ഇടത്താവളം ഹരിതാഭമാക്കാൻ പദ്ധതി
ഇടത്താവളം ഹരിതാഭമാക്കാൻ പദ്ധതി
പത്തനംതിട്ട: സംസ്‌ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട നഗരസഭയിലെ ശബരിമല ഇടത്താവളം ഹരിതാഭമാക്കാൻ പദ്ധതിയായി. ജില്ലാ ഭരണകൂടം, നഗരസഭ, സംസ്‌ഥാന ഐടി മിഷൻ–ജില്ലാ അക്ഷയ പ്രോജക്ട് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു സമീപമുള്ള ശബരിമല ഇടത്താവളത്തിൽ നാളെ രാവിലെ 9.30ന് നടക്കും. രാവിലെ നടക്കുന്ന വൃക്ഷത്തൈ നടീൽ ചടങ്ങിൽ വീണാ ജോർജ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ കളക്ടർ ആർ.ഗിരിജ, ജില്ലാ പോലീസ് മേധാവി ഹരിശങ്കർ, നഗരസഭ അധ്യക്ഷ രജനി പ്രദീപ്, സംസ്‌ഥാന ഐടി മിഷൻ നെറ്റ് വർക്ക് മാനേജർ പി.പി ജയകുമാർ, വൃക്ഷത്തൈ നട്ട് ഗിന്നസ് ബുക്കിൽ ഇടം നേടിയ വിദ്യാധരൻ, നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുക്കും.


മതമൈത്രിയുടെ പ്രതീകമായി വിവിധ മതമേലധ്യക്ഷന്മാരും വൃക്ഷതൈ നടുന്നതിൽ പങ്കാളികളാകും. അഞ്ചര ഏക്കറോളം വരുന്ന ഇടത്താവളത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാത്ത വിധത്തിലാണ് വൃക്ഷത്തൈകൾ നടാൻ തീരുമാനിച്ചിട്ടുള്ളത്. അക്ഷയ ജില്ലാ കോ ഓർഡിനേറ്റർ കൂടിയായ ജില്ലാ പ്ലാനിംഗ് ഓഫീസർ പി.വി കമലാസനൻ നായരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.