ഓർമകളിൽ വിതുന്പി അനുയായികൾ
Thursday, April 11, 2019 3:40 PM IST
കോട്ടയം: കാറിൽ യാത്ര ചെയ്യുന്പോൾ നേരം മയങ്ങിയാലുടൻ മാണിസാർ ഓർമിപ്പിക്കും, നമുക്കൊരു ഭക്തിഗാനം കേൾക്കാം. ഭക്തിഗാനം ഉയരുന്പോൾ അദ്ദേഹം കുറച്ചുനേരം കൈകൂപ്പി കണ്ണടച്ചിരിക്കും. പതിനെട്ടു വർഷം മാണിയുടെ പേഴ്സണൽ സെക്രട്ടറിയായും സഹായിയുമായിരുന്ന ഒൗസേച്ചൻ വാളിപ്ലാക്കൽ ഓർമിക്കുന്നു. പഴയകാല ഹിന്ദി ശോകഗാനങ്ങളുടെ വലിയ ആസ്വാദകനായിരുന്നു മാണി. മുഹമ്മദ് റാഫി ഉൾപ്പെടെ പ്രമുഖരുടെ ഹിന്ദിഗാനങ്ങൾ അദ്ദേഹത്തിനു മനപ്പാഠമായിരുന്നു. വെരുതെയിരിക്കുന്പോൾ മൂളിപ്പാടുന്നതും വിനോദമായിരുന്നു.
ദുഃഖം കേട്ടാൽ
നല്ലൊരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. രോഗം, വേദന എന്നിവയുമായി ബന്ധപ്പെട്ടു വരുന്നവരുടെ ദുഃഖം കേൾക്കുന്പോൾ മുഖം മ്ലാനമാകുന്നതും പതിവായിരുന്നു. രോഗികൾക്കു സഹായം നൽകുക എന്നതു പുണ്യമായി അദ്ദേഹം കരുതി. കാരുണ്യ ലോട്ടറി ആവിഷ്കരിച്ചത് ഈ വികാരത്തോടെയാണ്.
സഹായ അഭ്യർഥനയുമായി എത്തിയ ഒരാളോടുപോലും പാർട്ടിയേതെന്നോ പശ്ചാത്തലമേതെന്നോ അദ്ദേഹം ചോദിച്ചു കേട്ടിട്ടില്ല. ഇലക്ഷൻ കാലത്ത് അപേക്ഷകളുമായി വരുന്ന വേളയിൽ തനിക്കു വോട്ട് ചെയ്യണമെന്നു പറയാറുമില്ല. തിരക്കുകൂട്ടി നിൽക്കുന്ന മുഴുവൻ പേരുടെയും പ്രശ്നങ്ങൾ പരിഹരിച്ചിട്ടേ അദ്ദേഹം ഭക്ഷണം കഴിക്കാൻ പോലും പോകുമായിരുന്നുള്ളു. അത്രയേറെ ജനകീയനായിരുന്നു മാണിസാർ.
കാറിൽ ഉറക്കം
നിരവധി കല്യാണങ്ങളിൽ പങ്കെടുത്ത ദിവസങ്ങളുണ്ട്. അവിടെയൊന്നും ഭക്ഷണം കഴിക്കാതെ വൈകുന്നേരം വീട്ടിൽ വന്നു തണുത്ത ചോറുണ്ണുന്നതു കണ്ടിട്ടുണ്ട്. കാരണം വൈകുന്നേരം വീട്ടിൽ അപേക്ഷകളുമായി ഏറെപ്പേർ കാത്തുനിൽപ്പുണ്ടാകും. മരിച്ച വീടുകളിലെത്തി ആശ്വാസം പകരാനും അദ്ദേഹം പ്രത്യേകശ്രദ്ധ പുലർത്തിയിരുന്നു.
രാവിലെയും വൈകുന്നേരവും ദോശയോ ചപ്പാത്തിയോ ഇഡ്ഡലിയോ കഴിക്കും. ഒരു നേരം ചോറ്. ഇടയ്ക്കിടെ കട്ടൻ ചായയോ ചൂടു വെള്ളമോ. ഇതിനിടെ, നൂറായിരം ജോലികളിൽ മുഴുകുന്ന മാണി സാറിന്റെ ശൈലി അപാരമായിരുന്നു. തുടരെ ലഭിക്കുന്ന ഫോണുകൾക്കു മറുപടി പറയും. അതിനിടെ, പാർട്ടി പ്രവർത്തകരുമായി സംവദിക്കും. മൂന്നോ നാലോ മണിക്കൂർ മാത്രമായിരുന്നു പലപ്പോഴും ഉറക്കം. നൂറു കണക്കിനു കിലോമീറ്റർ നീളുന്ന ഓരോ ദിവസത്തെയും യാത്ര. മിക്കപ്പോഴും കാറിൽ കിടന്നാണ് ഉറക്കം.
ജോലി തന്നെ വിശ്രമം
മന്ത്രിയായിരിക്കെ രാത്രി ഒരു മണി വരെ സെക്രട്ടറിയേറ്റിൽ ഫയലുകൾ നോക്കുമായിരുന്നു. രാത്രി വൈകിയെത്തി കിടക്കും മുൻപ് അൽപസമയം പ്രാർഥിക്കും. ഏതു യാത്രാവേളയിലും ഇടയ്ക്കിടെ വീട്ടിൽ ഭാര്യ കുട്ടിയമ്മയെ ഫോണിൽ വിളിച്ചു വിശേഷങ്ങൾ തിരക്കും. രാവിലെതന്നെ എല്ലാ പത്രങ്ങളും വായിച്ചുതീർക്കും. ഒരു മിനിറ്റുപോലും വിശ്രമം എന്നത് അദ്ദേഹത്തിനുണ്ടായിരുന്നില്ല.
രോഗം കലശലാകും വരെ ക്ഷീണം മറന്നും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. ജോസ് കെ. മാണി ജനുവരിയിൽ നടത്തിയ കേരള യാത്രയുടെ ഉദ്ഘാടനത്തിനു കാസർഗോട്ടും സമാപനത്തിനു തിരുവനന്തപുരത്തും കാറിൽ പോയി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജനമഹായാത്ര നയിച്ചു പാലായിലെത്തിയപ്പോൾ രാത്രി വൈകിയും അതിൽ പങ്കെടുത്തു പ്രസംഗിച്ചു. വൈകുന്നേരം ഏഴിന് എത്തേണ്ടിയിരുന്ന ജാഥ പാലായിലെത്തിയത് രാത്രി പത്തു കഴിഞ്ഞപ്പോൾ. ക്ഷീണം മറന്നും അദ്ദേഹം ചടങ്ങിൽ ആശംസകളർപ്പിച്ചു.
ഒാർമശക്തി
അപാരമായിരുന്നു മാണിസാറിന്റെ ഓർമശക്തി. പഴയ കാര്യങ്ങൾ ഓർത്തു പറയാനും ഒരിക്കൽ പരിചയപ്പെട്ട വ്യക്തിയെ അപ്രതീക്ഷിതമായ കാണുന്ന വേളയിൽ പേരു ചൊല്ലിവിളിക്കാനുമുള്ള കഴിവ്. പാലാ മണ്ഡലത്തിലെ ഏറെക്കുറെ എല്ലാ വോട്ടർമാരെയും പേരെടുത്തുവിളിക്കാൻ കഴിയുന്ന ബന്ധം.രാഷ്ട്രീയപരമായ തിരിച്ചടികളും വെല്ലുവിളികളുമുണ്ടായ വേളയിൽ സ്വകാര്യമായി അദ്ദേഹം ദുഃഖിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, പൊതുസമൂഹത്തിൽ അതു പ്രകടമാക്കില്ല. സെക്രട്ടറിയേറ്റിൽ മാത്രമല്ല സ്വന്തം ഓഫീസിലും സഹപ്രവർത്തകരോട് ഏറെ സൗഹാർദപരമായിരുന്നു പെരുമാറ്റം.ധീരമായ നിലപാട് സ്വീകരിക്കുന്നതിൽ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നുമില്ല.
ബാർകേസിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം എതിർത്തതിനാൽ ബജറ്റ് അവതരിപ്പിക്കുന്നതിനു തലേന്നു നിയമസഭയിലെ മുറിയിൽത്തന്നെ അദ്ദേഹം കഴിച്ചുകൂട്ടി. എന്നാൽ, പ്രതിപക്ഷം പിറ്റേന്നു രാവിലെ ആ മുറി ഉപരോധിക്കുമെന്നു മനസിലാക്കി പുലർച്ചെ നാലിനു മുഖ്യമന്ത്രിയുടെ മുറിയിലേക്ക് തന്ത്രപരമായി മാറി. എന്തു വിലകൊടുത്തും ബജറ്റ് അവതരണം തടയാൻ സർവസന്നാഹങ്ങളുമായി നിയമസഭയിൽ അഴിഞ്ഞാടിയിട്ടും പ്രതിപക്ഷത്തെ ഞെട്ടിച്ച് മാണിസാർ ബജറ്റ് അവതരിപ്പിച്ചത് ഈ മുറിയിൽനിന്ന് എത്തിയതാണ്. പ്രതിപക്ഷം ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ഇത്.