മായം കലർന്ന പാലുമായി അന്യസംസ്‌ഥാന കമ്പനികൾ
മായം കലർന്ന പാലുമായി അന്യസംസ്‌ഥാന കമ്പനികൾ
<യ>ജോൺസൺ വേങ്ങത്തടം

പാനീയങ്ങളിൽ പ്രഥമ സ്‌ഥാനമാണു പാലിനുള്ളത്. നിറംകൊണ്ടും രുചി കൊണ്ടും മാത്രമല്ല പാൽ ഒന്നാം സ്‌ഥാനത്തെത്തിയത്,അതിലടങ്ങിയ പോഷകങ്ങളുടെ സമൃദ്ധി കൊണ്ടുകൂടിയാണ്.

പശുവിൻ പാൽ, എരുമപ്പാൽ, ആട്ടിൻപാൽ തുടങ്ങി പാൽ പലതുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പശുവിൻ പാലാണ്. കറന്നെടുത്ത് അധികം വൈകാതെ ഉപയോഗിക്കുന്ന പാലാണ് ഏറ്റവും നല്ലതെന്ന് അറിയാമെങ്കിലും ആടിനെയും പശുവിനെയും വളർത്തി പാൽ കുടിക്കാനുള്ള സാഹചര്യം പലർക്കുമില്ല. ബഹുഭൂരിപക്ഷവും പായ്ക്കറ്റ് പാലിനെയാണ് ആശ്രയിക്കുന്നത്. അതിലേറെയും അന്യസംസ്‌ഥാനങ്ങളിൽനിന്നു വരുന്നവ. ഇതിലുള്ളതു പാൽ അല്ലെന്നു പലർക്കുമറിയില്ല. നല്ല പാൽ നാട്ടിലുള്ളപ്പോഴാണ് അന്യസംസ്‌ഥാന കമ്പനികളുടെ പാലുപോലുള്ള ദ്രാവകം നമ്മൾ വാങ്ങിക്കുടിക്കുന്നത്.

മാംസം, കൊഴുപ്പ്, അന്നജം, ലവണങ്ങൾ, ജീവകങ്ങൾ തുടങ്ങി മനുഷ്യ ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാമടങ്ങിയതാണു പാലെങ്കിലും വിപണിയിൽ ലഭിക്കുന്ന അന്യസംസ്‌ഥാന പാൽ ശുദ്ധമാണോ? അകിടില്ലാതെ പാൽ ചുരുത്തുന്ന നിരവധി അന്യസംസ്‌ഥാനകമ്പനികളിൽ നിന്നു വരുന്നതാണ് അവയിലേറെയും. ഇത്തരം കമ്പനികളുടെ ഉത്പാദനരീതികൾതന്നെ പാലിന്റെ പോഷകഘടകങ്ങളെ നശിപ്പിക്കുന്നതാണ്. അന്യസംസ്‌ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് ഒഴുകുന്ന പാലിൽ മാരകമായ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ശുദ്ധമായ പാൽ മണിക്കൂറുകൾ മാത്രമേ കേടുകൂടാതിരിക്കൂ. എന്നാൽ, അന്യസംസ്‌ഥാനങ്ങളിൽനിന്നു കിലോമീറ്ററുകൾ താണ്ടി എത്തുന്ന പാലുകൾ ആഴ്ചകളോളം കേടുകൂടാതെയിരിക്കുന്നതിന്റെ രഹസ്യം മായമല്ലാതെ മറ്റൊന്നുമല്ല.

അന്യസംസ്‌ഥാനങ്ങളിൽ സ്വന്തമായി ചില്ലിംഗ് പ്ലാന്റുകളുള്ള കേരളാ ബ്രാൻഡുക ൾക്കു മാത്രമാണ് പാസ്ചറൈസ് ചെയ്തു സുരക്ഷിതമായി പാൽ കേരളത്തിലെത്തിക്കാൻ കഴിയുന്നത്. ഇതേക്കുറിച്ച് അവബോധമുള്ള ഉപഭോക്‌താക്കൾ അങ്ങനെയുള്ള സുരക്ഷിത ബ്രാൻഡുകൾ കണ്ടെത്തി വാങ്ങി ഉപയോ ഗിക്കുകയും ചെയ്യുന്നു.

<യ>ഗുണനിലവാരമില്ലാത്ത പാൽ

രാജ്യത്തെ വിപണികളിൽ ലഭിക്കുന്ന 68 ശതമാനം പാലും ഗുണനിലവാരമില്ലാത്തതാണെ ന്നു വെളിപ്പെടുത്തി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ട് അധികനാളായില്ല.

ഗുണനിലവാരമില്ലാത്ത പാലിന്റെ വിൽപ്പനയ്ക്കെതിരേ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. പാലിന്റെ ഗുണനിലവാരം സംബന്ധിച്ചു സ്വാമി അച്യുതാനന്ദ തീർഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അഥോറിറ്റി(എഫ്എസ്എസ്എഐ) നടത്തിയ സർവേ അനുസരിച്ചാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന പാലുത്പന്നങ്ങളിൽ ഏറിയ പങ്കും ഗുണ നിലവാരം ഇല്ലാത്തതെന്നു സർക്കാർ റിപ്പോർട്ട് ചെയ്തത്. പായ്ക്കറ്റ് പാലുകളിലാണ് കൂടുതൽ മാരകമായ വിഷാംശങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ചിലതരം ഡിറ്റർജന്റുകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഡിറ്റർജന്റുകളെ കൂടാതെ വൈറ്റ് പെയ്ന്റ് പോലുള്ള മാരക വിഷാംശമുള്ള വസ്തുക്കളും പാലിൽ ചേർക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

<യ>കൃത്രിമ പാൽ ഉണ്ടാക്കുന്ന വിധം

തമിഴ്നാട്ടിൽ അടുത്ത കാലത്ത് ഒരു പാൽ കമ്പനി സ്‌ഥാപിച്ചു. ലൈസൻസ് നഷ്‌ടപ്പെടാതിരിക്കാൻ ഒരു സൊസൈറ്റിയുടെ പേരിലാണ് അതു സ്‌ഥാപിച്ചത്. എന്നാൽ, സൊസൈറ്റിയിൽ ലഭിക്കുന്ന പാലിന്റെ അഞ്ചോ ആറോ ഇരട്ടി പാലാണ് ഇവിടെനിന്നു കേരളത്തിലേക്കും കർണാടകത്തിലേക്കും ഒഴുകുന്നത്.

ഉപഭോക്‌താക്കളെ തൃപ്തിപ്പെടുത്താൻ ചന്തമുള്ള ഒരു പശുവിന്റെ പടം കവറിനു മുകളിലുണ്ടായിരിക്കണമെന്നു മാത്രം. എന്നാൽ, അതിനുള്ളിലുള്ളത് കൊടിയ വിഷമാണെന്നും സ്‌ഥിരമായി ഉപയോഗിച്ചാൽ മാരകരോഗങ്ങൾ ഉറപ്പാണെന്നും ആരും അറിയുന്നില്ല.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഡോക്ടർ നിർദേശിക്കും, പശുവിൻപാൽ കൊടുക്കരുത്. അതു കഫക്കെട്ട് ഉണ്ടാക്കും. പിന്നെ ഓരോ പ്രായത്തിലും കൊടുക്കേണ്ട പാൽപ്പൊടിയുടെ പേരും പറഞ്ഞു കൊടുക്കും. മക്കളോട് സ്നേഹമുള്ള അച്ഛനമ്മമാർ ഡോക്ടർ പറയുന്നതേ അനുസരിക്കൂ. ഡോക്ടർക്ക് കമ്പനിവക കമ്മീഷനും സമ്മാനപ്പൊതിയും കൃത്യമായി വീട്ടിലെത്തുകയും ചെയ്യും.


<യ>ആന്റിബയോട്ടിക് മരുന്നുകൾ

എത്ര നിബന്ധനകളുണ്ടായാലും അതിനെ അതിജീവിക്കാൻ പാൽ മാഫിയയ്ക്കറിയാം. ഫോർമാലിൻ, ഹൈഡ്രജൻ ഫെറോക്സൈഡ,് സോഡാപ്പൊടി തുടങ്ങിയ പദാർഥങ്ങൾ പാലിൽ കലർത്തുന്നതായി ചില പരിശോധനകളിൽ കണ്ടെത്തിയതിനെത്തുടർന്ന് അന്യസംസ്‌ഥാന പാൽ മാഫിയ ആ രീതി വിട്ടു.

പരിശോധനകളെ അതിജീവിക്കാനും പാൽ ശീതീകരിക്കുന്നതു മൂലമുണ്ടാകുന്ന ഭാരിച്ച ചെലവ് ഒഴിവാക്കി ലാഭം കൊയ്യാനും അവർ ആന്റിബയോട്ടിക് മരുന്നുകൾ കലർത്താൻ തുടങ്ങി.

കറന്നെടുക്കുന്ന പാൽ അഞ്ച് മണിക്കൂറിലധികം അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിച്ചാൽ കേടാകും. കറന്നെടുക്കുന്ന സമയത്തു പാലിനു സാധാരണയായി 25 ഡിഗ്രി ചൂടുണ്ട്. ഓരോ മണിക്കൂർ കഴിയുമ്പോഴും അണുക്കളുടെ എണ്ണം ഇരട്ടിയാകും. നാല് ഡിഗ്രിക്കു താഴെ ശീതീകരിച്ചാൽ മാത്രമേ പാൽ സൂക്ഷിച്ചുവയ്ക്കാനാകൂ.

പതിനായിരം ലിറ്റർ പാൽ ശീതീകരിക്കാൻ 20,000 രൂപയിലധികം ചെലവാകും . എന്നാൽ ആന്റിബയോട്ടിക് ഗുളികകൾ പൊടിച്ചിടുകയോ കുത്തിവയ്പ് മരുന്നുകൾ ചേർക്കുകയോ ചെയ്താൽ ചെലവ് വെറും 500 രൂപയിൽ ഒതുങ്ങും.

ഇത്തരം മായംകലർത്തൽ കണ്ടെത്താനുള്ള ലാബ് സൗകര്യങ്ങൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ താത്കാലികമായി പ്രവർത്തിക്കാറുണ്ടെങ്കിലും ആന്റിബയോട്ടിക്കുകൾ ചേർക്കുന്നതു കണ്ടെത്താൻ ക്ഷീരവികസനവകുപ്പിന്റെ ആലത്തൂരിലെ സെൻട്രൽ ലാബിൽ മാത്രമെ സംവിധാനമുള്ളൂ.

100 രൂപയിൽ താഴെ വിലയുള്ള അരലിറ്റർ ഫോർമാലിൻ പതിനായിരം ലിറ്റർ പാലിൽ ചേർത്താണ് പാൽ കേടാകാതെ സൂക്ഷിച്ചിരുന്നത്. ഇതു കണ്ടെത്തിയതോടെയാണ് പുതിയ കണ്ടുപിടിത്തമായ ആന്റിബയോട്ടിക് കലർത്തൽ വ്യാപകമായത്. ആന്റിബയോട്ടിക് കലർന്ന പാലിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്‌ടിക്കും. ശരീരത്തിന്റെ പ്രതിരോധശക്‌തി കുറയ്ക്കാനും കാരണമാകും.

<യ>നിയമത്തിനു കുറവില്ല

പാലിൽ മായം ചേർക്കുന്നവർക്കും മായം കലർന്ന പാലിന്റെ വിൽപ്പന നടത്തുന്നവർക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണു സുപ്രീംകോടതിവിധി. സംസ്‌ഥാനങ്ങൾ ഭക്ഷ്യസുരക്ഷാ നിയമത്തിൽ ഇതിനായി വേണ്ട ഭേഗദതി വരുത്തണമെന്നും സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു.

പശ്ചിമബംഗാളിലും ഉത്തർപ്രദേശിലും വിതരണം ചെയ്യുന്ന പാലിൽ വൻതോതിൽ മായം കലർത്തുന്നതു തടയണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റീസ്കെ.എസ്. രാധാകൃഷ്ണൻ, ജസ്റ്റീസ് എ.കെ. സിക്രി എന്നിവരുടെ ബെഞ്ച് ശിക്ഷ കടുത്തതാക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകിയത്. 2011ൽ കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ഭക്ഷ്യ സുരക്ഷാ അഥോറിറ്റി ശേഖരിച്ച പാലിന്റെ സാമ്പിളിൽ വൻതോതിൽ മായംചേർന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് മായം ചേർക്കലിനെതിരായ പൊതുതാത്പര്യഹർജി കോടതിയിൽ സമർപ്പിച്ചത്.

100 ഗ്രാം പശുവിൻപാലിൽ 87.8 ഗ്രാം വെള്ളത്തോടൊപ്പം 3.2 ഗ്രാം പ്രോട്ടീൻ, 3.9 ഗ്രാം കൊഴുപ്പ്, 3.6 ഗ്രാം വിവിധയിനം ഫാറ്റി ആസിഡ്, 4.8 ഗ്രാം കാർബോ ഹൈഡ്രേറ്റ്, 120 മില്ലിഗ്രാം കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

എന്നാൽ, പാലിൽ വെള്ളം ചേർത്ത് ഉപയോഗിക്കുന്നതുപോലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്‌ടിക്കുമെന്ന് പഠനറിപ്പോർട്ടുകൾ പറയുമ്പോൾ കോസ്റ്റിക് സോഡ, പഞ്ചസാര, യൂറിയ, പശ, സോഡിയം കാർബണേറ്റ്, ഫോർമാലിൻ, അമോണിയം സൾഫേറ്റ് എന്നിവയടങ്ങിയ പാലാണ് പലപ്പോഴും നമുക്കു ലഭിക്കുന്നത്. മറ്റു കൃത്രിമ രാസവസ്തുക്കൾ പാൽപ്പൊടി നിർമിക്കുന്നതിനും ഉപയോഗിക്കുന്നു.

കൃത്രിമ പാലിലെ യൂറിയയുടെ അളവ് വൃക്കകളെ ബാധിക്കുമ്പോൾ രക്‌തസമ്മർദം ഉയർത്തുന്നതും ഹൃദ്രോഗത്തിനു കാരണമാകുന്നതും പലപ്പോഴും മായം കലർന്ന പാലിന്റെ ഉപയോഗമാണെന്നാണു റിപ്പോർട്ടുകൾ. ഫോർമാലിന്റെ സാന്നിധ്യം കരളിനെയും കാസ്റ്റിക് സോഡ കുടലുകളെയും ദോഷകരമായി ബാധിക്കും.

(നിരോധിച്ച അന്യസംസ്‌ഥാന ഡയറികളുടെ പാൽ പുതിയ പേരിൽ കേരള വിപണിയിലെത്തുന്നുണ്ട്. അതേക്കുറിച്ച് നാളെ )

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.