ശബരിമലയിൽ ഹെലിപ്പാഡ് നിർമിക്കാൻ അനുയോജ്യമായ സ്‌ഥലം കണ്ടെത്തി
ശബരിമലയിൽ ഹെലിപ്പാഡ് നിർമിക്കാൻ അനുയോജ്യമായ സ്‌ഥലം കണ്ടെത്തി
ശബരിമല: ശബരിമലയിൽ ഹെലിപ്പാഡ് നിർമിക്കാൻ അനുയോജ്യമായ സ്‌ഥലം കണ്ടെത്തി. സന്നിധാനത്തിലെ പാണ്ടിത്താവളത്ത് നിർദിഷ്ട ജലസംഭരണിയുടെ മുകളിൽ ഹെലിപാഡ് നിർമിക്കാനാണ് ശബരിമല മാസ്റ്റർപ്ലാൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ ജലസംഭരണിയുടെ മുകളിൽ ഹെലിപാഡ് നിർമിച്ചാൽ വ്യോമമന്ത്രാലയത്തിന്റെയും കേന്ദ്ര–സംസ്‌ഥാന പോലീസിന്റെയും സുരക്ഷാ ഏജൻസികളുടെയും അനുമതി ലഭിക്കില്ലാ എന്ന് അറിഞ്ഞതോടെയാണ് ഈ പദ്ധതി വേണ്ടെന്നുവച്ചത്. ഇതേത്തുടർന്ന് പോലീസ്തന്നെ നേരിട്ട് ഉചിതമായ സ്‌ഥലം കണ്ടെത്തി.

പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് ആർ.ഹരിശങ്കറും ദേവസ്വം മരാമത്ത് ഉദ്യോഗസ്‌ഥരും സംയുക്‌തമായി ഇന്നലെ ഉച്ചയ്ക്കു നടത്തിയ പരിശോധനയിലാണ് ഹെലിപാഡിന് അനുയോജ്യമായ സ്‌ഥലം പാണ്ടിത്താവളത്തുതന്നെ കണ്ടെത്തിയത്. 60 മീറ്റർ നീളവും 30 മീറ്റർ വീതിയുമാണ് ഹെലിപാഡിനു വേണ്ടത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന സ്‌ഥലം ദേവസ്വംബോർഡിന്റെ ഉടമസ്‌ഥതയിലുള്ളതാണ്. ഹെലിപാഡ് പൂർണമാകുമ്പോൾ 30 വൻമരങ്ങൾ മുറിച്ചുമാറ്റേണ്ടതായിവരും. ഇതിന് വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം.


ശബരിമലയിലെത്തുന്ന വിവിഐപികൾക്കും അപകടങ്ങൾ ഉണ്ടായാലും മാത്രമേ ഹെലികോപ്ടറിന്റെ സഹായം ഉപയോഗിക്കാവു എന്ന നിബന്ധനയും പോലീസ് മുന്നോട്ടുവച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ശരംകുത്തിയിൽ ഹെലിപാഡ് നിർമിച്ചെങ്കിലും വനംവകുപ്പിന്റെ തടസങ്ങളും മറ്റു പ്രശ്നങ്ങളുമുണ്ടായതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഏതു സാഹചര്യം ഉണ്ടായാലും ശബരിമലയിൽ ഹെലിപാഡ് ഉണ്ടാകുമെന്ന് തത്വത്തിൽ തീരുമാനമായിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.