പെണ്ണുകാണാൻ ചെന്നപ്പോൾ
Wednesday, April 10, 2019 12:15 PM IST
കോട്ടയം: 61 വർഷത്തെ ഭദ്രമായ ദാന്പത്യജീവിതം. പാലാ കരിങ്ങോഴയ്ക്കൽ കെ. എം. മാണിയും വാഴൂർ ഈറ്റത്തോട്ട് കുട്ടിയമ്മയും തമ്മിലുള്ള വിവാഹം 1957 നവംബർ 28നായിരുന്നു. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസീസ് അസീസി പള്ളിയിൽ താഴത്തേൽ മത്തായി അച്ചൻ ആശീർവദിച്ച വിവാഹത്തിനു പുള്ളോലിൽ തോമസും പുല്ലാന്താനിക്കൽ കുഞ്ഞേപ്പും സാക്ഷികളായി.
മുൻ ആഭ്യന്തര മന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന പി.ടി. ചാക്കോയുടെ അമ്മയുടെ അനുജത്തിയുടെ മകളാണ് കുട്ടിയമ്മ.
കോട്ടയം ബാറിൽ അഭിഭാഷകനായിരിക്കെയാണ് ചങ്ങനാശേരി അസംപ്ഷൻ കോളജിൽ ബിരുദവിദ്യാർഥിനിയായിരുന്ന കുട്ടിയമ്മുമായുള്ള വിവാഹം. വിവാഹത്തിന്റെ അറുപതാം വാർഷികത്തിൽ ദീപികയുമായി സംസാരിച്ച വേളയിൽ പെണ്ണുകാണൽ ചടങ്ങിനെപ്പറ്റി മാണി ഓർമിച്ചതിങ്ങനെ: വാഴൂർ ഈറ്റത്തോട് വീട്ടിൽ ചെല്ലുന്പോൾ ഹാഫ് സാരിയുടുത്ത കുട്ടിയമ്മ ആറു മാസം പ്രായമുള്ള ഇളയ ആങ്ങള ബാബുവിനെ ഒക്കത്തുവച്ചാണ് മുന്നിൽവന്നു നിന്നത്. ചായ കൊണ്ടുവന്നത് കുട്ടിയമ്മയുടെ അമ്മ ക്ലാരമ്മയായിരുന്നു.
എനിക്ക് കുട്ടിയമ്മയെ ഇഷ്ടപ്പെട്ടു.
വീട്ടുകാർ കല്യാണം ഉറപ്പിച്ചു. അക്കാലത്തു കല്യാണക്കുറി അടിക്കുകയെന്നത് വളരെ അപൂർവമായിരുന്നു. നൂറു കല്യാണക്കുറികൾ അടിച്ചാണ് പ്രമുഖരെ ക്ഷണിച്ചത്. കേമമായിരുന്നു കല്യാണവും വീട്ടിൽ ഒരുക്കിയ സദ്യയുമൊക്കെ. അഭിഭാഷകനിൽനിന്നു രാഷ്ട്രീയക്കാരനും എംഎൽഎയും മന്ത്രിയും കേരള കോണ്ഗ്രസ് നേതാവുമായി മാണി വളർന്നപ്പോൾ പിൻബലം കുട്ടിയമ്മയായിരുന്നു.
ബിജു കൂട്ടപ്ലാക്കൽ