മാര്‍പാപ്പയ്ക്കു യുഎഇ ചരിത്രത്തിലെ വലിയ ആദരം
Monday, February 4, 2019 2:45 AM IST
അബുദാബി: ഇന്നേവരെ മറ്റൊരു രാഷ്ട്രത്തലവനും നല്‍കാത്ത ആദരവോടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇസ്ലാമിക രാഷ്ട്രമായ യുഎഇ ആതിഥ്യം നല്‍കുന്നത്. വലിയ ആകാംക്ഷയോടെ കാത്തിരുന്ന മുഹൂര്‍ത്തം എത്തിയതില്‍ യുഎഇ രാജകുടുംബവും അറബ് ലോകത്തെ മതപണ്ഡിതരും വിവിധ മതസ്ഥരായ ലക്ഷക്കണക്കിനു വിശ്വാസികളും അതീവ സന്തോഷത്തിലാണെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന് മുബാറക് അല്‍ നഹ്യാന് ദീപികയോടു പറഞ്ഞു.
ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയിലെത്തിയത് യുഎഇക്ക് ലഭിച്ച വലിയ ആദരമായാണു കാണുന്നത്. അറബ് മേഖലയില്‍ മാര്‍പാപ്പയെ ആദ്യം സ്വീകരിക്കാനായതിലും യുഎഇ അത്യധികം ആഹ്ലാദത്തിലാണ്.
മാര്‍പാപ്പയുടെ ഇന്നത്തെ പരിപാടികള്‍
ഉച്ചയ്ക്ക് 12.00: ഫ്രാന്‍സിസ് പാപ്പയ്ക്ക് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണം.
12.20: കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാനുമായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ചര്‍ച്ച.
വൈകുന്നേരം 5.00: അബുദാബി ഗ്രാന്‍ഡ് മോസ്കില്‍ മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അംഗങ്ങളുമായി ചര്‍ച്ച.
വൈകുന്നേരം 6.10: ഫൗണ്ടേഴ്സ് മെമ്മോറിയലില്‍ മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പയുടെ പ്രഭാഷണം.
സ്കൂളുകള്‍ക്കു രണ്ടു ദിവസം അവധി
മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്നും നാളെയും അബുദാബി, ദുബായി, ഷാര്‍ജ തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂളുകള്‍ക്ക് അവധി നല്കി. ചൊവ്വാഴ്ചത്തെ മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് വിശ്വാസികള്‍ക്ക് യുഎഇ സര്‍ക്കാര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. വിശ്വാസികളുടെ യാത്രയും ലഘുഭക്ഷണവും വെള്ളവും അടക്കമുള്ള ചെലവുകളും സര്‍ക്കാര്‍ വഹിക്കും.
തത്സമയ സംപ്രേഷണം
ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശന പരിപാടികൾ എത്തിഹാഡ് എയർലൈൻസ് തൽസമയം സംപ്രേഷണം ചെയ്യും. ഇന്നലെ രാത്രി മാർപാപ്പ അബുദാബിയിൽ വിമാനമിറങ്ങിയ പരിപാടിയും ഇന്നും നാളെയുമുള്ള പരിപാടികളും യുഎഇ സർക്കാരിന്റെ കീഴിലുള്ള വാർത്താവിതരണ മന്ത്രാലയം സജീവ സംപ്രേഷണം ചെയ്യുന്നുണ്ട്. എത്തിഹാഡ് എയർലൈൻസിന്റെ ലോകമെങ്ങുമുള്ള എല്ലാ വലിയ വിമാനങ്ങളും വിമാനത്താവളങ്ങളിലെ വിശ്രമകേന്ദ്രങ്ങളിലുമുള്ള യാത്രക്കാർക്ക് സൗജന്യമായി മാർപാപ്പയുടെ പരിപാടികളുടെ സജീവ ടെലിവിഷൻ സംപ്രേഷണം കാണാനാകും.
മാധ്യമപ്പടയും ചരിത്രമായി
ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമസംഘമാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനായി അബുദാബിയില്‍ എത്തിയത്. ലോകരാഷ്ട്രങ്ങളിലെ എല്ലാ പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ അടക്കം എണ്ണൂറോളം പേരാണ് എത്തിയത്. ചൈനീസ് പ്രസിഡന്റ് വന്നപ്പോള്‍ പോലും നൂറിലേറെ മാധ്യമപ്രവര്‍ത്തകരേ വന്നിരുന്നുള്ളൂവെന്ന് യുഎഇ മാധ്യമകൗണ്സില് ചൂണ്ടിക്കാട്ടി.