തങ്കഅങ്കി ഘോഷയാത്ര 22ന് ആറന്മുളയിൽനിന്നു പുറപ്പെടും
തങ്കഅങ്കി ഘോഷയാത്ര 22ന് ആറന്മുളയിൽനിന്നു പുറപ്പെടും
ശബരിമല: 26ന് നടക്കുന്ന മണ്ഡലപൂജയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയുമായുള്ള ഘോഷയാത്ര 22ന് ആറന്മുള തിരുവാറന്മുള ക്ഷേത്രത്തിൽനിന്നും ആരംഭിക്കും. വിവിധ സ്‌ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അന്ന് രാത്രിയിൽ ഓമല്ലൂർ രക്‌തകണ്ഠേശ്വര ക്ഷേത്രത്തിൽ വിശ്രമിക്കും. 23ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും, 24ന് പെരിനാടും രാത്രികാലങ്ങളിൽ വിശ്രമിച്ചതിനുശേഷം 25ന് ഉച്ചയ്ക്ക് പമ്പയിൽ എത്തിച്ചേരും.

വൈകുന്നേരം സന്നിധാനത്തേക്ക് പുറപ്പെടുന്ന ഘോഷയാത്രയെ 5.30ന് ശരംകുത്തിയിൽ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ. രവിശങ്കറിന്റെ നേതൃത്വത്തിൽ ദേവസ്വം ഉദ്യോഗസ്‌ഥരും അയ്യപ്പസേവാസംഘം പ്രതിനിധികളും ചേർന്ന് സ്വീകരിക്കും.

തുടർന്ന് പതിനെട്ടാംപടിക്ക് മുകളിലെത്തിക്കുന്ന തങ്കഅങ്കി ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് മുന്നിലെത്തിക്കും. തന്ത്രി കണ്ഠരര് രാജീവരര്, മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് തങ്കഅങ്കി ഏറ്റുവാങ്ങും. തങ്കഅങ്കി ചാർത്തിയശേഷം വൈകുന്നേരം 6.30ന് ദീപാരാധന നടക്കും. തുടർന്ന് പതിവുപോലെ രാത്രി 11ന് ഹരിവരാസനം പാടി അടയടയ്ക്കും.


26ന് പുലർച്ചെ മൂന്നിന് നടതുറക്കും. തുടർന്നുള്ള പതിവുപൂജകൾക്ക് ശേഷം 11.55.നും ഒന്നിനും മധ്യേ മണ്ഡലപൂജ നടക്കും. പൂജയ്ക്ക് തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാർമികത്വം വഹിക്കും. മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി സഹകർമിയാകും. ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട മൂന്നിന് തുറക്കും. രാത്രി 10ന് നടയടയ്ക്കുന്നതോടെ ഈവർഷത്തെ മണ്ഡലകാലത്തിന് സമാപനമാകും.

മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിനു നടതുറക്കും. 420 പവൻ തൂക്കം വരുന്ന തങ്കഅങ്കി 1973–ൽ തിരുവിതാംകൂർ മഹാരാജാവായ ശ്രീചിത്തിര തിരുനാൾ മഹാരാജാവാണ് നടയ്ക്ക് വച്ചത്. കഴിഞ്ഞ തീർത്ഥാടനകാലത്തിന് ശേഷം തിരുവാറന്മുള്ള ക്ഷേത്രസങ്കേതത്തിലാണ അങ്കി സൂക്ഷിച്ചിട്ടുള്ളത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.