ഇന്നസെന്റിന്റെ വിയോഗം; കരച്ചിലടക്കാനാകാതെ നടൻ ജയറാം
Monday, March 27, 2023 12:40 PM IST
നടന് ഇന്നസെന്റിന്റെ വിയോഗത്തില്‍ കരച്ചിലടക്കാനാകാതെ നടന് ജയറാം. മരണവാര്‍ത്തയ്ക്ക് പിന്നാലെ ആശുപത്രിയില്‍ നിന്നും ആദ്യം പുറത്തെത്തിയത് ജയറാമായിരുന്നു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ പോലും സാധിക്കാതെയാണ് അദ്ദേഹം ആശുപത്രിയില്‍ നിന്നും മടങ്ങിയത്. രാവിലെ മുതല്‍ അദ്ദേഹം ഇന്നസെന്റിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു.
അതേസമയം, ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വച്ചു നടത്തും.
രാവിലെ എട്ട് മുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദർശനത്തിനുവയ്ക്കും. വൈകുന്നേരം മൂന്നോടെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവരും.
ഞായറാഴ്ച രാത്രി 10.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്നും മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.