കഴിക്കാതിരുന്നാൽ വിശന്നു ചാകും, കഴിച്ചാൽ നരകിച്ചു ചാകും
കഴിക്കാതിരുന്നാൽ വിശന്നു ചാകും, കഴിച്ചാൽ നരകിച്ചു ചാകും
<യ>സെബി മാത്യു

ആഹാരം, അതു വയ്ക്കുമ്പോഴും വിളമ്പുമ്പോഴും കഴിക്കുമ്പോഴും ആസ്വദിക്കേണ്ടതാണ്. അമിതമായ ഉത്പാദനമാണു പലപ്പോഴും ആഹാരങ്ങളിൽ മായം ചേർക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കുന്നത്. ദീർഘകാലം ഭക്ഷണം കേടുകൂടാതെയിരിക്കുന്ന രാസവസ്തുക്കളാണ് അതിൽ പ്രധാനം. ആവശ്യത്തിനു വച്ചു വിളമ്പുക എന്ന രീതി മാറി ആവശ്യത്തിലേറെ ഉണ്ടാക്കി ആവശ്യക്കാരെ കാത്തിരിക്കുന്ന രീതിയാണ് വിപണിയിലുള്ളത്.

ജീവിതശൈലിയും ദുഃശീലവും പരിസര–പരിസ്‌ഥിതി മലിനീകരണവും ഉൾപ്പെടെ നിരവധി കാരണങ്ങൾ കാൻസറിനു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ആഹാരപദാർഥങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളാണ് അതിൽ പ്രധാനം. ഇതിനെതിരേ ലോകാരോഗ്യ സംഘടനയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സദാ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. മായം ചേർന്ന ഭക്ഷണം ഉപയോഗിക്കുന്നതു ദീർഘകാലാടിസ്‌ഥാനത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്‌തമാക്കുന്നു. ഭക്ഷണപദാർഥങ്ങളിൽനിന്നുള്ള രാസവസ്തുക്കൾ കോശങ്ങളിൽ അടിഞ്ഞുകൂടുന്നതുവഴി ഞരമ്പു സംബന്ധമായ രോഗങ്ങളും കാൻസറും അൾസറും വരാനുള്ള സാധ്യത കൂടും. ഭക്ഷണത്തിന്റെ സ്വാദ്, നിറം, മണം എന്നിവ വർധിപ്പിക്കുന്നതിനാണ് രാസപദാർഥങ്ങൾ ചേർക്കുന്നത്. ഐഎംഎയുടെ ഭക്ഷ്യനയത്തിലും ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഏജൻസി ഓഫ് റിസർച്ച് ഇൻ ടു കാൻസർ എന്ന സംഘടന അർബുദത്തിനു കാരണമാകുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവയെ പ്രധാനമായും അഞ്ചു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പുകവലി, മദ്യം, ആസ്ബസ്റ്റോസ്, സംസ്കരിച്ച മാംസം, ബെൻസീൻ, അയണൈസിംഗ് റേഡിയേഷൻ തുടങ്ങിയവ നേരിട്ടു കാൻസറിനു കാരണമാകുന്നവയാണ്. റെഡ് മീറ്റ്, ഡീസൽ എൻജിന്റെ മലിനീകരണം എന്നിവയും കാൻസറിനു കാരണമാകുന്നു. പൊട്ടാസ്യം ബ്രോമേറ്റ്, പവർ ലൈൻസ്, ഗ്ലാസ് വൂൾ, ഗ്യാസോലൈൻ എക്സ്ഹോസ്റ്റ് തുടങ്ങിയവ കാൻസറിനു സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കഫീൻ, ഫ്ളൂറസെന്റ് ലൈറ്റുകൾ തുടങ്ങിയവയും കാൻസറിനു കാരണമാകുമെങ്കിലും ഉറപ്പുള്ള കാരണമായി തരംതിരിച്ചിട്ടില്ല. സിന്തറ്റിക് ഫൈബറുണ്ടാക്കാൻ ഉപയോഗിക്കുന്ന കാപ്രോലാക്ടം കാൻസറിനു കാരണമാകുമെങ്കിലും സാധ്യത കുറവുള്ള പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

<യ>മുന്നറിയിപ്പും പിന്മാറ്റവും

കാൻസറിനു കാരണമാകുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പൊട്ടാസ്യം ബ്രോമൈഡ്, പൊട്ടാസ്യം അയണയിഡ് എന്നീരാസവസ്തുക്കൾ ഒഴിവാ ക്കാൻ ബ്രെഡ് ഉത്പാദകരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ ശിപാർശ പ്രകാരം ഈ രാസവസ്തുക്കൾ നിരോധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്‌ഞാപനമിറക്കാനിരിക്കെയാണ് തീരുമാനം. രാസവസ്തുക്കളുടെ ഉപയോഗത്തിൽനിന്നു താത്കാലികമായാണെങ്കിലും പിന്മാറാനുള്ള തീരുമാനത്തെ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ അഥോറിറ്റിയും സിഎസ്ഇയും സ്വാഗതം ചെയ്തു.

<യ>കേരളത്തിൽ മാരകമല്ല

കേരളത്തിൽ ഇത്തരം രാസവസ്തുക്കൾ ബ്രെഡ് നിർമാണത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഓൾ കേരള ബ്രെഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്‌തമാക്കിയിട്ടുണ്ട്. കേരളത്തിൽ നൂറോളം ബ്രാൻഡുകളിലാണു ബ്രെഡ് വില്പനയ്ക്കെത്തുന്നത്. എന്നാൽ, ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടില്ലെങ്കിലും പൊട്ടാസ്യം ബ്രോമൈറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവയടക്കമുള്ള രാസവസ്തുക്കൾ കേരളത്തിൽ ഉപയോഗത്തിലില്ല. അസോസിയേഷൻ അംഗങ്ങളുടെ ഫാക്ടറികളിൽ ഉത്പാദിപ്പിക്കുന്ന ബ്രെഡ് പൂർണസുരക്ഷിതവും ആരോഗ്യദായകവുമാണ്. ആധുനിക സംവിധാനങ്ങൾ ഉപയോഗി ച്ചു നിർമിക്കുന്ന ബ്രെഡ് നിർമാണത്തിന്റെ ഒരുഘട്ടത്തിൽപോലും രാസവസ്തുക്കൾ ചേർക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നുണ്ടെന്നും ഇവർ പറയുന്നു.

കേരളത്തിനു പുറത്തു ചില പ്രാദേശിക യൂണിറ്റുകളിലാണു രാസവസ്തുക്കൾ ചേരുവകളായി ഉപയോഗിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യൂണിറ്റുകളിൽ യന്ത്രസാമഗ്രികളുടെ അഭാവത്തിൽ തൊഴിലാളികളെ ഉപയോഗിച്ചു നിർമാണം നടത്തുന്നുണ്ട്. ശരിയായ രീതിയിൽ നിർമാണം നടക്കാത്ത ഇടങ്ങളിൽ ബ്രെഡ് ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാനാണ് ഈ രാസവസ്തു ഉപയോഗിക്കുന്നത്.

അടിമുടി മായം. കഴിക്കാതിരുന്നാൽ വിശന്നു ചാകും, കഴിച്ചാൽ നരകിച്ചു ചാകും എന്ന അവസ്‌ഥയിലാണു കാര്യങ്ങളെങ്കിലും ജാഗ്രതയോടെ കരുതലോടെയുമു ള്ള ആഹാര ശീലങ്ങൾ നമ്മെ രോഗങ്ങളിൽനിന്ന് അകറ്റിനിർത്തും.


ടൂത്ത് പേസ്റ്റ് കമ്പനികൾ പായ്ക്കറ്റിൽതന്നെ നിർദേശിക്കുന്നത് പേസ്റ്റ് കുറച്ച് ഉപയോഗിക്കണമെന്നാണ്. എന്നാൽ, ബ്രഷിൽ നിറയെ പേസ്റ്റ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതാണ് കമ്പനി പരസ്യൾ. പേസ്റ്റിന്റെ അമിത ഉപയോഗം പല്ലിനു ബലക്ഷയവും കാൻസറിനും കാരണമാകുന്നതായി ആരോഗ്യ വിദഗ്ധർ സ്‌ഥിരീകരിച്ചിട്ടുണ്ട്.

മധുരപലഹാരങ്ങൾ, ഭക്ഷ്യ എണ്ണകൾ, പാൽ, പാൽ ഉത്പന്നങ്ങൾ, ആട്ട, പാനീയങ്ങൾ, പയർ വർഗങ്ങൾ, മസാല, അരി, ചൊറുക്ക, കറി പൗഡറുകൾ, രുചി വർധിപ്പിക്കുന്ന മറ്റു വസ്തുക്കൾ, ചായ, കാപ്പി, ബേക്കിംഗ് പൗഡർ, പച്ചക്കറികൾ, പഴങ്ങൾ പച്ചക്കറികൾ, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയിലെല്ലാം മായംചേർക്കൽ തകൃതിയായി നടക്കുന്നുണ്ട്.

അറക്കപ്പൊടി, നിറങ്ങൾ, സോപ്പ്, വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന സ്റ്റാർച്ച് അഥവാ അന്നജം, അലൂമിനിയം ഫോയിൽ, ആസിഡുകൾ, ആൽഡിഹൈഡുകൾ, ഇഷ്‌ടികപ്പൊടി, കല്ലുകൾ, മണ്ണ്, ചോക്കു പൊടി, പപ്പായക്കുരു തുടങ്ങി വിലകുറഞ്ഞ, എണ്ണിയാലൊടുങ്ങാത്ത പാഴ്വസ്തുക്കൾ ഭക്ഷണപദാർഥങ്ങളിൽ ചേർത്താണ് അമിതലാഭത്തിനായി വിൽപന നടത്തിവരുന്നത്.

ഭക്ഷണപദാർഥങ്ങൾ കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന പ്രിസർവേറ്റിവുകളായ സാലിസിലിക് ആസിഡ്, ബെൻസോയിക് ആസിഡ്, ബോറിക് ആസിഡ് എന്നിവയും അവയുടെ ലവണങ്ങളും ഫോർമാൽ ഡിഹൈഡുകൾ, അമോണിയം ഫ്ളൂറൈഡ്, സൾഫ്യൂറസ് ആസിഡ് എന്നിവ ചെറിയ അളവിൽ നിരുപദ്രവകാരികളാണെന്നു തോന്നുമെങ്കിലും നിരന്തരമായ ഉപയോഗം ദോഷം ചെയ്യും. വായ മുതൽ കുടലിന്റെ അറ്റംവരെയുള്ള കോശങ്ങളെയും രസനഗ്രന്ഥികളെയും നശിപ്പിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. അൾസറിലേക്കും ട്യൂമറിലേക്കും അസിഡിറ്റിയിലേക്കും ഗ്യാസ്ട്രബിളിലേക്കും കാൻസറിലേക്കുംവരെ ഇവയുടെ നിരന്തരമായ ഉപയോഗം കൊണ്ടെത്തിക്കും.

ആഹാരപദാർഥങ്ങളിൽ കോൾടാർ നിറങ്ങളും, ചെമ്പ്, ആർസിനിക് ലവണങ്ങളും ഉപയോഗിക്കുന്നുണ്ട്. അച്ചാറുകൾ, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ കോൾടാർ നിറങ്ങൾ ചേർക്കുന്നുണ്ട്. പച്ചക്കറികൾ ഗ്രീൻപീസ് എന്നിവയുടെ പച്ചനിറം നിലനിർത്താൻ ചെമ്പ് ലവണങ്ങളാണു ചേർക്കുന്നത്. മധുരപലഹാരങ്ങളിൽ മഞ്ഞനിറത്തിന് മഞ്ഞൾപ്പൊടിയും ക്രോം മഞ്ഞ, മഞ്ഞചോക്ക് പൊടി, പ്രൂഡിയൻ നീല എന്നിവയും ചേർക്കുന്നതു സർവസാധാരണമാണ്.

മഞ്ഞയും ഓറഞ്ചും കലർന്ന ഭക്ഷ്യപദാർഥങ്ങൾ മായം ചേർത്തവയാണെന്ന് സംശയിക്കാവുന്നതാണ്. മുളകുപൊടിയിൽ ഇഷ്‌ടികപ്പൊടി, മഞ്ഞൾപ്പൊടിയിൽ ചോക്കു പൊടി, തണ്ണിമത്തൻ, വറ്റൽമുളക്, കാപ്സിക്കം, വഴുതിന എന്നിവയിൽ നിറംകിട്ടാൻ ഡൈ എന്നിവയും സർവസാധാര ണമായിരിക്കുന്നു. ഡൈകൾ കുടലിലെ എപ്പിത്തീലിയൻ കോശങ്ങളെ പൊള്ളിച്ചു നശിപ്പിക്കും.

ആപ്പിൾ, ഓറഞ്ച്, മുന്തിരി, കാരറ്റ് എന്നിവയുടെ ജലാംശം നഷ്‌ടപ്പെടാതിരിക്കാൻ മെഴുക് സ്പ്രേ ചെയ്യും. തണ്ണിമത്തനിൽ മധുരം കൂട്ടാൻ ചേർക്കുന്ന സാക്രീനം രാസനിറങ്ങൾ ദഹനസംവിധാനങ്ങളെയും, കരൾ, കണ്ണ് എന്നിവയെയും പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

മധുരപലഹാരങ്ങൾ നിർമിക്കാൻ പലപ്പോഴും കൃത്രിമപാലും മായം ചേർന്ന പാലുമാണ് ഉപയോഗിക്കുന്നതെന്ന് പല പരിശോധനകളിലും തെളിഞ്ഞുകഴിഞ്ഞു. യൂറിയ, കോസ്റ്റിക് സോഡ, വില കുറഞ്ഞ ഭക്ഷ്യ എണ്ണ, അലക്കു പൊടി, വെള്ളം, ഒരല്പം സാധാരണ പാൽ എന്നിവയാണ് കൃത്രിമ പാലിന്റെ ചേരുവകൾ. ഈ പാൽ സാധാരണ പാലിന്റെ ഗുണനിലവാര പരിശോധനകൾ അതിജീവിക്കുകയും ചെയ്യും.

<യ>വേണ്ടത് ആരോഗ്യ നിയമം

ഭക്ഷ്യവസ്തുക്കളിലെ മായംചേർക്കലിനെതിരേ നടപടിയെടുക്കാനുള്ള സർക്കാർ സംവിധാനങ്ങളും നിയമങ്ങളും അപര്യാപ്തമാണ് എന്നതാണ് രാജ്യത്തുടനീളം നേരിടേണ്ടിവരുന്ന ഏറ്റവും പ്രധാന വെല്ലുവിളി. ആരോഗ്യപ്രശ്നങ്ങൾ സൃഷ്‌ടിച്ചാലും ലാഭക്കൊതിയെന്ന ചിന്ത മനുഷ്യനെ മായം ചേർക്കലിൽനിന്നു പിന്തിരിപ്പിക്കില്ല. ഇക്കാര്യത്തിൽ ശക്‌തമായ നിയമനടപടികളും പഴുതുകളില്ലാത്ത നിയമങ്ങളും മാത്രമാണു സാധാരണക്കാരെ മായം ചേർക്കൽ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളിൽനിന്നു രക്ഷിക്കുകയുള്ളൂ.

ഏറ്റവും ശുദ്ധമായ വെള്ളം എന്നു കരുതി നമ്മൾ വാങ്ങിക്കുടിക്കുന്ന കുപ്പിവെള്ളത്തിലും മാരക രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് അടുത്തനാളിൽ കണ്ടെത്തുകയുണ്ടായി.

(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.