വിശപ്പ് മാറില്ല, കഴിക്കുന്നതത്രയും വിഷം
വിശപ്പ് മാറില്ല, കഴിക്കുന്നതത്രയും വിഷം
<യ>സെബി മാത്യു

സ്പോഞ്ച് പോലെയാണ് ബ്രെഡ്. ഒരു ശരാശരി മനുഷ്യനെ കാൻസർ രോഗിയാക്കി മാറ്റാൻ അതിലടങ്ങിയിരിക്കുന്ന മാരക രാസവസ്തുക്കൾ മാത്രം മതി. 130 വർഷങ്ങൾക്കു മുമ്പു ധാന്യപ്പൊടിയും വെള്ളവും ഉപ്പും പ്രകൃതിദത്ത ഈസ്റ്റും ചേർത്താണ് ബ്രെഡ് ഉണ്ടാക്കിയിരുന്നത്. കാലം മാറിയതോടെ ബ്രെഡും രാസമാറ്റൾക്കു വിധേയമായി. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് ഡൽഹിയിൽ നടത്തിയ പരിശോധനയിൽ, വിപണിയിലെ ഭൂരിപക്ഷം ബ്രെഡിലും മറ്റു ബേക്കറി ഉത്പന്നങ്ങളിലും പൊട്ടാസ്യം ബ്രോമേറ്റും അയോഡേറ്റും അടങ്ങിയതാണെന്നു കണ്ടെത്തിയിരുന്നു.

ഏറ്റവും എളുപ്പം വിശപ്പിനെ പ്രതിരോധിക്കാനുള്ള മാർഗമാണ് ബ്രെഡ്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇതൊരു പ്രധാന ഭക്ഷണവുമല്ല. രണ്ടാം സ്‌ഥാനത്തു നിൽക്കുന്ന ആഹാരം. കാലക്രമേണ, വിവിധ രുചികളിലും നിറങ്ങളിലും ചേരുവകകളിലും ബ്രെഡുകൾ വിപണിയിലെത്തി. ഫ്ളേവർ, നിറം, കാലപ്പഴക്കം എന്നിവ നിലനിർത്താൻ പലതരം ചേരുവകകളാണ് ബ്രെഡിൽ ചേർക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അംഗീകാരം നൽകിയിരിക്കുന്ന ബ്രഡുകൾ വൈറ്റ് ബ്രെഡ്, വീറ്റ്മീൽ ബ്രെഡ്, പ്രോട്ടീൻ ഫോർട്ടിഫൈഡ് ബ്രെഡ്, മിൽക്ക് ബ്രെഡ് എന്നിവയാണ്.

സാൻഡ് വിച്ച്, ബർഗർ തുടങ്ങി പലരൂപത്തിലാണു വിപണിയിൽ ബ്രെഡ് എത്തുന്നത്. ബ്രഡ് കഴിക്കുന്നത് കൊണ്ടു നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം.


<യ>1. ഉപ്പിന്റെ അമിതാംശം

അമിതമായ അളവിൽ ഉപ്പ് ബ്രെഡിലുണ്ട്. ചെറിയ അളവിൽ ബ്രെഡ് കഴിച്ചാലും ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയും. ഒരു കഷണം ബ്രെഡ് കഴിച്ചതുകൊണ്ട് കുഴപ്പമില്ല. ഉപ്പിന്റെ അളവ് കുറച്ച് ബ്രെഡ് വീട്ടിൽ ബേക്ക് ചെയ്തെടുക്കുന്നതാണ് ഉത്തമം.

<യ>2. വിശപ്പ് മാറില്ല

ബ്രെഡ് കഴിച്ചാൽ വിശപ്പ് മാറില്ല. തത്ഫലമായി കൂടുതൽ ബ്രെഡ് അകത്താക്കാൻ സാധ്യതയുണ്ട്.

<യ>3. പോഷകങ്ങളില്ല

യാതൊരുവിധ പോഷകങ്ങളും ബ്രെഡിൽ അടങ്ങിയിട്ടില്ല. പ്രത്യേകിച്ച് വെള്ളബ്രെഡിൽ. നാരുകൾ ഒട്ടുമില്ല. ഗോതമ്പ് ബ്രെഡാണു തമ്മിൽ ഭേദം. ബ്രെഡ് കഴിക്കുന്നത് അമിതഭാരത്തിനു കാരണമാകും. വില്ലനാവുന്നത് ബ്രെഡിലുള്ള ഉപ്പ്, പഞ്ചസാര, പ്രിസർവേറ്റീവുകൾ ഇവയെല്ലാമാണ്.

<യ>സിഎസ്ഇ

ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ). പരിസ്‌ഥിതി മലിനീകരണം ഉൾപ്പടെയുള്ള കാര്യങ്ങളെക്കുറിച്ചു പഠിക്കാൻ ഇവർ സ്‌ഥാപിച്ചതാണ് പൊലൂഷൻ മോണിറ്ററിംഗ് ലാബ് (പിഎംഎൽ). ഐഎസ്ഒ 9001:2008 അംഗീകാരമുള്ള ലബോറട്ടറിയാണ് പിഎംഎൽ. അതിനൂതന സാങ്കേതിക വിദ്യകളും വിദഗ്ധരും ഉൾപ്പെട്ട ലാബോറട്ടറി സംവിധാനങ്ങളാണ് പിഎംഎല്ലിനുള്ളത്. ഭക്ഷ്യവസ്തുക്കൾ, വായു, ജലം, മണ്ണ് തുടങ്ങിയവയുടെ പരിശോധനകൾക്കായി അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. മുമ്പു നടത്തിയ പല പഠനങ്ങളിലും പിഎംഎല്ലിന്റെ ആധികാരികത തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ഭക്ഷ്യസുരക്ഷയെ കുറിച്ചും വായു, ജല മലിനീകരണത്തെക്കുറിച്ചുമുള്ള പൊതുജന ബോധവത്കരണമാണ് സിഎസ്ഇയുടെ പ്രധാന കർമപരിപാടി. മലനീകരണം നടത്തുന്ന സ്‌ഥാപനങ്ങൾക്കെതിരായ തെളിവുകൾ നൽകുന്നതിനായുള്ള പരിശോധനകൾക്കു നാമമാത്രമായ ഫീസ് മാത്രമേ വിവിധ സാമൂഹ്യ സംഘടനകളിൽ നിന്നും വ്യക്‌തികളിൽ നിന്നും ഇവർ ഈടാക്കുന്നുള്ളൂ.

<യ>പരിശോധനയും ഫലങ്ങളും

സിഎസ്സിയുടെ മലിനീകരണ നിരീക്ഷണ ലബോറട്ടറിയായ പൊലൂഷൻ മോണിറ്ററിംഗ് ലബോറട്ടറിയിൽ (പിഎംഎൽ) നടത്തിയ പരിശോധനയിലാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ബ്രെഡുകളിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. വിപണിയിൽ ലഭ്യമായ 38 ബ്രാൻഡ് ബ്രെഡുകൾ പരിശോധിച്ചതിൽ രാസ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. പരിശോധിച്ചവയിൽ 84 ശതമാനം സാമ്പിളുകളിലും പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം കണ്ടെത്തി. സിഎസ്ഇക്കു പുറത്തു മറ്റൊരു ലാബിൽ നടത്തിയ പരിശോധനയിലും ബ്രെഡിൽ രാസവസ്തുക്കളുടെ സാന്നിധ്യം അപകടകരമായ അളവിൽ കണ്ടെത്തി. വ്യവസായികളും ശാസ്ത്രജ്‌ഞരുമായും ഇക്കാര്യം ചർച്ച ചെയ്തു. വിൽപ്പനക്കായി തയാറാക്കി വച്ചിരിക്കുന്ന ബ്രെഡിൽ പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം ഉറപ്പിച്ചുവെന്ന് സിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്ര ഭൂഷൺ റിപ്പോർട്ടിനൊപ്പം വ്യക്‌തമാക്കിയത്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഒട്ടുമിക്ക ബ്രാൻഡ് ബ്രെഡുകളിലും പൊട്ടാസ്യം ബ്രോമേറ്റിന്റെ സാന്നിധ്യമുണ്ടെന്നാണു ചന്ദ്ര ഭൂഷൺ വ്യക്‌തമാക്കുന്നത്.


വൈറ്റ് ബ്രെഡ്, പാവ്, ബണ്ണ്, പിസ, ബർഗർ തുടങ്ങിയ ഉത്പനങ്ങളാണ് സിഎസ്ഇ പരിശോധിച്ചത്. 24 ബ്രാൻഡുകളുള്ള ബ്രെഡുകളിൽ 19 എണ്ണത്തിലും പൊട്ടാസ്യം ബ്രോമേറ്റും അയോഡേറ്റും 1.15–22.54 പിപിഎം (പാർട്സ് പെർ മില്യൺ) എന്ന അളവിൽ അടങ്ങിയതായി കണ്ടെത്തി. വൈറ്റ് ബ്രെഡ്, സാൻഡ്വിച്ച് ബ്രെഡ്, പാവ്, ബണ്ണ് എന്നിവയിലാണ് ഈ രാസവസ്തുക്കളുടെ സാന്നിധ്യം ഏറെയും കണ്ടെത്തിയിരിക്കുന്നത്.

പല ബ്രെഡ് കമ്പനികളും കവറിനു പുറത്ത് ഈ രാസവസ്തുവിന്റെ സാന്നിധ്യം രേഖപ്പെടുത്താറില്ല. സാൻഡ്വിച്ച് പോലുള്ള ഫാസ്റ്റ് ഫുഡുകളിലും ഇത് തിരിച്ചറിയാനുള്ള മാർഗമില്ല. പരിശോധനകൾക്കു സിഎസ്സി ബന്ധപ്പെട്ട പന്ത്രണ്ടു കമ്പനികളിൽ ആറെണ്ണം മാത്രമേ രാസവസ്തുക്കൾ ഉപയോഗിക്കുന്ന കാര്യം നിഷേധിച്ചിട്ടുള്ളൂ. ഒരു കമ്പനി തങ്ങളുടെ കവറിനു പുറത്ത് പൊട്ടാസ്യം ബ്രോമേറ്റിന്റെ സാന്നിധ്യം തുറന്നു പറഞ്ഞിട്ടുമുണ്ടെന്ന് സിഎസ്ഇയുടെ പ്രോഗ്രാം മാനേജർ അമിത് ഖുറാന പറഞ്ഞു.

<യ>സർക്കാർ പറയുന്നത്

ബ്രെഡും ബണ്ണും ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളിൽ കാൻസറിനു കാരണമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നു ഭക്ഷ്യ സുരക്ഷാ അഥോറിറ്റിക്കു നിർദേശം നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി വ്യക്‌തമാക്കി. ആളുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഉടൻതന്നെ അന്വേഷണ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തു വരുമെന്നും മതിയായ നടപടികൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ അപകടകരമായ രാസവസ്തുക്കൾ ഭക്ഷ്യോത്പനങ്ങളിൽ ചേർക്കുന്നതിനു നിരോധനം ഏർപ്പെടുത്തുമെന്നു ഭക്ഷ്യ സുരക്ഷ അഥോറിറ്റിയും വ്യക്‌തമാക്കി. സിഎസ്ഇ റിപ്പോർട്ട് വന്നതിനു പിന്നാലെ പതിനഞ്ചു ദിവസത്തിനുള്ളിൽ ഭക്ഷ്യ വസ്തുക്കളിൽ പൊട്ടാസ്യം ബ്രോമേറ്റ് ചേർക്കുന്നത് സർക്കാർ നിരോധിക്കുമെന്നായിരുന്നു വിവരം.

ഭക്ഷ്യോത്പന്നങ്ങളിൽ ചേർക്കാവുന്ന 11,000 അധിക ചേരുവകളിലൊന്നാണ് പൊട്ടാസ്യം ബ്രോമേറ്റ്. നിലവിൽ ഇതു സംബന്ധിച്ച ആശങ്കകൾ ശ്രദ്ധാപൂർവം പരിഗണിച്ചു പൊട്ടാസ്യം ബ്രോമേറ്റിനെ ഈ പട്ടികയിൽ നിന്നും ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്നാണു ഭക്ഷ്യസുരക്ഷാ അഥോറിറ്റി സിഇഒ പവൻ കുമാർ അഗർവാൾ അറിയിച്ചത്.

അനുവദനീയമായ ഭക്ഷ്യോത്പന്ന ചേരുവകകളുടെ പട്ടികയിൽ നിന്നു പൊട്ടാസ്യം ബ്രോമേറ്റിനു നിരോധനം ഏർപ്പെടുത്തണമെന്ന് അഥോറിറ്റി കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ശിപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. നടപടി രണ്ടാഴ്ചക്കകം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.