ക്രിസ്മസ് ആഘോഷം ആരാധനയിൽ
Wednesday, December 25, 2019 1:03 PM IST
രണ്ടായിരത്തിൽപരം വർഷം മുന്പ് ഈശോമിശിഹാ ഭൂജാതനായതിന്റെ ചരിത്രസ്മരണയിൽ ലോകം ആഹ്ലാദിക്കുന്ന ക്രിസ്മസ് രാവിൽ സഭയുടെ ആരാധനയിലൂടെ വിശ്വാസികൾ ആ ചരിത്ര യാഥാർഥ്യത്തിന്റെ വർത്തമാനകാലാനുഭവത്തിലേക്കു പ്രവേശിക്കുന്നു.
പുൽക്കൂടും നക്ഷത്രങ്ങളും ക്രിസ്മസ് ഗീതങ്ങളുമെല്ലാം ആ അദ്ഭുതരാവിന്റെ സജീവസ്മരണയിലേക്കു പ്രവേശിക്കാൻ നമ്മെ സഹായിക്കുന്നു. പ്രാർഥനകളും ഗീതങ്ങളും വിശുദ്ധഗ്രന്ഥ വായനകളും കർമാനുഷ്ഠാനങ്ങളും ഈശോമിശിഹായുടെ ജനനത്തിന്റെ സ്ഥലകാലാതീതമായ നിത്യമാനത്തിലേക്കു പ്രവേശിക്കാൻ പശ്ചാത്തലമൊരുക്കുന്നു. ക്രിസ്മസിന്റെ ചരിത്രരാവിൽ ആട്ടിടയന്മാർ മാലാഖവൃന്ദത്തിന്റെ സ്തുതിഗീതം കേൾക്കുക മാത്രമാണ് ചെയ്തതെങ്കിൽ ക്രിസ്മസിന്റെ ആരാധനയിൽ നമ്മൾ മാലാഖമാരോടു ചേർന്ന് ആ ഗീതം ആലപിക്കുകയാണ്.
ഈശോയുടെ തിരുപ്പിറവിയെന്ന ചരിത്രയാഥാർഥ്യത്തെ വിശ്വാസികളുടെ വർത്തമാന കാലാനുഭവമാക്കി മാറ്റാൻ സഹായിക്കുന്നതാണു ക്രിസ്മസ് ലിറ്റർജിയുടെ വിശുദ്ധഗ്രന്ഥ വായനകൾ. അനന്തമായ സമാധാനത്തിന്റെ ഉറവിടമായ ഇമ്മാനുവേലിന്റെ ജനനം പ്രഖ്യാപിക്കുന്ന ഏശയ്യായുടെ പ്രവചനവും ഇസ്രയേലിനെ ഭരിക്കാനായി ബേദ്ലഹേമിൽനിന്നു പുറപ്പെടുന്ന സമാധാന രാജാവിനെക്കുറിച്ചുള്ള മിഖായുടെ പ്രവചനവും ആരാധനസമൂഹത്തെ ഇസ്രായേലിന്റെ മിശിഹാസ്വപ്നത്തിൽ പങ്കുചേർക്കുന്നു.
നിയമത്തിന് അധീനരായി കഴിഞ്ഞവർക്കു ദൈവപുത്രസ്ഥാനം നൽകാൻ സ്ത്രീയിൽനിന്നു ജാതനായ ദൈവപുത്രനെക്കുറിച്ചാണു ഗലാത്തിയക്കാർക്കുള്ള ലേഖനത്തിലൂടെ പൗലോസ് ശ്ലീഹ പ്രഘോഷിക്കുന്നത്. ഈശോമിശിഹായുടെ തിരുപ്പിറവിയുടെ സന്ദേശം പ്രഘോഷിക്കുന്നതാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷഭാഗം.
പിതാവിനോടു സമനായിരുന്നിട്ടും തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം ധരിച്ച മിശിഹായെ ദർശിക്കാൻ ദേവാലയത്തിലെ പുൽക്കൂട് സഹായകമാകുന്നു. മനുഷ്യാവതാര രഹസ്യത്തിന്റെ ആഴമേറിയ അനുഭവത്തിലേക്കു നമ്മെ നയിക്കുന്ന പ്രത്യേക കർമാനുഷ്ഠാനങ്ങളാണ് ഉണ്ണീശോയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തീയുഴിച്ചിലും.
ദേവാലയത്തിനു പുറത്ത് അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി എന്ന സ്തുതിഗീതം ആലപിച്ചുകൊണ്ടു കാർമികൻ തീ കൊളുത്തുന്നു. കാർമികൻ ഉണ്ണീശോയുടെ രൂപം വഹിച്ചുകൊണ്ട് മൂന്നു പ്രാവശ്യം തീപിടിപ്പിച്ചിട്ടുള്ള കുഴിയെ വലംവയ്ക്കുന്നു. ആരാധനാ സമൂഹം മുഴുവൻ ആ തീയിൽ കുന്തിരിക്കമിടുന്നു.
പാപാന്ധകാരത്തെ ഇല്ലാതാക്കുന്ന ലോകത്തിന്റെ പ്രകാശമാണ് മിശിഹ എന്ന ആഘോഷപൂർവമായ പ്രഖ്യാപനമാണ് തീയുഴിച്ചിലിലുള്ളത്. മരിയാംബികയിൽനിന്നു ജനിച്ച പുതിയ സൂര്യനാണ് ഈശോമിശിഹായെന്നു പ്രദക്ഷിണഗീതത്തിൽ പാടുന്നുണ്ട്. പാപത്തിന്റെ ഇരുളകറ്റാൻ മന്നിലവതരിച്ച ഈശോയാകുന്ന വെളിച്ചത്തെ ഹൃദയത്തിലേറ്റുവാങ്ങാനുള്ള ഉത്കടമായ ദാഹത്തോടെയാണ് വിശ്വാസിസമൂഹം ക്രിസ്മസ് തിരുക്കർമങ്ങളിലുടനീളം പങ്കുചേരുന്നത്.
റവ.ഡോ. പോളി മണിയാട്ട്