ചരിത്രത്തിലെ തിരുജനനം
Wednesday, December 18, 2019 4:12 PM IST
ഈശോയുടെ ജനനം സംബന്ധിച്ച കൃത്യമായ വിവരം യഹൂദ, റോമൻ ചരിത്രഗ്രന്ഥങ്ങളിൽ കാണാം. യഹൂദ ചരിത്രകാരനായ ജോസഫ് ഫ്ളാവിയസും റോമൻ ചരിത്രകാരനായ ടാസിറ്റസും ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്.
മത്തായി, ലൂക്ക സുവിശേഷകന്മാർ റോമൻ ചക്രവർത്തിയായ അഗസ്റ്റസ് സീസർ (ബിസി 27-എഡി 14) ജനസംഖ്യാ കണക്കെടുക്കാൻ കല്പന പുറപ്പെടുവിക്കുന്നതും (ലൂക്ക 2-15), ഹേറോദേസ് യൂദയായുടെ ഭരണാധിപതിയായിരുന്ന കാലത്ത്, ദാവീദിന്റെ പട്ടണമായ ബെത്ലഹേമിൽ ഈശോ പിറക്കുന്നതും വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.
ഡിസംബർ 24-25 ന് നാം ഈശോയുടെ ജനനം അനുസ്മരിക്കുന്നതിനു രണ്ടു കാരണങ്ങളാണുള്ളത്. ഒന്നാമത്തേത്, സഭാപിതാവും പണ്ഡിതനുമായ വിശുദ്ധ ജോൺ ക്രിസോസ്റ്റോമിന്റെ അഭിപ്രായമാണ്. യോഹന്നാൻ മാംദാനയുടെ ജനനത്തെയും ഈശോയുടെ ജനനത്തെയും സംബന്ധിച്ചുള്ള രണ്ടു മംഗലവാർത്തകളുടെ അടിസ്ഥാനത്തിലാണ് ക്രിസോസ്റ്റോം ഈ നിഗമനത്തിലെത്തുന്നത്.
സക്കറിയാസ് ദേവാലയത്തിൽ പുരോഹിത ശുശ്രൂഷ ചെയ്യുന്ന ദിവസമാണ് യോഹന്നാന്റെ ജനനം അറിയിക്കുന്നത്. (ലൂക്ക 1: 5-25). അന്നത്തെ കലണ്ടർ പ്രകാരം സക്കറിയാസ് പുരോഹിത ശുശ്രൂഷ ചെയ്തിരുന്ന യഹൂദരുടെ തിരുനാൾ ദിനമായ യോംകിപ്പൂർ (പരിഹാരദിനം) സെപ്റ്റംബർ 24 ആയിരുന്നു. അതിനാൽ അന്നാണ്, ക്രിസോസ്റ്റോമിന്റെ അഭിപ്രായപ്രകാരം സ്നാപകയോഹന്നാൻ എലിസബത്തിന്റെ ഉദരത്തിൽ ജന്മമെടുക്കുന്നത്.
ഈശോ ജനിക്കുമെന്ന മംഗലവാർത്ത മറിയത്തിന് ലഭിക്കുന്നത് എലിസബത്തിന് ആറാംമാസമായിരുന്നപ്പോഴാണ് (ലൂക്ക 1-36). എങ്കിൽ ഈശോ മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്നത് യോഹന്നാന്റെ മംഗലവാർത്തയ്ക്ക് ആറു മാസങ്ങൾക്കു ശേഷം, മാർച്ച് 24നും ഈശോയുടെ ജനനം പത്താംമാസം ഡിസംബർ 24-നുമാണ് (ലൂക്ക 2-6).
രണ്ടാമത്തെ കാരണം റോമിൽ നിലവിലിരുന്ന സൂര്യദേവന്റെ ആരാധനയാണ്. 274-ൽ റോമാചക്രവർത്തി മാർക്കൂസ് ഔറേലിയസ് സൂര്യദേവനെ റോമിന്റെ ഔദ്യോഗിക ദേവനായി പ്രഖ്യാപിക്കുകയും ഡിസംബർ 24 ഈ ദേവനായി മാറ്റിവയ്ക്കുകയും ചെയ്തു. ക്രിസ്തുമതത്തിന് പിന്നീട് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ക്രൈസ്തവർ ഡിസംബർ 24 സൂര്യദേവനു പകരം നീതിസൂര്യനായ ഈശോയുടെ ജനനം അനുസ്മരിക്കാനുള്ള ദിവസമായി കാണാൻ തുടങ്ങി.
354-ൽ വിരചിതമായ Depositio Martyrum എന്ന ഗ്രന്ഥപ്രകാരം റോമിൽ ക്രിസ്ത്യാനികൾ ആദ്യമായി ക്രിസ്മസ് ഡിസംബർ 24ന് ആഘോഷിച്ചത് എഡി 300 ലാണ്.
റവ. ഡോ. ജയിംസ് പുലിയുറുന്പിൽ