മുല്ലപ്പെരിയാർ: ജലകമ്മീഷന്റെ നിലപാടിനെ പിന്തുണയ്ക്കരുതെന്നു സതീശൻ
Monday, September 17, 2018 12:12 PM IST
പറവൂർ: മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര വാട്ടർ കമ്മീഷന്റെ നിലപാടിനെ സംസ്ഥാനം പിന്തുണയ്ക്കരുതെന്നു വി.ഡി. സതീശൻ എംഎൽഎ. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനു കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ടു ദേശീയ പരിസ്ഥിതി-പ്രകൃതി സംരക്ഷണ സമിതിയും മുല്ലപ്പെരിയാർ സംരക്ഷണസമിതിയും സംയുക്തമായി നടത്തുന്ന പ്രചാരണജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാട്ടർ കമ്മീഷന്റെ നിലപാടുകളെ പിന്തുണച്ചാൽ മുല്ലപ്പെരിയാർ കേസിൽ കേരളത്തിനു തിരിച്ചടി നേരിടേണ്ടിവരും. മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണശേഷി 139 അടിയിൽനിന്ന് 152 അടിയായി ഉയർത്തണമെന്നാണു കമ്മീഷൻ നിലപാട്. അതിനാലാണ് ഡാം തുറന്നതല്ല, മഴ പെയ്തതാണു പ്രളയത്തിനു കാരണമെന്ന അവരുടെ വിശദീകരണം. ഇതു തമിഴ്നാടിനെ സഹായിക്കാനാണ്. ആവശ്യമായ മുന്നറിയിപ്പുകളില്ലാതെ ഡാം തുറന്നു പ്രളയം സൃഷ്ടിച്ചതിൽ കുറ്റവാളികളായ ഉദ്യോഗസ്ഥരെ ഈ റിപ്പോർട്ടിന്റെ ചുവടുപിടിച്ചു രക്ഷിക്കാൻ ശ്രമിക്കുന്നതു കേരളത്തിനു ദോഷം ചെയ്യും. തമിഴ്നാടിനു ജലം, കേരളത്തിനു സുരക്ഷ എന്നതായിരിക്കണം മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേരളത്തിന്റെ നിലപാട്. ഡാമിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നു ഭരണകൂടം മറക്കരുത്.
ചടങ്ങിൽ ലീഗൽ സെൽ ചെയർമാൻ എം.വി. രത്നാകരൻ അധ്യക്ഷതവഹിച്ചു. മൗലാന ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. റസൽ ജോയി, കെ.എ. വിദ്യാനന്ദൻ എന്നിവർ പ്രസംഗിച്ചു. മുല്ലപ്പെരിയാർ സംരക്ഷണ സമിതി വൈസ് ചെയർമാൻ ഷാജി. പി. ജോസഫ് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ പര്യടനം നടത്തി നവംബർ ഒന്നിനു രാജ്ഭവന് മുന്നിൽ കൂട്ട ഉപവാസത്തോടെ സമാപിക്കും.