നിറമുണ്ട്, രുചിയുണ്ട്, രോഗദായകവും!
നിറമുണ്ട്, രുചിയുണ്ട്, രോഗദായകവും!
<യ>ജോൺസൺ വേങ്ങത്തടം

പശുവിന്റെ അകിടിൽനിന്നു പാൽ കുടിച്ചു നടന്ന ശ്രീകൃഷ്ണന്റെ കഥയറിയാത്തവരില്ല. ഉറിയിലിരുന്ന കുടം എറിഞ്ഞുടച്ചു താഴേക്ക് വീഴുന്ന വെണ്ണ രുചിയോടെ കഴിക്കുന്ന കണ്ണനെ അറിയാത്തവരുമില്ല. പാലും പാൽ ഉത്പന്നങ്ങളും പൗരാണിക കാലം മുതൽ മനുഷ്യനു പ്രിയപ്പെട്ടതായിരുന്നതിന്റെ നേർ സാക്ഷ്യങ്ങൾ.

പാൽ ഉത്പന്നങ്ങളിൽ ഏറ്റവും മികച്ചതു തൈരാണ്. പാലിനെക്കാൾ പോഷകഗുണമുണ്ടതിന്. നല്ല മണവും രുചിയുമു ള്ള തൈര് ഉണ്ടാക്കാൻ പ്രത്യേക ശ്രദ്ധവേണം. ആദ്യം വേണ്ടതു പാൽ പുളിക്കുന്നതിന് ആവശ്യമായ നല്ല ഉറയാണ്. തിളപ്പിച്ചു നന്നായി ആറ്റിയ പാലിലേക്കാണ് ഉറ ഒഴിക്കുന്നത്. ഉറ കൂട്ടിയ അന്തരീക്ഷ ഊഷ്മാവിൽ തന്നെ പാല് ഉറയാൻ അനുവദിക്കുന്നതാണ് നല്ലത്. ഇത് നല്ല തൈര് ഉണ്ടാക്കുന്ന മാർഗം.

എന്നാൽ, ലാഭക്കൊതിമൂത്ത മനുഷ്യൻ അതിലും മായം ചേർക്കാൻ മടിച്ചില്ല. മിനിറ്റുകൾക്കുള്ളിൽ വ്യാജ തൈരുണ്ടാക്കുന്ന വിദ്യ അന്യസംസ്‌ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കൃത്രിമമായുണ്ടാക്കുന്ന ലാക്റ്റിക് ആസിഡിൽ പാലും വെള്ളവും കൊഴുപ്പുണ്ടാക്കാനുള്ള പൊടികളും ചേർത്താണു വ്യാജ തൈര് നിർമിക്കുന്നത്. വിപണിയിൽ ഒറിജിനൽ തൈരിനെക്കാൾ ഇതിനു വില കുറവായിരിക്കും. പാൽ തിളപ്പിച്ചാറ്റി പുളിപ്പിച്ചു തൈരാക്കാനുള്ള ക്ഷമയൊന്നുമില്ല. എങ്ങനെയും ലാഭമുണ്ടാക്കുക അതു മാത്രമാണ് ലക്ഷ്യം. ഹോട്ടലുകാർക്കും വീട്ടുകാർക്കും ഇത്തരം തൈരിനോടാണു പ്രിയം. കാരണം വിലക്കുറവ് തന്നെ. വിലകുറച്ചു കൊടുത്തു സാധനങ്ങൾ വാങ്ങി കൂടുതൽ ചെലവേറിയ രോഗങ്ങൾക്ക് അടിമപ്പെടുന്നവരായി മാറുകയാണു നമ്മൾ. അന്യസംസ്‌ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പാൽപൊടിയിൽ സോപ്പുപൊടി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് രണ്ടു വർഷം മുമ്പാണ്. 2014 ഡിസംബറിൽ ആഗ്രയിലെ ഒരു കേന്ദ്രത്തിൽ നിന്നു ശേഖരിച്ച പാലിന്റെ സാമ്പിളുകളിലാണ് സോപ്പുപൊടിയുടെ അംശം കണ്ടെത്തിയത്. കോൽക്കത്തയിലെ ദേശീയ ലബോറട്ടറിയിലും ഇതിന്റെ സാമ്പിളുകൾ പരിശോധിച്ച് സോപ്പുപൊടിയുടെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു. ഉത്തർപ്രദേശിലെ മറ്റൊരു കേന്ദ്രത്തിൽനിന്നു പിടിച്ചെടുത്ത പാൽ സാമ്പിളുകളിൽ അനുവദനീയമായതിനേക്കാൾ കൂടുതൽ കൃത്രിമ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

<യ>ഐസ്ക്രീം

തണുത്തുറഞ്ഞു മധുരമുള്ള ഏതു സാധനം കണ്ടാലും നമുക്കത് ഐസ് ക്രീം ആണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. ഫ്രോസൺ ഡെസേർട്ടും ഐസ് ക്രീമും തമ്മിൽ വലിയ അന്തരമുണ്ട്. പാൽ , പാലിലെ കൊഴുപ്പ് എന്നിവ കൊണ്ടാണ് ഐസ്ക്രീം ഉണ്ടാക്കുന്നത്. പക്ഷേ, ഫ്രോസൺ ഡെസേർട്ട്് ഉണ്ടാക്കാൻ ഭക്ഷ്യ എണ്ണയാണ് ഉപയോഗിക്കുന്നത്. അതായത് ഫ്രോസൺ ഡെസേർട്ടിൽ മോശം കൊഴുപ്പായ ട്രാൻസ് ഫാറ്റിന്റെ അളവ് വളരെ കൂടുതലാണ്. ഇതു ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾക്കു കാരണമാകും.


കുട്ടികൾക്ക് ഏറെ ഇഷ്‌ടമുള്ള ഐസ്ക്രീമിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞതായി, ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടുകൾ പറയുന്നു. ഐസ്ക്രീം കട്ടിയാക്കുന്നതിന് പെട്രോളിയം ഉത്പന്നങ്ങളായ പെക്ടിൻ, അഗർ, പ്രോപ്പിലീൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ടെങ്കിലും, അവയുടെ അളവ് 0.5 ശതമാനത്തിൽ കൂടരുതെന്നാണ് നിയമം. എന്നാൽ ഇത്തരം രാസവസ്തുക്കൾ അമിതമായി ചേർത്തുണ്ടാക്കുന്ന ഐസ്ക്രീമുകൾ വിപണിയിൽ വ്യാപകമാണ്. ആകർഷകമായ നിറങ്ങളിലും രൂപത്തിലുമെത്തുന്ന അത്തരം ഐസ്ക്രീമുകൾക്കെതിരേ ജനം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ബ്യൂറോ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

<യ>ബേബിഫുഡ്

കുഞ്ഞിനു നൽകാൻ വാങ്ങിയ ബേബി ഫുഡിൽ പുഴുക്കളെ കണ്ടത് എടപ്പാളിലാണ്. ആ വീട്ടമ്മ ജില്ലാ ഫുഡ് ഇൻസ്പെക്ടർമാർക്കും പരാതി നൽകിയപ്പോഴാണ് വിവരം ബാഹ്യലോകം അറിയുന്നത്. മെലാമിൻ എന്ന വിഷവസ്തു ചേർത്താൽ പാലിലെ പ്രോട്ടീന്റെ അളവ് കൂടുതലായി രേഖപ്പെടുത്തുമെന്നാണ് പല അന്യസംസ്‌ഥാന കമ്പനികളും കരുതുന്നത്.

മെലാമിൻ എന്ന വിഷവസ്തു ചേർത്ത പാലുത്പന്നങ്ങൾ കഴിച്ച് നാലു കുഞ്ഞുങ്ങൾ മരിക്കുകയും ആയിരക്കണക്കിനു കുഞ്ഞുങ്ങൾ അസുഖബാധിതരാകുകയും ചെയ്ത സംഭവത്തിൽ ചൈനയിൽ 22 പേർ അറസ്റ്റിലായപ്പോഴാണ് ഇത്തരമൊരു സംഭവം നടക്കുന്നുണ്ടെന്നു ലോകം അറിയുന്നത്. മായം കലർത്തിയ പാലും പാലുത്പന്നങ്ങളും വാങ്ങി ഭക്ഷിക്കുമ്പോൾ അറിയാതെ രോഗവും കൂടെ കൂട്ടുകയാണ്. അധികാരികൾ മൗനം പാലിക്കുന്ന കാലത്തോളം ഇതു യഥേഷ്‌ടം കേരളത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കും.



(അടുക്കളയിൽ വെളിച്ചെണ്ണ അവശ്യവസ്തുവാണ്. മലയാളിയുടെ നാവിലെ രുചിക്കൂട്ടിൽ വെളിച്ചെണ്ണ ഒന്നാം സ്‌ഥാനത്തു നിൽക്കുന്നു. എന്നാൽ, അതിലും മായത്തിന്റെ അംശം കണ്ടെത്തിക്കഴിഞ്ഞു. അതേക്കുറിച്ച് നാളെ)


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.