കുരുക്കു മുറുക്കി കുടിവെള്ളക്കുപ്പികളും
കുരുക്കു മുറുക്കി കുടിവെള്ളക്കുപ്പികളും
<യ>ജിജി ലൂക്കോസ്


മിനറൽ വാട്ടർ, സോഫ്റ്റ് ഡ്രിങ്ക്കുപ്പികൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒട്ടുമിക്കവർക്കും അറിയാമെങ്കിലും പലരും അതൊന്നും വകവയ്ക്കാറില്ല. ദാഹം തോന്നുമ്പോൾ കുപ്പി വെള്ളം വാങ്ങി കുടിക്കും. കിട്ടിയ കുപ്പികളൊന്നും കളയാതെ വെള്ളമോ മറ്റു പാനീയങ്ങളോ നിറച്ചു വീണ്ടും ഉപയോഗിക്കും.

കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും പൊതിച്ചോറിനൊപ്പം ബാഗിൽ വച്ചുകൊണ്ടു പോകുന്ന കുപ്പിയും മുറിയിൽ വെള്ളം സൂക്ഷിച്ചുവയ്ക്കാനുള്ള കുപ്പിയുമെല്ലാം ഇത്തരത്തിൽ എളുപ്പത്തിൽ വാങ്ങിക്കുന്ന മിനറൽ വാട്ടർ/ സോഫ്റ്റ് ഡ്രിങ്കുകളുടെ കുപ്പികളാണ്. ഉപയോഗിക്കാനുള്ള എളുപ്പമാണ് അതിനു കണ്ടെത്തുന്ന ന്യായം. എന്നാൽ, ഓരോ തവണ കുപ്പിവെള്ളം ഉപയോഗിക്കുമ്പോഴും അതു വെള്ളം നിറച്ചു വീണ്ടും ഉപയോഗിക്കുമ്പോഴും ആരോഗ്യത്തിനു വലിയ വിലയാണു നൽകിക്കൊണ്ടിരിക്കുന്നതെന്നു നമ്മൾ മനഃപൂർവമായോ അല്ലാതെയോ മറക്കുന്നു.

<യ>കുപ്പികൾ ഒരു തവണ മാത്രം

ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന സുതാര്യമായ കണ്ടെയ്നറുകളിലാവണം (ഐഎസ് 15410) കുടിവെള്ളം നിറയ്ക്കേണ്ടതെന്നാണു ബിഐഎസ് മാനദണ്ഡം. വെള്ളം നിറച്ച കുപ്പി ഒരു തവണ ഉപയോഗിച്ചശേഷം അതു റീസൈക്കിൾ ചെയ്തശേഷമേ വീണ്ടും ഉപയോഗിക്കാവൂ. എന്നാൽ, ലോകത്ത് പ്രതിവർഷം ഉത്പാദിപ്പിക്കപ്പെടുന്ന ഏകദേശം 25 ദശലക്ഷം കുപ്പികളിൽ 80 ശതമാനവും റീസൈക്കിൾ ചെയ്യുന്നില്ല. ഇതുമൂലം ആവാസ വ്യവസ്‌ഥയെയും പരിസ്‌ഥിതിയെയും മാത്രമല്ല, മനുഷ്യന്റെ ആരോഗ്യവും നശിപ്പിക്കുന്ന വിപത്തുകളാണ് അവ ഉണ്ടാക്കുന്നത്.

മിനറൽ വാട്ടർ/ സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾ മാത്രമല്ല, നമ്മൾ ഉപയോഗിക്കുന്ന പല പ്ലാസ്റ്റിക് കുപ്പികളും ആരോഗ്യത്തിനു ദോഷകരമാണ്. ആഗോള സ്റ്റാൻഡേർഡുകൾ പ്രകാരം ഒന്നു മുതൽ ആറ് വരെയുള്ള പ്ലാസ്റ്റിക് കണ്ടെയ്നറുകൾ പ്രകൃതിക്കു മാത്രമല്ല, ശരീരത്തിനും ദോഷകരമാണെന്നു ലോക ആരോഗ്യ സംഘടന പല മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.

പെറ്റ് (പിഇടി അഥവാ പിഇടിഇ), പിവിസി (3വി), പിഎസ്, പിസി തുടങ്ങിയ ലേബലുകളിലുള്ള പ്ലാസ്റ്റിക് കുപ്പികളും കണ്ടെയ്നറുകളും കാൻസറിനു വരെ കാരണമാകുന്ന രാസപദാർഥങ്ങൾ പുറന്തള്ളുന്നുണ്ട്.

പിവിസിയിൽ അടങ്ങിയിരിക്കുന്ന അമിത അളവിലുള്ള ക്ലോറിൻ, ഡയോക്സിൻസ് എന്നിവ ശരീരത്തിലെത്തിയാൽ പ്രത്യുത്പാദന ശേഷി, ശാരീരിക വളർച്ച എന്നിവയെ ദോഷകരമായി ബാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു കാൻസറിനു വരെ കാരണമാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ചായ, കാപ്പി കപ്പുകളാണു പിഎസ് എന്ന ലേബലിലുള്ളവ. ഇവയുടെ ഉപയോഗത്തിലൂടെ കാൻസറിനു കാരണമാകുന്ന സ്റ്റിറൻ ശരീരത്തിൽ പ്രവേശിക്കും.

<യ>പിഇടി/പിഇടിഇ ബോട്ടിലുകൾ

ഒരു തവണ ഉപയോഗിച്ചശേഷം നശിപ്പിച്ചു കളയുന്ന കുപ്പികളാണ് ജഋഠ ബോട്ടിലുകൾ അഥവാ പിഇടിഇ ബോട്ടിലുകൾ. പോളി എഥിലീൻ ടെറഫ്തലെറ്റ് എന്ന തെർമോപ്ലാസ്റ്റിക് പോളിമറിലാണ് മിനറൽ വാട്ടർ/ സോഫ്റ്റ് ഡ്രിങ്കുകൾ നിറയ്ക്കുക. സുതാര്യവും ദൃഢമായതുമായ ഇവ ഓക്സിജനെ തടയാൻ കഴിയുന്നതും കാർബൺ ഡയോക്സൈഡിനെ അടക്കി നിർത്തുന്നതുമാണ്. ചൂടേറ്റാൽ രൂപം മാറുന്ന ഈ തെർമോ പ്ലാസ്റ്റിക് പോളിമർ നിരന്തര ഉപയോഗത്തിലൂടെയും ഊഷ്മാവിലൂടെയും വിഘടിച്ചു ബിസ്ഫിനോൾ എ (ബിപിഎ) എന്ന രാസപദാർഥം പുറപ്പെടുവിക്കുന്നു. രൂക്ഷമായ ദോഷഫലങ്ങളുണ്ടാക്കുന്ന മനുഷ്യ നിർമിത രാസവസ്തുവാണ് ഇത്.

പെറ്റ് ബോട്ടിലുകളിൽ ചൂടുവെള്ളം ഒഴിച്ചുവയ്ക്കുകയോ വെള്ളം കുപ്പിയിലിരുന്നു ചൂടാവുകയോ ചെയ്താൽ ബിപിഎ ഉണ്ടാകും. കുപ്പി വെള്ളം ചൂടാകുമ്പോൾ പ്ലാസ്റ്റിക്കല്ല വെള്ളത്തിൽ അലിയുന്നത്. ആ പ്ലാസ്റ്റിക്കിൽ ചേർത്തിട്ടുള്ള മാരകമായ ചില കെമിക്കലുകൾ ആണ്. മിനറൽ വാട്ടറിന്റെ കുപ്പികൾ ഉപയോഗിച്ചശേഷം നശിപ്പിക്കുക (രൃൗവെ വേല യീേഹേല മളലേൃ ൗലെ) എന്നുള്ള ഔദ്യോഗിക മുന്നറിയിപ്പ് തള്ളിക്കളഞ്ഞു കൊ ണ്ട് നമ്മൾ ഇത്തരം കുപ്പികളിൽ തണുത്ത വെള്ളവും ചൂടുവെള്ളവുമെല്ലാം സൂക്ഷിച്ചുവയ്ക്കും. ചൂടായ വെള്ളത്തിൽനിന്നു 55 ശതമാനം വരെ ബിപിഎ സൃഷ്‌ടിക്കപ്പെടുന്നുണ്ടെന്നാണു കണക്ക്. ഇതി ഉള്ളിൽ പ്രവേശിക്കുന്നതിലൂടെ ശരീരത്തിലെ സ്വാഭാവിക ഹോർമോണുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്നു. പ്രത്യുത്പാദന ശേഷി, ബുദ്ധിവികാസം എന്നിവയെ വിപരീതമായി ബാധിക്കുന്ന ഇവ ജനന വൈകല്യങ്ങൾക്കും ഇടയാക്കുന്നു.

എൻവയോൺമെന്റ് കാലിഫോർണിയ റിസർച്ച് ആൻഡ് പോളിസി സെന്റർ നടത്തിയ പഠനത്തിൽ ബിപിഎ സ്ത്രീകൾക്കു സ്തനാർബുദത്തിനും മൂത്രാശയ കാൻസറിനും കാരണമാകുന്നുണ്ടെന്നും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ ലെവൽ കുറയ്ക്കുകയും ഗർഭച്ഛിദ്രത്തിനു സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ബ്രെയിൻ ട്യൂമറിനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പുരുഷന്മാരിൽ വന്ധ്യതയ്ക്കുവരെ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ബിസ്ഫിനോൾ എയുടെ അളവ് വർധിക്കുന്നതുമൂലം ശരീരഭാരം ക്രമാതീതമായി വർധിക്കുമെന്നും താളം തെറ്റിയ കൂർക്കംവലി, അമിതമായി കൊഴുപ്പ് അടിയൽ, കടുത്ത രക്‌തസമ്മർദം, പക്ഷാഘാതം, രക്‌തം കട്ടപിടിക്കൽ, ആസ്ത്മ, ലിവർ സിറോസിസ്, വൻകുടലിലെ കാൻസർ എന്നിവയ്ക്കും സാധ്യതയുണ്ട്.

പ്ലാസ്റ്റിക്കിന്റെ സുപ്രധാന ഘടകമായ പോളിമറിന്റെ രൂപീകരണത്തിനുള്ള ഡീ ഈഥെയിൽ ഹൈഡ്രോക്സിലാമിൻ (ഡിഇഎച്ച്എ) കാൻസറിനു കാരണമാകുന്നുണ്ടെന്ന ഒരു പുതിയ ചർച്ച ആഗോള തലത്തിൽ നടക്കുന്നുണ്ട്. എന്നാൽ, ഈ വാദം അടിസ്‌ഥാന രഹിതമാണെന്ന വാദങ്ങളും കനേഡിയൻ കാൻസർ സൊസൈറ്റി പോലുള്ള ഏജൻസികളും മുന്നോട്ടു വയ്ക്കുന്നു. എന്നാൽ, ആഗോള നിലവാരം ആറിൽ കുറഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളിൽ ചൂടുവെള്ളവും തണുത്തവെള്ളവും വീണ്ടും വീണ്ടും ഉപയോഗിക്കുന്നതു കാൻസറിനിടയാക്കുമെന്ന വാദം തള്ളിക്കളയാൻ ശാസ്ത്രലോകം തയാറായിട്ടില്ല.

അമേരിക്കൻ കെമിസ്ട്രി കൗൺസിൽ നടത്തിയ പഠനത്തിൽ കുട്ടികളുടെ കുപ്പികളിലുള്ള ബിപിഎ ഗുരുതരമായ രോഗങ്ങളുണ്ടാക്കുന്നെന്നു കണ്ടെത്തിയതിനെത്തുടർന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ), യൂറോപ്യൻ യൂണിയൻ, കാനഡ തുടങ്ങിയവർ ബിസ്ഫിനോൾ നിർമിത കുപ്പികൾ നിരോധിച്ചിരുന്നു. പോളിതെയ്ലൻ ടെറാഫ്തലറ്റ് എന്ന പെറ്റ് നിർമിത ഷീറ്റുകൾ കൊണ്ട് ഭക്ഷ്യപദാർഥങ്ങൾ പൊതിയുന്നതും പായ്ക്ക് ചെയ്യുന്നതും ജപ്പാനും നിരോധിച്ചിട്ടുണ്ട്.

<യ>കുപ്പിവെള്ള തട്ടിപ്പുകൾ

ശാസ്ത്രീയമായ രീതിയിലുള്ള കുപ്പിവെള്ള തട്ടിപ്പുകൾ ആഗോള തലത്തിൽ വ്യാപകമായിട്ടുണ്ടെങ്കിലും രാസപദാർഥങ്ങളുടെ ഘടകങ്ങൾ മാറ്റിയുള്ള തട്ടിപ്പുകൾ ഇന്ത്യയിൽ കുറവാണ്. ബിഐഎസ്, എഫ്എസ്എസ്എഐ നിർദേശിക്കുന്ന ഗുണനിലവാര സർട്ടിഫിക്കേറ്റുകൾ നേടാനുള്ള പരിശോധനകൾ കാലാനുസൃതമായി നടക്കാറുണ്ടെങ്കിലും രാസപരിശോധനയുടെ ഫലങ്ങൾ യഥാസമയം പുറത്തുവിടാത്തതും പരിഹാര നിർദേശങ്ങൾ ജനങ്ങളെ ബോധവത്കരിക്കാത്തതും തട്ടിപ്പുകൾ കൂട്ടാനിടയാക്കുന്നു. അതിലേറെ 1500 ഓളം കോടിയുടെ അറ്റാദായമുള്ള കുപ്പിവെള്ള വ്യവസായം പ്രതിവർഷം ഇന്ത്യയിൽ നടക്കുന്നുണ്ടെന്നാണു കണക്കുകൾ. ഒടുങ്ങാത്ത അത്യാഗ്രഹം മാത്രം മുതലായുള്ള ഇന്ത്യൻ വിപണി അനാരോഗ്യം മാത്രമാണ് വിറ്റഴിക്കുന്നതെന്ന വസ്തുത ജനങ്ങളെ ബോധവത്കരിക്കാൻ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തേണ്ട ഭരണാധികാരികളുടെ ചുമതലയാണ്. അതു വേണ്ടവിധത്തിൽ നിർവഹിക്കാത്തത് ഈ രംഗത്തു മാത്രമല്ല, എല്ലാ രംഗങ്ങളിലും തട്ടിപ്പു വ്യാപകമാക്കാനിടയാക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന റെയിൽ നീർ എന്ന ഇന്ത്യൻ റെയിൽവെയുടെ കുപ്പിവെള്ളത്തിൽ വ്യാപക തട്ടിപ്പു നടന്നതു വലിയ കോളിളക്കത്തിടയാക്കിയിരുന്നു. ശുചീകരിക്കാത്ത പൈപ്പ് വെള്ളം കുപ്പിയിലാക്കിയവയിൽ പോലും റെയിൽ നീർ എന്ന സീലും സ്റ്റാൻഡേർഡ് മാർക്കുകളും നൽകി വിറ്റഴിച്ചത് ആരോഗ്യം ഉറപ്പ് നൽകുന്ന അധികൃതരുടെ ഒത്താശയോടെയാണെന്നു സിബിഐ വലിയ വല വീശിയാണു പുറത്തുകൊണ്ടുവന്നത്. റെയിൽവെയുടെ ചട്ടങ്ങൾ മറികടന്നു റെയിൽ നീരിനു പകരം ഗുണനിലവാര പരിശോധനകൾപോലും നടത്താത്ത കമ്പനികളുടെ കുപ്പിവെള്ളം വാങ്ങി ട്രെയിനുകളിൽ വിറ്റഴിച്ചതും വൻ വിവാദത്തിനിടയാക്കിയിരുന്നു.

ബിഐഎസ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പേരിനു വേണ്ടി പാലിച്ചു ലൈസൻസ് നേടുകയും പുതുക്കുകയും ചെയ്യുന്ന കമ്പനികൾ ശുചീകരണ പ്രക്രിയ അട്ടിമറിച്ച് കുപ്പിവെള്ളം നിർമിക്കുന്ന തട്ടിപ്പും വ്യാപകമാണ്. ഉപയോഗിച്ച കുപ്പി വേണ്ടവിധത്തിൽ നശിപ്പിക്കാതെ ഉപേക്ഷിക്കുന്നവ ശേഖരിച്ച് എവിടെ നിന്നെങ്കിലും കിട്ടുന്ന തെളിഞ്ഞവെള്ളം കുപ്പിയിലാക്കി വിൽക്കുന്ന കച്ചവടക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

<യ>ചില പരിഹാര നിർദേശങ്ങൾ

ബിസ്ഫിനോൾ എ എന്ന രാസപദാർഥം കൂടുതലും മിനറൽ വാട്ടർ/ സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളിലും പ്ലാസ്റ്റിക് കാനുകളിലും ഭക്ഷ്യപദാർഥങ്ങളുടെ പായ്ക്കറ്റുകളിലുമാണു കണ്ടെത്തിയിട്ടുള്ളതിനാൽ അവ ഒഴിവാക്കണമെന്ന നിർദേശമാണ് ലോക ആരോഗ്യ സംഘടനയും ആഗോള കാൻസർ വിമുക്‌ത ഏജൻസികളും മുന്നോട്ടു വയ്ക്കുന്നത്.

പ്ലാസ്റ്റിക് കണ്ടെയ്നറുകൾക്കു പകരം സ്റ്റീൽ, ഗ്ലാസ് കണ്ടെയ്നറുകൾ ഉപയോഗിക്കുക.

പ്ലാസ്റ്റിക് ബോട്ടിലുകളിലുള്ള കുടിവെള്ളം വാങ്ങി ഉപയോഗിക്കാതിരിക്കുക. സ്റ്റീൽ ബോട്ടിലുകൾ സൂക്ഷിക്കുകയാണ് ഏറ്റവും ഉത്തമം.

പരമാവധി തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നതാണ് ഉത്തമം.

അത്യാവശ്യത്തിനു കുപ്പിവെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉപയോഗിച്ചശേഷം രണ്ടാമത് ഉപയോഗിക്കാനാവാത്ത വിധം കുപ്പി നശിപ്പിക്കുക.

ഐഎസ്ഐ/ ബിഐഎസ് മാർക്ക് കുപ്പിയിലുണ്ടെന്നും കുപ്പി നല്ലതുപോലെ സീൽ ചെയ്തതാണെന്നും ഉറപ്പു വരുത്തുക.

ഉത്പാദിപ്പിച്ച തീയതി അധികം കഴിയാത്ത കുപ്പിവെള്ളം മാത്രം ഉപയോഗിക്കുക. എക്സ്പയറി ഡേറ്റിലേക്ക് അടുക്കുന്തോറും അതു കഴിഞ്ഞാലും കുപ്പിയിലെ വെള്ളത്തിൽ രാസപദാർഥങ്ങളുടെ അളവ് വർധിക്കാനിടയുണ്ട്. കടയുടെ വെളിയിൽ കെട്ടിത്തൂക്കിയിരിക്കുന്ന, ചൂടേറ്റ വെള്ളം വാങ്ങി കുടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഭക്ഷണം കൊണ്ടുപോകാനും സൂക്ഷിച്ചുവയ്ക്കാനും പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.

പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ കുട്ടികൾക്കു വാങ്ങിക്കൊടുക്കാതിരിക്കുക.


(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.