ഒരിക്കൽപെട്ടാൽ പിന്നെ രക്ഷയില്ല
ഒരിക്കൽപെട്ടാൽ പിന്നെ രക്ഷയില്ല
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു വിഷ്ണു കഞ്ചാവിന്റെ രുചി ആദ്യമറിഞ്ഞത്. അതു കിട്ടാതാകുമ്പോൾ നെഞ്ചിൽ എന്തോ കെട്ടിനിൽക്കുംപോലെ. വലിക്കുമ്പോൾ ആദ്യം ശരീരം മൊത്തം ഉഷ്ണിച്ചു. പിന്നീടങ്ങോട്ട് എന്തും ചെയ്യാനുള്ള തന്റേടം കിട്ടുംപോലെ തോന്നും. ജോലികൾ ചെയ്താൽ പെട്ടെന്നു വിഷമിക്കില്ല. അവന് അധികം കൂട്ടുകാരൊന്നുമില്ല. ഉള്ളവരിൽ ചിലർ രഹസ്യമായി സാധനം എത്തിച്ചുകൊടുത്തു. ഇതിനിടെ, ഹോട്ടൽമാനേജ്മെന്റ് കോഴ്സിനു ചേർന്നു. അവിടെ അതു കിട്ടാതായപ്പോൾ സ്വഭാവം വല്ലാതങ്ങുമാറി. കാണുന്നവരോടെല്ലാം ദേഷ്യമായി. ഉറക്കക്കുറവും അനുഭവപ്പെട്ടു.

കോളജിൽ കഞ്ചാവു ലഭിക്കാതായപ്പോൾ വിഷ്ണു ആ ശീലത്തിൽ നിന്നും മാറിത്തുടങ്ങി. പിന്നെ പൂർണമായും ഉപേക്ഷിച്ചു. അങ്ങനെ കോഴ്സ് പൂർത്തിയാക്കി. പിന്നീട് വീട് പണയപ്പെടുത്തി ദുബായിൽ ജോലിക്കുപോയി. ജോലിയിൽ പ്രവേശിച്ച് രണ്ടു ദിവസത്തിനുള്ളിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ഹോട്ടലിലെ പണം മോഷ്‌ടിക്കുന്നത് വിഷ്ണു കണ്ടു. വിവരം ഉടമയെ അറിയിച്ചു. ഇതോടെ അവൻ കൂടെ താമസിക്കുന്നവരുടെ നോട്ടപ്പുള്ളിയായി.

കൂട്ടുകാർ തന്നോട് പ്രതികാരം ചെയ്യുമെന്ന ചിന്ത അമിത ഉത്കണ്ഠയിലേക്കു വിഷ്ണുവിനെ നയിച്ചു. വീട് പണയപ്പെടുത്തി എടുത്ത കടം എങ്ങനെ തിരിച്ചടയ്ക്കുമെന്ന ചിന്തയും അവനെ അലട്ടി. പണമടയ്ക്കാത്തതിന് അച്ഛൻ രോഷാകുലനാകുന്നതും വിഷ്ണുവിനെ കുഴക്കി. രാത്രി ഉറക്കമില്ലാതായി. ജോലിക്കുപോകാൻ താത്പര്യമില്ലാതായി.

ലൈംഗിക കുറ്റകൃത്യങ്ങൾക്കാണ് അറബ് രാജ്യങ്ങളിൽ ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്നതെന്നു കൂട്ടുകാർ പറഞ്ഞത് വിഷ്ണുവിന്റെ മനസിലുണ്ടായിരുന്നു. രാത്രി ബാത്ത്റൂമിൽ പോയപ്പോൾ അവിടെ ഒരു സ്ത്രീ നിൽക്കുന്നതായി വിഷ്ണുവിനു തോന്നി. തന്നെ കുടുക്കാൻ കൂട്ടുകാർ ഒരുക്കിയ കെണിയാണിതെന്നു വിഷ്ണു ധരിച്ചു.

അമിത ഉത്കണ്ഠ തടയാൻ തലച്ചോറിനുള്ള ശേഷി കഞ്ചാവിന്റെ ഉപയോഗം മൂലം നഷ്‌ടപ്പെട്ടിരുന്നു. ഇതിന് ഹാലുസിനേഷൻ എന്നു പറയും. ഇല്ലാത്ത വസ്തു ഉണ്ടെന്നുള്ള തോന്നലാണിത്. ഒരുതരം ഭ്രാന്തമായ മാനസിക അവസ്‌ഥ. ഒരു സുഹൃത്ത് നാട്ടിൽ വിവരമറിയിച്ചു.

വിമാനത്താവളത്തിലെത്തി വിഷ്ണുവിനേയും കൂട്ടി വീട്ടിലേക്കു വന്ന അച്ഛനും അമ്മയും തളർന്നു പോയി. അവരെപ്പോലും പേടിച്ച് കാറിന്റെ ഒരുഭാഗത്ത് ഒളിച്ചിരിക്കാനുള്ള ശ്രമത്തിലായിരുന്നു വിഷ്ണു.

<യ>നാലുതരം മാതാപിതാക്കൾ നാലുതരം കുട്ടികളും

രണ്ടു കാര്യങ്ങളിലാണ് കുട്ടിയുടെ സ്വഭാവം രൂപപ്പെടുന്നത്. പാരമ്പര്യമായി അവനു ലഭിക്കുന്ന വ്യക്‌തിത്വ സവിശേഷതകൾ അഥവാ പ്രകൃതം കുടുംബത്തിന്റെയും വളരുന്ന സാഹചര്യങ്ങളുടെയും സ്വാധീനം. ഇതിൽ കുടുംബത്തിലെ വളർത്തൽ രീതിയാണ് ഒരു വ്യക്‌തിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്. കുട്ടികളെ വളർത്തുന്നതിൽ നാലുതരം രീതിയാണ് പൊതുവേ കാണുന്നത്.

<യ>1. ആധികാരിക രീതി

ആധികാരിക രീതിയിലാണു കുട്ടികളെ വളർത്തേണ്ടത്. ഇതിൽ സംഭവിക്കുന്ന വ്യതിയാനങ്ങളാണു കഞ്ചാവുൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും കുട്ടികളെ എത്തിക്കുന്നത്. സ്നേഹവും നിയന്ത്രണവും തുല്യമായി നൽകി കുട്ടികളെ വളർത്തുന്ന രീതിയാണിത്. കുട്ടികളെ പ്രോത്സാഹിപ്പിച്ചും സ്നേഹിച്ചും അവരെ മാനസികമായി വളർത്തുന്ന രീതിയിൽ സൗമ്യമായ തിരുത്തലുകൾ നൽകി ശ്രദ്ധയോടെ വളർത്തുന്നു. ശ്രദ്ധയും സ്നേഹവും നൽകുന്നതിനൊപ്പം കൃത്യമായ നിയന്ത്രണങ്ങളും നൽകുന്നു.


ആധികാരിക രീതിയിൽ വളർത്തപ്പെടുന്ന കുട്ടികൾ സന്തോഷമുള്ളവരായിരിക്കും. പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു കുതിക്കാനുള്ള മാനസികശേഷി ഇവർക്കുണ്ടാകും. നേട്ടങ്ങളുണ്ടാക്കുകയും ലക്ഷ്യങ്ങളുണ്ടാവുകയും ചെയ്യും. പിരിമുറുക്കങ്ങളെ കൈകാര്യം ചെയ്യാനും സുഹൃത്തുക്കളുമായി നല്ലബന്ധമുണ്ടാക്കാനും ഇവർക്കു സാധിക്കും. വീട്ടിൽ തങ്ങൾക്കു ലഭിച്ചതുപോലെ ബഹുമാനം കൊടുക്കാനും സ്വീകരിക്കാനും അവർക്കു കഴിയും. മാതാപിതാക്കൾ തങ്ങളെ മനസിലാക്കിയതുപോലെ സമൂഹത്തേയും ഇവർക്കു മനസിലാക്കാനാകും. കൃത്യമായ മാർഗനിർദേശങ്ങൾ കിട്ടിയതിനാൽ തെറ്റു ശരിയും തിരിച്ചറിയാനുള്ള കഴിവ് ഇവർക്കുണ്ടാകും. ക്രിയാത്മക സ്വഭാവമുള്ളവരായിരിക്കും ഇവർ.

<യ>2. സ്വേച്ഛാധിപത്യ രീതി

ഇവിടെ നിയന്ത്രണങ്ങൾ കൂടുതലായിരിക്കും. സ്നേഹം കുറവും. സ്നേഹം പ്രകടിപ്പിച്ചാൽ കുട്ടി വഷളാവുമെന്നു വിചാരിച്ച് സ്നേഹം കാണിക്കാൻ പിശുക്കു കാണിക്കുന്നവരും ഇക്കൂട്ടത്തിൽ പെടും. കർശന നിയന്ത്രണവും കുട്ടികളുടെ കഴിവിനപ്പുറമായ കാര്യങ്ങൾ ആവശ്യപ്പെടുന്ന തരത്തിലുമായിരിക്കും ഇവരുടെ സ്വഭാവം. തുടർച്ചയായി കുട്ടികളോടു ദേഷ്യം കാണിക്കും. അവർ നിൽക്കുന്നതെവിടെയാണെന്നു നോക്കാതെ അവരുടെ വ്യക്‌തിത്വം വ്രണപ്പെടുന്ന രീതിയിൽ ശിക്ഷിക്കും.

കുട്ടിക്ക് ബഹുമാനവും സ്നേഹവും കൊടുക്കില്ല. അവനെ മനസിലാക്കി തീരുമാനങ്ങൾ എടുക്കില്ല. ശിക്ഷിക്കുന്നതെന്തിനെന്നു പറഞ്ഞു മനസിലാക്കില്ല. നിയന്ത്രണങ്ങളിൽ നിന്നുപോലും സ്വാതന്ത്ര്യം നൽകില്ല. ജയിലിനു തുല്യമായ അനുഭവമായിരിക്കും കുട്ടികൾക്ക് വീട്ടിൽ ലഭിക്കുക. കുട്ടികളെ തിരുത്താനെന്ന പേരിൽ ഇവർ ദേഷ്യപ്പെടുമ്പോൾ കുട്ടികളുടെ മനസിനെ കീറിമുറിക്കുന്ന രീതിയിൽ കുത്തുവാക്കുകളും പദപ്രയോഗങ്ങളും നടത്തും. തിരുത്തുകൾ സ്വീകരിക്കുന്നതിനു പകരം ഇവർ നടത്തിയ പദപ്രയോഗങ്ങളോടും ശാരീരിക ശിക്ഷണ രീതിയോടുമുള്ള വൈരാഗ്യമാകും കുട്ടിയുടെ മനസിൽ വളരുക. ഇത് കുട്ടികളിലെ സ്വയം മതിപ്പ് കുറയ്ക്കും.

അടിച്ചമർത്തി വളർത്തുന്ന കുട്ടികൾ ഉത്കണ്ഠാകുലരും അസന്തുഷ്‌ടരുമായിരിക്കും. അവർക്ക് എല്ലാത്തിനോടും ഒരു തരം ഭയമുണ്ടാകും. വീട്ടിൽ അടിമകളെപ്പോലെയുള്ള പെരുമാറ്റത്തിന് ഇരയാക്കപ്പെട്ടതിനാൽ സാമൂഹ്യപ്രവർത്തനങ്ങളിലും മറ്റു കാര്യങ്ങളിലും മുൻകൈയെടുക്കാനോ നേതൃത്വത്തിലേക്കു വരാനോ ഉള്ള കഴിവ് കുറവായിരിക്കും.

കുട്ടികൾക്കു കൂടുതൽ സ്നേഹവും കുറച്ചു നിയന്ത്രണവും നൽകുന്നതുവഴി സംഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് നാളെ

കഞ്ചാവ് വില്ക്കാൻ മൊബൈൽ ഫോൺ മുതൽ ഇരുചക്രവാഹനം വരെ കഞ്ചാവ് വലിച്ചു തുടങ്ങുന്നവർ അതു ലഭിക്കാതാകുമ്പോൾ അസ്വസ്‌ഥരാകും. ഈ സമയത്ത് വമ്പൻ ഓഫറുകളുമായി കഞ്ചാവു ലോബി രംഗത്തെത്തും.

സ്‌ഥിരമായി കഞ്ചാവ് ഒരു സ്‌ഥലത്തു നിന്ന് മറ്റൊരു സ്‌ഥലത്തെത്തിക്കുന്നവർക്ക് പോക്കറ്റ് മണി, ഫോർ ജി സംവിധാനങ്ങളുള്ള മൊബൈൽ ഫോൺ. 80,000 രൂപയ്ക്കു മുകളിൽ വിലയുള്ള ടു വീലർ അങ്ങനെ പലതും. പണിയൊന്നുമില്ലാതെ ചുറ്റിത്തിരിയുന്ന യുവാക്കൾ ഈ ഓഫറുകളിൽ വീണുപോകും. എന്നാൽ, ഇതിൽ മറഞ്ഞിരിക്കുന്ന അപകടം ഇവർ അറിയുന്നില്ല.

കരിനിഴൽ വീഴുന്ന യുവത്വം / ടോം ജോർജ്–2

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.