സിനിമാതാരത്തിൽനിന്നു രാഷ്ട്രീയ സിംഹാസനത്തിലേക്ക്
സിനിമാതാരത്തിൽനിന്നു രാഷ്ട്രീയ സിംഹാസനത്തിലേക്ക്
ചെന്നൈ: കാമറയ്ക്കു മുന്നിൽ ശങ്കിച്ചുനിന്ന കൗമാരക്കാരി പെൺകുട്ടിയിൽനിന്ന് അണ്ണാ ഡിഎംകെയുടെ സ്‌ഥാപകൻ എം.ജി. രാമചന്ദ്രൻ എന്ന എംജിആറിന്റെ ഇദയക്കനി ആയതോടെയാണു കുമാരി ജയലളിത എന്ന ജയലളിത ജയറാമിന്റെ രാഷ്ട്രീയ പ്രവേശനം. തമിഴ്നാട് മുഖ്യമന്ത്രി സ്‌ഥാനത്തേക്കു തെരഞ്ഞടുക്കപ്പെട്ടതടക്കം ഉയർച്ച താഴ്ചകൾനിറഞ്ഞതായിരുന്നു പിന്നീട് അവരുടെ നാല്പതു വർഷം നീണ്ട രാഷ്ട്രീയ ജീവിതം.

പതിനഞ്ചാം വയസിൽ സിനിമാജീവിതം ആരംഭിച്ചു. വിദ്യാർഥിനി എന്ന നിലയിൽ പഠനത്തെ ഒരുപാട് സ്നേഹിച്ചു. സിനിമയോടുള്ള കമ്പം അവരെ താരറാണിയാക്കി. ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച രാഷ്ട്രീയ പ്രവർത്തകരിലൊരാൾ കൂടിയായ എംജിആറിന്റെ ജോടിയായി 28 സിനിമകളിൽ അഭിനയിച്ചു. ഈ കൂട്ടുകെട്ടാണു ജയലളിതയുടെ രാഷ്ട്രീയ പ്രവർത്തനത്തിനു വഴിതെളിച്ചത്.

കരുണാനിധിയുടെ ഡിഎംകെയിൽനിന്നു പിരിഞ്ഞ് 1983ൽ എംജിആർ എഡിഎംകെ രൂപീകരിച്ചപ്പോൾ പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ സെക്രട്ടറിയായി ജയലളിത നിയമിക്കപ്പെട്ടു. ഇംഗ്ലീഷിലുള്ള പരിജ്‌ഞാനം ജയലളിതയെ രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യുന്നതിനു കാരണമായി. 1984ൽ എംജിആർ അമേരിക്കയിൽ ചികിത്സയിലായിരുന്നതിനാൽ പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രചരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. 1987 ഡിസംബറിൽ എംജിആർ മരിച്ചു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യ ജാനകിയുടെ സഹായികൾ ജയയെ അപമാനിച്ചു. ഇതു പാർട്ടിയിലെ ഭിന്നതയ്ക്കു വഴിതെളിച്ചു.

1989ൽ ജയലളിത ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞടുക്കപ്പെട്ടു. അന്നു പ്രതിപക്ഷ സ്‌ഥാനത്തിരുന്ന അവർ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെയുണ്ടായ സഹതാപതരംഗം മുതലെടുത്തു കോൺഗ്രസുമായി സഖ്യമുണ്ടാക്കി 1991ൽ മുഖ്യമന്ത്രിയായി. എന്നാൽ, 1991–96 കാലഘട്ടത്തിലാണു ജയയുടെ അപരാജിത മുന്നേറ്റത്തിനു തടസമുണ്ടാക്കി ആരോപണങ്ങൾ ഉടലെടുത്തത്. ജയയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരി ശശികല, ദത്തുപുത്രൻ സുധാകരൻ എന്നിവരുടെ പേരിലാണു ജയ പ്രതിരോധത്തിലായത്. സുധാകരന്റെ വിവാഹത്തിനു അഞ്ചു കോടി രൂപ ചെലവഴിച്ചു എന്നുള്ളതാണ് ഒരു ആരോപണം.

ഈ അഴിമതി ആരോപണങ്ങൾ എഡിഎംകെയെ നിലംപരിശാക്കിയെന്നു 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഡിഎംകെ– ടിഎംസി സംഖ്യം സീറ്റുകൾ തൂത്തുവാരി. 1996ൽ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദന കേസടക്കം ചില കേസുകളിൽ ജയ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ, പോരാട്ടവീര്യത്തിനു പേരുകേട്ട ജയ ബിജെപിയുമായി കൈകോർത്ത് എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഭാഗമായി. എന്നാൽ, 1999ലെ വിശ്വാസ വോട്ടെടുപ്പിൽ പിന്തുണ പിൻവലിച്ചതോടെ വാജ്പേയി സർക്കാർ താഴെവീണു.


സംസ്‌ഥാന തലത്തിൽ 2001ലെ തെരഞ്ഞടുപ്പിൽ ജയയുടെ പാർട്ടിയും വീണ്ടും അധികാരത്തിൽവന്നു. മത്സരിക്കാതെ മന്ത്രിയാകാൻ നടത്തിയ ശ്രമം താൻസി ഭൂമിയിടപാടു കേസിൽ പങ്കുള്ളതിനാൽ സുപ്രീംകോടതി തടഞ്ഞു. അതിനാൽ തന്റെ വിശ്വസ്തനായ ഒ. പന്നീർശെൽവത്തെ മുഖ്യമന്ത്രിയായി നിയമിച്ചു. എന്നാൽ, ഭരണം ജയയുടെ കൈകളിലായിരുന്നു. പിന്നീട് താൻസി കേസിൽ കുറ്റക്കാരിയല്ലെന്നു വിധി വന്നതോടെ 2001 ഡിസംബറിൽ മുഖ്യമന്ത്രിസ്‌ഥാനം ഏറ്റെടുത്തു. 2006ൽ പ്രതിപക്ഷ സ്‌ഥാനത്തായിരുന്ന ജയലളിത 2011ൽ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2014 സെപ്റ്റംബർ 27 നു ജയലളിത, തോഴി ശശികല, ജെ. ഇളവരശി, വി.എൻ. സുധാകരൻ എന്നിവരെ പ്രത്യേക കോടതി ജഡ്ജി മൈക്കിൾ ഡി കുൻഹ നാലു വർഷം തടവിനു ശിക്ഷിച്ചു. ജയലളിതയ്ക്ക് നൂറുകോടി രൂപയും മറ്റുള്ളവർക്കു പത്തു കോടിരൂപ വീതവും പിഴ വിധിച്ചു. ജയലളിതയെയും മൂന്നുപേരെയും ബംഗളൂരുവിലെ പരപ്പന ആഗ്രഹാര ജയിലിലടച്ചു.

2014 ഒക്ടോബർ ഏഴിനു ജയലളിതയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. 2014 ഒക്ടോബർ 17 നു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2015 മേയ് 11നു കർണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്‌തയാക്കി. 2015 മേയ് 27നു ജയലളിത വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ ഉജ്വല വിജയം നേടിയതിനെത്തുടർന്നു 2016 മേയ് 16നു വീണ്ടും ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തു.

പനിയും നിർജലീകരണവും മൂലം 2016 സെപ്റ്റംബർ 22ന് ആണു ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ അണുബാധയ്ക്ക് യുകെ, സിംഗപ്പൂർ, ഡൽഹി എയിംസ് എന്നിവിടങ്ങളിൽനിന്നു വിദഗ്ധ ഡോക്ടർമാർ അപ്പോളോ ആശുപത്രിയിലെത്തി ചികിത്സ നല്കിയിരുന്നു. രണ്ടര മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന ജയലളിത ആരോഗ്യനില വീണ്ടടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.