ഇമ്രാൻ ഖാന് സമാധാനത്തിന്‍റെ നൊബേൽ നൽകണമെന്ന് പാക്കിസ്ഥാനികൾ
ഇമ്രാൻ ഖാന് സമാധാനത്തിന്‍റെ നൊബേൽ നൽകണമെന്ന് പാക്കിസ്ഥാനികൾ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സമാധാനത്തിന്‍റെ നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യവുമായി സോഷ്യൽ മീഡിയ ക്യാംപയിൻ. പാക്കിസ്ഥാൻ പൗരന്മാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരണം തുടങ്ങിയത്.

വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യയ്ക്ക് കൈമാറിയതോടെ പാക്കിസ്ഥാനിൽ ഇമ്രാന്‍റെ ജനപ്രീതി വർധിച്ചുവെന്നാണ് വിലയിരുത്തൽ. ഇമ്രാന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ദേശീയ അസംബ്ലയിൽ പ്രമേയം പാസാക്കുകയും ചെയ്തെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരിയാണ് ഇത് സംബന്ധിച്ച പ്രമേയം അസംബ്ലിയിൽ അവതരിപ്പിച്ചത്. പ്രമേയം ഏകകണ്ഠമായി അസംബ്ലി പാസാക്കുകയായിരുന്നു.


ഇമ്രാൻ ഖാന് നൊബേൽ സമ്മാനിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചരണം തുടങ്ങിയത്. #NobelPeacePrizeForImranKhan എന്ന പ്രചരണം ട്വിറ്ററിലും തകൃതിയായി നടക്കുന്നുണ്ട്.

എന്നാൽ രാജ്യം നിരവധി സാന്പത്തികവും ഭരണപരവുമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്പോൾ ഇത്തരം പ്രചരണം അനാവശ്യമാണെന്ന് വാദിക്കുന്നവരും നവമാധ്യമങ്ങളിലുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.