മാർപാപ്പയെ കാണാനെത്തുന്ന വിശ്വാസികൾ അറിയാൻ...
Thursday, January 31, 2019 5:20 PM IST
അബുദാബി സഈദ് സ്പോർട്സ് സെന്ററിൽ ചൊവാഴ്ച രാവിലെ നടക്കുന്ന മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കാനെത്തുന്ന വിശ്വാസികൾ അവിടുത്തെ ക്രമീകരണങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
പ്രവേശന ടിക്കറ്റും യാത്രാടിക്കറ്റും കരുതണം
ചൊവ്വാഴ്ച രാവിലെ 10.30നാണ് മാർപാപ്പയുടെ ദിവ്യബലി. പരമാവധി 1,35,000 പേർക്കു മാത്രമേ സ്റ്റേഡിയത്തിലും പുറത്തുമായി ദിവ്യബലിയിൽ പങ്കാളികളാകാൻ അവസരമുള്ളൂ. അതിനാൽ പ്രവേശനടിക്കറ്റും യാത്രാടിക്കറ്റും ഇല്ലാതെ വരുന്നവർക്ക് സ്ഥലത്തേക്ക് പ്രവേശനം ഉണ്ടാകില്ല. യുഎഇയിലെ വിവിധ പ്രദേശങ്ങളിലെ ഹബ്ബുകളിൽ നിന്നും സർക്കാരിന്റെ സൗജന്യ ഷട്ടിൽ സർവീസുകൾ സ്പോർട്സ് സിറ്റിയിലേക്ക് ഉണ്ടാകും.
ഓരോ ടിക്കറ്റിലും എത്തേണ്ട സ്ഥലത്തിന്റെ വിവരവും സമയവും ഉണ്ടായിരിക്കും. ആവശ്യമായ അക്സസ് ഹബ് ടിക്കറ്റ് വാങ്ങാനെത്തുമ്പോൾ വിശ്വാസികൾക്ക് തെരഞ്ഞെടുക്കാം. പിന്നീട് ഹബ് മാറ്റാനാകില്ല. ഹബ് വരെ സ്വന്തം നിലയിൽ എത്തേണ്ടതുണ്ട്. സ്വന്തം വാഹനത്തിൽ വരുന്നവർക്ക് യാസ് ഗേറ്റ്വേ അക്സസ് ഹബ് എന്നെഴുതിയ ടിക്കറ്റുകൾ ലഭിക്കും. യാസ് ദ്വീപിൽ കാർ പാർക്കിംഗ് സൗകര്യവും ഉണ്ടാകും. സ്പോർട്സ് കോംപ്ലക്സിലേക്ക് ഷട്ടിൽ സർവീസ് അവിടെനിന്നും ഉണ്ടാകും. വിദേശത്തുനിന്നെത്തുന്നവർക്കും യാത്രാ ടിക്കറ്റും അക്സസ് ഹബ് ടിക്കറ്റും വേണം.
അക്സസ് ഹബ്ബുകൾ
അബുദാബിയിൽ ഡെൽമ സ്ട്രീറ്റ്, നേഷൻ ടവർ, മുസഫ എമിറേറ്റ്സ് ഡ്രൈവിങ് സ്കൂൾ പരിസരം, റുവൈസ് ഹൗസിങ് കോംപ്ലക്സിന് എതിർവശം, അൽഐൻ ഹെസ്സ ബിൻ സായിദ് സ്ട്രീറ്റ് പാർക്കിങ്ങ് എന്നിവിടങ്ങളിൽ നിന്നാണ് ബസ് പുറപ്പെടുക. ദുബായിൽ സഫ പാർക്ക്, വണ്ടർലാൻഡ്, ഖിസൈസ് പോണ്ട് പാർക്ക്, അൽനഹ്ദ, ജബൽഅലി എന്നിവിടങ്ങളിൽ നിന്നും ബസ് പുറപ്പെടും. അതേസമയം, ഷാർജയിൽ നിന്നുള്ളവർ ദുബായിലെ 76 സ്ട്രീറ്റിൽ നിന്നാണ് ബസ് കയറേണ്ടത്.
സൗകര്യങ്ങൾ നിരവധി
ഗ്രാൻഡ് മോസ്ക്, ബത്തീൻ എയർപോർട്ട് റോഡ് പരിസരങ്ങളിലായി എത്തിച്ചേരുന്നവർ 500 മീറ്റർ മുതൽ സ്റ്റേഡിയത്തിലേക്ക് നടന്നുവരേണ്ടതുണ്ട്. അംഗപരിമിതരെ പ്രത്യേക വാഹനത്തിൽ സ്റ്റേഡിയത്തിലെ പ്രത്യേക ഇരിപ്പിടത്തിൽ എത്തിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് വിശ്രമിക്കാനും പ്രാഥമികകൃത്യം നിർവഹിക്കാനും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ രാവിലെ എട്ടു വരെയും ദിവ്യബലിക്കു ശേഷവും സ്റ്റേഡിയത്തിൽ ലഘുഭക്ഷണം ലഭ്യമാണ്. അതേസമയം, പുറത്തുനിന്ന് സ്റ്റേഡിയത്തിലേക്ക് ഭക്ഷണം കയറ്റാൻ അനുമതിയുണ്ടായിരിക്കില്ല.