കുടിക്കുന്ന വെള്ളവും വിശ്വസിക്കാനാവില്ല
കുടിക്കുന്ന വെള്ളവും വിശ്വസിക്കാനാവില്ല
<യ>ജിജി ലൂക്കോസ്

നദിയും ജലവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണ്. നദീജലത്തിന്റെ വിശുദ്ധി നമ്മൾ എക്കാലത്തും കാത്തുസൂക്ഷിച്ചു പോന്നിട്ടുമുണ്ട്. എന്നാൽ, കാലം മാറിയതോടെ നദിയുടെ കോലവും കെട്ടു. വെള്ളത്തിന്റെ വിശുദ്ധിയും നഷ്ടമായി. തെളിഞ്ഞൊഴുകിയ നീർച്ചാലുകൾ പലതും കലങ്ങി മറിഞ്ഞു. കുടിക്കാൻ പോയിട്ട് ഒന്നിറങ്ങി കാൽ നനയ്ക്കാൻ പോലുമാവാത്ത വിധം ജീർണാവസ്‌ഥയിലായി ഒട്ടു മിക്ക നദികളും.

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും പതിക്കുന്ന നദികൾ നിരവധി. അവയുടെ എണ്ണിയാലൊടുങ്ങാത്ത കൈവഴികളും തോടുകളും വേറെ. പുറമേ നിന്നു നോക്കിയാൽ ഭാരതം ജലസമൃദ്ധം. എന്നാൽ ഒട്ടുമിക്ക നദികളും അഴുക്കുചാലുകളായി മാറിയിരിക്കുന്നു. അതിൽ ഗംഗാ നദിയെ മാത്രമെങ്കിലും വീണ്ടെടുക്കാൻ കേന്ദ്ര സർക്കാരിന് പ്രത്യേക മന്ത്രാലയവും മന്ത്രിയേയും വരെ സൃഷ്്ടിക്കേണ്ടി വന്നിരിക്കുന്നു. ഗംഗാജലം ആവശ്യക്കാർക്ക് തപാൽ വഴിയെത്തിക്കുന്നതിനെക്കുറിച്ചും കേന്ദ്രം ഗൗരവമായി ആലോചിക്കുന്നു.

പുഴയിൽ നിന്ന് കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്തു കുടിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇനി അക്കാലം തിരിച്ചുവരുമെന്നു കരുതാനും വയ്യ. കുടിനീരിനായി കുപ്പി വെള്ളം തെരയുകയല്ലാതെ മറ്റു മാർഗമൊന്നും കാണുന്നില്ല. കുടിനീര് കുപ്പിയിലാക്കി വിൽപ്പനയ്ക്കു വയ്ക്കുമെന്ന വാർത്തയെ അസംഭവ്യം എന്നു പറഞ്ഞു തള്ളിയ ഒരു തലമുറ ഇവിടെയുണ്ടായിരുന്നുവെന്ന് ഓർക്കണം. അവിടെ നിന്നാണു കുപ്പിയിലല്ലാത്ത വെള്ളം കുടിക്കാൻ കൊള്ളില്ലെന്ന തിരിച്ചറിവിൽ നാം എത്തിച്ചേർന്നത്.

അങ്ങനെ അവിടെയും കൊള്ളലാഭത്തിന്റെ സാധ്യത മനുഷ്യൻ മനസിലാക്കി. ധാതുസമ്പുഷ്‌ടമെന്നും ആരോഗ്യദായകമെന്നും വൻകിട കമ്പനികൾ അവകാശപ്പെടുന്ന മിനറൽ വാട്ടർ കുടിക്കുന്നതുവഴി കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്കുള്ള അകലം കുറയുകയാണെന്ന് ആദ്യമൊന്നും ആരും അറിഞ്ഞില്ല. വില കൊടുത്തു വാങ്ങു ന്ന ഈ കുപ്പിവെള്ളത്തിൽ മനുഷ്യനെ കാൻസറിലേക്കു കൈപിടിച്ചെത്തിക്കുന്ന മാരക രാസപദാർഥങ്ങളും അടങ്ങിയിരിക്കുന്നു എന്ന കണ്ടെത്തൽ മനുഷ്യ മനസാക്ഷിയെ അക്ഷാരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.

<യ>കുടിവെള്ളം വിഷലിപ്തമാകുന്ന വഴി

മനുഷ്യശരീരത്തിൽ 55 ശതമാനം മുതൽ 78 ശതമാനം വരെ ജലമാണ്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ജലം അത്യാവശ്യമാണുതാനും. കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന പാനീയങ്ങളിലൂടെയുമാണ് ആവശ്യത്തിനു ജലം നമ്മുടെ ശരീരത്തിൽ എത്തുന്നത്. ഒരുദിവസം ഏഴു മുതൽ 12 ഗ്ലാസ് വരെ വെള്ളം ആരോഗ്യമുള്ള ഒരു വ്യക്‌തിക്ക് അത്യാവശ്യമാണ്. എന്നാൽ, ഈ കുടിക്കുന്ന വെള്ളം എത്ര മാതം ഹാനികരമാകുന്നുവെന്ന് അറിഞ്ഞാൽ തൊണ്ട വരണ്ടുപോകും. കാർബണികമോ അകാർബണികമോ ആയ പദാർഥങ്ങളാണു ജലമലിനീകരണത്തിനു കാരണമാകുന്നത്. ജലം മികച്ച ലായകമായതിനാൽ ചെറിയ അളവിലും അതിനു ഖരപദാർഥങ്ങളെ ലയിപ്പിക്കാനാകും. അതുകൊണ്ടു തന്നെ മലിനീകരണ സാധ്യതകളും ഏറെയാണ്. ശുദ്ധീകരണ പ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്ന രാസവസ്തുക്കൾ ജലത്തിലെ ഓക്സിജനാണ് ഉപയോഗിക്കുന്നത്. ഇതുമൂലം ജലത്തിലെ ഓക്സിജന്റെ അളവും ഗണ്യമായി കുറയുന്നു.


ഭക്ഷ്യവസ്തുക്കൾ, തുകൽ എന്നിവ സംസ്കരിക്കുന്ന ഫാക്ടറികൾ, ചായം, തുണിത്തരങ്ങൾ തുടങ്ങിയവ നിർമിക്കുന്ന ഫാക്ടറികൾ ഇവയെല്ലാം കാർബണിക മാലിന്യങ്ങൾ ഉണ്ടാക്കുന്നവയാണ്. പാറകളിൽ അടങ്ങിയിരിക്കുന്ന കാരീയ ലവണങ്ങൾ പ്രകൃതിദത്തമായ ജലമലിനീകരണത്തിനു കാരണമാകുന്നു. കീടനാശിനികളും രാസവളങ്ങളും ജലസ്രോതസുകളെ മലിനമാക്കുന്നു.

ജലത്തിൽ ധാരാളം ലവണങ്ങളും മറ്റു രാസവസ്തുക്കളും ലയിച്ചു ചേരുന്നുണ്ട്. ജലമാലിന്യങ്ങളെ രാസമാലിന്യങ്ങൾ എന്നും ജൈവമാലിന്യങ്ങൾ എന്നും രണ്ടായി തിരിക്കാം. ഇതിനു പുറമേ ജലത്തിന്റെ ഭൗതിക ഗുണനിലവാരവും പ്രധാനമാണ്. ജലത്തിന്റെ പിഎച്ച് മൂല്യം, അതിൽ അലിഞ്ഞു ചേർന്നിട്ടുള്ള ലവണങ്ങളുടെയും രാസപദാർഥങ്ങളുടെയും അളവ് എന്നിവയാണു രാസഗുണനിലവാരം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ. ജലത്തിന്റെ പിഎച്ച് 6.5നും 8.2നും ഇടയിലായിരിക്കണം. ക്ലോറൈഡ്, ഇരുമ്പ്, മഗ്നീഷ്യം, ഫ്ളൂറൈഡ്, സൾഫേറ്റ്, നൈട്രേറ്റ് തുടങ്ങിയ ലവണങ്ങൾ ജലത്തിൽ പൊതുവേ കാണപ്പെടുന്നു.

<യ>കുപ്പിയിലടച്ച കാൻസർ

ഇതിനെല്ലാം പുറമേയാണു വിപണി ലക്ഷ്യമാക്കി കുപ്പിവെള്ളത്തിൽ കമ്പനികൾ കലർത്തുന്ന മാരക രാസ വസ്തുക്കളും മറ്റു ഹാനികരമായ വസ്തുക്കളും. ഏറ്റവും ശുദ്ധമായ വെള്ളം എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഓരോ കമ്പനികളും തങ്ങളുടെ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്.

എന്നാൽ, ഇതിൽ ഏതാണു ശുദ്ധമെന്നും ഏതാണു മോശമെന്നും കണ്ടെത്താൻ പരിശോധകർക്കു കഴിയാറുമില്ല. അവർ അതിനായി തുനിയാറുമില്ല. ദാഹിക്കുമ്പോൾ അപ്പോൾ കിട്ടുന്ന വെള്ളം കുടിക്കുക അത്രതന്നെ. എന്നാൽ വെള്ളത്തിന്റെ ഗുണദോഷങ്ങൾ അക്കമിട്ടു പറയേണ്ടതും ജനങ്ങളെ ബോധവത്കരിക്കേണ്ടതും അതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്‌ഥരാണ്. കുപ്പിവെള്ളത്തിന്റെ ദോഷങ്ങൾ കണ്ടെത്തുകയും അതു പൊതുജനങ്ങൾക്കു ലഭ്യമാക്കുകയും ചെയ്യാത്തതുമൂലം ശുദ്ധവെള്ളമെന്ന പേരിൽ പുറത്തിറങ്ങുന്ന രോഗവെള്ളം ജനങ്ങൾ കുടിച്ചുകൊണ്ടിരിക്കും. ശുദ്ധജലമെന്ന പേരിൽ നമ്മൾ വാങ്ങിക്കുടിക്കുന്ന കുപ്പിവെള്ളത്തിൽ മാരക രോഗങ്ങൾക്കു കാരണമാകുന്ന രോഗാണുക്കളും കീടനാശിനികളുമുണ്ടെന്നു പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്.

ഈ കണ്ടെത്തലുകൾ കുടിച്ച വെള്ളത്തെ പോലും വിശ്വസിക്കാനാവാത്ത സ്‌ഥിതിയിൽ നമ്മെ കൊണ്ടെത്തിച്ചിരിക്കുകയാണ്. ബ്രെഡിലെയും ബണ്ണിലെയും ദോഷകരമായ അതേ ഘടകങ്ങൾ ദാഹനിവർത്തി വരുത്തുന്ന കുപ്പിവെള്ളത്തിലുമുണ്ടെന്നു ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഗവേഷണ കേന്ദ്രവുമായ ഭാഭ ആറ്റമിക് റിസർച്ച് സെന്ററും വർഷങ്ങൾക്കു മുമ്പ് കണ്ടെത്തുകയും അതിലുള്ള മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നതാണെങ്കിലോ? അപ്പോൾ കുടിവെള്ളത്തിന്റെ പേരിൽ വിഷദ്രാവകം പൊതുജനങ്ങളെ കുടിപ്പിച്ചു കൊണ്ടിരിക്കുന്നതിൽ തെറ്റുകാർ ആരൊക്കെയാണ്? ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷ ഉറപ്പു തരേണ്ട സർക്കാരും ബന്ധപ്പെട്ട അധികൃതരും ചുമതല നിർവഹിച്ചോ? അതേക്കുറിച്ച് നാളെ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.