊച്ചുഗ്രാമത്തിലെത്തിച്ചത്. അപകടത്തിൽ ശരീരം രണ്ടായി മുറിഞ്ഞ് നടുറോഡിൽ ചോരവാർന്നു കിടന്നപ്പോഴും ആ ചെറുപ്പക്കാരൻ ഉറക്കെ വിളിച്ചുപറഞ്ഞത് തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നായിരുന്നു.

<ആ>വിധി ട്രക്കിന്റെ രൂപത്തിലെത്തിയ ആ ചൊവ്വാഴ്ച

ഫെബ്രുവരി 16. അന്നായിരുന്നു സ്നേഹിക്കാൻ മാത്രമറിയാവുന്ന ആ ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് വില്ലനായി വിധി ഒരു ട്രക്കിന്റെ രൂപത്തിലെത്തിയത്. വൈറ്റ് ഫീൽഡിലെ എസ്എസ്എംഎസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഹരീഷ് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുമകുരുവിലേക്കു പോയതായിരുന്നു. തിരിച്ചുവരുന്ന വഴി ദേശീയപാത–നാലിൽ നെലമംഗലയിൽ വച്ചായിരുന്നു ആ അപകടം. തിപ്പഗൊണ്ടനഹള്ളിയിൽ വച്ച് പഞ്ചസാര ചാക്കുമായി വന്ന ഒരു ട്രക്ക് അശ്രദ്ധമായി ഹരീഷിന്റെ ബൈക്കിനെ മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ ട്രക്കിന്റെ ഒരുവശം ബൈക്കിൽതട്ടി, ഹരീഷിന്റെ നില തെറ്റി. ബൈക്കിൽ നിന്നും തെറിച്ചു റോഡിൽ വീണ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ ട്രക്കിന്റെ പിൻച്രങ്ങൾ കയറിയിറങ്ങി. ഉടൽ രണ്ടായി രക്‌തത്തിൽ കുളിച്ച് റോഡിൽ കിടന്ന ഹരീഷ് സഹായത്തിനായി കേണു. എന്നാൽ ആ ദുർബല ശരീരത്തിൽ നിന്നും ശബ്ദം പൊങ്ങിയില്ല. ഓടിയെത്തിയ നാട്ടുകാർ ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ച് നിന്നു. എന്നാൽ ജീവനുവേണ്ടി കേണ ആ ചെറുപ്പക്കാരനെ സഹായിക്കാൻ ആരും തുനിഞ്ഞില്ല. ഇരുപതു മിനിറ്റാണ് ഹരീഷ് പ്രാണവേദനയിൽ റോഡിൽ കിടന്നത്. ഇതിനിടെ ചുറ്റും കൂടി നിന്നവരോടായി ഹരീഷ് പറഞ്ഞു: ’ എന്റെ അവയവങ്ങൾ ദാനം ചെയ്യണേ..’ ഒരു നൊമ്പരത്തോടെയല്ലാതെ ആർക്കും ഇതു കേട്ടുനിൽക്കാനായില്ല. പ്രാണൻ പിരിഞ്ഞുപോകുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷത്തിലും തന്റെ ബാക്കിയാകുന്ന ശരീരം സഹജീവികൾക്ക് സഹായമാകുന്നതിനെക്കുറിച്ചാണ് ആ യുവാവ് ചിന്തിച്ചത്. പോലീസ് എത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആ ശ്വാസം നിലച്ചിരുന്നു.

<ആ>ഈ അമ്മയുടെ നഷ്‌ടം ആരു നികത്തും

ഗീതമ്മയ്ക്ക് ഹരീഷ് മകൻ മാത്രമല്ലായിരുന്നു. ഭർത്താവിന്റെ അകാല വേർപാടിനെ തുടർന്ന് കുടുംബത്തിന്റെ ചുമതല ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നപ്പോൾ ഗീതയ്ക്ക് താങ്ങും തണലുമായത് ഹരീഷ് ആയിരുന്നു. തോട്ടംതൊഴിലാളിയായിരുന്നു ഗീതമ്മ. എന്നാൽ, ഹരീഷിന്റെ വിദ്യാഭ്യാസത്തിന് അമ്മയുടെ സമ്പാദ്യം മതിയാകുമായിരുന്നില്ല. പഠനത്തിനിടെ ചെറിയ ജോലികൾ ചെയ്താണ് ഹരീഷ് ഫീസ് അടച്ചിരുന്നത്. ഹരീഷിന്റെ സഹോദരൻ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സ്വന്തമായി ഒരു വീട് എന്നത് ഹരീഷിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം ഹരീഷിനെ കവർന്നത്.

<ആ>ഇനി ഹരീഷിന്റെ കണ്ണുകൾ വെളിച്ചമേകും


തന്റെ ശരീരത്തിൽ മിച്ചമുള്ള എല്ലാം ദാനം ചെയ്യണമെന്നാണ് ഹരീഷ് അവസാനമായി ആഗ്രഹിച്ചത്. എന്നാൽ, എല്ലാ അവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ അദ്ദേഹത്തിന്റെ കണ്ണു മാത്രമേ അവയവമാറ്റിവയ്ക്കലിനായി എടുക്കാനാകുമായിരുന്നുള്ളൂ. ഹരീഷിന്റെ കണ്ണുകൾ നേത്രദാനത്തിനായി എടുത്തതായി ബംഗളൂരു നാരായണ നേത്രാലയ ചെയർമാൻ ഡോ. ഭുജാംഗ് ഷെട്ടി അറിയിച്ചു. രണ്ടു പേർക്ക് സഹോദരസ്നേഹത്തിന്റെ വെളിച്ചം പകരാൻ ഇനി ഹരീഷിന്റെ കണ്ണുകളുണ്ടാകും.

<ആ>ഹരീഷ് ഇവിടെ ജീവിക്കുന്നു, ഇവരിലൂടെ...

അവയവദാനം സംബന്ധിച്ച് ഗ്രാമവാസികളിൽ അബദ്ധധാരണകൾ നിലനിന്നിരുന്നു. എന്നാൽ, ഹരീഷിന്റെ അന്ത്യാഭിലാഷം കരേഗൗഡനഹള്ളി ഗ്രാമത്തിന്റെ കണ്ണു തുറപ്പിച്ചു. തങ്ങളുടെ പ്രിയപുത്രന് അർഹമായ സ്മരണാഞ്ജലി നല്കാൻ ഗ്രാമവാസികൾ തീരുമാനിച്ചപ്പോൾ അതു നന്മയുടെ പുതിയ മാതൃകയായി. കഴിഞ്ഞ ദിവസം ഹരീഷിന്റെ മരണാനന്തര ചടങ്ങുകൾക്കിടെ ഗ്രാമത്തിലെ 11 വയസുമുതൽ 82 വയസു വരെയുള്ള 170ഓളം പേർ നേത്രദാനത്തിനായി സമ്മതപത്രം ഒപ്പിട്ടുനല്കി. ഹരീഷിന്റെ അമ്മ ഗീതമ്മയും നേത്രദാനത്തിനു തയാറായി.

ഹരീഷിന്റെ ജീവിതത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട പതിനൊന്നു വയസുകാരൻ ഭോമേഷ് തന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ നേത്രദാനത്തിന് സമ്മതപത്രം നല്കി. മൂന്നുറോളം പേരാണ് ഗ്രാമത്തിലുള്ളത്. ഇവരിൽ ബാക്കിയുള്ളവരും ഉടൻ തന്നെ സമ്മതപത്രം എഴുതിനല്കുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം നഞ്ചുണ്ടപ്പ പറഞ്ഞു. നാരായണ നേത്രാലയ ആശുപത്രിയാണ് നേത്രദാന ക്യാമ്പിനു നേതൃത്വം നല്്കിയത്. ഹരീഷിന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി പ്രതികരണങ്ങളാണ് തങ്ങൾക്കു ലഭിക്കുന്നതെന്ന് നാരായണ നേത്രാലയയിലെ ഡോ. രാജ്കുമാർ നേത്രബാങ്ക് മാനേജർ വീരേഷ് അറിയിച്ചു.

<ആ>കർണാടക സർക്കാരിന്റെ ആദരം

സ്വന്തം മരണം കൊണ്ട് അവയവദാനത്തിന്റെ മാതൃക നല്കിയ ഹരീഷ് നഞ്ചപ്പയോടുള്ള ആദരസൂചകമായി കർണാടക സർക്കാരിന്റെ ’സാന്ത്വന’ പദ്ധതിക്ക് അദ്ദേഹത്തിന്റെ പേരു നല്കാൻ തീരുമാനിച്ചു. അപകടങ്ങളിൽപെട്ട് ആശുപത്രിയിലെത്തിക്കുന്നവർക്ക് സൗജന്യമായി ചികിത്സാ സഹായം നല്കുന്ന പദ്ധതിയാണ് സാന്ത്വനം. പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം വിധാൻ സൗധയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിലെ ചികിത്സയ്ക്കായി 25,000 രൂപ പദ്ധതിയിലൂടെ ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം നടക്കാനിരിക്കെ പദ്ധതിക്ക് ഹരീഷിന്റെ പേരു നല്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.

<ആ>ഹരീഷ് ഒരു മാർഗദീപമാകട്ടെ

ഇന്ത്യയിലെ റോഡുകളിൽ ഓരോ മണിക്കൂറിലും ശരാശരി 16 പേർ മരണമടയുന്നുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ഒരാളായി മാത്രം മാറുമായിരുന്നു ഹരീഷ് നഞ്ചപ്പ. പക്ഷേ, ആത്മാവ് ശരീരം വിട്ടുപോകുന്നതിനു മുമ്പുള്ള ആ 20 മിനിറ്റ് നേരത്തെ പ്രവൃത്തിയിലൂടെ ഹരീഷ് തന്റെ അപകടത്തെയും മരണത്തെയും അനശ്വരമാക്കി.

ഹരീഷ് നഞ്ചപ്പ എന്ന യുവാവ് ഒരു മാർഗദീപമാണ്. വരാനിരിക്കുന്ന അനേകം തലമുറകൾക്ക് അവയവദാനത്തിന്റെ മഹത്വം വിളിച്ചോതുന്ന മാർഗദീപം. തന്നിൽനിന്ന് അപരനിലേക്ക് വെളിച്ചമാകേണ്ടതിന് കാലം കരുതിവച്ച മാതൃക. ഹരീഷ് ഇനി ജീവിക്കും, അവയവങ്ങൾ സഹോദരനായി നീക്കിവയ്ക്കാൻ തയാറാകുന്ന കോടിക്കണക്കിന് സുമനസുകളിലൂടെ.

<ആ>ഡെന്നിസ് ജേക്കബ്