മാർപാപ്പയെ കാണാൻ ഓടിയെത്തിയ ബാലിക താരമായി
Thursday, February 7, 2019 5:56 AM IST
വത്തിക്കാൻ സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് തന്നെ കാണാൻ ഓടിയെത്തിയ ബാലികയുടെ ധൈര്യത്തെ പ്രശംസിച്ച് ഫ്രാൻസിസ് മാർപാപ്പ.
യുഎഇ സന്ദർശനത്തിനിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം. അബുദാബിയിലെ സയീദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ദിവ്യബലി അർപ്പിക്കാനായി പോപ്പ് മൊബീലിൽ വരികയായിരുന്നു മാർപാപ്പ. ജനക്കൂട്ടത്തിനിടയിൽനിന്ന് വെള്ളയും പിങ്കും ധരിച്ച ബാലിക ബാരിക്കേഡുകളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്ന് പോപ്പ് മൊബീലിനരികിലേക്ക് ഓടിവന്നു.
അവളുടെ കൈയിൽ ഒരു കത്തുമുണ്ടായിരുന്നു. മാർപാപ്പ ഇതുകണ്ട് വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ എടുത്തുയർത്തിയ കുട്ടിയുടെ തലയിൽ കൈവച്ച് മാർപാപ്പ അനുഗ്രഹിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി.
യുഎഇയിൽനിന്ന് വത്തിക്കാനിലേക്കു മടങ്ങുംവഴി വിമാനത്തിലെ മാധ്യമപ്രവർത്തകരോടാണ് കുട്ടിയുടെ ധൈര്യത്തെക്കുറിച്ച് മാർപാപ്പ പറഞ്ഞത്. അവൾക്ക് അസാമാന്യ ധൈര്യമുണ്ട്. അവൾക്കു ഭാവിയുണ്ട്. ഭാവിയിൽ അവളുടെ ഭർത്താവിന്റെ കാര്യം കഷ്ടത്തിലാകുമെന്നും തമാശയായി മാർപാപ്പ പറഞ്ഞു. കുട്ടി കൈമാറിയ കത്തിന്റെ ഉള്ളടക്കം മാർപാപ്പ വെളിപ്പെടുത്തിയില്ല.
യുഎഇയിൽ മൂന്നുദിവസം നീണ്ട അപ്പസ്തോലിക സന്ദർശനം ക്രൈസ്തവരും മുസ്ലിംകളും തമ്മിലുള്ള ചർച്ചയുടെ ചരിത്രത്തിലെ പുതിയ അധ്യായമാണെന്ന് ഇന്നലെ വത്തിക്കാനിൽ പൊതുദർശന പ്രഭാഷണവേളയിൽ മാർപാപ്പ പറഞ്ഞു.
അബുദാബിയിൽനിന്ന് എത്തിഹാദ് എയർവേയ്സ് വിമാനത്തിൽ റോമിൽ തിരിച്ചെത്തിയ മാർപാപ്പ സെന്റ് മേരീസ് മേജർ ബസിലിക്കയിലെത്തി മാതാവിനോടു പ്രാർഥിച്ചശേഷമാണ് വത്തിക്കാനിലേക്കു പോയത്.