ബെന്നിച്ചന്റെ അദ്ഭുതലോകം
ബെന്നിച്ചന്റെ അദ്ഭുതലോകം
ഇതൊരു തിരുത്താണ്. തിരുത്തുന്നതു പിഴവല്ല ഒരു മാറ്റിവരയ്ക്കൽ മാത്രം. മുമ്പു വരച്ചെടുത്ത ഫ്രെയിമിൽ നിന്നു പുറത്തുപോയ ചായക്കൂട്ടുകൾ ഒതുക്കിവച്ചു വീണ്ടുമൊരു ചിത്രമെഴുത്ത്. തീർച്ചയാണ്, ഇതൊരു അവസാന ചിത്രമായിരിക്കില്ല. ഇതിലും വലിയ ഒരു കാൻവാസിൽ ഇതിൽ കൂടുതൽ ചായം ചേർത്തു വീണ്ടും വരയ്ക്കപ്പെടാം. പക്ഷേ, ഇന്നത്തെ ചിത്രത്തിന്റെ സൗന്ദര്യം എങ്ങനെ കാണാതിരിക്കും?

<ആ>അൽപ്പം ഫ്ളാഷ് ബാക്ക്

ആറു വർഷത്തിനപ്പുറമാണ് ഈ ചിത്രം ദീപികയിൽ ആദ്യമായി വരയ്ക്കപ്പെട്ടത്. കൃത്യമായിപ്പറഞ്ഞാൽ 2009 മാർച്ച് ഒമ്പതിലെ ദീപികയുടെ സൺഡേ പതിപ്പിൽ. പകുതി ശരീരം കൊണ്ട് ഒരു മുഴുവൻ ജീവിതം എന്ന പേരിൽ എഴുതപ്പെട്ട ആ ചിത്രം ഒരു കഠിനാധ്വാനിയുടേതായിരുന്നു. പാതി ശരീരംകൊണ്ട് ഒരു മുഴുജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന കാസർഗോഡ് ജില്ലക്കാരൻ ബെന്നിച്ചന്റേത്. കുടിയേറ്റഗ്രാമമായ മാലക്കല്ലിലെ ഒരു അസാധാരണക്കാരന്റേത്. സുഷുമ്ന നാഡിക്കു ക്ഷതമേറ്റു തളർന്ന ശരീരത്തെ വീൽച്ചെയറിൽ തള്ളിനീക്കി തന്റേതായ ലോകത്തെ കെട്ടിപ്പടുക്കാൻ ഓടുകയായിരുന്നു ആ ചിത്രമെഴുത്തിൽ ഉടനീളം അദ്ദേഹം. അതിനും 12 വർഷങ്ങൾക്കപ്പുറം വീട്ടുപറമ്പിലെ തെങ്ങിൽനിന്നു വീണു ക്ഷതമേറ്റ തന്റെ സുഷുമ്ന നാഡിയുടെ ഉയിർപ്പോ നാലു ചുവരുകൾക്കുള്ളിലെ വീൽച്ചെയർ യാത്രകളോ ഒന്നും അദ്ദേഹത്തെ അക്കാലത്ത് അലട്ടിയിരുന്നില്ല. മറിച്ചു തയ്യൽക്കട തുടങ്ങിയും ഗ്യാസ് കസ്റ്റമർ സെന്റർ പരീക്ഷിച്ചും പതിയെപ്പതിയെ അയാൾ ജീവിതം തുന്നിച്ചേർക്കുകയായിരുന്നു. സ്വപ്നങ്ങളായിരുന്നു കൂട്ട്. അതിജീവനമായിരുന്നു ലക്ഷ്യം. അതിനായി തന്നാൽ കഴിയുന്ന ജോലികളെല്ലാം ചെയ്തു, കൂടെ തന്നെപ്പോലുള്ളവർക്കു തുണയേകണമെന്ന നിശ്ചയദാർഢ്യം ഉള്ളിൽ ഉറപ്പിക്കുകയും ചെയ്തു.

<ആ>ഇനി ഫ്ളാഷ് ബാക്കില്ല

ഫ്ളാഷ് ബാക്ക് ഇന്നു മിന്നിമറഞ്ഞിരിക്കുന്നു. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത് ഒരു അദ്ഭുതലോകമാണ്. ബെന്നിച്ചൻ രൂപപ്പെടുത്തിയെടുത്ത ഒരു ആശ്ചര്യലോകം. അവിടെ ബെന്നിച്ചൻ ഒറ്റയ്ക്കല്ല. സമാന ശാരീരികസ്‌ഥിതിയുമായി മല്ലിടുന്ന കുറച്ചു ജീവിതങ്ങളും പിന്നെ താൻ തന്നെ രൂപപ്പെടുത്തിയെുത്ത ചുറ്റുപാടുകളും.

<ആ>ശ്രദ്ധ തിരിക്കൂ, കാണാം

ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ നിർവൃതിയിലാണിപ്പോൾ ബെന്നിച്ചൻ. വർഷങ്ങൾക്കുമുമ്പ് സ്വപ്നം കണ്ട ആഗ്രഹത്തിലേക്ക് ഇന്നദ്ദേഹം ഓടിയെത്തിയിരിക്കുന്നു. സുഷുമ്നനാഡിക്കു ക്ഷതമേറ്റു ജീവിതം വീൽച്ചെയറിൽ ഒതുക്കപ്പെട്ട സമാനസ്വഭാവക്കാരായ ഒരു ജനതയുടെ കൂട്ടായ്മ. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടകഅഘ (<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടുശിമഹ രീൃറ കിഷൗൃശലെ അൈീരശമശേീി ളീൃ ഘീ്ല മിറ ഘശ്ല) എന്നാണ് ആ സംഘടനയുടെ പേര്. സംഘടനയുടെ പ്രസിഡന്റ് ബെന്നിച്ചൻ തന്നെ. സെക്രട്ടറി മൊയ്തീൻ പൂവടുക്ക, ട്രഷറർ അഹമ്മദ് മുള്ളരിയ. കാക്കത്തൊള്ളായിരം സംഘടനകൾക്കിടയിൽ ഈ സംഘടനയ്ക്ക് എന്താണു പ്രസക്‌തി എന്ന സംശയത്തിനു കൃത്യമായ ഉത്തരം നൽകും ഇവരുടെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടകഅഘ എന്ന ഫേസ്ബുക്ക് പേജ്.

‘നമുക്ക് ലോകത്തോടൊപ്പം നടന്നെത്താനാകില്ല, മറിച്ച് ഓടിയെത്താം. സാധാരണ മനുഷ്യർക്കു കാലുകൾ ബലമേകുമ്പോൾ അസാധാരണക്കാരായ നമുക്കു ചക്രങ്ങളാണ് ബലം. അവർ പുതുലോകത്തേക്ക് ആയാസപ്പെട്ട് എത്തുമ്പോൾ നമ്മൾ ചക്രവേഗത്തിൽ അവിടേക്കു പറന്നെത്തും.’ ശരിയാണ്, അവർ പറക്കാൻ തുടങ്ങിയിരിക്കുന്നു. ഏപ്രിൽ 10,11 തീയതികളിൽ സംഘടനയുടെ നേതൃത്വത്തിൽ സംഘാംഗങ്ങളുടെ ആദ്യസംഗമം നടത്തി. സമുദ്രനിരപ്പിൽനിന്നു 2,400 അടി ഉയരെയുള്ള റാണിപുരം എന്ന മനോഹര പ്രദേശത്ത്. ഉയരം കൂടുന്തോറും ആ യാത്രയുടെ ഉന്മേഷവും കൂടുമെന്ന് അവർ തിരിച്ചറിഞ്ഞു. അങ്ങനെ മറ്റു വാഹനത്തിൽ അവർ സ്വന്തം വാഹനവുമായി അവിടെയെത്തി രണ്ടുനാൾ ആവോളം സന്തോഷിച്ചു. മറന്നുവച്ച ചിരികൾ തിരികെയെടുത്തും ഊർജസ്വലത തിരികെപ്പിടിച്ചും കളിച്ചു, ചിരിച്ചു, ആർപ്പുവിളിച്ചു, തമ്മിൽ സങ്കടം പറഞ്ഞു, പിന്നെ ആശ്വാസമേകി. കൂട്ടുചേരാൻ കൂട്ടുകൂടാമെന്ന് അങ്ങനെയാണ് അവർ ഉറപ്പിച്ചത്. അന്നുതന്നെ വാട്സ് ആപ് ഗ്രൂപ്പും ഫേസ്ബുക്ക് പേജും ക്രിയേറ്റ് ചെയ്യപ്പെട്ടു. അന്നു തുടങ്ങി അവരുടെ ചർച്ച, ഇനി തളരാതിരിക്കാൻ, പിന്നെ തകർച്ചയെക്കുറിച്ച് ഓർക്കാതിരിക്കാൻ. 18 വീൽച്ചെയർ യാത്രികരായിരുന്നു സംഗമത്തിന്റെ കേന്ദ്രബിന്ദു. പിന്നെ എല്ലാറ്റിനും കൂട്ടുനിൽക്കുന്ന ബെന്നിച്ചന്റെ ആത്മസുഹൃത്തുക്കളും. ആരും സംഗമം കഴിഞ്ഞു പൊടിതട്ടിപ്പോയിട്ടില്ല, സംഘടനയ്ക്കൊപ്പം ഉയരങ്ങൾ താണ്ടാൻ തങ്ങളുടേതായ ഇടങ്ങളിൽ അവരിന്നും കാത്തിരിക്കുന്നു.


<ആ>ഇനി ബെന്നിച്ചന്റെ ലോകം...

ആറു വർഷം മുമ്പ് പീപ്പിൾസ് ടെയ്ലറിംഗ് ഷോപ്പും ഗ്യാസ് കസ്റ്റമർ സെന്ററും ഒരു വാടക മുറിയുമായിരുന്നു സമ്പാദ്യം. ഒറ്റമുറിയുടെ ചുറ്റുവട്ടത്തിൽ ഓടിയോടി തന്റേതായ ലോകം രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ, സ്വപ്നങ്ങൾ പലതും ഇന്നു യാഥാർഥ്യമായിരിക്കുന്നു. ഇന്ന് അഞ്ചു സെന്റ് സ്‌ഥലത്ത് 2,400 ചതുരശ്ര യടി വലിപ്പമുള്ള ഇരുനിലക്കെട്ടിടത്തിന്റെ ഉടമയാണു ബെന്നിച്ചൻ. അതിൽ ഒരു നില തന്റെ വീടും ഇടവുമാക്കി. അടുത്ത ഫ്ളോറിൽ രണ്ടു കുടുംബങ്ങൾ വാടകക്കാരായി താമസിക്കുന്നു. ഏകദേശം 40 ലക്ഷത്തോളം രൂപ മുതൽമുടക്കിലാണു ബെന്നിച്ചൻ കെട്ടിടം നിർമിച്ചത്. ബാങ്ക്, കെഎസ്എഫ്ഇ എന്നിവിടങ്ങളിൽനിന്നു ലോണെടുത്തും തന്റെ വർഷങ്ങളുടെ സമ്പാദ്യം മുടക്കിയുമാണ് ഈ സ്വപ്നസൗധം പണിതുയർത്തിയത്. അവശ്യഘട്ടങ്ങളിൽ സ്വയം ചക്രം ഉരുട്ടിയിറങ്ങിയും ആപത്ഘട്ടങ്ങളിൽ പ്രിയ സുഹൃത്തുക്കളുടെ സഹായം അഭ്യർഥിച്ചും ബെന്നിച്ചൻ തന്റെ കെട്ടിടംപണി പൂർത്തിയാക്കി. സ്വന്തക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയാണു ബെന്നിച്ചന് ആവേശം പകർന്നത്. വീൽച്ചെയറിന്റെ വിശാലത തന്റെ യാത്രയ്ക്കു ബലമേകിയതായി ബെന്നിച്ചൻ അഭിമാനത്തോടെ ഓർക്കുന്നു. 15 ലക്ഷത്തോളം രൂപയുടെ കടക്കാരനാണ് ഇന്നു ബെന്നിച്ചൻ, എങ്കിലും തെല്ലും ടെൻഷനില്ല.

<ആ>ഭാവി ഒരു വർണചിത്രം

ബെന്നിച്ചനും സുഹൃത്തുക്കൾക്കും ഇന്നു ഭാവിയൊരു വർണചിത്രമാണ്. തങ്ങളുടെ സംഘടനയിലൂടെ നേടിയെടുക്കാവുന്ന അരജീവിതങ്ങളുടെ ഒരു വലിയ ലോകം അവർ സ്വപ്നം കാണുന്നു. അവിടെ അരജീവിതങ്ങളുടെ ഒരു ചെറുജീവിതമല്ല, മറിച്ച് മുഴുജീവിതമാണ് അവർ സ്വപ്നം കാണുന്നത്. സംരക്ഷണമെന്നതിനപ്പുറം പ്രോത്സാഹനമാണു ലക്ഷ്യംവയ്ക്കുന്നത്.

കാസർഗോഡ് ജില്ലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സംഘടന കേരളമൊട്ടാകെ വ്യാപിപ്പിക്കാനാണു തീരുമാനം. സംഘടനയുടെ പ്രാഥമിക രൂപമേ ഇപ്പോൾ രൂപപ്പെട്ടിട്ടുള്ളൂ. സംഘടന രജിസ്റ്റർ ചെയ്യണം, നിയമാവലി എഴുതിയുണ്ടാക്കണം... ഇങ്ങനെയേറെയുണ്ട് ജോലികൾ. ഇതിനിടെ, സോഷ്യൽ മീഡിയ പ്രവർത്തനം ഊർജിതമായി. വാട്സ്ആപ്, ഫേസ്ബുക്ക് ചർച്ചകളും ഭാവിചിന്തകളും മെമ്പർഷിപ്പ് കാമ്പെയിനുമായി മുന്നോട്ട്. സംഘടന ശരിയായ ട്രാക്കിലെത്തിയാൽ സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുകയാണു ലക്ഷ്യം. അതിലൂടെ ചെറിയ ഒരു വരുമാനവും വീൽച്ചെയറിന്റെ ഏകാന്തതയിൽനിന്നുള്ള മോചനവും ലക്ഷ്യംവയ്ക്കുന്നു. കൂടാതെ സുഷുമ്ന നാഡിക്കു ക്ഷതമേറ്റു ശരീരം തളർന്നു ജീവിതം വീൽച്ചെയറിൽ തള്ളിനീക്കുന്നവരുടെ ഓൾ കേരള സർവേ ആലോചനയിലുണ്ട്. പിന്നെ ഇടയ്ക്കിടെയുള്ള സംഗമങ്ങളും അതുവഴി തരപ്പെടുന്ന യാത്രകളും ഇവർ സ്വപ്നം കാണുന്നു. എല്ലാത്തിനുമുപരി തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സാധിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

<ആ>ബെന്നിച്ചന്റെ സ്വപ്നം

യുടെ ഉടമയും നടത്തിപ്പുകാരും അവർതന്നെ. അവിടെ ജീവിതം അവർതന്നെ മെനയുന്നു, അവർതന്നെ നടപ്പാക്കുന്നു. സംരക്ഷണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങി ഏകാന്തതയെ അകറ്റാനും വരുമാനത്തെ ആകർഷിക്കാനും ലക്ഷ്യമിടുന്നു. പാതിശരീരമുള്ളവരുടെ സ്വയംപര്യാപ്തഭൂമി എന്നാണ് ഇതിനു ബെന്നിച്ചൻ നൽകുന്ന വ്യാഖ്യാനം. ഈ ലക്ഷ്യത്തിനായി അവർ ശ്രമം തുടങ്ങിക്കഴിഞ്ഞു. കാസർഗോഡ് ജില്ല കേന്ദ്രീകരിച്ചു സംരക്ഷണ കേന്ദ്രം തുടങ്ങാനാണ് ആദ്യശ്രമം. സൗജന്യമായി സ്‌ഥലം ലഭിച്ചാൽ നിർമാണം തുടങ്ങും. അതിനായി അവർ ഓട്ടം തുടങ്ങിക്കഴിഞ്ഞു.

ഇന്നിന്റെ ചായക്കൂട്ടിൽ ഈയൊരു ചിത്രരചന അപ്രാപ്യമല്ലേയെന്നു കാഴ്ചക്കാർക്കു തോന്നാം. വികൃതമായ സ്വാർഥ ലോകത്ത് ഒരു വലിയ കാൻവാസ് ഒരുക്കുക എന്നത് ശ്രമകരമല്ലേയെന്ന് ആശ്ചര്യപ്പെട്ടേക്കാം. പക്ഷേ, നിറം മങ്ങിയ പൂർവകാലം നിറച്ചാർത്തോടെ വരച്ചെടുത്ത ബെന്നിച്ചന്റെ നേതൃത്വം ദൗത്യത്തിനു പിന്നിലുള്ളതുകൊണ്ടു ഭാവിചിത്രം അദ്ഭുതം വിരിയിക്കും. തീർച്ച...

ബെന്നിച്ചന്റെ ഫോൺ നമ്പർ– 85475 44111.

<ആ>വിനിൽ ജോസഫ്