ബന്ധം കൂടുതൽ ആഴത്തിൽ ഉൗട്ടിയുറപ്പിക്കുന്ന സന്ദർശനം
Monday, February 4, 2019 2:41 AM IST
ലോകത്തിലെ വിവിധ മതവിശ്വാസങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ ഉൗട്ടിയുറപ്പിക്കുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം വഴിതെളിക്കുമെന്ന് ജർമൻകാരിയായ പ്രശസ്ത ചരിത്രകാരി ഡോ. ഫ്രൗക്ക് ഹേർഡ് ബെ അഭിപ്രായപ്പെട്ടു.
ഇസ്ലാമിക രാജ്യമായ യുഎഇയിൽ ക്രൈസ്തവരും ഹിന്ദുക്കൾ അടക്കമുള്ള ഇതര മതസ്ഥർക്കു നൽകുന്ന സ്വാതന്ത്ര്യവും ബഹുമാനവും മതസൗഹാർദത്തിന് നൂറ്റാണ്ടുകളുടെ പാരന്പര്യമുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കും മാതൃകയാണെന്ന് മൊറോക്ക സ്വദേശിയായ റായിസ് അബ്ദുള്ളയും ചൂണ്ടിക്കാട്ടി.
റോമൻ കത്തോലിക്കാ വിശ്വാസിയല്ല ഞാൻ. പക്ഷേ, യുഎഇയിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വരവിൽ അത്യാഹ്ലാദം തോന്നുന്നു. ഇതരവിശ്വാസങ്ങളോടു സഹിഷ്ണുത പുലർത്തുന്ന മനുഷ്യരുടെ ഇടയിൽ ജീവിക്കാൻ അവസരം ലഭിച്ചതിൽ ദൈവത്തോടു നന്ദി പറയുന്നു.
സമൂഹത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള സഹവർത്തിത്വത്തിന്റെയും സ്നേഹത്തിന്റെയും പ്രകടമായ തെളിവാണ് യുഎഇ സർക്കാർ മാർപാപ്പയ്ക്കു നൽകുന്ന പ്രത്യേകമായ രാജകീയ സ്വീകരണവും ആദരവുമെന്നതിലും സംശയമില്ല- കഴിഞ്ഞ 50 വർഷമായി അബുദാബിയിൽ സ്ഥിരതാമസമാക്കിയ ഫ്രൗക്ക് ഹേർഡ് ബേ പറഞ്ഞു.
1967 നവംബർ 30ന് ഭർത്താവ് ഡേവിഡിനൊപ്പം യുഎഇയിൽ വന്നതു മുതൽ ലഭിച്ച അംഗീകാരവും സ്വാതന്ത്ര്യവും ലോകത്തിനാകെ അഭിമാനമാണെന്ന് ഹേർഡ് ബേ വിശദീകരിച്ചു. ക്രൈസ്തവരുടെ ആത്മീയമായ വളർച്ചയ്ക്കുവേണ്ടിയും യുഎഇ നൽകുന്ന പിന്തുണയും പ്രോത്സാഹനവും മറക്കാനാകില്ലെന്നും അവർ പറഞ്ഞു.
നല്ല ക്രൈസ്തവ ദേവാലയങ്ങൾ നിർമിക്കാൻ ആവശ്യമായ സ്ഥലവും പിന്തുണയും വിശുദ്ധ കുർബാന അടക്കമുള്ള പ്രാർഥനകൾക്കും ക്രൈസ്തവ രാജ്യങ്ങളിലേതു പോലെയോ കേരളത്തിലേതു പോലെയോ സ്വാതന്ത്ര്യമാണ് മുസ്ലിം രാഷ്ട്രമായ യുഎഇയിൽ നൽകുന്നതെന്ന് മലയാളികൾ സാക്ഷ്യപ്പെടുത്തി.
അയോധ്യയിലെ രാമക്ഷേത്ര മാതൃകയിൽ വളരെ വലിയൊരു ഹൈന്ദവ ക്ഷേത്രത്തിനും അബുദാബിയിൽ അടുത്തിടെ അനുമതി നൽകി. ഹൈന്ദവർ, ക്രൈസ്തവർ, ജൂതർ, സിക്കുകാർ തുടങ്ങി എല്ലാ മതസ്ഥർക്കും അവരുടേതായ രീതിയിൽ ആചാരാനുഷ്ഠാനങ്ങളും പ്രാർഥനകളും നടത്താനും യുഎഇ അനുമതി നൽകാറുണ്ടെന്ന് മലയാളികൾ ചൂണ്ടിക്കാട്ടി.
തികഞ്ഞ മുസ്ലിം മതവിശ്വാസികളായി തുടർന്നുകൊണ്ടാണ് യുഎഇ ഇതര മതസ്ഥർക്ക് സ്വാതന്ത്ര്യവും ബഹുമാനവും നൽകുന്നത്. ബഹറൈൻ, കുവൈറ്റ് തുടങ്ങി മിക്ക ഗൾഫ് രാജ്യങ്ങളിലും ക്രൈസ്തവ, ഹിന്ദു ആരാധനാലയങ്ങൾക്കും യഥേഷ്ടമുള്ള പ്രാർഥനകൾക്കും അനുമതി നൽകിയിട്ടുണ്ട്. ലോകത്തിനാകെ മാതൃകയാണ് യുഎഇയിലെ മതസഹിഷ്ണുതയെന്നു യൂറോപ്പിൽനിന്നെത്തിയ മാധ്യമപ്രവർത്തർ പറഞ്ഞു.