മരുന്നു കമ്പനികളുടെ മറവിലും കച്ചവടം
മരുന്നു കമ്പനികളുടെ മറവിലും കച്ചവടം
അവൻ ജനിച്ചുവീണതു സാധാരണ കുടുംബത്തിലാണെങ്കിലും മാസം 25 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ മരുന്നു കച്ചവടമാണ്. അല്പം രാഷ്ര്‌ടീയമൊക്കെ ഉള്ളതിനാൽ ബിസിനസ് നന്നായി പോകുന്നു. അടുത്തകാലത്ത് ഒന്നരക്കോടിരൂപയുടെ പുതിയ വീടു വച്ചു. ഇയാളെക്കാൾ മിടുക്കനായ ഒരു സുഹൃത്തും ഒപ്പമുണ്ട്. ഹിമാചൽ പ്രദേശത്തെ ഒരു മരുന്നു കമ്പനിയുടെ മറവിലാണ് നാട്ടിലെ കച്ചവടം. നല്ല ഡോസുള്ള മരുന്നാണ്. കച്ചവടത്തിൽ സംശയം തോന്നിയ ഒരാൾ അധികാരികൾക്കു പരാതി കൊടുത്തു. ഒന്നും സംഭവിച്ചില്ല. കാരണം ആരു ഭരിച്ചാലും അവരെ ഇറക്കാൻ നേതാക്കൾ നേരിട്ടെത്തും.

പണ്ട് വീട്ടിൽ ഒരു വാഹനം പോലുമില്ലായിരുന്നു. ചുരുങ്ങിയ നാളുകൊണ്ട് ഏഴു വാഹനങ്ങളായി. പണത്തിന്റെ ഉറവിടം ആർക്കുമറിയില്ല.

മരുന്നു കമ്പനിയുടെ മറവിൽ സംസ്ഥാനത്ത് മയക്കു മരുന്നു വിതരണം ചെയ്യാൻ ഇവർക്കു വൻ ശൃംഖലയുണ്ടെന്നാണു വിവരം. വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. സംഘം വിതരണം ചെയ്യുന്ന മരുന്ന് സ്കൂൾ കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്നതു കണ്ടു ചില വ്യാപാരികൾ അന്വേഷിച്ചപ്പോഴാണ് ഈ ലഹരിയുടെ ആഴം മനസിലായത്. ആദ്യം 50 രൂപയ്ക്ക് ഒരു ഗുളിക നൽകും. ഉപയോഗിക്കുന്നവർ ഇതിന് അടിപ്പെടുന്നതോടെ തുകയും കൂട്ടും. 500 രൂപ ഈടാക്കി ഇഞ്ചക്ഷൻ രൂപത്തിലും മയക്കു മരുന്ന് വിതരണമുണ്ട്.

ഇവർക്കു സഹായികളായി നിൽക്കുന്ന യുവനേതാക്കളും സാമ്പത്തികമായി രക്ഷപ്പെട്ടു. അവർക്കും ലക്ഷങ്ങളുടെ മണിമാളികയും വാഹനങ്ങളുമൊക്കെയായി. സംസ്ഥാന സർക്കാരിന്റെ കണക്കിൽ കഴിഞ്ഞ ആറുമാസത്തിനിടെ മയക്കുമരുന്ന് കേസുകളിൽ 300 ശതമാനം വർധനയാണുണ്ടായത്. ഒറ്റയ്ക്കും കൂട്ടായും ചില കാരിയർ’മാരെ പിടികൂടുന്നത ല്ലാതെ യഥാർഥ കണ്ണികളെ പിടിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നുമില്ല.

വർധിച്ചുവരുന്ന ലഹരി ഉപയോഗം

കഴിഞ്ഞ കുറെ വർഷങ്ങളായി ലഹരിയുടെ ഉപയോഗം വർധിച്ചുവരികയാണ്. ആഗോള ജനസംഖ്യയുടെ 2.8 ശതമാനം മുതൽ 4.5 ശതമാനം വരെ മയക്കുമരുന്നിനടിപ്പെട്ടവരാണെന്നു ലോകാരോഗ്യ സംഘടനകളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 15—64 വയസിനിടയിൽ പ്രായമുള്ളവരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലേറെയും. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 50 മുതൽ 80 ലക്ഷം വരെ ആളുകൾ മയക്കുമരുന്നിന് അടിമകളാണ്.


അഫ്ഗാനിസ്ഥാനിൽ ഉത്പാദിപ്പിക്കുന്ന ഹെറോയിൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റും കടത്താൻ ഈ മാഫിയ ഇന്ത്യയെയാണ് ഇടത്താവളമായി ഉപയോഗിക്കുന്നത്. ഇന്ത്യൻ നിർമിത ഹെറോയിന്റെ ആഗോള കച്ചവടം 250 കോടി ഡോളറായി ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന മയക്കുമരുന്നുകളുടെ ഏറിയ പങ്കും വിദേശങ്ങളിലേക്ക് കടത്തുകയാണെങ്കിലും അഞ്ചു കോടി രൂപയിലേറെ വിലമതിക്കുന്ന ഹെറോയിനും, ഹഷീഷും, കഞ്ചാവുമൊക്കെ രാജ്യത്തെ വൻ നഗരങ്ങളിൽ നിത്യവും വിൽക്കപ്പെടുന്നു. ഹെറോയിന്റെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണെന്ന് യുണൈറ്റഡ് നേഷൻസിന്റെ ഡ്രഗ്സ് റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഭാവിതലമുറയ്ക്കായി കൈകോർക്കാം

പുകവലിയും മദ്യപാനവും വിട്ട കേരളീയ യുവത്വം ഇപ്പോൾ മയക്കുമരുന്നിനും പാൻമസാലകൾക്കും പിന്നാലെയാണെന്നാണു കണക്കുകൾ വെളിപ്പെടുത്തുന്നത്. രണ്ടു വർഷത്തിനിടെ മദ്യലഭ്യതയും ഉപഭോഗവും വൻതോതിൽ കുറഞ്ഞു. സംസ്ഥാനത്ത് 2.70 കോടി ലിറ്റർ മദ്യഉപഭോഗം കുറഞ്ഞെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, സ്കൂളുകളും കോളജുകളും ഹോസ്റ്റലുകളും തൊഴിൽ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വലിയ തോതിലുള്ള മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ട്. പെൺകുട്ടികൾപോലും ലഹരി മരുന്നിന് അടിമയാകുന്നു എന്നതും ഗൗരവമായ കാര്യമാണ്. ഇതിനായി പണം കണ്ടെത്തുന്നതിനു കുറ്റകൃത്യങ്ങൾ ചെയ്യാനും ഇവർക്ക് മടിയില്ല. പിടിച്ചുപറിയും മോഷണവും അക്രമവും തുടങ്ങി ലഹരി മാഫിയകളുടെ ഏജന്റുകളുമൊക്കെയായി പലരും പ്രവർത്തിക്കുന്നു. സംസ്ഥാന കുറ്റവാളികളുടെ വലിയൊരു ശതമാനം ലഹരി മരുന്നിന് അടിപ്പെട്ടവരാണ്. പഠിത്തവും തൊഴിലും മാത്രമാണ് ജീവിത ലക്ഷ്യമെന്നു കരുതുന്നവരുടെ തലമുറയാണിത്. എന്നാൽ, അതിനുവേണ്ടി അനുഭവിക്കുന്ന വൈകാരിക സംഘർഷങ്ങൾ അവരെ ലഹരിയുടെ ലോകത്ത് കൊണ്ടെത്തിച്ചെന്നുംവരാം. മാതാപിതാക്കളുടെയും മുതിർന്നവരുടെയും സജീവ ശ്രദ്ധയാണിവിടെ ആവശ്യം.

(അവസാനിച്ചു)

ലഹരി തകർത്ത പ്രതീക്ഷകൾ—3 / ജോൺസൺ വേങ്ങത്തടം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.