പുതുചരിത്രം; മാർപാപ്പയ്ക്കു യുഎഇയിൽ രാജകീയ സ്വീകരണം
Tuesday, February 5, 2019 1:58 AM IST
അബുദാബി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയെ യുഎഇ വരവേറ്റത് പതിവില്ലാത്ത ആദരവോടെയും സ്നേഹത്തോടെയും. അബുദാബിയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനും ചേർന്നാണ് മാർപാപ്പയെ സ്വീകരിച്ചത്.
യുഎഇയുടെ ഒൗപചാരിക ക്ഷണം സ്വീകരിച്ച് അറബ് ലോകത്ത് ആദ്യമായെത്തിയ മാർപാപ്പയ്ക്ക് രാജ്യം നൽകാവുന്ന ഉന്നതമായ സ്വീകരണമാണു നൽകിയത്. ചടങ്ങിനായി പ്രസിഡൻഷ്യൽ കൊട്ടാരത്തിലെത്തിയ മാർപാപ്പയെ കാറിനടുത്തേക്കു ചെന്ന് ആശ്ലേഷിച്ചായിരുന്നു ഇരുവരുടെയും വരവേൽപ്. തുടർന്ന് കൊട്ടാരത്തിനുള്ളിലേക്ക് ഇരുവരും ചേർന്ന് മാർപാപ്പയെ ആനയിച്ചു.
ലോകത്തിലെ രണ്ടു വലിയ മതങ്ങൾ തമ്മിലുളള സഹകരണം, സഹവർത്തിത്വം, പരസ്പര ബഹുമാനം എന്നിവ ഉൗട്ടിയുറപ്പിച്ച മാർപാപ്പയുടെ യുഎഇ സന്ദർശനം മേഖലയിലാകെ പുതിയ ഉണർവും ആവേശവുമായെന്ന് യുഎഇ സർക്കാർ പറഞ്ഞു.
• ഫ്രാൻസിസ് മാർപാപ്പയുടെ വരവിലുളള ആദരസൂചകമായി അബുദാബിയിൽ വ്യോമസേനാ ജെറ്റ് വിമാനങ്ങളുടെ മനോഹരമായ അഭ്യാസ പ്രകടനം. വത്തിക്കാന്റെ പേപ്പൽ പതാകയുടെ നിറത്തിലുള്ള മഞ്ഞയും വെള്ളയും പുകച്ചുരുളുകളോടെയായിരുന്നു വിമാങ്ങളുടെ പറക്കൽ. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ മാർപാപ്പയ്ക്ക് ഒൗദ്യോഗിക സ്വീകരണം നടന്ന സമയത്ത് വിമാനങ്ങൾ നഗരത്തിനു മുകളിലെ ആകാശം മഞ്ഞയും വെള്ളയും നിറങ്ങളിൽ മുക്കിയത് പതിനായിരങ്ങളാണ് ആവേശത്തോടെ ദർശിച്ചത്.
• സന്പൂർണ സൈനിക ബഹുമതികളോടെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നൽകിയ ആചാരപരമായ വരവേൽപിൽ സൈനിക ബാൻഡിന്റെ സംഗീതം പ്രത്യേക വിരുന്നായി. കൊട്ടാരത്തിനു മുന്നിൽ മാർപാപ്പ വന്നിറങ്ങിയതോടെ രാജ്യം നൽകുന്ന ഏറ്റവും ഉന്നതമായ ബഹുമതികളോടെയായിരുന്നു സ്വീകരണം.
• ഞായറാഴ്ച രാത്രി പത്തിന് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ ഇറങ്ങിയ മാർപാപ്പയെ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനും രാജകുടുംബത്തിലെ മറ്റു സഹോദരന്മാരും ഉന്നത സൈനിക, സർക്കാർ മേധാവികളും ചേർന്നാണ് സ്വീകരിച്ചത്. വിമാനത്താവളത്തിൽ ചെന്ന് സ്വീകരിച്ചത് രാജ്യത്തിന്റെ ഏറ്റവും സുപ്രധാന ആദരത്തിന്റെ പ്രകടനവുമായി. മാർപാപ്പയുടെ ബഹുമാനാർഥം സൈനിക പരേഡും ഉണ്ടായിരുന്നു.
പ്രത്യേക ലേഖകൻ