ആത്മവിശ്വാസത്തോടെ ആരോഗ്യവകുപ്പ്
Thursday, June 6, 2019 9:39 AM IST
കൊച്ചി: നിപ്പയെ തളയ്ക്കാമെന്ന ആത്മവിശ്വാസത്തിൽ ആരോഗ്യവകുപ്പ്. മൃഗസംരക്ഷണ വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഒരുമിച്ചതോടെ നിപ്പയെ നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണു കേരളം. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നേരിട്ടാണു നിപ്പയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
കഴിഞ്ഞവർഷം മേയിൽ കോഴിക്കോട് നിപ്പ പടർന്നപ്പോൾ മുൻപു നേരിട്ടിട്ടില്ലാത്ത തികച്ചും അപ്രതീക്ഷിതമായ ഒരു വെല്ലുവിളിയായിരുന്നു ആരോഗ്യവകുപ്പ് ഏറ്റെടുത്തത്. പുസ്തകങ്ങളിൽനിന്നു ലഭിച്ച അറിവിനെ മാത്രം ആശ്രയിച്ച് ആരോഗ്യവകുപ്പ് അന്നു നിപ്പയെ നേരിട്ടു വിജയം നേടി.
അതാണ് ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസത്തിന് അടിസ്ഥാനം. കോഴിക്കോടിനേക്കാൾ മെച്ചപ്പെട്ട സാഹചര്യമാണു കൊച്ചിയിൽ ഉള്ളതെന്നത് ആത്മവിശ്വാസം കൂട്ടുന്നു. ഇത്തവണ നിപ്പ സ്ഥിരീകരിക്കും മുന്പേ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനായി.
വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളൊരുക്കി. ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും കൃത്യമായ മാർഗനിർദേശങ്ങൾ നൽകി. ഭയപ്പെടാതെ ഡോക്ടർമാരും നഴ്സുമാരും രംഗത്തിറങ്ങിക്കഴിഞ്ഞു. നിപ്പ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യസ്ഥിതി ചികിത്സയിലൂടെ മെച്ചമാക്കാനായി.
രോഗിയുമായി സന്പർക്കമുണ്ടായിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷണവിധേയമാക്കി. രോഗി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ജാഗ്രത പുലർത്തി വരുന്നു. ഡൽഹി എയിംസിലെ മെഡിക്കൽ സംഘവും നിപ്പ കൈകാര്യം ചെയ്തു പരിചയമുള്ള കോഴിക്കോടുനിന്നുള്ള ഡോക്ടർമാരും ആരോഗ്യവകുപ്പിലെ ഉന്നതരും രംഗത്തുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചിട്ടുണ്ട്.
എയിംസിലെ മെഡിക്കൽസംഘത്തെ കൊച്ചിയിലേക്ക് അയച്ചതിനൊപ്പം ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ കണ്ട്രോൾറൂമും തുറന്നു.