ആൺകുട്ടികളും ഭയക്കണം
ആൺകുട്ടികളും ഭയക്കണം
<യ> അംബ്രലാ പോയിന്റിലെ കാണാകാഴ്ചകൾ–4/ സീമ മോഹൻലാൽ

പതിനാലുകാരനുണ്ടായ അനുഭവം പങ്കുവച്ചത് നഗരത്തിലെ ഒരു സ്കൂൾ അധ്യാപികയാണ്. *കൂലിവേലക്കാരായ മാതാപിതാക്കളുടെ മൂത്തമകൻ. പഠനത്തിൽ ഉന്നതനിലവാരമില്ലെങ്കിലും കായികമത്സരങ്ങളിൽ അവൻ എന്നും മുൻപന്തിയിലായിരുന്നു. ക്രിസ്മസ് പരീക്ഷയ്ക്കു ശേഷം അവൻ ക്ലാസിൽ ഇടയ്ക്കിടെ വരാതിരിക്കും. കൂട്ടുകാരോടു ചോദിച്ചപ്പോൾ ആർക്കും അറിയില്ലെന്നായിരുന്നു മറുപടി. പക്ഷേ, ടീച്ചറുടെ അന്വേഷണത്തിൽ അവന്റെ കൂട്ട് സമയപ്രായക്കാരോട് അല്ലെന്ന് അറിഞ്ഞു. മാതാപിതാക്കളെ വിവരം അറിയിച്ചെങ്കിലും അവർ അത് കാര്യമായി എടുത്തില്ലെന്നായിരുന്നു ടീച്ചറുടെ അഭിപ്രായം.
ക്ലാസ് കട്ട് ചെയ്ത് മറൈൻഡ്രൈവിൽ മുതിർന്ന ചേട്ടന്മാർക്കൊപ്പം ഇരിക്കുന്നത് അവന്റെ പതിവ് ഏർപ്പാടുകളിൽ ഒന്നായിരുന്നു. വീട്ടിൽ നിന്നു കൊടുക്കുന്ന ചില്ലറ കാശുകൊണ്ടു വാങ്ങാൻ പറ്റാത്ത തരത്തിലള്ള സാധനങ്ങൾ അവന്റെ ബാഗിൽ കണ്ടപ്പോഴാണ് അവനെ അമ്മ ചോദ്യം ചെയ്തത്. വില കൂടിയ മൊബൈൽ ഫോൺ കൂടി മകന്റെ കൈയിൽ കണ്ടതോടെ രക്ഷിതാക്കൾ അങ്കലാപ്പിലായി.

കുട്ടിയോട് കാര്യങ്ങൾ തിരക്കിയെങ്കിലും കൂടുതലൊന്നും പറയാൻ അവൻ ഒരുക്കമല്ലായിരുന്നു. രക്ഷിതാക്കൾ കുട്ടിയുമായി സ്കൂളിലെത്തി, ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു. അവൻ അപ്പോൾ കാര്യങ്ങൾ തുറന്നു പറഞ്ഞു. കൂട്ടത്തിലെ ചേട്ടന്മാരിൽ ഒരാൾക്ക് അവനോട് വല്യ ഇഷ്ടമാണ്. ചേട്ടൻ ഇടയ്ക്കൊക്കെ അവൻ കുറേ കാശു കൊടുക്കും. ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കും. പക്ഷേ ഇതൊന്നും ആരോടും പറയരുതെന്ന് ചേട്ടൻ സത്യം ചെയ്യിച്ചിട്ടുമുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചേട്ടനെ സഹായിക്കണം. ചേട്ടൻ തരുന്ന പൊതികൾ ചില സ്‌ഥലങ്ങളിൽ എത്തിച്ചു കൊടുത്താൽ മതി. അതിനുള്ളിൽ എന്താണെന്നൊന്നും തനിക്ക് അറിയില്ലെന്ന് ആ നിഷ്കളങ്കബാല്യം അവരോടു പറഞ്ഞു. നാലഞ്ചുമാസമായി അവൻ ഈ സഹായം ചെയ്തു കൊടുക്കുകയാണ്. തന്റെ കൈവശം തന്നുവിടുന്നത് കഞ്ചാവ് ആണെന്ന കാര്യം ആ 14കാരന് അറിയില്ലായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പല കേസുകളിലും പ്രതിയാണ് ഇയാളെന്ന് മനസിലായി. സ്കൂൾ ബാഗിൽ വച്ച് ലഹരി വസ്തുക്കൾ കടത്തിയാൽ ആർക്കും സംശയം തോന്നില്ലെന്ന കാര്യവും യുവാവിന് ബോധ്യമുണ്ടായിരുന്നു. അതിനു പറ്റിയ ആളായിട്ടാണ് സ്കൂൾ കുട്ടിയെ കണ്ടെത്തിയതും. തങ്ങളുടെ മകൻ കഞ്ചാവിന് അടിമയായില്ലല്ലോയെന്ന സമാധാനത്തിൽ ആ രക്ഷിതാക്കൾ തുടർ നടപടികൾക്കൊന്നും പോയില്ല.

ആൺകുട്ടികൾ പോലും സുരക്ഷിതമല്ലാത്ത ഈ സാഹചര്യത്തിൽ മക്കളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണം എന്ന വസ്തുതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. സമപ്രായക്കാരെവിട്ടുള്ള കൂട്ടുകെട്ട് ചതിക്കുഴിയിലേക്ക് നയിക്കുമെന്ന കാര്യം കൗമാരക്കാരും ഓർക്കണം.

ലൈംഗിക ചൂഷണവും പതിവ്

ആൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുമോയെന്ന് പലരും ചോദിക്കാറുണ്ട്. മറൈൻഡ്രൈവിലും സുഭാഷ് പാർക്കിലുമൊക്കെ ഒറ്റയ്ക്കിരുന്നാൽ മാനം പോകുമെന്നാണ് ചില യുവാക്കൾ പറയുന്നത്. സ്വവർഗ രതിക്കാർ മുതൽ നല്ല രീതിയിൽ വസ്ത്രധാരണം ചെയ്ത ‘മാന്യന്മാർ’വരെ പീഡകരുടെ റോളിലെത്തുന്നു.

മറൈൻഡ്രൈവിൽ വച്ചു പരിചയപ്പെട്ട സെയിൽസ് റെപ്രസന്റേറ്റീവ് അജിത്തിന്റെ വാക്കുകൾ കേൾക്കാം... ‘ജോലിയുടെ ഇടവേളകളിലൊക്കെ ഞാൻ ഇവിടെ പതിവായി വന്നിരിക്കാറുണ്ട്. വൈകുന്നേരങ്ങളിലാണ് പ്രശ്നം. ഒറ്റയ്ക്കിരുന്നാൽ അവന്മാർ പണി തരും. അടുത്തു വന്നിരുന്ന് ചിരിയായി, കണ്ണിറുക്കലായി, പിന്നെ പരിചയപ്പെടലായി, അവസാനം റൂമിലേക്ക് ക്ഷണിക്കും... രണ്ടു മൂന്നു പേർ ഇതിനായി സ്‌ഥിരം ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ മറൈൻഡ്രൈവിലേക്കുള്ള വരവ് കുറച്ചു..’ *സ്കൂൾ വിദ്യാർഥികളാണ് പലപ്പോഴും ഇത്തരക്കാരുടെ ചൂഷണത്തിന് ഇരകളാകുന്നതെന്ന് അജിത് പറഞ്ഞു. സൗഹൃദം കൂടി മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകൾ കാട്ടിയാണ് ഇവർ കൗമാരക്കാരെ കുടുക്കുന്നത്. കൗമാരക്കാർക്കൊപ്പം കമ്പനി അടിച്ചിരിക്കുന്ന ചിലരെ അജിത്ത് ചൂണ്ടിക്കാണിച്ചു തന്നു. ചെറുചിരി ലൈംഗിക ചൂഷണത്തിലേക്കാണ് പലപ്പോഴും നയിക്കുന്നത്.


കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോൾ അജിത്തിന്റെ വാക്കുകൾ ശരിയാണെന്നു തോന്നി. സൈഡ് ബെഞ്ചിൽ മധ്യവയസ്ക്കനൊപ്പം ഇരിക്കുന്ന 25കാരൻ. അവരുടെ അതിരുവിട്ടുള്ള പെരുമാറ്റം കണ്ട് അറപ്പു തോന്നിപ്പോയി. പിന്നെയും ഇത്തരത്തിലുള്ള ചിലരെ അവിടെ കണ്ടു. ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വരുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസികാഘാതത്തിന്റെ ആഴം വളരെ വലുതാണ്.

<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016ാമൃരവ21വമ3.ഷുഴ മഹശഴി=ഹലളേ>

കൗതുകത്തിനു തുടങ്ങുന്ന കൗമാരശീലം

മറൈൻഡ്രൈവിലും സുഭാഷ് പാർക്കിലും എത്തുന്ന യുവാക്കളിൽ ചിലരെങ്കിലും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് പോലീസുകാർ വ്യക്‌തമാക്കുന്നു. അടുത്തിടെ ഇവിടെയെത്തിയ പെൺകുട്ടികളുടെ ഗ്യാങ് കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരം പോലീസിന് ലഭിക്കുകയുണ്ടായി. ഇവിടെ നിന്നെല്ലാം കഞ്ചാവ് വിൽപനയ്ക്കായി യൂത്ത് ഒത്തുചേരാറുണ്ടെന്നാണ് കോളജ് വിദ്യാർഥികൾ തന്നെ പറയുന്നത്. പത്താം ക്ലാസിൽ ഉന്നതവിജയം നേടിയവർ മുതൽ കൊച്ചുകുട്ടികൾ വരെ കഞ്ചാവ് വിൽപനക്കാരുടെ കണ്ണികളാണ്. രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞു പോരുന്നവരിൽ പലരും വിൽപന കഴിഞ്ഞ് പതിവ് സമയത്ത് വീട്ടിൽ തിരിച്ചെത്തുന്നതിനാൽ മാതാപിതാക്കൾ സംഭവങ്ങൾ അറിയാതെ പോകുന്നു. പോലീസ് പരിശോധന ശക്‌തമാക്കിയതിനാൽ വിദ്യാർഥികളിൽ ചിലരെങ്കിലും പിടിയിലാകുന്നുമുണ്ട്. ഒരു പൊതി കഞ്ചാവ് വിറ്റാൽ പ്രതിഫലമായി രണ്ടു കഞ്ചാവ് ബീഡി ലഭിക്കും. കൂട്ടുകാർക്കൊപ്പമിരുന്ന് ലഹരിയുടെ പുതിയ മേച്ചിൽപ്പുറം തേടാൻ ഇത് ധാരാളമെന്ന് സാരം. സ്കൂളിന്റെയും കോളജിന്റെയും സത്പേരിനു കളങ്കം വരുമെന്നതിനാൽ കഞ്ചാവ് കൈവശം വയ്ക്കുന്ന കുട്ടികളെക്കുറിച്ച് പരാതിപ്പെടാൻ സ്കൂൾ അധികൃതർ തയാറാകുന്നില്ലെന്ന് പോലീസ്–എക്സൈസ് അധികൃതർ പറയുന്നു.

ഡിജെ പാർട്ടിയിൽ ലഹരി നുണഞ്ഞ് പെൺകുട്ടികളും

അടുത്തിടെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലീസ് നടത്തിയ റെയ്ഡിൽ അവിടെ ലഹരി നുണയാൻ എത്തിയവരിൽ മുപ്പതു ശതമാനവും പെൺകുട്ടികളായിരുന്നുവെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. കാമുകനൊപ്പം എത്തുന്ന പെൺകുട്ടികൾ മദ്യത്തിൽ തുടങ്ങി സിഗരറ്റിലൂടെ മയക്കുമരുന്നിലേക്ക് എത്തുകയാണ് പതിവ്.

കഞ്ചാവിനായി എത്തുന്ന പത്തു കോളും ഗേൾസിന്റേത്

എറണാകുളം ജില്ലയിലെ പല കോളജുകളിലെയും വിദ്യാർഥിനികൾ മയക്കുമരുന്നിന് അടിമകളാണെന്ന് ഉന്നതപോലീസ് ഉദ്യോഗസ്‌ഥർ തന്നെ സമ്മതിക്കുന്നുണ്ട്. അടുത്തിടെ തലസ്‌ഥാനത്തു നടന്ന ഹൈടെക് പെൺവാണിഭത്തിൽ പോലീസ് അന്വേഷിച്ചെത്തിയത് എറണാകുളത്തെ പ്രമുഖ കോളജ് വിദ്യാർഥിനിയെയായിരുന്നു.

അടുത്തിടെ കഞ്ചാവ് കേസിൽ വൈപ്പിൻ സ്വദേശിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ചോദ്യം ചെയ്യലിൽ അയാൾ ഒരു കാര്യം പോലീസിനോട് സമ്മതിച്ചു. മയക്കുമരുന്ന് ആവശ്യപ്പെട്ട് പ്രതിദിനം വരുന്ന 20 കോളുകളിൽ പത്തും നഗരത്തിലെ കോളജ്കുമാരികളുടേതാണെന്ന്. കോളജ് ഹോസ്റ്റലുകളിലും കൂട്ടുകാർ ചേർന്നു വീടെടുത്തു താമസിക്കുന്ന സ്‌ഥലങ്ങളിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാണ്. അന്യജില്ലകളിൽ നിന്ന് നഗരത്തിലെത്തി പഠിക്കുന്ന കുട്ടികളാണ് പലപ്പോഴും ഇത്തരം ചതിയിൽപ്പെടുന്നത്. കാമുകന്മാർക്കൊപ്പം മറൈൻഡ്രൈവ് പോലുള്ള സ്‌ഥലങ്ങളിലെ നിത്യസന്ദർശകരാകുന്ന ഇവർക്ക് കാമുകന്റെ കൂട്ടുകാരും വിശ്വസ്തരായി മാറുന്നു. ഇങ്ങനെ രസത്തിനായി തുടങ്ങിയ മയക്കുമരുന്ന് ഉപയോഗം അവസാനം ഊരാക്കുടുക്കിലാണ് കൊണ്ടുചെന്ന് എത്തിക്കുന്നത്. ഇത്തരത്തിൽ ധാരാളം കൗമാരക്കാർ മാനസിക ചികിത്സ തേടിയെത്തുന്നുണ്ടെന്ന് എറണാകുളത്തെ മനോരോഗവിദഗ്ധർ പറയുന്നു. (തുടരും...)