ജയലളിതയുടെ പത്തൊമ്പതാം വയസിലെ നൃത്തം കണ്ട ഓർമയിൽ ഏലൂർ
ജയലളിതയുടെ പത്തൊമ്പതാം വയസിലെ നൃത്തം കണ്ട ഓർമയിൽ ഏലൂർ
കളമശേരി: ചലച്ചിത്രലോകത്തിലും തമിഴകത്തിലെ രാഷ്ട്രീയത്തിലും പകരം വയ്ക്കാനില്ലാത്ത താരമായി വളർന്ന ജയലളിതയുടെ നൃത്തവിരുന്നിന് ഒരിക്കൽ എറണാകുളത്ത് ഏലൂരും വേദിയായി. അരനൂറ്റാണ്ടു മുമ്പായിരുന്നു ആ നൃത്തം. കൃത്യമായി പറഞ്ഞാൽ 1967 ഏപ്രിൽ രണ്ടിന്. പത്തൊമ്പതാം വയസിൽ താരത്തിളക്കത്തിന്റെ പ്രഭയിലേക്കു ജയലളിത ഉയർന്നുതുടങ്ങിയ കാലത്തായിരുന്നു അത്.

ഫാക്ട് ലളിതകലാകേന്ദ്രത്തിലെ വാർഷികാഘോഷ വേദിയിലാണു ജയ നൃത്തച്ചുവടുകൾ വച്ചത്. ആഘോഷത്തിന്റെ അവസാനദിനത്തിൽ ജയലളിതയും സംഘവും ഭരതനാട്യവും മണിപ്പൂരി നൃത്തവും അവതരിപ്പിച്ചു കാണികളുടെ കൈയടി നേടി. അപൂർവാനുഭവങ്ങൾ കാണികൾക്കു സമ്മാനിച്ച നൃത്തമായിരുന്നു ജയലളിതയുടേതെന്നു കലാകേന്ദ്രത്തിന്റെ സ്മരണികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രശസ്തരായ കലാകാരന്മാർ മാത്രം അണിനിരക്കുന്ന കലാപരിപാടിയിൽ നൃത്തം അവതരിപ്പിക്കാനായി തമിഴകനടിയായ ജയലളിതയെ അന്നു തെരഞ്ഞെടുത്തുവെന്നതു കേരളത്തിലും അവർക്കുണ്ടായിരുന്ന പെരുമയെ വിളിച്ച് അറിയിക്കുന്നു. ജയലളിത നായികയായ വെണ്ണിറ ആടൈ എന്ന സിനിമ 1965ൽ തമിഴ്നാട്ടിൽ തരംഗം സൃഷ്‌ടിച്ചിരുന്നു,


വാർഷികാഘോഷത്തിന്റെ ആദ്യദിനത്തിൽ കലാപരിപാടികൾ നയിച്ചതു സംഗീത സംവിധായകൻ ബാബുരാജ്, പി. ജയചന്ദ്രൻ, ബി. വസന്ത എന്നിവരായിരുന്നു. രണ്ടാം ദിനത്തിൽ പ്രേംനസീർ, ഷീല തുടങ്ങിയവർക്കും മൂന്നാം ദിനത്തിൽ സത്യൻ, ശാരദ തുടങ്ങിയവർക്കും സ്വീകരണം നൽകി. മൂന്നാം ദിവസം നടന്ന സമാപനപരിപാടിയായിരുന്നു ജയലളിതയുടെയും സംഘത്തിന്റെയും നൃത്തം. ജയലളിതയ്ക്ക് അന്നു പ്രതിഫലമായി 25,000 രൂപ കൊടുത്തതായുള്ള രേഖകൾ കലാകേന്ദ്രം ഓഫീസിലുണ്ടായിരുന്നു. അക്കാലത്തെ വളരെ വലിയ തുകയാണിത്.

രാജ്യത്തെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ഫാക്ടിെൻറ സുവർണ കാലഘട്ടത്തിലാണു ലളിതകലാകേന്ദ്രം കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നത്. തികഞ്ഞ കലാരസികനും സഹൃദയനുമായ എം.കെ.കെ. നായർ സിഎംഡിയായിരുന്ന അക്കാലം കലാകാരന്മാർക്ക് ആതിഥ്യം നൽകുന്ന കാര്യത്തിൽ ഫാക്ട് ഏറെ മുന്നിൽ നിന്നിരുന്നു. ഫാക്ട് ജീവനക്കാരുടെ കലാ സാംസ്കാരിക കഴിവുകൾ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1966 ഫെബ്രുവരി 11നാണു കലാകേന്ദ്രം തുടങ്ങുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.