മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രളയം: കൂടുതൽ കടുവകൾ ചത്തതായി സൂചന
Thursday, August 30, 2018 11:56 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രളയത്തിൽ കൂടുതൽ കടവുകൾ ചത്തതായി സൂചന.
പെരിയാർ റേഞ്ചിൽ താന്നിക്കുടി ഭാഗത്തുനിന്ന് ഇന്നലെ 13 വയസുള്ള ആണ്‍കടുവയുടെ ജഡം കണ്ടെത്തി. ജഡത്തിന് ഏഴു ദിവസത്തെ പഴക്കമുണ്ടെന്നു പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു.
കേരളത്തെ മുക്കിയ പ്രളയ ദിവസങ്ങളിലാണ് കടുവ ചത്തതെന്ന് ഇതിൽനിന്നു വ്യക്തമാണ്. കടുവയുടെ ശ്വാസകോശത്തിൽ വെള്ളവും മണ്ണിന്റെ അംശവും കണ്ടെത്തി. ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെ നിയമപ്രകാരം ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അബ്ദുൾ സത്താറാണ് പോസ്റ്റുമോർട്ടം നടത്തിയത്.
വെറ്ററിനറി ഡോക്ടർമാരായ കാർത്തിക, മാത്യു, എൻജിഒ പ്രതിനിധി എം.എൻ. ജയൻ, ഇക്കോളജിസ്റ്റ് രമേഷ്, പഞ്ചായത്ത് മെന്പർ ഉഷ രാജൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപത്തുനിന്ന് ആണ്‍കടുവയുടെ ജഡം ലഭിച്ചിരുന്നു. ഈ കടുവയും ചത്തതു ശ്വാസകോശത്തിൽ വെള്ളം കയറിയാണ്.
രണ്ട് ആനകൾ, രണ്ട് മ്ലാവ് എന്നിവയുടെ ജഡവും ലഭിച്ചിരുന്നു.